ചുവപ്പുകമ്പളം നീക്കാതെ സൂചികകള്‍; അപ്പര്‍സര്‍ക്യൂട്ടില്‍ പറന്ന് കിറ്റെക്‌സ്, വോഡ ഐഡിയയ്ക്ക് വന്‍ നഷ്ടം

ആഗോള സാമ്പത്തിക മാന്ദ്യസൂചനകള്‍ ഇന്ത്യന്‍ വിപണിയെയും നഷ്ടത്തില്‍ മുക്കുന്നു. അമേരിക്കയിലെ തൊഴില്‍ കണക്കുകള്‍ ദുര്‍ബലമായേക്കുമെന്ന ആശങ്കകള്‍ എക്കാലത്തെയും ഉയരത്തില്‍ നിന്ന് സൂചികകളെ തുടര്‍ച്ചയായി താഴേക്ക് വലിക്കുകയാണ്. ഇന്ന് ഒറ്റദിവസം കൊണ്ട് സെന്‍സെക്‌സിന് 1,017.23 പോയിന്റും (1.24 ശതമാനം) നിഫ്റ്റിക്ക് 292.95 പോയിന്റുമാണ് (1.17 ശതമാനം) നഷ്ടം.

യു.എസില്‍ പണപ്പെരുപ്പം കുറയുന്നുവെന്ന ശുഭപ്രതീക്ഷകള്‍ പെട്ടെന്നാണ് മാന്ദ്യ ആശങ്കകളിലേക്ക് വഴിമാറിയത്. യു.എസിലെ തൊഴില്‍കണക്കുകള്‍ പുറത്തു വരും മുമ്പേ ലാഭമെടുക്കാന്‍ നിക്ഷേപകര്‍ തിടുക്കം കാട്ടിയതും വിപണിയുടെ വീഴ്ചയ്ക്ക് കാരണമായി. ഈ ആഴ്ചയുടെ തുടക്കത്തില്‍ റെക്കോഡ് ഉയരം താണ്ടിയ സെന്‍സെക്‌സും നിഫ്റ്റിയും അതോടെ കളം മാറ്റിചവിട്ടുകയായിരുന്നു. ഇന്നലെ 82,201.16ല്‍ അവനസാനിപ്പിച്ച സെന്‍സെക്‌സ് വാരാന്ത്യമായ ഇന്ന് 81,183.93ലേക്കും 25,145.10ല്‍ നിന്ന് നിഫ്റ്റി 24,852.15 ലേക്കും കൂപ്പുകുത്തി. എണ്ണവില 14 മാസത്ത താഴ്ന്ന നിലയിലായതും വിപണിയില്‍ ഇടിവിന് വഴിവയ്ക്കുന്നുണ്ട്.

എസ്.ബി.ഐ, എന്‍.ടി.പി.സി, ഐ.സി.ഐസി.ഐ ബാങ്ക്, എച്ച്.സി.എല്‍ ടെക്ക്, റിലയന്‍സ് തുടങ്ങി സെന്‍സെക്‌സിലെ 30ല്‍ 23 ഓഹരികളും നഷ്ടംരുചിച്ചു. നിഫ്റ്റി 50യില്‍ എട്ട് ഓഹരികളൊഴികെയെല്ലാം നഷ്ടത്തില്‍ ലയിച്ചു.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ മിഡ്, സ്‌മോള്‍ ക്യാപ്പുകളിലും ഇന്ന് ചോരപ്പുഴയൊഴുകി. ഒരു ശതമാനത്തിലധികമാണ് ഇരു സൂചികകളുടേയും നഷ്ടം.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

സെക്ടറല്‍ ഓഹരികളില്‍ ഒന്നു പോലും ഇന്ന് പച്ചവെളിച്ചം കണ്ടില്ല. നാല് ശതമാനത്തോളം ഇടിഞ്ഞ നിഫ്റ്റി പി.എസ്.യു ബാങ്കാണ് ഇന്ന് നഷ്ടത്തിന് ചുക്കാന്‍ പിടിച്ചത്. ഓയില്‍ ആന്‍ഡ് ഗ്യാസ് 2.16 ശതമാനം, ബാങ്ക് 1.74 ശതമാനം പ്രൈവറ്റ് ബാങ്ക് 1.54 ശതമാനം എന്നിങ്ങനെ ഇടിഞ്ഞ് തൊട്ടു പിന്നാലെ നടന്നു.
ബി.എസ്.ഇയില്‍ ഇന്ന് 4,034 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 2,544 ഓഹരികളും നഷ്ടത്തിലായി. 1,403 ഓഹരികളാണ് മുന്നേറിയത്. 87 ഓഹരികള്‍ക്ക് വില മാറ്റമില്ല.

ഇന്ന് 289 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 36 ഓഹരികള്‍ താഴ്ന്ന വിയിലായി. 10 ഓഹരികളാണ് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലുള്ളത്. നാല് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്.

ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തില്‍ നിന്ന് 5.31 ലക്ഷം കോടി രൂപ ഒലിച്ചു പോയി. 456.68 ലക്ഷം കോടിയില്‍ നിന്ന് 460.37 കോടിയായാണ് വിപണി മൂല്യം കുറഞ്ഞത്.

നേട്ടത്തിലേറിയവർ
എസ്.ബി.ഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസ് ഓഹരിയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. വ്യാപാരാന്ത്യത്തില്‍ ഓഹരി വില 4.13 ശതമാനം ഉയരത്തിലാണ്. ആഗോള ബ്രാക്കറോജായ ഗോള്‍ഡ്മാന്‍ സാക്‌സ് ഓഹരി വില്‍ക്കാന്‍ നല്‍കിയിരുന്ന നിര്‍ദേശം വാങ്ങുക എന്നാക്കി മാറ്റിയിട്ടുണ്ട്. ഓഹരിയുടെ ലക്ഷ്യവില 913 രൂപയാക്കിയിട്ടുമുണ്ട്. നിലവില്‍ 652 രൂപയാണ് വില.

നേട്ടക്കാര്‍

എഫ്.എം.സി.ജി ഓഹരിയായ മാരികോയില്‍ ഇന്ന് വലിയ ഇടപാടുകള്‍ നടന്നത് വിലയില്‍ നാല് ശതമാനത്തോളം വര്‍ധനയുണ്ടാക്കി. ടാറ്റ ടെക്‌നോളജീസ് (3.20 ശതമാനം), പി.ഐ ഇന്‍ഡസ്ട്രീസ് (2.13 ശതമാനം), സൊമാറ്റോ (1.98 ശതമാനം) എന്നിവയാണ് ഇന്ന് മെച്ചപ്പെട്ട നേട്ടം കാഴ്ചവച്ച മറ്റ് ഓഹരികള്‍.
നഷ്ടം വരിച്ചവർ
ഗോള്‍ഡമാന്‍ സാക്‌സ് ലക്ഷ്യവില കുത്തനെ താഴ്ത്തിയത് വോഡഫോണ്‍ ഓഹരികളില്‍ കനത്ത ഇടിവിനിടയാക്കി. 14 ശതമാനത്തോളം ഇടിഞ്ഞ ഓഹരി വില 12.91 രൂപയിലെത്തി. ഓഹരി വില 2.5 രൂപയിലേക്ക് താഴുമെന്നാണ് ബ്രോക്കറേജിന്റെ പ്രവചനം.

നഷ്ടത്തിലായവര്‍

ജി.എം.ആര്‍ എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരി 5.14 ശതമാനം ഇടിവുമായി നിഫ്റ്റി 200ന്റെ നഷ്ടപ്പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.
ഇന്ത്യന്‍ ബാങ്ക് ഓഹരികളാണ് നഷ്ടത്തില്‍ മൂന്നാമത്. ഐ.ഡി.ബി.ഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവ നാലര ശതമാനത്തിലധികം താഴെയാണ്.
ആശ്വാസ കുതിപ്പില്‍ കിറ്റെക്‌സ്
ഓഹരി വിപണിയുടെ കിതപ്പിനിടയിലും ആശ്വാസമായി കിറ്റെക്‌സ് ഓഹരികള്‍ ഇന്ന് കുതിച്ചുയര്‍ന്നു. 10 ശതമാനം അപ്പര്‍സര്‍ക്യൂട്ടിലാണ് ഓഹരിയുള്ളത്. ഓഹരി വില 467.60 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 27 ശതമാനം വര്‍ധനയാണ് ഓഹരി നേടിയത്. കമ്പനിയുടെ പ്രകടനത്തെ കുറിച്ചുള്ള പ്രതീക്ഷകളാണ് ഓഹരിയെ മുന്നേറ്റത്തിലാക്കുന്നത്.

കമ്പനിയുടെ ശേഷി വിനിയോഗം പൂര്‍ണ തോതിലാണെന്നും 2025 ജൂണ്‍ വരെയുള്ള ഓര്‍ഡറുകളായി കഴിഞ്ഞെന്നും കഴിഞ്ഞ ഓഗസ്റ്റ് 19ന് കിറ്റെക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സാബു എം. ജേക്കബ് പറഞ്ഞിരുന്നു. തെലങ്കാനയില്‍ പുതിയ ഫാക്ടറി സ്ഥാപിച്ചു വരികയാണ് കമ്പനി. ബംഗ്ലാദേശിലെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് ഗുണകരമാകുമെന്ന വിലയിരുത്തലുകളും കിറ്റെക്‌സ് ഓഹരികളില്‍ മുന്നേറ്റത്തിന് ഇടയാക്കിയിരുന്നു.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നഷ്ടത്തിന്റെ പാതയിലായിരുന്നു. പ്രൈമ ഇന്‍ഡസ്ട്രീസ് (5.52 ശതമാനം), സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് (4.99 ശതമാനം) എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍.
സെല്ല സേപ്‌സ് ഇന്ന് 5 ശതമാനം താഴ്ന്ന് നഷ്ടത്തില്‍ മുന്നിലെത്തി. പൊതുമേഖ വളം നിര്‍മാണ കമ്പനിയായ ഫാക്ട് ഓഹരികള്‍ 3.40 ശതമാനം നഷ്ടത്തിലായി.
കേരളം ആസ്ഥാനമായുള്ള ബാങ്ക് ഓഹരികളെല്ലാം ഇന്ന് നഷ്ടചുവപ്പിലാണ്. ഫെഡറല്‍ ബാങ്കാണ് 3.15 ശതമാനം നഷ്ടത്തോടെ മുന്നില്‍. സൗത്ത് ഇന്ത്യന്‍ ബാങ്കും ധനലക്ഷ്മി ബാങ്കും ഒരു ശതമാനത്തിനു മുകളില്‍ നഷ്ടത്തിലാണ്.
എന്‍.ബി.എഫ്.സികളില്‍ മണപ്പുറവും മുത്തൂറ്റ് ക്യാപിറ്റലും രണ്ട് ശതമാനത്തിനു മേല്‍ നഷ്ടത്തിലായി. മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികള്‍ക്കും ഇന്ന് കരകയറാനായില്ല. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിയുടെ നഷ്ടം 2.57 ശതമാനമാണ്.
Related Articles
Next Story
Videos
Share it