അമേരിക്കന്‍ പലിശപ്പേടി: 9-ാം നാളില്‍ ഓഹരികള്‍ നഷ്ടത്തില്‍

തുടര്‍ച്ചയായി എട്ട് ദിവസം നേട്ടത്തിന്റെ ട്രാക്കില്‍ മുന്നേറിയ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തിലേക്ക് വീണു. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പുതിയ പണനയം ഇന്ന് ഇന്ത്യന്‍ സമയം രാത്രി പുറത്തുവരും. പലിശനിരക്ക് എത്രമാത്രം ഉയരുമെന്നത് സംബന്ധിച്ച് നിക്ഷേപകര്‍ക്കിടയിലുള്ള ആശങ്കയാണ് ഇന്ന് ഓഹരി വിപണിയെ തളര്‍ത്തിയത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം


അതേസമയം, ഇന്ത്യയില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നെന്ന റിപ്പോര്‍ട്ടുകള്‍ വലിയ തകര്‍ച്ചയില്‍പ്പെടാതെ ഓഹരി സൂചികകളെ തടഞ്ഞുനിര്‍ത്തി. സര്‍വീസസ് പി.എം.ഐ സൂചിക 57.8ല്‍ നിന്ന് ഏപ്രിലില്‍ 62 ആയാണ് ഉയര്‍ന്നത്. 2010ന് ശേഷമുള്ള ഏറ്റവും ഉയരമാണിത്. 161.41 പോയിന്റിടിഞ്ഞ് (0.26 ശതമാനം) സെന്‍സെക്‌സ് 61,193.30ലും നിഫ്റ്റി 57.80 പോയിന്റ് (0.32 ശതമാനം) താഴ്ന്ന് 18,089.85ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നേക്കാമെന്നും നിഫ്റ്റി വൈകാതെ 17,850 നിരക്കിലേക്ക് താഴ്‌ന്നേക്കാമെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

നഷ്ടത്തിലേക്ക് വീണവര്‍
അദാനി ഗ്രൂപ്പ് ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഗ്രൂപ്പിലെ അദാനി ടോട്ടലിന്റെ ഓഡിറ്റര്‍ ചുമതലകളില്‍ നിന്ന് അഹമ്മദാബാദ് ആസ്ഥാനമായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി സ്ഥാപനമായ ഷാ ധാന്‍ധാരിയ ആന്‍ഡ് കോ ഒഴിഞ്ഞതാണ് തിരിച്ചടിയായത്. അദാനി വില്‍മാര്‍ (4.56 ശതമാനം), അദാനി എന്റര്‍പ്രൈസസ് (4.42 ശതമാനം), അദാനി ടോട്ടല്‍ ഗ്യാസ് (3.55 ശതമാനം), അദാനി ഗ്രീന്‍ (3.38 ശതമാനം), ഇന്‍ഡസ് ടവേഴ്‌സ് (3.16 ശതമാനം) എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരികള്‍. മാര്‍ച്ച്പാദ അറ്റാദായം 60 ശതമാനത്തോളം ഇടിഞ്ഞതും അദാനി വില്‍മാര്‍ ഓഹരികളെ വലച്ചു.
ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവ

ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എല്‍ ആന്‍ ടി., ടി.സി.എസ് എന്നിവയും ഇന്ന് നഷ്ടത്തിലേക്ക് വീണു. എഫ്.എം.സി.ജി., മീഡിയ, സ്വകാര്യ ബാങ്ക്, റിയാല്‍റ്റി ഒഴികെയുള്ള ഓഹരി വിഭാഗങ്ങളെല്ലാം ഇന്ന് തിരിച്ചടി നേരിട്ടു. നിഫ്റ്റി ഐ.ടി ഒരു ശതമാനവും ലോഹം, പി.എസ്.യു ബാങ്ക് എന്നിവ 0.98 ശതമാനവും നഷ്ടമാണ് രേഖപ്പെടുത്തിയത്.
നേട്ടം കുറിച്ചവര്‍
ഓഹരി സൂചികകള്‍ നഷ്ടത്തിലേക്ക് വീണെങ്കിലും ഇന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റാ മോട്ടോഴ്‌സ്, അള്‍ട്രാടെക് സിമന്റ്, ഐ.ടി.സി എന്നിവയുടെ ഓഹരികളില്‍ മികച്ച വാങ്ങല്‍ താത്പര്യം ദൃശ്യമായി.
ഇന്ന് കൂടുതൽ നേട്ടം കൈവരിച്ച ഓഹരികൾ

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് (6.43 ശതമാനം), ഐ.ആര്‍.എഫ്.സി (5.81 ശതമാനം), എം.ആര്‍.എഫ് (5.54 ശതമാനം), ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (4.62 ശതമാനം), ലോറസ് ലാബ്‌സ് (3.34 ശതമാനം) എന്നിവയാണ് ഏറ്റവുമധികം നേട്ടം കുറിച്ചത്.
എണ്ണയും രൂപയും
ആഗോള സാമ്പത്തികരംഗത്തെ അനിശ്ചിതത്വങ്ങളെ തുടര്‍ന്നുള്ള ക്രൂഡോയില്‍ വിലയിടിവ് തുടരുകയാണ്. ഡബ്‌ള്യു.ടി.ഐ ക്രൂഡ് വില ഇന്ന് ബാരലിന് 3.06 ശതമാനം നഷ്ടവുമായി 69.47 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വിലയുള്ള ബാരലിന് 73.14 ഡോളറില്‍; ഇന്ന് കുറഞ്ഞത് 2.89 ശതമാനം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് അല്പം മെച്ചപ്പെട്ടു. ആറ് പൈസയുടെ നേട്ടവുമായി 81.81ലാണ് വ്യാപാരാന്ത്യം രൂപയുള്ളത്. ആഗോളതലത്തില്‍ മറ്റ് പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ ഇന്ന് ദുര്‍ബലമായതാണ് രൂപയ്ക്കും നേട്ടമായത്.
മണപ്പുറത്തിന് നഷ്ടം, ഷിപ്പ്‌യാര്‍ഡിന് നേട്ടം
കേരളം ആസ്ഥാനമായുള്ള കമ്പനികളില്‍ മണപ്പുറം ഫിനാന്‍സിന്റെ ഓഹരികള്‍ ഇന്ന് 14 ശതമാനം വരെ നഷ്ടം നേരിട്ടു. വ്യാപാരാന്ത്യം 12.11 ശതമാനം നഷ്ടത്തിലാണ് മണപ്പുറം ഓഹരികളുള്ളത്. കമ്പനിയുടെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ് നടന്നതാണ് തിരിച്ചടിയായത്.
കേരള കമ്പനികളുടെ ഇന്നത്തെ നിലവാരം

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.11 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.82 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.74 ശതമാനം) എന്നിവയും നഷ്ടത്തിലുള്ള പ്രമുഖ ഓഹരികളാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ 3.03 ശതമാനം മുന്നേറി. അപ്പോളോ ടയേഴ്‌സ് (2.69 ശതമാനം), വണ്ടര്‍ല (2.22 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (2.09 ശതമാനം) എന്നിവയാണ് ഏറ്റവുമധികം നേട്ടം കുറിച്ചത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it