പ്രതിരോധ ഓഹരികളുടെ ദിനം! വിപണി മൂല്യത്തില്‍ പുതു റെക്കോഡ്, മത്സരിച്ച് മസഗണും കൊച്ചിൻ ഷിപ്പ്‌യാര്‍ഡും; വില്‍പ്പന സമ്മര്‍ദ്ദത്തില്‍പെട്ട് സെന്‍സെക്‌സ്

വില്‍പ്പന സമ്മര്‍ദ്ദം പിടിമുറുക്കിയതോടെ ഇന്ന് വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സ് നഷ്ടത്തിലേക്ക് ചാഞ്ഞു. ഇടയ്‌ക്കൊരുവേള 79,479 പോയിന്റെന്ന ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് പോയെങ്കിലും പിന്നീട് 53 പോയിന്റിലേക്ക് നഷ്ടം കുറച്ച് 79,997ലാണ് ക്ലോസിംഗ്. നിഫിറ്റി ഇന്ന് 24,169 എന്ന താഴ്ന്ന നിലവാരം തൊട്ട ശേഷം 21 പോയിന്റിന്റെ നേരിയ നേട്ടത്തോടെ 24,324ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ടാറ്റ, എച്ച്.ഡി.എഫ്.സി ബാങ്ക്, ടൈറ്റന്‍ കമ്പനി, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് ഇന്ന് സെന്‍സെക്‌സിനെ നഷ്ടത്തിലാക്കിയത്. വരാനിരിക്കുന്ന ബജറ്റിലാണ് നിക്ഷേപകരുടെ ശ്രദ്ധ. അതുവരെ ചാഞ്ചാട്ടം തുടരാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ പ്രവചിക്കുന്നത്.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐ.ടി, പ്രൈവറ്റ് ബാങ്ക്, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് എന്നീ സൂചികകളാണ് നഷ്ടത്തിലായത്. ഫാര്‍മ സൂചിക 1.29 ശതമാനവും ഹെല്‍ത്ത് കെയര്‍ സൂചിക 1.25 ശതമാനവും എഫ്.എം.സി.ജി ഒരു ശതമാനവും ഉയര്‍ന്നു.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.83 ശതമാനം, 0.79 ശതമാനം നേട്ടത്തിലായി.
ബി.എസ്.ഇയില്‍ ഇന്ന് 4,016 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 2,242 ഓഹരികള്‍ നേട്ടത്തിലായി. 1,686 ഓഹരികള്‍ നഷ്ടക്കയത്തിലും. 88 ഓഹരികള്‍ക്ക് വില മാറ്റമില്ല.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സിഐ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഭെല്‍ തുടങ്ങി 378 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടപ്പോള്‍ 16 ഓഹരികള്‍ താഴ്ന്ന വിലയിലേക്ക് പോയി. ഏഴ് ഓഹരികളാണ് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലുള്ളത്. മൂന്ന് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് മൂന്ന് ലക്ഷം കോടി രൂപ വര്‍ധിച്ച് 450 ലക്ഷം കോടി രൂപയെന്ന റെക്കോഡിലെത്തി.
മുന്നോട്ടടിച്ച് റിലയന്‍സും പിന്നോട്ട് വലിച്ച് എച്ച്.ഡി.എഫ്.സിയും
റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ന് സൂചികകളെ തുണച്ചത്. ജിയോയുടെ ഐ.പി.ഒ വാര്‍ത്തകള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് നേട്ടമായി. അടുത്ത മാസം നടക്കാനിടയുള്ള റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ജിയോയുടെ ഐ.പി.ഒ പ്രഖ്യാപനമുണ്ടാകുമെന്നാണ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നടത്തിയ താരിഫ് വര്‍ധനയും 5 ജി ബിസിനസും ഐ.പി.ഒയ്ക്കുള്ള കളമൊരുക്കലാണെന്നാണ് വ്യാഖ്യാനം.
അതേസമയം സൂചികകളെ പ്രധാനമായും വലച്ചത് എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികളാണ്. ബാങ്കിന്റെ ആദ്യപാദ പ്രവര്‍ത്തനക്കണക്കുകള്‍ പ്രതീക്ഷയ്‌ക്കൊത്തുയരാതിരുന്നത് ഓഹരികളില്‍ ഇന്ന് നാല് ശതമാനത്തോളം ഇടിവുണ്ടാക്കി. എം.എസ്.സി.ഐ സൂചികയിലെ വെയിറ്റേജ് ഉയരുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി മുന്നേറ്റം കാഴ്ചവച്ചിരുന്നു. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കാസ അനുപാതം കുറഞ്ഞതാണ് തിരിച്ചടിയായത്. ബാങ്കിന്റെ നിക്ഷേപം മുന്‍ വര്‍ഷത്തെ സമാന കാലയളവുമായി നോക്കുമ്പോള്‍ 15.3 ശതമാനം വളര്‍ന്നു. എന്നാല്‍ തൊട്ടു മുന്‍പാദവുമായി നോക്കുമ്പോള്‍ കാര്യമായ വളര്‍ച്ചയില്ല. കാസ അഞ്ച് ശതമാനം കുറഞ്ഞു. ഇതോടെ കാസ അനുപാതം 1.90 ശതമാനം കുറഞ്ഞ് 36 ശതമാനമായി.
പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഹരികളും ഒരു ശതമാനം ഇടിവിലായിരുന്നു.
പ്രതിരോധ ഓഹരികളെ നയിച്ച് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്
പ്രതിരോധ ഓഹരികള്‍ ഇന്നും മുന്നേറ്റം തുടരുകയാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി വില ഇന്ന് എട്ട് ശതമാനത്തോളം ഉയര്‍ന്ന് 2,924 രൂപയിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യമിന്ന് 76,923.505 കോടി രൂപയെന്ന സര്‍വകാല റെക്കോഡിലുമെത്തി. കേരളക്കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനിയെന്ന കീരീടവും ഇതോടെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സ്വന്തമാക്കി. മുത്തൂറ്റ് ഫിനാന്‍സിനെ മറികടന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഈ വര്‍ഷം തുടക്കത്തില്‍ 17,000 കോടി രൂപയായിരുന്ന വിപണി മൂല്യമാണ് കുതിച്ചുയര്‍ന്ന് ഇത്രയുമായത്. നിലവില്‍ വെറും നാല് കമ്പനികള്‍ മാത്രമാണ് കേരളത്തില്‍ നിന്ന് 50,000 കോടിക്ക് മുകളില്‍ വിപണി മൂല്യം നേടിയിട്ടുള്ളത്. പൊതുമേഖലാ സ്ഥാപനമായ ഫാക്ടും ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്‌സുമാണ് മറ്റ് കമ്പനികള്‍.
സര്‍ക്കാരിന്റെ കൈവശമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ 72.86 ശതമാനം ഓഹരികളും ഇന്നത്തെ വിലയനുസരിച്ച് 55,000 കോടി രൂപയ്ക്കുമുകളില്‍ വരും ഈ ഓഹരികളുടെ മൂല്യം.
മസഗണ്‍ ഗോക്ക്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് എന്നീ പ്രതിരോധ ഓഹരികളും റെക്കോഡ് ഉയരത്തിലാണ്. 2024 ന്റെ തുടക്കം മുതലിതുവരെ 1.5 ലക്ഷത്തോളം രൂപയാണ് ഈ പ്രതിരോധ ഓഹരികള്‍ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത്. മസഗണ്‍ ഡോക്ക് ഇന്ന് 2.67 ശതമാനം മുന്നേറി ഓഹരി എക്കാലത്തെയും ഉയര്‍ന്ന വിലയായ 5,860 രൂപയിലെത്തി. ഈ വര്‍ഷം ഇതുവരെ 147 ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്.
ഗാര്‍ഡന്‍ റീച്ച് ഓഹരികള്‍ ഈ വര്‍ഷം മൂന്ന് മടങ്ങ് നേട്ടമാണ് കൈവരിച്ചത്, ഈ ആഴ്ചയാണ് ആദ്യമായി കമ്പനിയുടെ വിപണി മൂല്യം 30,000 കോടി കടന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ വെറും 10,000 കോടിയായിരുന്നു വിപണി മൂല്യം.
നിലവില്‍ മസഗണ്‍ ഡോക്കിന് 38,000 കോടി രൂപയുടെ ഓര്‍ഡറുകളാണുള്ളത്. ഗാര്‍ഡന്‍ റീച്ചിനും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനും 22,000 കോടി രൂപയുടെ വീതവും ഓര്‍ഡറുകളുണ്ടെന്ന് കണക്കുകള്‍ കാണിക്കുന്നു.
പ്രതിരോധ ഉത്പന്ന കയറ്റുമതി 2028-29 വര്‍ഷത്തോടെ പ്രതിവര്‍ഷം 50,000 കോടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇക്കഴിഞ്ഞ ജൂണില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രസ്താവിച്ചിരുന്നു. തുടര്‍ന്നിങ്ങോട്ടാണ് പ്രതിരോധ ഓഹരികള്‍ വന്‍ മുന്നേറ്റത്തിലായത്. പ്രതിരോധ സാമിഗ്രി ഉത്പാദനം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1.26 ലക്ഷം കോടി രൂപ കടന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 16.8 ശതമാനമാണ് വര്‍ധനയെന്നാണ് രാജ്‌നാഥ് സിംഗ് സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചത്.
കുതിച്ചും കിതച്ചും ഇവര്‍
റെയില്‍ വികാസ് നിംഗം ലിമിറ്റഡ് (RVNL) ഓഹരി ഇന്ന് 17.53 ശതമാനം വരെ കുതിച്ചുയര്‍ന്ന് നിഫ്റ്റി 200ലെ ഏറ്റവും വലിയ നേട്ടക്കാരായി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ ഇന്ത്യയിലെയും വിദേശത്തെയും അടുത്ത പദ്ധതികളില്‍ സഹകരിക്കാനുള്ള ധാരണാപത്രം ഒപ്പു വച്ചതാണ് ഓഹരികളെ ഉയര്‍ത്തിയത്. ഓഹരി വില 418.75 രൂപയില്‍ നിന്ന് 492.15 രൂപയിലെത്തി.

ഇന്ന് നേട്ടത്തിലേറിയവര്‍

യെസ് ബാങ്ക് ഓഹരി ഇന്ന് 11.36 ശതമാനം കുതിപ്പ് കാണിച്ചു. സി.ജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ്, പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IRFC) എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ നിഫ്റ്റി 200 ഓഹരികള്‍.
പുതിയ സി.എന്‍.ജി ബൈക്ക് പുറത്തിറക്കിയതിനു പിന്നാലെ ബജാജ് ഓട്ടോ ഓഹരികള്‍ രണ്ട് ശതമാനത്തോളം ഉയര്‍ന്നു.

റിയല്‍ എസ്റ്റേറ്റ് ബിസിനസ് വേര്‍പെടുത്താന്‍ അനുമതി കിട്ടിയത് റെയ്മണ്ട് ഓഹരികളെ ഇന്ന് 18.3 ശതമാനം ഉയര്‍ത്തി. ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് പൂര്‍ണമായും റെയ്മണ്ട് റിയല്‍റ്റിയ്ക്ക് കീഴിലാക്കാനാണ് നീക്കം.

പൊതുമേഖല കമ്പനിയായ ബെമല്‍ (BMEL) ഓഹരിയും ഇന്ന് 17.95 ശതമാനം ഉയര്‍ന്നു. 10 ട്രെയിന്‍സെറ്റുകള്‍ ഈ വര്‍ഷം അവസാനത്തോടെ കൈമാറാന്‍ സജ്ജമായെന്നും ഇതോടെ പുതിയ ഓര്‍ഡറുകള്‍ ലഭിക്കുമെന്നുമുള്ള വാര്‍ത്തകളാണ് ഓഹരിയില്‍ മുന്നേറ്റമുണ്ടാക്കിയത്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്കായി വന്ദേഭാരത് സ്ലീപ്പറിന്റെ റേക്കുകള്‍ നിര്‍മിക്കാനുള്ള 675 കോടിയുടെ ഓര്‍ഡര്‍ നേടിയത് ബെമല്‍ ആണ്.

ഇന്ന് നഷ്ടത്തിലേറിയവര്‍

എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരിയാണ് നിഫ്റ്റി 200ലെയും മുഖ്യ വീഴ്ചക്കാര്‍. പോളിസി ബസാറിന്റെ മാതൃ കമ്പനിയായ പി.ബി ഫിന്‍ടെക്, കെ.പി.ഐ.ടി ടെക്‌നോളജീസ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ, എ.സി.സി എന്നിവയാണ് ഇന്ന് നിഫ്റ്റി 200ന്റെ മറ്റ് മുഖ്യ നഷ്ടക്കാര്‍.
കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റീസ് റേറ്റിംഗ് കുറച്ചതോടെ ടൈറ്റന്‍ ഓഹരികള്‍ രണ്ട് ശതമാനം താഴ്ന്നു.
കേരള ഓഹരികളില്‍ സമ്മിശ്ര പ്രകടനം
കേരള ഓഹരികള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഒഴിച്ചുനിറുത്തിയാല്‍ സമ്മിശ്ര പ്രകടനത്തിലാണ് ഓഹരികള്‍. ഇന്നലെ 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടടിച്ച കേരള ആയുര്‍വേദ ഇന്ന് 0.31 ശതമാനം ഇടിവിലാണ്. അതേ സമയം ലിസ്റ്റിംഗ് മുതല്‍ തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടിലെത്തുന്ന ശീലം ആഡ് ടെക് സിസ്റ്റിംസ് ഇന്നും കൈവിട്ടില്ല. ഓഹരി വില 135 രൂപയിലെത്തി.
ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് ഓഹരി വില ഇന്ന് 8.13 ശതമാനം കയറി. രാവിലെ കുതിപ്പ് കാഴ്ചവച്ചെങ്കിലും വ്യാപാരാന്ത്യത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി വില 5.41 ശതമാനം ഉയര്‍ച്ചയോടെ കേരളക്കമ്പനികളുടെ നേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസും കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈലുമാണ് നാല് ശതമാനത്തിലധികം നേട്ടവുമായി തൊട്ടടുത്ത സ്ഥാനങ്ങളില്‍.

കേരള കമ്പനി ഓഹരികളുടെ പ്രകടനം

കഴിഞ്ഞ ദിവസം മികച്ച പാദഫലക്കണക്കുകള്‍ പുറത്തുവിട്ട ഫെഡറല്‍ ബാങ്ക് ഓഹരി ഇന്നും മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. ഓഹരി വിലയിൽ പുതിയ റെക്കോർഡും തൊട്ടു. ഇന്നലെ ഒന്നാം പാദപ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ട കല്യാണ്‍ ഓഹരികള്‍ ഇന്ന് വെറും 0.99 ശതമാനം നേട്ടത്തിലാണ്.
പ്രൈമ ഇന്‍ഡസ്ട്രീസ് (9.16 ശതമാനം, സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് (4.98 ശതമാനം), ടി.സി.എം (3.25 ശതമാനം), പോപ്പീസ് കെയര്‍ (1.99 ശതമാനം), ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ (1.48 ശതമാനം) എന്നിവയാണ് ഇന്ന് കേരളക്കമ്പനികളില്‍ കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്.

Related Articles

Next Story

Videos

Share it