വിധിയില്‍ കസറി അദാനി ഓഹരികള്‍; സൂചികകളില്‍ വീഴ്ച, കേരള ബാങ്കുകള്‍ക്കും ക്ഷീണം

പുതുവര്‍ഷത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിനത്തിലും ചുവപ്പില്‍ മുങ്ങി സൂചികകള്‍. സെന്‍സെക്‌സ് 536 പോയിന്റിടിഞ്ഞ് 71,356.60ലും നിഫ്റ്റി 148 പോയിന്റിടിഞ്ഞ് 21,517ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള വിപണികളിലെ വീഴ്ചയെ പിന്തുടര്‍ന്ന് ഐ.ടി, ധനകാര്യ ഓഹരികളാണ് ഇന്ന് വിപണിയെ താഴേക്ക് വലിച്ചത്. നിഫ്റ്റി ഐ.ടിയാണ് ഇന്ന് കൂടുതല്‍ നഷ്ടമുണ്ടാക്കിയ സൂചിക. രണ്ട് ശതമാനത്തോളം ഇടിഞ്ഞു.
ഡിസംബര്‍ പാദഫലങ്ങള്‍ അടുത്താഴ്ച വരാനിരിക്കെ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയതാണ് ഇടിവിന് കാരണം. എംഫസിസ്, എല്‍.ടി.ഐ മൈന്‍ഡ് ട്രീ, വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടി.സി.എസ്, എച്ച്.സി.എല്‍ ടെക്, കൊഫോര്‍ജ് എന്നിവയെല്ലാം നഷ്ടത്തിലായിരുന്നു.
നിഫ്റ്റി മെറ്റല്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ യഥാക്രമം 1.8 ശതമാനം, 0.4 ശതമാനം എന്നിങ്ങനെ നഷ്ടമുണ്ടാക്കി.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ബി.എസ്.ഇയില്‍ ഇന്ന് 3,945 ഓഹരികള്‍ വ്യപാരം ചെയതതില്‍ 2,194 ഓഹരികള്‍ നേട്ടത്തിലും 1,643 ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. 108 ഓഹരികളുടെ വില മാറിയില്ല.
390 ഓഹരികളാണ് ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയെത്തിപ്പിടിച്ചത്. 23 ഓഹരികള്‍ താഴ്ന്ന വിലയും കണ്ടു. രണ്ട് ഓഹരികളാണ് ഇന്ന് അപ്പര്‍ സര്‍കീട്ടിലുണ്ടായിരുന്നത്. മൂന്ന് ഓഹരികള്‍ ലോവര്‍ സര്‍കീട്ടിലും.
മുന്നേറ്റത്തിലിവര്‍
ബജാജ് ഓട്ടോ, അദാനി എന്റര്‍പ്രൈസസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐ.ടി.സി, അദാനി പോര്‍ട്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ കൂടുതല്‍ മുന്നേറ്റം കാഴ്ചവച്ച ഓഹരികള്‍.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ഷെയര്‍ ബൈബാക്ക് പദ്ധതി പ്രഖ്യാപിച്ചതാണ് ബജാജ് ഓഹരികളെ മുന്നേറ്റത്തിലാക്കിയത്. 2500 കോടി രൂപയുടെ ഓഹരികളാണ് ഓഹരിയൊന്നിന് 4,600 രൂപ നിരക്കില്‍ ബജാജ് ഓട്ടോ തിരിച്ചു വാങ്ങുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി പ്രതീക്ഷിച്ച് തുടക്കം തന്നെ അദാനി ഓഹരികള്‍ മുന്നേറ്റത്തിലായിരുന്നു. വിധി വന്നതിനു പിന്നാലെ നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് നീങ്ങിയെങ്കിലും ഗ്രൂപ്പിലെ 10 ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി എനര്‍ജി സൊല്യൂഷന്‍സാണ് നേട്ടത്തില്‍ മുന്നില്‍. 11 ശതമാനമാണ് വളര്‍ച്ച. അദാനി ടോട്ടല്‍ ഗ്യാസ് 10 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജി 6 ശതമാനത്തിനു മുകളിലും ഉയര്‍ന്നു. അദാനി വില്‍മര്‍ അദാനി പവര്‍ എന്നിവ നാല് ശതമാനത്തിലധികം വളര്‍ച്ച നേടി.
പ്രമുഖ നിക്ഷേപകനായ രാധാകിഷന്‍ ദമാനിയും എസ്.ബി.ഐ മ്യൂച്വല്‍ഫണ്ടും ഓഹരി സ്വന്തമാക്കിയതിനെ തുടര്‍ന്ന് വി.എസ്.ടി ഓഹരികള്‍ ഇന്ന് 6 ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു. രണ്ട് ദിവസത്തിനുള്ളില്‍ 28 ശതമാനത്തിലധികമാണ് ഓഹരി വളര്‍ച്ച നേടിയത്.
നിരാശയിലാക്കിയവര്‍
ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ വരുമാനം സംബന്ധിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ (ഡിമാര്‍ട്ട്) ഓഹരി വില ഇന്ന് നാല് ശതമാനം ഇടിഞ്ഞു. അതേ സമയം പ്രമുഖ ബ്രോക്കറേജുകള്‍ ഈ ഓഹരി തുടര്‍ന്നും മുന്നേറ്റം നടത്താനുള്ള സാധ്യതയാണ് കല്‍പ്പിക്കുന്നത്.
ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 17 ശതമാനം വരുമാന വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. 13,274.33 കോടി രൂപയാണ് കമ്പനിയുടെ ഇക്കാലയളവിലെ വരുമാനം. മുന്‍വര്‍ഷം വരുമാനം 11,304.58 കോടി രൂപയായിരുന്നു.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ഹിന്‍ഡാല്‍കോ, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, എല്‍.ടി.ഐ മൈന്‍ഡ് ട്രീ എന്നീ ഓഹരികള്‍ രണ്ട് മുതല്‍ 4 ശതമാനം വരെ ഇടിഞ്ഞു. അവെന്യു സൂപ്പര്‍മാര്‍ട്‌സ്, എം.ഫസിസ്, ഭെല്‍ എന്നിവയും നഷ്ടത്തില്‍ മുന്നിലെത്തി.
നിരാശയിൽ കേരള കമ്പനികളും
സൂചികകളിലെ നിരാശ കേരള കമ്പനികളിലും പ്രകടമായി. ഒരു ഓഹരിയും
വലിയ
മുന്നേറ്റം കാഴ്ചവച്ചില്ല. പ്രാഥമിക പ്രവര്‍ത്തനഫല റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിതിനു പിന്നാലെ ബാങ്ക് ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലാണ്.
മൂന്നാം പാദ പ്രാഥമിക പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മികച്ച വായ്പാ നിക്ഷേപ വളര്‍ച്ച കാണിച്ചെങ്കിലും സി.എസ്.ബി ബാങ്ക് ഓഹരികള്‍ വില്‍പ്പന സമ്മര്‍ദ്ദത്തില്‍പെട്ടു. ബാങ്കിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്ന കാസ നിക്ഷേപ അനുപാതം കുറഞ്ഞതാണ് ഓഹരിയെ ബാധിച്ചത്. ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയും ഇന്ന് നഷ്ടത്തിലായിരുന്നു. ഈസ്‌റ്റേണ്‍
ട്രെഡ്‌സ്, ഹാരിസണ്‍സ് മലയാളം, സ്‌കൂബി ഡേ ഗാർമെന്റ്‌സ്‌ എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കല്യാണ്‍ ജുവലേഴ്‌സ് എന്നിവയും നഷ്ടത്തിന്റെ പാതപിന്തുടര്‍ന്നു.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

2024ല്‍ മികച്ച വളര്‍ച്ച നേടുമെന്ന പ്രതീക്ഷ പങ്കുവച്ചത് കിംഗ്‌സ് ഇന്‍ഫ്രാ ഓഹരികളിലെ മുന്നേറ്റം ഇന്നും നിലനിര്‍ത്തി. ഓഹരി മൂന്നു ശതമാനത്തിലധികം ഉയര്‍ന്നു. നിറ്റ ജെലാറ്റിന്‍, ജി.ടി.എന്‍. ടെക്‌സ്റ്റൈല്‍സ്, ബി.പി.എല്‍ എന്നിവ നാല് ശതമാനത്തിനു മുകളിലും ഉയര്‍ന്നു. മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയും ഉയര്‍ച്ചയിലായിരുന്നു.
Resya R
Resya R  

Related Articles

Next Story

Videos

Share it