ഓഹരിയിലും മോദിപ്രഭാവം! കുതിച്ച് നിഫ്റ്റിയും സെന്‍സെക്‌സും; നിക്ഷേപകര്‍ക്ക് നേട്ടം ₹5.80 ലക്ഷം കോടി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 'സെമിഫൈനല്‍' എന്ന വിശേഷണത്തോടെ നടന്ന 4 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമി കീഴടക്കിയുള്ള ബി.ജെ.പിയുടെ മുന്നേറ്റം, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (FIIs) തിരിച്ചുവരവ്, അമേരിക്കന്‍ ബോണ്ട് യീല്‍ഡിന്റെ വീഴ്ച, ക്രൂഡോയില്‍ വിലക്കുറവ്... ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് വീശിയടിച്ചത് ഉന്മേഷത്തിന്റെ അനുകൂലക്കാറ്റ്.

നേട്ടത്തിനുള്ള സര്‍വ ചേരുവകളും കിറുകൃത്യമായെന്നോണം സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരത്തിലേക്ക് ഇരച്ചുംകയറി. ഒപ്പം രൂപയും തിളങ്ങിയതോടെ, ഇന്നത്തെ ദിവസം ഓഹരിക്ക് നല്ല തിങ്കളായി.
മദ്ധ്യപ്രദേശില്‍ സീറ്റുകളുടെ എണ്ണം കൂട്ടി ഭരണത്തുടര്‍ച്ച ഉറപ്പാക്കുകയും രാജസ്ഥാനില്‍ ഭരണം പിടിക്കുകയും ചെയ്തതോടെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പും വെല്ലുവിളികളൊഴിഞ്ഞതാകുമെന്ന സൂചനയാണ് ഓഹരി നിക്ഷേപകര്‍ക്കും ആവേശമായത്. കേന്ദ്രത്തില്‍ തുടര്‍ഭരണം വരുന്നതാണ് പൊതുവേ നിക്ഷേപക-ബിസിനസ് ലോകത്തിന് ഇഷ്ടം. അത്, നയങ്ങളുടെ തുടര്‍ച്ചയും നയരൂപീകരണത്തിന്റെ വേഗവും ഉറപ്പാക്കുമെന്ന് അവര്‍ വിലയിരുത്തുന്നു.
റെക്കോഡുകളുടെ ദിനം
സെന്‍സെക്‌സ് 1383 പോയിന്റ് (2.05%) മുന്നേറി 68,865.12ലും നിഫ്റ്റി 418.90 പോയിന്റ് (2.07%) കുതിച്ച് 20,686.80ലുമാണ് ഇന്ന് വ്യാപാരാന്ത്യത്തിലുള്ളത്. രണ്ടും സര്‍വകാല റെക്കോഡാണ്.
കഴിഞ്ഞ വെള്ളിയാഴ്ച കുറിച്ച 20,267 പോയിന്റിന്റെ റെക്കോഡാണ് നിഫ്റ്റി ഇന്ന് പഴങ്കഥയാക്കിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 15ലെ 67,927 പോയിന്റിന്റെ റെക്കോഡാണ് സെന്‍സെക്‌സ് തിരുത്തിയത്. ഇന്നൊരുവേള സെന്‍സെക്‌സ് 68,918 വരെയും നിഫ്റ്റി 20,702 വരെയും മുന്നേറിയിരുന്നു.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ഇന്ന് തുടക്കം മുതല്‍ ഓഹരി സൂചികകള്‍ നേട്ടത്തിലേക്ക് കുതിച്ചുകയറുന്നതായിരുന്നു കാഴ്ച. വ്യാപാരം തുടങ്ങി വെറും 15 നിമിഷങ്ങള്‍ക്കകം നിക്ഷേപകരുടെ ആസ്തിയിലുണ്ടായ വര്‍ധന 4 ലക്ഷം കോടി രൂപയ്ക്ക് മുകളിലായിരുന്നു. വ്യാപാരാന്ത്യത്തില്‍ ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്ത നിക്ഷേപക മൂല്യം 5.80 ലക്ഷം കോടി രൂപ വര്‍ധിച്ച് എക്കാലത്തെയും ഉയരമായ 343.47 ലക്ഷം കോടി രൂപയുമായി. 340 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് മറികടന്നുവെന്നതും ശ്രദ്ധേയം.
നേട്ടത്തിന് പിന്നില്‍
മിസോറം അടക്കം 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ ത്രസിപ്പിക്കുന്ന വിജയം തന്നെയാണ് ഓഹരി നിക്ഷേപകരും ആഘോഷമാക്കിയത്. കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടായേക്കുമെന്ന വിലയിരുത്തലില്‍ ഓഹരികള്‍ കുതിച്ചു.
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വൈകാതെ പലിശനിരക്ക് കുറയ്ക്കുന്ന ട്രെന്‍ഡിലേക്ക് ചുവടുമാറ്റിയേക്കുമെന്ന വിലയിരുത്തലും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് കഴിഞ്ഞ ജൂലൈക്ക് ശേഷമുള്ള താഴ്ചയിലേക്ക് (4.61%) വീണതും ഡോളറിന്റെ തളര്‍ച്ചയും ഓഹരി വിപണി ഊര്‍ജമാക്കി മാറ്റി. വിദേശ നിക്ഷേപകരുടെ (FII) ഇന്ത്യയിലേക്കുള്ള തിരിച്ചുവരവും കരുത്താണ്. പുറമേ രാജ്യാന്തര ക്രൂഡോയില്‍ വില 78 ഡോളര്‍ നിലവാരത്തിലേത്ത് കൂപ്പകുത്തിയതും നേട്ടമായി.
ഇവര്‍ കസറി
ബാങ്കിംഗ് ഓഹരികളിലായിരുന്നു ഇന്ന് കൂടുതല്‍ തിളക്കം. മികച്ച വാങ്ങല്‍ ട്രെന്‍ഡ് ദൃശ്യമായതോടെ ബാങ്ക് നിഫ്റ്റി 3.61 ശതമാനം കുതിച്ച് 46,431 എന്ന റെക്കോഡില്‍ മുത്തമിട്ടു. ജൂലൈ 11ലെ 46,319 ആയിരുന്നു നിലവിലെ റെക്കോഡ്.
നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക 3.85 ശതമാനം, സ്വകാര്യബാങ്ക് 3.54 ശതമാനം, ധനകാര്യ സേവനം 3.23 ശതമാനം എന്നിങ്ങനെ മുന്നേറി. ക്രൂഡ് വിലക്കുറവിന്റെ ബലത്തില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 3.15 ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി റിയല്‍റ്റി 2.03 ശതമാനം ഉയര്‍ന്നു. നിഫ്റ്റി മീഡിയ (-0.78%), നിഫ്റ്റി ഫാര്‍മ (-0.18%) എന്നിവ മാത്രമാണ് നിരാശപ്പെടുത്തിയത്.
നേട്ടത്തിലേറിയവര്‍
എസ്.ബി.ഐ., ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ മികച്ച പ്രകടനമാണ് ഇന്ന് ബാങ്കിംഗ് ഓഹരി സൂചികയെ മിന്നിച്ചത്. സെന്‍സെക്‌സില്‍ കോട്ടക് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എല്‍ ആന്‍ഡ് ടി., അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിനാന്‍സ്, എന്‍.ടി.പി.സി., മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയുടെ പ്രകടനവും കരുത്തായി.
കൂടുതൽ നേട്ടം ഇന്ന് കുറിച്ചവർ

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേട്ടത്തിന്റെ ചുവടുപിടിച്ച് അദാനി ഗ്രൂപ്പ് ഓഹരികളും ഇന്ന് കസറി. അദാനി ഗ്രീന്‍ എനര്‍ജിയാണ് 9.40 ശതമാനം നേട്ടവുമായി കൂടുതല്‍ തിളങ്ങിയത്. അദാനി എന്റര്‍പ്രൈസസ് 6.85 ശതമാനം, അംബുജ സിമന്റ് 7.22 ശതമാനം എന്നിവയും മികച്ച പ്രകടനം നടത്തി.
അദാനി ഗ്രീന്‍ എനര്‍ജി, എച്ച്.പി.സി.എല്‍., മാക്‌സ് ഹെല്‍ത്ത്‌കെയര്‍, ഐഷര്‍ മോട്ടോഴ്‌സ്, അംബുജ സിമന്റ്‌സ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
നഷ്ടത്തിലേക്ക് വീണവര്‍
ഓഹരി സൂചികകളുടെ നേട്ടത്തിലേക്കുള്ള ആവേശക്കുതിപ്പിനിടയിലും അടിതെറ്റിയ നിരവധി ഓഹരികളുണ്ട്. വിപ്രോ, മാരുതി സുസുക്കി, സണ്‍ ഫാര്‍മ, ടാറ്റാ മോട്ടോഴ്‌സ് എന്നിവ സെന്‍സെക്‌സില്‍ നഷ്ടം നേരിട്ട പ്രമുഖരാണ്.
സീ എന്റര്‍ടെയ്ന്‍മെന്റ്, പി.ബി. ഫിന്‍ടെക് (പോളിസിബസാര്‍), ല്യൂപിന്‍, നൈക (എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ്), എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

നിഫ്റ്റി 50ല്‍ ഇന്ന് 6 ഓഹരികള്‍ നഷ്ടത്തിലും 44 എണ്ണം നേട്ടത്തിലുമായിരുന്നു. ബി.എസ്.ഇയില്‍ 2,373 ഓഹരികളും നേട്ടം കുറിച്ചപ്പോള്‍ 1,480 എണ്ണം ഇടിവ് രേഖപ്പെടുത്തി. 165 ഓഹരികളുടെ വില മാറിയില്ല.
436 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരവും 34 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ട്‌ ഇന്ന് പക്ഷേ കാലിയായിരുന്നു; ലോവര്‍-സര്‍കീട്ടില്‍ വ്യാപാരം ചെയ്യപ്പെട്ടത് 5 ഓഹരികള്‍.
തിളങ്ങി കേരള കമ്പനികളും
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ മിക്കവയും ഇന്ന് മുന്നേറ്റ തരംഗത്തിനൊപ്പം നിന്നു, പ്രത്യേകിച്ച് ബാങ്കിംഗ് ഓഹരികള്‍. സി.എസ്.ബി ബാങ്ക് 4.39 ശതമാനം, ധനലക്ഷ്മി ബാങ്ക് 4.54 ശതമാനം, ഫെഡറല്‍ ബാങ്ക് 3.63 ശതമാനം, സൗത്ത് ഇന്ത്യന്‍ ബാങ്ക് 1.96 ശതമാനം, ഇസാഫ് ബാങ്ക് 1.45 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. 2.73 ശതമാനം നേട്ടം മണപ്പുറം ഫിനാന്‍സ് കുറിച്ചു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ഫാക്ട് 2.66 ശതമാനം, ഹാരിസണ്‍സ് മലയാളം 3.82 ശതമാനം എന്നിങ്ങനെയും നേട്ടമുണ്ടാക്കി. 4.91 ശതമാനം മുന്നേറി കിംഗ്‌സ് ഇന്‍ഫ്രയും തിളങ്ങി. വണ്ടര്‍ല, നിറ്റ ജെലാറ്റിന്‍, സഫ സിസ്റ്റംസ്, സ്‌കൂബിഡേ എന്നിവ നിരാശപ്പെടുത്തി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it