വിപണിയെ നിലംപരിശാക്കി അമേരിക്കന്‍ തിരഞ്ഞെടുപ്പും വിദേശ വില്‍പ്പനയും; വന്‍ വീഴ്ചയിലും കയറ്റം തുടര്‍ക്കഥയാക്കി കിറ്റെക്‌സ്

അമേരിക്കന്‍ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ഇന്ത്യന്‍ ഓഹരി സൂചികകള്‍ നഷ്ടക്കയത്തിൽ. എല്ലാ മേഖലകളും വില്‍പ്പന സമ്മര്‍ദ്ദത്തിലേക്ക് വഴി മാറിയതോടെ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം ഇടിഞ്ഞു. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ കനത്ത ഇടിവിലായ സെന്‍സെക്‌സ് ഒരുവേള 78,232.60 വരെ താഴ്ന്നു. പിന്നീട് നഷ്ടം 941.88 പോയിന്റായി കുറച്ച് 78,782.24ല്‍ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റിയാകട്ടെ 24,315.75ല്‍ വ്യാപാരം തുടങ്ങിയ ശേഷം പിന്നീട് 23,816 പോയിന്റ് വരെ താഴ്ന്നു. വ്യാപാരാന്ത്യത്തില്‍ നഷ്ടം 309 പോയിന്റിലേക്ക് പരിമിതപ്പെടുത്തി 23,995.35ലെത്തി.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം


വിശാല വിപണികള്‍ക്ക് ഇന്ന് നഷ്ടം കനത്തതായിരുന്നു. ബി.എസ്.ഇ മിഡ് ക്യാപ് സൂചിക 1.31 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 1.65 ശതമാനവും ഇടിഞ്ഞു. ബി.എസ്.ഇയിലെ മൊത്തം ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യമിന്ന് 448 കോടി രൂപയില്‍ നിന്ന് 442 കോടിയായി കുറഞ്ഞു. നിക്ഷേപകരുടെ സമ്പത്തില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് ഒഴുകി പോയത് 6 ലക്ഷം കോടി രൂപയാണ്.
സെക്ടറര്‍ സൂചികകളെല്ലാം തന്നെ ചുവപ്പില്‍ മുങ്ങി നിന്നു. നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ്, നിഫ്റ്റി മീഡിയ, റിയല്‍റ്റി സൂചികകള്‍ രണ്ട് ശതമാനത്തിനുമേല്‍ താഴേക്ക് പോയി. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്.എം.സി.ജി, മെറ്റല്‍, പ്രൈവറ്റ് ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് എന്നിവ ഒരു ശതമാനത്തിനു മേലും നഷ്ടമുണ്ടാക്കി.

ഇടിവിന് കാരണങ്ങള്‍ പലത്

യു.എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകളാണ് വിപണിയെ ഇന്ന് നിരാശയിലാക്കിയത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള പോരോട്ടം കടുത്തതായിരിക്കുമെന്നാണ് അഭിപ്രായ സർവേ പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷവും ചാഞ്ചാട്ടത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍. യു.എസിന്റെ വളര്‍ച്ച, പണപ്പെരുപ്പം, ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം എന്നിവയാകും ഉടന്‍ വിപണിയെ ബാധിക്കുക.
ഇതിനകം തന്നെ വലിയ തിരുത്തല്‍ ഇന്ത്യന്‍ വിപണിയിലുണ്ടായെങ്കിലും മൂല്യം ഉയര്‍ന്ന് നില്‍ക്കുകയാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അത് കൂടുതല്‍ തിരുത്തലിനുള്ള സൂചനയാണ് നല്‍കുന്നത്.
നവംബര്‍ ഏഴിനാണ്‌ യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പോളിസി തീരുമാനം പുറത്തു വരുന്നത്. കാല്‍ ശതമാനം പലിശ കുറവ് വരുത്തുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ വിപണിയില്‍ വലിയ മാറ്റം വരുത്തില്ല. ഇതിനകം തന്നെ വിപണി ഈ മാറ്റം ഉള്‍ക്കൊണ്ടു കഴിഞ്ഞു.
രാജ്യത്തെ പ്രമുഖ കമ്പനികളുടെ സെപ്റ്റംബര്‍ പാദഫലങ്ങള്‍ മോശമായതും വിപണിയെ ബാധിക്കുന്നുണ്ട്.
ഇതിനൊപ്പം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിന്നു പണം പിന്‍വലിക്കല്‍ തുടരുകയാണ്. ചൈനയില്‍ വീണ്ടും ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന സൂചന നിക്ഷേപകരെ കൂടുതലായി പണം പിന്‍വലിച്ച് അങ്ങോട്ട് ഒഴുക്കാൻ പ്രേരിപ്പിക്കും. ഒക്ടോബര്‍ മാസത്തില്‍ 1.13 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്.

നേട്ടവും വീഴചയും

ഇന്ന് വമ്പന്‍ നേട്ടത്തിലേറിയ ഓഹരികളൊന്നുമില്ല. മൂന്നു ശതമാനത്തിൽ താഴെയാണ് നിഫ്റ്റി 200 ഓഹരികളുടെ ഇന്നത്തെ പരമാവധി നേട്ടം. നൗക്കരിയുടെ മാതൃകമ്പനിയായ ഇന്‍ഫോ എഡ്ജാണ് നേട്ടപ്പട്ടികയില്‍ ഒന്നാമത്, മാക്‌സ് ഹെല്‍ത്ത്‌കെയർ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സുന്ദരം ഫിനാന്‍സ് ബാങ്ക്, ബജാജ് ഹോള്‍ഡിംഗ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റസ് എന്നിവയും ഇന്ന് രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

നേട്ടത്തില്‍ ഇവര്‍

വോഡഫോണ്‍ ഐഡിയ ഓഹരികള്‍ 6.75 ശതമാനം ഇടിവിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വില 7.88 രൂപയിലെത്തി. ഭാരത് ഡൈനാമിക്‌സ് 5.45 ശതമാനവും റെയില്‍ വികാസ് നിഗം ലിമിറ്റഡ് 4.89 ശതമാനവും സോളാര്‍ ഇന്‍ഡസ്ട്രീസ് 4.84 ശതമാനവും ഇടിഞ്ഞു. ആദിത്യ ബിര്‍ള ഫാഷന്‍ റീറ്റെയ്ല്‍ 4.63 ശതമാനം ഇടിവുമായി അഞ്ചാം സ്ഥാനത്തുണ്ട്.

നഷ്ടത്തില്‍ ഇവര്‍

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇൻഡസ്ട്രീസ് ഓഹരി വില ഇന്ന് നാല് ശതമാനം വരെ താഴ്ന്നു. ഇതോടെ ഈ വര്‍ഷത്തെ ഇതുവരെയുള്ള (YTD) റിലയന്‍സ് ഓഹരിയുടെ നേട്ടം നെഗറ്റീവായി.
വ്യാപാരത്തിനിടെ ഓഹരി വില 4.03 ശതമാനം ഇടിഞ്ഞ് 1,285.10 രൂപയിലെത്തിയതോടെ കമ്പനിയുടെ വിപണി മൂല്യം 17.40 ലക്ഷം കോടി രൂപയായി ചുരുങ്ങി. 52 ആ ഴ്ചയിലെ ഉയര്‍ന്ന വിലയില്‍ നിന്ന് ഓഹരി വില 20 ശതാനത്തോളം ഇടിഞ്ഞു. രണ്ടാം പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം 4.77 ശതമാനം ഇടിഞ്ഞ് 16,563 കോടി രൂപയിലെത്തിയിരുന്നു.

ഉയരെ ഉയരെ കിറ്റെക്‌സ്

കിറ്റെക്‌സ് ഓഹരി ഇന്നും അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലാണ്. ഓഹരി വില 624 രൂപ കടന്നു. ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ ഇൻഡസ്ട്രിക്ക് ഗുണമായതാണ് കിറ്റെക്‌സ് ഓഹരികളെ ഉയരത്തിലേക്ക് നയിക്കുന്നത്.
രണ്ടാം പാദത്തില്‍ കമ്പനിയുടെ ലാഭം മൂന്ന് മടങ്ങ് വര്‍ധിച്ചു. 39.94 കോടിയാണ് കമ്പനിയുടെ ലാഭം. മുന്‍ വര്‍ഷം സമാനപാദത്തിലിത് 13.2 കോടി രൂപയായിരുന്നു. 2016 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഓഹരി വിലയുള്ളത്. അഞ്ച് മാസം കൊണ്ട് ഓഹരി വില 237 ശതമാനം വര്‍ധിച്ചു.
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഓഹരി വില ഇന്ന് 3.11 ശതമാനം ഉയര്‍ന്നു. ആഡ് ടെക് സിസ്റ്റംസ്, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, കേരള ആയുര്‍വേദ, കെ.എസ്.ഇ, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, നിറ്റ ജെലാറ്റിന്‍, പി.ടി.എല്‍ എന്റര്‍പ്രൈസസ് എന്നിവയാണ് നേട്ടത്തിലായ മറ്റ് കേരള കമ്പനി ഓഹരികള്‍.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

കേരള ഓഹരികളിലും ഭൂരിഭാഗവും ഇന്ന് ചുവന്നു തുടുത്തു. നാല് ശതമാനത്തിലധികം നഷ്ടവുമായി ആസ്പിന്‍ വാള്‍, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, മണപ്പുറം ഫിനാന്‍സ്, പോപ്പുലര്‍ വെഹിക്കിള്‍സ് എന്നിവയാണ് നിക്ഷേപകരെ കൂടുതല്‍ നിരാശപ്പെടുത്തിയത്.


Related Articles
Next Story
Videos
Share it