അഞ്ചാംനാളില്‍ വിപണിക്ക് നഷ്ടം; സ്വര്‍ണത്തില്‍ തെന്നിവീണ് ഐ.ഐ.എഫ്.എല്‍, ബജാജ് ഇരട്ടകള്‍ക്കും ക്ഷീണം

തുടര്‍ച്ചയായി നാലുനാള്‍ നീണ്ട നേട്ടക്കുതിപ്പിനും റെക്കോഡ് തേരോട്ടത്തിനും ബ്രേക്കിട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തിലേക്ക് വീണു. ഇന്ന് വ്യാപാരത്തിന്റെ തുടക്കംതൊട്ടേ നിരാശയുടെ ട്രാക്കിലായിരുന്നു വിപണി.
നഷ്ടത്തോടെ 73,767ല്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് ഇന്ന് 'ഓഹരിക്കട' പൂട്ടുമ്പോള്‍ 195.16 പോയിന്റ് (-0.26%) താഴ്ന്ന് 73,677.13ലാണുള്ളത്. നിഫ്റ്റി 49.30 പോയിന്റ് (-0.22%) താഴ്ന്ന് 22,356.30ലും വ്യാപാരം അവസാനിപ്പിച്ചു.
ഇടിവിന് പിന്നില്‍
ഐ.ടി ഓഹരികളുടെ വീഴ്ചയാണ് ഓഹരികളെ ഇന്ന് നഷ്ടത്തിലാഴ്ത്തിയ മുഖ്യകാരണം. ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ വരുമാനത്തിന്റെ മുഖ്യ സ്രോതസ്സ് അമേരിക്കയാണ്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

അമേരിക്കയിലെ പുതിയ തൊഴിലവസരങ്ങളുടെ കണക്ക് ഈവാരം അറിയാമെന്നത് ഐ.ടി ഓഹരികളില്‍ സമ്മര്‍ദ്ദമുണ്ടാക്കി. പുറമേ ബ്രോക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എ ഐ.ടി കമ്പനികളുടെ പ്രകടനം ആശാവഹമാകില്ലെന്ന് പറഞ്ഞതും 2024 പ്രതിസന്ധിയുടെ വര്‍ഷമായിരിക്കുമെന്ന വിലയിരുത്തലും ഐ.ടി ഓഹരികള്‍ക്ക് കനത്ത ക്ഷീണമായി. ബജാജ് ഇരട്ടകള്‍ (ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്) എന്നിവ നേരിട്ട കനത്ത ലാഭമെടുപ്പും ഓഹരി സൂചികകളെ ഇന്ന് വലച്ചു.
നിരാശപ്പെടുത്തിയവര്‍
ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് എന്നിവ ഇന്ന് 4 ശതമാനത്തിലധികം ഇടിഞ്ഞത് സെന്‍സെക്‌സിനെ സമ്മര്‍ദ്ദത്തിലാക്കി. നെസ്‌ലെ ഇന്ത്യ, ഇന്‍ഫോസിസ്, വിപ്രോ, ടി.സി.എസ്., അള്‍ട്രാടെക് സിമന്റ് എന്നിവയുടെ വീഴ്ചയും തിരിച്ചടിയായി.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

പിരാമല്‍ എന്റര്‍പ്രൈസസ്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, പോളിസിബസാര്‍ (PB Fintech), വോള്‍ട്ടാസ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടത്.
ബ്ലോക്ക് ഡീലാണ് പിരാമല്‍ എന്റര്‍പ്രൈസസിനെ നഷ്ടത്തിലേക്ക് വീഴ്ത്തിയതെന്ന് കരുതുന്നു. കഴിഞ്ഞ രണ്ടാഴ്ചത്തെ പ്രതിദിന ശരാശരി ഓഹരി കൈമാറ്റം 1.57 ലക്ഷം ഓഹരികളാണെങ്കില്‍ ഇന്നത് 71 ലക്ഷത്തിന് മുകളിലായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ റിന്യൂവബിള്‍ എനര്‍ജി ലേലച്ചട്ടം മാറ്റിയെഴുതാനൊരുങ്ങന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് സുസ്‌ലോണ്‍ എനര്‍ജി, ഐനോക്‌സ് വിന്‍ഡ് എന്നിവയുടെ ഓഹരി ഇന്ന് മൂന്ന് ശതമാനത്തിലേറെ താഴ്ന്നു.
ഐ.ഐ.എഫ്.എല്ലിന്റെ വീഴ്ച
സ്വര്‍ണപ്പണയ വായ്പകള്‍ (gold loan) വിതരണം ചെയ്യുന്നതില്‍ നിന്ന് ഐ.ഐ.എഫ്.എല്ലിനെ റിസര്‍വ് ബാങ്ക് വിലക്കിയതിനെ തുടര്‍ന്ന്, കമ്പനിയുടെ ഓഹരികള്‍ ഇന്ന് 20 ശതമാനം കൂപ്പുകുത്തി. ചട്ടംലംഘിച്ച് ഉയര്‍ന്ന വായ്പാത്തുകകള്‍ വിതരണം ചെയ്തുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം, ഐ.ഐ.എഫ്.എല്ലിനെതിരായ നടപടി രാജ്യത്തെ പ്രമുഖ സ്വര്‍ണപ്പണയ സ്ഥാപനങ്ങളും കേരള കമ്പനികളുമായ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവയുടെ ഓഹരികള്‍ക്ക് ഇന്ന് നേട്ടക്കുതിപ്പ് സമ്മാനിച്ചു. സ്വര്‍ണപ്പണയ വായ്പകളില്‍ മികച്ച ശ്രദ്ധയൂന്നുന്ന തൃശൂര്‍ ആസ്ഥാനമായ സി.എസ്.ബി ബാങ്കിന്റെ ഓഹരികളും ഇന്ന് മെച്ചപ്പെട്ട പ്രകടനം നടത്തി. സ്വര്‍ണവില ഇന്ന് സര്‍വകാല റെക്കോഡ് ഭേദിച്ചതും ഈ സ്ഥാപനങ്ങളുടെ ഓഹരികള്‍ക്ക് നേട്ടമായി.
നേട്ടത്തിലേറിയവര്‍
കമ്പനിയെ വിഭജിച്ച് രണ്ടാക്കി, ഇരട്ട ലിസ്റ്റിംഗ് നടത്താനുള്ള നീക്കം ഇന്ന് ടാറ്റാ മോട്ടോഴ്‌സ് ഓഹരികളില്‍ മികച്ച ഉണര്‍വുണ്ടാക്കി. ഇന്നൊരുവേള ഓഹരിവില 8 ശതമാനത്തോളം കുതിച്ച് 1,065.60 രൂപവരെത്തി. എന്നാല്‍ വ്യാപാരാന്ത്യത്തില്‍ നേട്ടം 3.52 ശതമാനമായി കുറഞ്ഞു. ഓഹരിവില 1,021.90 രൂപയിലുമെത്തി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

വാണിജ്യ, പാസഞ്ചര്‍ വാഹന വിഭാഗങ്ങളെ രണ്ടായി വിഭജിച്ചായിരിക്കും ഇരട്ട ലിസ്റ്റിംഗ്. ടാറ്റയുടെ ഈ നീക്കം പൊതുവേ മറ്റ് ഓട്ടോ ഓഹരികളിലും ഉന്മേഷമുണ്ടാക്കിയെന്നോണം നിഫ്റ്റി ഓട്ടോ സൂചികയും ഇന്ന് തിളങ്ങി. ഓട്ടോ അനുബന്ധ രംഗത്തുള്ള സംവര്‍ധന മദേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ ഓഹരിയും മിന്നിച്ചു.
ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, എസ്.ബി.ഐ., സണ്‍ ഫാര്‍മ എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ പ്രമുഖര്‍.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റാ കെമിക്കല്‍സ്, സംവര്‍ധന മദേഴ്‌സണ്‍, എന്‍.എച്ച്.പി.സി., വേദാന്ത എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയവ.
പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞ്, ആസ്തിനിലവാരം മെച്ചപ്പെടുന്നെന്ന വിലയിരുത്തലും ഇന്ത്യന്‍ ബോണ്ടുകളെ ബ്ലൂംബെര്‍ഗ് എമര്‍ജിംഗ് മാര്‍ക്കറ്റ് ലോക്കല്‍ കറന്‍സി ഇന്‍ഡെക്‌സില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവും പൊതുമേഖലാ ബാങ്ക് ഓഹരികളെ ഇന്ന് മുന്നോട്ട് നയിച്ചു.
ഇന്‍ഡെക്‌സില്‍ ഉള്‍പ്പെടാനുള്ള ബ്ലൂംബെര്‍ഗിന്റെ തീരുമാനം 2025 ജനുവരി മുതല്‍ നടപ്പാകും. ഇതുവഴി 500 കോടി ഡോളറിന്റെ നിക്ഷേപം ബോണ്ടുകളിലേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷകള്‍.
റിന്യൂവബിള്‍ എനര്‍ജി ലേലച്ചട്ടം പരിഷ്‌കരിക്കാനുള്ള നീക്കമാണ് എന്‍.എച്ച്.പി.സി ഓഹരികളില്‍ ഇന്ന് നേട്ടത്തിന് കളമൊരുക്കിയത്.
തിളങ്ങി വണ്ടര്‍ലയും സി.എസ്.ബി ബാങ്കും
സി.എസ്.ബി ബാങ്ക് ഓഹരി ഇന്ന് 5.46 ശതമാനം ഉയര്‍ന്നു. മണപ്പുറം ഫിനാന്‍സ് 1.28 ശതമാനവും മുത്തൂറ്റ് ഫിനാന്‍സ് 2.09 ശതമാനവും നേട്ടമുണ്ടാക്കി. മുത്തൂറ്റും മണപ്പുറവും ഇന്ന് രാവിലെ 6-10 ശതമാനം ഉയര്‍ന്ന ശേഷമാണ് നേട്ടം നിജപ്പെടുത്തിയത്.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

സൗത്ത് ഇന്ത്യന്‍ ബാങ്ക് 2.07 ശതമാനം, വണ്ടര്‍ല 3 ശതമാനം എന്നിങ്ങനെയും ഉയര്‍ന്നു. സഫ സിസ്റ്റംസ് 5 ശതമാനം നേട്ടത്തിലേറി. ആസ്പിന്‍വോള്‍, ഇന്‍ഡിട്രേഡ്, കിംഗ്‌സ് ഇന്‍ഫ്ര, പാറ്റ്‌സ്പിന്‍, പ്രൈമ അഗ്രോ, ടി.സി.എം., വെര്‍ട്ടെക്‌സ് എന്നിവ 2-6 ശതമാനം ഇടിഞ്ഞു.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ ഇന്ന് 21 ഓഹരികള്‍ നേട്ടത്തിലേറിയപ്പോള്‍ 29 എണ്ണം നഷ്ടം രുചിച്ചു. ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ എന്നിവ നേട്ടത്തില്‍ മുന്നിലെത്തി. ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, നെസ്‌ലെ എന്നിവ നഷ്ടത്തിലും മുന്നില്‍ നിന്നു.
ഓഹരിയൊന്നിന് 10,000 രൂപ വീതം മൊത്തം 4,000 കോടി രൂപയുടെ ഓഹരി ബൈബാക്ക് നടത്താന്‍ ബജാജ് ഓട്ടോ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ബജാജ് ഫിനാന്‍സ്, ഫിന്‍സെര്‍വ് ഓഹരികളുടെ വീഴ്ച.
ബി.എസ്.ഇയില്‍ ഇന്ന് 1,212 ഓഹരികള്‍ നേട്ടത്തിലും 2,640 എണ്ണം നഷ്ടത്തിലുമായിരുന്നു. 81 ഓഹരികളുടെ വില മാറിയില്ല. 241 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 50 എണ്ണം താഴ്ചയും കണ്ടു.
അപ്പര്‍-സര്‍കീട്ട് ഇന്ന് കാലിയായിരുന്നു. ലോവര്‍-സര്‍കീട്ടില്‍ ഒരു കമ്പനിയുണ്ടായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യത്തില്‍ ഇന്ന് 78,823 കോടി രൂപയുടെ കുറവുണ്ടായി. 392.96 ലക്ഷം കോടി രൂപയായാണ് മൂല്യം കുറഞ്ഞത്.
വിശാലവിപണിയിലെ തിളക്കം
വിശാല വിപണിയില്‍ നിഫ്റ്റി പി.എസ്.യു ബാങ്ക് സൂകിച 2.56 ശതമാനം നേട്ടമുണ്ടാക്കി. ബാങ്ക് നിഫ്റ്റി ഇതോടെ 0.26 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഓട്ടോ 1.35 ശതമാനം നേട്ടത്തിലാണ്. ടാറ്റാ മോട്ടോഴ്‌സാണ് പ്രധാനമായും തുണച്ചത്. നിഫ്റ്റി ഐ.ടി സൂചിക 1.59 ശതമാനവും എഫ്.എം.സി.ജി 1.05 ശതമാനവും മീഡിയ 1.37 ശതമാനവും താഴ്ന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it