അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് എത്തുമെന്ന് ഉറപ്പായതോടെ ഓഹരി വിപണി ഇന്ന് വലിയ മുന്നേറ്റം കാഴ്ചവച്ചു. സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം ഉയര്‍ന്നു. ഇതോടെ തുടര്‍ച്ചയായ രണ്ടാം ദിനവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ സൂചികകള്‍ക്ക് സാധിച്ചു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 445 ലക്ഷം കോടി രൂപയില്‍ നിന്ന് 452 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ സമ്പത്തിലേക്ക് കൂട്ടിച്ചേര്‍ത്തത് 7 ലക്ഷം കോടി രൂപയാണ്.
വിശാല വിപണിയും ഇന്ന് നേട്ടത്തിലേക്ക് കുതിച്ചു കയറി. നിഫ്റ്റി മിഡ് ക്യാപ്‌സൂചിക 2.21 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 2.18 ശതമാനവും നേട്ടത്തിലാണ്.
സെക്ടറല്‍ സൂചികകളെല്ലാം തന്നെ ഇന്ന് നേട്ടത്തിലായിരുന്നു. വരുമാനത്തിന്റെ മുഖ്യ പങ്കും അമേരിക്കയില്‍ നിന്ന് നേടുന്ന ഐ.ടി ഓഹരികളുടെ സൂചികയാണ് ഇന്ന് മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. ടി.സി.എസ്.ഇന്‍ഫോസിസ്, വിപ്രോ അടക്കമുള്ള ഓഹരികള്‍ ഇന്ന് നാല് മുതല്‍ നാലര ശതമാനം വരെ ഉയര്‍ന്നു. നാല് ശതമാനത്തോളമാണ് ഇന്ന് ഐ.ടി സൂചികയുടെ ഉയര്‍ച്ച.
വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം
തൊട്ടു പിന്നാലെ മൂന്ന് ശതമാനം കുതിപ്പുമായി നിഫ്റ്റി റിയല്‍റ്റി സൂചികയുണ്ട്. ഓയില്‍ ആന്‍ഡ് ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് സൂചികകള്‍ രണ്ട്
ശതമാനം വീതവും ഓട്ടോ, മീഡിയ, മെറ്റല്‍, ഫാര്‍മ, പി.എസ്.യു ബാങ്ക് എന്നിവ ഒരു ശതമാനം വീതവും നേട്ടത്തിലായി.
ട്രംപ് വരുമ്പോള്‍
ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വ്യാപാരമേഖലയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയേക്കാം. നികുതിനിരക്കുകള്‍ കൂട്ടാനും അമേരിക്കയുടെ വിദേശ വ്യാപാരത്തിന് കൂടുതല്‍ സംരക്ഷണം നല്‍കുന്ന തരത്തിലുള്ള നിലപാടെടുക്കാനും സാധ്യതയുണ്ടെന്നാണ് നിരീക്ഷണങ്ങള്‍.
യു.എസിന്റെ വ്യാപാര കമ്മി കുറച്ചു കൊണ്ടു വരാനാകും ട്രംപ് കൂടുതല്‍ പ്രാധാന്യം നല്‍കുക. നികുതി
നിരക്കുകള്‍ ഉയര്‍ത്തികൊണ്ടാകും ഇതിനെ നേരിടുക. വ്യാപാര കമ്മി കുറയ്ക്കാന്‍ ഈ നടപടി സഹായിക്കുമെങ്കിലും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില ഉയരുന്നത് പണപ്പെരുപ്പത്തിന് ഇടയാക്കും. ഇത് സ്വാഭാവികമായും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ട്രംപിന്റെ നയങ്ങള്‍ പലിശ നിരക്ക് ഉയര്‍ത്താനും ഡോളര്‍ കരുത്താര്‍ജിക്കാനും അതേസമയം ആഗോള വളര്‍ച്ച മന്ദഗതിയിലാക്കാനും ഇടയാക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെ.എം ഫിനാന്‍ഷ്യല്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഹ്രസ്വകാലത്തേക്ക് വിപണിയില്‍ ചാഞ്ചാട്ടമുണ്ടാക്കുമെങ്കിലും അധികം വൈകാതെ തന്നെ വിപണി അത് ഉള്‍ക്കൊണ്ട് സെറ്റില്‍ ഡൗണ്‍ ചെയ്യുമെന്നുമാണ് കൂടുതല്‍ പേരും പറയുന്നത്.
ഓഹരികളുടെ പ്രകടനം
ഡിക്‌സണ്‍ ടെക്‌നോളജീസാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരി. ഒമ്പത് ശതമാനത്തോളം ഉയര്‍ന്ന് ഓഹരി വില 15,630 രൂപയിലത്തി. കല്യാണ്‍ ജുവലേഴ്‌സ് ഓഹരിയാണ് എട്ട് ശതമാനത്തിലധികം ഉയര്‍ച്ചയുമായി പിന്നല്‍. സുപ്രീം ഇന്‍ഡസ്ട്രീസ്, കെ.പി.ഐ.ടി ടെക്‌നോളജീസ്, ഗെയില്‍ (ഇന്ത്യ) ഓഹരികളും ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കി.
ഡിക്‌സണ്‍ ടെക്‌നോജിസീന്റെ രണ്ടാം പാദലാഭം 265 ശതമാനം വളര്‍ച്ച കൈവരിച്ചതാണ് ഓഹരിയെ നേട്ടത്തിലാക്കിയത്. മൊബൈല്‍ ഫോണ്‍ ഉത്പാദനം കൂടിയതോടെ ലാഭം 412 കോടിയായി.
സോളാര്‍ പാനല്‍ ഉത്പാദകരായ വാരീ എനര്‍ജീസിന്റെ ഓഹരി കഴിഞ്ഞയാഴ്ച ലിസ്റ്റ് ചെയ്തതിനു ശേഷം 50 ശതമാനം ഉയര്‍ന്നു.
കൂടുതല്‍ നഷ്ടം വരിച്ചത് ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരിയാണ്.
മുന്നേറി കേരളം ഓഹരികളും
കേരള കമ്പനികളും ഇന്ന് ട്രംപിന്റെ വിജയാഘോഷത്തില്‍ പങ്കു ചേര്‍ന്നു. കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളാണ് ഇന്ന് കൂടുതല്‍ മുന്നേറ്റം കാഴ്ചവച്ച കേരള ഓഹരി. വില 7 ശതമാനത്തിലധികം ഉയര്‍ന്നു.
സ്‌കൂബിഡേ, ടി.സി.എം എന്നീ ഓഹരികള്‍ അഞ്ച് ശതമാനം അപ്പര്‍സര്‍ക്യൂട്ടിലെത്തി. കുറെ ദിവസങ്ങളായി വലിയ അനക്കം ഇല്ലാതിരുന്ന പൊതുമേഖല കമ്പനികളിലും ഇന്ന് കുതിപ്പുണ്ടായി.
വളം നിര്‍ര്‍മാണ കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ്
ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (ഫാക്ട്) 5 ശതമാനത്തോളം ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ഇന്ന് നാല് ശതമാനത്തോളം ഉയര്‍ന്നു. ഓഹരി വില 1,540 രൂപയിലത്തി.
ആഡ്‌ടെക് സിസ്റ്റംസ് ഓഹരി വിലയും ഇന്ന് നാല് ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു.
ധനകാര്യ സേവന സ്ഥാപനങ്ങളായ ജിയോജിത്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ ഓഹരികളും നാല് ശതമാനം ഉയര്‍ച്ചയിലാണ്.
അതേസമയം കേരളം ആസ്ഥാനമായുള്ള എന്‍.ബി.എഫ്.സി ഓഹരികളിന്ന് ഇടിവ് നേരിട്ടു. മുത്തൂറ്റ് മൈക്രോഫിന്‍ 2.90 ശതമാനവും
മുത്തൂറ്റ് ക്യാപിറ്റല്‍ 1.74 ശതമാനവും
മുത്തൂറ്റ് ഫിനാന്‍സ് 0.96 ശതമാനവും ഇടിവിലാണ്. മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ഒരു ശതമാനത്തോളം നഷ്ടമുണ്ടാക്കി. ഇന്നലെ കമ്പനിയുടെ ഒന്നാം പാദഫല പ്രവര്‍ത്തനങ്ങള്‍ പുറത്തു വിട്ടിരുന്നു. ലാഭത്തില്‍ രണ്ട് ശതമാനം മാത്രം വളര്‍ച്ചയാണ് നേടിയത്. ഇതാണ് ഇന്ന് ഓഹരികളെയും ബാധിച്ചത്.
വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ സെപ്റ്റംബര്‍പാദഫലങ്ങള്‍ ഇന്ന് പുറത്തു വന്നു. കമ്പനിയുടെ ലാഭം മുന്‍ വര്‍ഷത്തെ സമാന പാദത്തിലെ 13.65 കോടി രൂപയില്‍ നിന്ന് 14.53 കോടി രൂപയായി. ഓഹരി ഇന്ന് 1.36 ശതമാനം ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.