ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തീര്‍ത്ത ആഘാതത്തില്‍ നിന്ന് തുടര്‍ച്ചയായ ആറാം ദിനവും ഓഹരി വിപണികള്‍ക്ക് ഉയിര്‍ത്തെണീക്കാനായില്ല. സെന്‍സെക്‌സും നിഫ്റ്റിയും ഇന്നും ചീട്ടു കൊട്ടാരം പോലെ പോലെ താഴേക്ക് പതിച്ചു. കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍പെട്ട സെന്‍സെക്‌സിന് ഒറ്റ ദിവസം കൊണ്ട് നഷ്ടം 1,088 പോയിന്റാണ്. 81,926.99 പോയിന്റില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് 450 പോയിന്റ് വരെ ഉയര്‍ന്ന് 82,137.77 ലെത്തിയെങ്കിലും പിടിച്ചു നല്‍ക്കാനായില്ല. വ്യാപാരാന്ത്യത്തില്‍ 638 പോയിന്റ് ഇടിഞ്ഞ് 81,050ലാണ് സെന്‍സെക്‌സുള്ളത്.
നിഫ്റ്റിയാകട്ടെ 25,084.10ത്തില്‍ വ്യാപാരം ആരംഭിച്ച ശേഷം 25,143 പോയിന്റ് വരെ ഉയര്‍ന്ന ശേഷം 24,694.35ലേക്ക് കൂപ്പു കുത്തി. വ്യാപാരാന്ത്യത്തില്‍ 219 പോയിന്റ് നഷ്ടത്തോടെ 24,795.75ലാണ്. ഇന്ത്യയുടെ ചാഞ്ചാട്ട സൂചികയായ ഇന്ത്യ വിക്‌സ് (India VIX) 6 ശതമാനം ഇടിഞ്ഞു.
വിവിധ സൂചികകളുടെ പ്രകടനം
മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളാണ് ഇന്ന് കനത്ത നഷ്ടം വരിച്ചത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 2.01 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 2.75 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി മീഡിയ, പി.എസ്.യു ബാങ്ക് സൂചികകളുടെ നഷ്ടം മൂന്ന് ശതമാനത്തിനു മുകളിലാണ്. മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ രണ്ടു ശതമാനത്തിനു മുകളിലും ഇടിഞ്ഞു. ഐ.ടി സൂചികകള്‍ മാത്രമാണ് ഇന്ന് നേട്ടത്തില്‍ പിടിച്ചു നിന്നത്. 0.51 ശതമാനം മുതല്‍ രണ്ട് ശതമാനം വരെയാണ് ബാക്കി സൂചികകളുടെ നഷ്ടം.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം ഇന്ന് 461 ലക്ഷം കോടി രൂപയില്‍ നിന്ന് 452 ലക്ഷം കോടിയായി കുറഞ്ഞു. നിക്ഷേപകരുടെ സമ്പത്തില്‍ നിന്ന് ഒറ്റയടിക്ക് ഒലിച്ചു പോയത് 9 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ ആറ് വ്യാപാരദിനത്തില്‍ മാത്രം 25 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഈ ആറ് ദിവസം കൊണ്ട് സെന്‍സെക്‌സും നിഫ്റ്റിയും ആറ് ശതമാനത്തോളം താഴേക്ക് പോയി.
വിപണിയുടെ വീഴ്ചയ്ക്ക് പിന്നില്‍
വിദേശ നിക്ഷേ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിയുന്നതാണ് വിപണികളെ വന്‍ ഇടിവിലേക്ക് നയിച്ച പ്രധാന കാരണം. ഒക്ടോബറിലെ ആദ്യ മൂന്ന് വ്യാപാര സെഷനുകളില്‍ 27,142 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റൊഴിഞ്ഞത്. ഇതില്‍ നല്ലൊരു പങ്കും ചൈനീസ് വിപണികളിലേക്കാണ് ഒഴുകിയത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പാക്കേജുകളാണ് ചൈനീസ് വിപണിക്ക് തുണയായത്. ഇന്ത്യയിലെ ഉയര്‍ന്ന വാല്വേഷന്‍ കണക്കിലെടുക്കുമ്പോള്‍ താരതമ്യേന കുറഞ്ഞ വാല്വേഷനുള്ള ചൈനീസ് വിപണിയിലേക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടും. കഴിഞ്ഞ ചില വ്യാപാര സെഷനുകളില്‍ മികച്ച നേട്ടം ചൈനീസ് വിപണികള്‍ക്ക് നേടാനായി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഷാങ്ഹായ് സൂചിക 21 ശതമാനവും ഹാങ്‌സെങ് സൂചിക 15 ശതമാനത്തിലധികവും ഉയര്‍ന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പന മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു പ്രധാന കാരണം ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളാണ്. ഹരിയാനയിലെയും ജമ്മുകാശ്മീരിലെയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിപണിയുടെ മോശം പ്രകടനത്തിന് കാരണമായി. ബി.ജെ.പിക്ക് മേധാവിത്വം കുറയുന്നത് വിപണിയെ പിന്‍വലിക്കുന്ന ഘടകമാണ്.
പശ്ചിമേഷ്യയിലെ യുദ്ധനീക്കങ്ങളും ഇന്ത്യന്‍ വിപണിയെ ബാധിക്കുന്നുണ്ട്.
അതേ സമയം ഇന്ത്യന്‍ വിപണിയുടെ മധ്യ-ദീര്‍ഘകാല അവസ്ഥ പോസിറ്റീവാണെന്ന് നിരീക്ഷകര്‍ കരുതുന്നു. ആഭ്യന്തര നിക്ഷേപകര്‍ കരുത്തായി നില്‍ക്കുന്നതാണ് ഇതിനു ഒരു കാരണം. മാര്‍ക്കറ്റില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുത്തല്‍ സംഭവിച്ചുവെന്നും ഇനി തിരിച്ചു വരാനാണ് സാധ്യതയെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ഈ ആഴ്ച മുതല്‍ കമ്പനികളുടെ സെപ്റ്റംബര്‍ പാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തു വന്നു തുടങ്ങും. ബി.എസ്.ഇ 30 ലെ ഓഹരികളുടെ രണ്ടാം പാദ ലാഭം മുന്‍ വര്‍ഷത്തേക്കാള്‍ 5.3 ശതമാനവും നിഫ്റ്റി കമ്പനികളുടേത് 3.7 ശതമാനവും വര്‍ധിക്കുമെന്നാണ് കൊട്ടക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പ്രതീക്ഷിക്കുന്നത്.
കുതിച്ചും കിതച്ചും ഇവര്‍
ഇന്ന് ഓഹരി വിപണിയിലെ വലിയ തകര്‍ച്ചയ്ക്കിടയിലും ചില ഓഹരികള്‍ നേട്ടത്തില്‍ പിടിച്ചു നിന്നു. സെമി കണ്ടക്ടര്‍ ഡിസൈനുകള്‍ക്കായി റെനെസസ് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍സില്‍ നിന്ന് 3.3 കോടിഡോളറിന് റോഡിയോ ഫ്രീക്വന്‍സി ഘടകങ്ങള്‍ വാങ്ങാനൊരുങ്ങുന്നത് സി.ജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊലൂഷന്‍സ് ഓഹരിയെ 5.23 ശതമാനം ഉയര്‍ത്തി.
സുപ്രീം ഇന്‍ഡസ്ട്രീസ് ഓഹരിയാണ് 3.90 ശതമാനം നേട്ടവുമായി നിഫ്റ്റി 200ന്റെ നേട്ടപട്ടികയില്‍ പേര് ചേര്‍ത്ത മറ്റൊരു കമ്പനി. ഐ.ടി കമ്പനിയായ എല്‍.ടി.ഐ മൈന്‍ഡ് ട്രീ ഇന്ന് 2.22 ശതമാനം ഉയര്‍ന്ന് 6,250 രൂപയിലെത്തി. അമേരിക്കന്‍ വിപണിയില്‍ നിന്നുള്ള പുതിയ കണക്കുകള്‍ ഐ.ടി മേഖലയ്ക്ക് ഗുണകരമായതാണ് ഈ ഓഹരിയെ ഉയര്‍ത്തിയത്. പെര്‍സിസ്റ്റന്റ് സിസ്റ്റംസ് (1.92 ശതമാനം), ട്രെന്റ് (1.83 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടത്തില്‍ ആദ്യ അഞ്ചിലെത്തിയ മറ്റു ഓഹരികള്‍.
റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് ഇന്ന് നിഫ്റ്റിയില്‍ കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഓഹരി. റെയില്‍ വേ ഓഹരികളില്‍ മൊത്തത്തിലുണ്ടായ ക്ഷീണമാണ് ആര്‍.വി.എന്‍.എല്ലിനെയും ബാധിച്ചത്.
വോഡഫോണ്‍ ഐഡിയ ഓഹരികളിന്ന് ആറ് ശതമാനത്തിലധികം താഴ്ന്നു. മുന്‍കാല സ്‌പെക്ട്രം ലേലത്തിനുള്ള ബാങ്ക് ഗാരന്റി നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് കമ്പനിക്ക് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസ് നല്‍കിയിതാണ് ഓഹരിയ ബാധിച്ചത്. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയിലേക്ക് പോയ ഓഹരി വിപ ഒമ്പത് രൂപയില്‍ താഴെയാണ്.
കേരളം ആസ്ഥാനമായ പൊതുമേഖല വളം നിര്‍മാണ കമ്പനിയായ ഫാക്ട് ഓഹരികളും ഇന്ന് കനത്ത ഇടിവിലാണ്. ഓഹരി വില 6.51 ശതമാനം ഇടിഞ്ഞ് 851.85 രൂപയിലെത്തി.
ഹഡ്‌കോ, എസ്.ജെ.വി.എന്‍ ഓഹരികളും ഇന്ന് 6 ശതമാനത്തിനു മുകളില്‍ ഇടിവിലാണ്.
കേരള ഓഹരികളിലും രക്തചൊരിച്ചില്‍
കേരള ഓഹരികളില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് ഇന്ന് പച്ചയില്‍ പിടിച്ചു നിന്നത്.
ഫാക്ട് 7 ശതമാനത്തോളം ഇടിവോടെ നഷ്ടത്തില്‍ മുന്നില്‍ നിന്നു. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസാണ്
6.21 ശതമാനവുമായി നഷ്ടപ്പട്ടികയില്‍ രണ്ടാമത്. ഫെഡറല്‍ ബാങ്ക് ഓഹരി ഇന്ന് അഞ്ച് ശതമാനം ഇടിവിലാണ്. ജാപ്പനീസ് ബ്രോക്കറേജായ നോമുറ ഓഹരിയുടെ ലക്ഷ്യ വില 240 രൂപയായി ഉയര്‍ത്തിയത് രാവിലെ ഓഹരികളെ ഒരു ശതമാനത്തോളം ഉയര്‍ത്തിയെങ്കിലും പിന്നീട് വിപണിയുടെ പൊതു വികാരത്തിനൊപ്പം താഴേക്ക് പോകുകയായിരുന്നു ഫെഡറല്‍ ബാങ്ക് ഓഹരി. കേരളം ആസ്ഥാനമായ മറ്റ് ബാങ്ക് ഓഹരികളും നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. എന്‍.ബി.എഫ്.സികള്‍ക്കും കരകയറാനായില്ല.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഇന്നത്തെ നഷ്ടം4.50 ശമതമാനമാണ്. കിറ്റെക്‌സും ഇന്ന് അഞ്ച് ശതമാനം ലോവര്‍ സര്‍ക്യൂട്ടടടിച്ചു. ഓഹരി വില 502 രൂപയായി കുറഞ്ഞു.
കേരള കമ്പനി ഓഹരികളുടെ ഇന്നത്തെ പ്രകടനം
സഫ ടെക്‌നോളജീസ് (4.99 ശതമാനം), പ്രൈമ ഇന്‍ഡസ്ട്രീസ് (4.40 ശതമാനം), ടോളിന്‍സ് ടയേഴ്‌സ് (1.71 ശതമാനം), ടി.സി.എം (1.29 ശതമാനം), പ്രൈമ അഗ്രോ (1.49 ശതമാനം), കിംഗ്‌സ് ഇന്‍ഫ്ര (1.20 ശതമാനം), കെ.എസ്.ഇ (1.99 ശതമാനം) എന്നിവയാണ് ഇന്ന് വിപണിയിലെ രക്തച്ചൊരിച്ചിലിലും പിടിച്ചു നിന്ന കേരള ഓഹരികള്‍.