നഷ്ടത്തിലേക്ക് ഓഹരികളുടെ യു-ടേണ്‍! റിലയന്‍സടക്കം വമ്പന്മാരുടെ വീഴ്ച വലച്ചു, നിക്ഷേപകര്‍ക്ക് നഷ്ടം ₹2.25 ലക്ഷം കോടി

സര്‍വകാല ഉയരംതൊട്ട നിഫ്റ്റിയും 75,000 പോയിന്റും ഭേദിച്ച് റെക്കോഡ് ഉന്നമിട്ട് മുന്നേറിയ സെന്‍സെക്‌സും! ആവേശം കൊട്ടിക്കയറുന്ന കാഴ്ചയായിരുന്നു ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍.
പക്ഷേ, ആദ്യമണിക്കൂറില്‍ തന്നെ കഥയില്‍ വമ്പന്‍ ട്വിസ്റ്റ്! റിലയന്‍സ് ഇന്‍ഡസ്ട്രീസും എച്ച്.ഡി.എഫ്.സി ബാങ്കുമടക്കമുള്ള വന്‍കിടക്കാരില്‍ വില്‍പനസമ്മര്‍ദ്ദം വീശിയടിച്ചത് പൊടുന്നനേയായിരുന്നു. ഫലമോ, ഓഹരി സൂചികകള്‍ നേരേ യൂ-ടേണ്‍ അടിച്ചു; കനത്ത നഷ്ടത്തിലേക്ക്.
ഇന്ന് സെന്‍സെക്‌സ് ആടിയുലഞ്ഞത് 1,628 പോയിന്റുകളാണ്. 75,017ല്‍ വ്യാപാരം തുടങ്ങി 75,095 വരെ കയറിയ സെന്‍സെക്‌സ് പിന്നീട് 73,467 വരെ നിലംപൊത്തി. നിഫ്റ്റിയാകട്ടെ 22,794 എന്ന സര്‍വകാല റെക്കോഡ് ഇന്ന് താണ്ടിയശേഷമാണ് താഴേക്കുപതിച്ചത്.
വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സുള്ളത് 732.96 പോയിന്റ് (-0.98%) താഴ്ന്ന് 73,878.15ല്‍. 172.35 പോയിന്റിറങ്ങി (-0.76%) നിഫ്റ്റി 22,475.85ലും വ്യാപാരം അവസാനിപ്പിച്ചു.
ഓഹരിക്ക് ദുഃഖവെള്ളി
ലോകത്തെ പ്രമുഖ കറന്‍സികള്‍ക്കെതിരെ 106ല്‍ നിന്ന് 105 നിലവാരത്തിലേക്ക് വീണ ഡോളര്‍ ഇന്‍ഡെക്‌സ്, 4.6 ശതമാനത്തില്‍ നിന്ന് 4.5 ശതമാനത്തിലേക്ക് വീണ യു.എസ് ട്രഷറി ബോണ്ട് യീല്‍ഡ്, ബാരലിന് 84 ഡോളറിന് താഴേക്കുവീണ ക്രൂഡോയില്‍ വില, ആഗോള ഓഹരി വിപണികളിലെ ഉണര്‍വ്, ആഭ്യന്തര ധനകാര്യ നിക്ഷേപകരില്‍ (DII) നിന്നുള്ള മികച്ച വാങ്ങല്‍ താത്പര്യം എന്നിങ്ങനെ അനുകൂല ഘടകങ്ങള്‍ ഉണ്ടായിരിക്കേയാണ് ഇന്ന് ഇന്ത്യന്‍ ഓഹരികള്‍ നിലംപൊത്തിയതെന്നത് ശ്രദ്ധേയമാണ്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

സൂചികകള്‍ വരുംദിവസങ്ങളില്‍ തിരിച്ചുകയറുമെന്ന് തന്നെയാണ് നിരീക്ഷകര്‍ പ്രവചിക്കുന്നതും. എന്നാല്‍, അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് ഉടനൊന്നും കുറയ്ക്കില്ലെന്ന വിലയിരുത്തലും പണപ്പെരുപ്പം വരുംമാസങ്ങളിലും കൂടിയേക്കുമെന്ന സൂചനകളും ഇന്ത്യയിലെ പ്രവചനാതീതമെന്നോണം ശക്തമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് പോരും കോര്‍പ്പറേറ്റ് കമ്പനികളുടെ സമ്മിശ്രമായ മാര്‍ച്ചുപാദ പ്രവര്‍ത്തനഫലവും നിക്ഷേപകരില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇതാണ്, ഇന്ന് വില്‍പനസമ്മര്‍ദ്ദത്തിന് വഴിയൊരുക്കിയതും.
അമേരിക്കയുടെ തൊഴില്‍ക്കണക്കുകളും ഇന്ന് പുറത്തുവരുന്നുണ്ട്. ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് പരിഷ്‌കരിക്കാന്‍ പരിഗണിക്കുന്ന സൂചകങ്ങളിലൊന്നാണിത്. ഇതും നിക്ഷേപകരെ ഇന്ന് ആശങ്കയിലേക്ക് വീഴ്ത്തി.
നേട്ടത്തിലേറിയവരും നഷ്ടത്തിലേക്ക് വീണവരും
നിഫ്റ്റി50ല്‍ ഇന്ന് 15 ഓഹരികള്‍ നേട്ടത്തിലും 35 എണ്ണം നഷ്ടത്തിലുമായിരുന്നു. കോള്‍ ഇന്ത്യ 4.76 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തി. മാര്‍ച്ചുപാദ ലാഭം പ്രവചനങ്ങളെ നിഷ്പ്രഭമാക്കി 25.8 ശതമാനം ഉയര്‍ന്ന് 8,640 കോടി രൂപയായത് ഓഹരിക്കുതിപ്പിന് വഴിവച്ചു. ലാഭക്ഷമതയുടെ അളവുകോലായ എബിറ്റ്ഡയും എബിറ്റ്ഡ മാര്‍ജിനും മുന്നേറിയത് ഓഹരികള്‍ ആഘോഷമാക്കി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

എല്‍ ആന്‍ഡ് ടി., മാരുതി സുസുക്കി, നെസ്‌ലെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് 1.7-2.76 ശതമാനം ഇടിഞ്ഞ് നഷ്ടത്തിന് ചുക്കാന്‍ പിടിച്ചത്. ഓഹരി സൂചികകളില്‍ ഇവയുടെ വെയിറ്റേജ് ഉയര്‍ന്നതാണ്. അതുകൊണ്ടാണ്, ഇവയുടെ വീഴ്ച ഇന്ന് സൂചികകളെ വലിയ ഇടിവിലേക്ക് വീഴ്ത്തിയതും.
ബി.എസ്.ഇയില്‍ ഇന്ന് 1,527 ഓഹരികള്‍ നേട്ടത്തിലും 2,306 എണ്ണം നഷ്ടത്തിലുമായിരുന്നു. 125 ഓഹരികളുടെ വില മാറിയില്ല. 256 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 18 എണ്ണം താഴ്ചയും കണ്ടു.
അപ്പര്‍-സര്‍ക്യൂട്ടില്‍ ഇന്ന് 8 കമ്പനികളും ലോവര്‍-സര്‍ക്യൂട്ടില്‍ 5 കമ്പനികളുമുണ്ടായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് 2.25 ലക്ഷം കോടി രൂപ ഇടിഞ്ഞ് 406.24 ലക്ഷം കോടി രൂപയിലുമെത്തി.
വീണുടഞ്ഞ് കൊഫോര്‍ജ്, റെക്കോഡ് കുറിച്ച് ഭെല്‍
പ്രമുഖ ഐ.ടി കമ്പനിയായ കൊഫോര്‍ജിന്റെ ഓഹരി ഇന്ന് 10 ശതമാനത്തിലധികം ഇടിഞ്ഞു. പ്രതീക്ഷയ്‌ക്കൊത്തുയരാത്ത മാര്‍ച്ചുപാദ പ്രവര്‍ത്തനഫലവും ബ്രോക്കറേജുകള്‍ ഓഹരികളെ തരംതാഴ്ത്തിയതും (ഡൗണ്‍ഗ്രേഡ്) കൊഫോര്‍ജിന് തിരിച്ചടിയായി.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

ഇന്ന് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് കോള്‍ ഇന്ത്യ, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് (ഭെല്‍/BHEL), എന്‍.എം.ഡി.സി., ശ്രീ സിമന്റ്‌സ് എന്നിവയാണ്. 3.6 മുതല്‍ 4.76 ശതമാനം വരെയാണ് ഇവയുടെ നേട്ടം. കൊഫോര്‍ജ്, എം.ആര്‍.എഫ്., എസ്.ആര്‍.എഫ്., ഒബ്‌റോയി റിയല്‍റ്റി, ആദിത്യ ബിര്‍ള ഫാഷന്‍ എന്നിവയാണ് 3.4 മുതല്‍ 10 ശതമാനം വരെ താഴ്ന്ന് നഷ്ടത്തില്‍ മുന്നിലെത്തിയവ.
റെയില്‍വേയുടെ സിഗ്നലിംഗ് ബിസിനസുകള്‍ക്കായി ദുബൈയിലെ ഹിമ മിഡില്‍ ഈസ്റ്റ് (HIMA Middle East) എന്ന കമ്പനിയുമായി ധാരണയിലെത്തിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഭെല്‍ ഓഹരികളുടെ കുതിപ്പ്. ഇന്ന് ഇന്‍ട്രാ-ഡേയില്‍ 9 ശതമാനം വരെ ഉയര്‍ന്ന ഭെല്‍ ഓഹരി 14-വര്‍ഷത്തെ ഉയരവും തൊട്ടിരുന്നു.

വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി ഹെല്‍ത്ത്‌കെയറും (+0.08%) ഫാര്‍മയും (+0.05) നേരിയ നേട്ടം കുറിച്ചതൊഴിച്ചാല്‍ മറ്റുള്ളവ കനത്ത നഷ്ടം നേരിട്ടു. റിയല്‍റ്റിയാണ് 1.03 ശതമാനം ഇടിവുമായി നഷ്ടത്തില്‍ മുന്നിലുള്ളത്. ബാങ്ക് നിഫ്റ്റി 0.62 ശതമാനം താഴ്ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 0.35 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.49 ശതമാനവും താഴ്ന്നു.

എന്‍.എം.ഡി.സിയും എം.ആര്‍.എഫും
ഏപ്രിലിലെ മികച്ച വില്‍പനക്കണക്കുകളാണ് എന്‍.എം.ഡി.സി ഓഹരികള്‍ക്ക് ഇന്ന് ഗുണമായത്. ഏപ്രിലില്‍ 3.48 മില്യണ്‍ ടണ്ണാണ് കമ്പനിയുടെ ഉത്പാദനം; വില്‍പന 3.53 മില്യണ്‍ ടണ്ണും. 2023 ഏപ്രിലിനെ അപേക്ഷിച്ച് ഉത്പാദനത്തിലും വില്‍പനയിലും ഉണര്‍വുള്ളതാണ് ഓഹരികളെ മുന്നോട്ട് നയിച്ചത്.
എം.ആര്‍.ഫിന്റെ മാര്‍ച്ചുപാദ ലാഭം ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് 22 ശതമാനം കുറഞ്ഞ് 396 കോടി രൂപയായിരുന്നു. കമ്പനി 2023-24ലെ അന്തിമലാഭവിഹിതമായി ഓഹരിക്ക് 194 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 1940 ശതമാനം വീതമാണ് ഡിവിഡന്‍ഡ്. നേരത്തേ കമ്പനി 3 രൂപ ഇടക്കാല ഡിവിഡന്റ് പ്രഖ്യാപിച്ചപ്പോള്‍ അത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ മീമുകള്‍ക്ക് (ട്രോള്‍) വഴിയൊരുക്കിയിരുന്നു.
ഡിജിറ്റല്‍ വായ്പകളിന്മേലും മറ്റും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് റിസര്‍വ് ബാങ്ക് മാറ്റിയതിനെ തുടര്‍ന്ന് ബജാജ് ഫിനാന്‍സ് ഓഹരികളും ഇന്ന് നേട്ടത്തിലേറി. ഇന്‍ട്രാഡേയില്‍ ഓഹരിവില 7 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു.
കേരള ഓഹരികള്‍ക്കും ക്ഷീണം
കേരളത്തില്‍ നിന്നുള്ള പ്രമുഖ ഓഹരികളും ഇന്ന് ചുവപ്പണിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്; പ്രത്യേകിച്ച് ബാങ്ക് ഓഹരികള്‍.
മാര്‍ച്ചുപാദ പ്രവര്‍ത്തനഫലം സമ്മിശ്രമായ പശ്ചാത്തലത്തില്‍ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ ഇന്ന് നഷ്ടത്തിലേക്ക് വീണു. ധനലലക്ഷ്മി ബാങ്ക്, സി.എസ്.ബി ബാങ്ക്, ഇസാഫ് ബാങ്ക് എന്നിവയും നഷ്ടത്തിലാണുള്ളത്.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

അപ്പോളോ ടയേഴ്‌സ്, സെല്ല സ്‌പേസ്, ജി.ടി.എന്‍., കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ്, പ്രൈമ ഇന്‍ഡസ്ട്രീസ്, സ്റ്റെല്‍, വണ്ടര്‍ല, ജിയോജിത്, കല്യാണ്‍ ജുവലേഴ്‌സ് എന്നിവയും ഇന്ന് നഷ്ടത്തിലാണുള്ളത്.
എ.വി.ടി ഇന്ന് 10.42 ശതമാനം കയറി. ആസ്റ്റര്‍, ഈസ്‌റ്റേണ്‍, ഇന്‍ഡിട്രേഡ്, കെ.എസ്.ഇ., പ്രൈമ അഗ്രോ, വെര്‍ട്ടെക്‌സ് എന്നിവയും ഇന്ന് 1-5 ശതമാനം നേട്ടമുണ്ടാക്കി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it