ഓഹരിക്ക് ഡബിള്‍ ധമാക്ക! വിപണി പുതിയ ഉയരത്തില്‍; നിക്ഷേപക സമ്പത്ത് 400 ലക്ഷം കോടിയായി, ആസ്റ്ററും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും കുതിച്ചു

വാഹന, ഊര്‍ജ, മെറ്റല്‍ ഓഹരികള്‍ കാഴ്ചവച്ച മികച്ച പ്രകടനവും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറിയും വിജയിച്ച് എന്‍.ഡി.എ തന്നെ ഭരണം നിലനിറുത്തുമെന്ന വിലയിരുത്തലുകളും ഇന്ത്യന്‍ ഓഹരി സൂചികകളെ ഇന്ന് എക്കാലത്തെയും ഉയരത്തിലെത്തിച്ചു. മാത്രമല്ല, ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയുക്ത വിപണിമൂല്യം (Combined market-cap) ചരിത്രത്തിലാദ്യമായി 400 ലക്ഷം കോടി രൂപ കടന്നുവെന്ന പ്രത്യേകതയും ഇന്നത്തെ ദിവസം സ്വന്തമാക്കി.
74,248ല്‍ കഴിഞ്ഞയാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ സെന്‍സെക്‌സ് ഇന്ന് വ്യാപാരം ആരംഭിച്ചത് തന്നെ മികച്ച നേട്ടവുമായി 74,555ലാണ്. പിന്നീടൊരുവേള സൂചിക എക്കാലത്തെയും ഉയരമായ 74,869.30ലുമെത്തി.
ഇന്ന് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത് 494.28 പോയിന്റ് (+0.67%) ശതമാനം ഉയര്‍ന്ന് 74,742.50ലാണ്. ഇത് റെക്കോഡ് ക്ലോസിംഗ് പോയിന്റാണ്. 22,697 എന്ന സര്‍വകാല ഉയരം കണ്ട നിഫ്റ്റിയും ഇന്ന് വ്യാപാരാന്ത്യത്തിലുള്ളത് 152.60 പോയിന്റ് (+0.68) നേട്ടവുമായി റെക്കോഡ് ക്ലോസിംഗ് നിലവാരമായ 22,666.30ലാണ്.
കുതിപ്പിന്റെ കാരണങ്ങള്‍
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധികള്‍ തട്ടിമാറ്റി ഉയര്‍ച്ചയുടെ ട്രാക്കിലാകുന്നുവെന്ന് സൂചിപ്പിക്കുന്ന കണക്കുകളാണ് ഓഹരികളില്‍ കുതിപ്പ് സൃഷ്ടിക്കുന്നത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ പ്രകടനം

ഫെബ്രുവരിയില്‍ പുതുതായി 2.70 ലക്ഷം തൊഴിലുകളാണ് അമേരിക്കയില്‍ സൃഷ്ടിക്കപ്പെട്ടതെങ്കില്‍ മാര്‍ച്ചില്‍ കുറിച്ചത് 3.03 ലക്ഷമാണ്. ഇതോടെ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വ് ജൂണ്‍മുതല്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സാധ്യതകള്‍ക്കുമേല്‍ മങ്ങലേറ്റിട്ടുണ്ട്.
സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിനാല്‍ പലിശനിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വ് കാലതാമസം വരുത്തിയേക്കും. അതായത്, ഏറെക്കാലത്തേക്ക് കൂടി നിലവിലെ ഉയര്‍ന്ന പലിശനിരക്ക് തുടരാനാണിട. ഈ വിലയിരുത്തല്‍ മൂലം അമേരിക്കയുടെ 10-വര്‍ഷ ബോണ്ട് യീല്‍ഡ് 4.44 ശതമാനത്തിലേക്ക് ഉയര്‍ന്നു. നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യയുടെ കേന്ദ്രസര്‍ക്കാരിന്റെ ബോണ്ട് യീല്‍ഡും 7.1438 ശതമാനത്തിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്.
അമേരിക്ക, ഏഷ്യന്‍ ഓഹരി വിപണികള്‍ മെച്ചപ്പെട്ടതും ഇന്ത്യന്‍ ഓഹരികളെ ഇന്ന് ഉഷാറാക്കി. ക്രൂഡോയില്‍ വില താഴ്ന്നതും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (FIIs) വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതും വിപണിക്ക് കരുത്തേകിയിട്ടുണ്ട്.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ജനുവരി-മാര്‍ച്ചുപാദ പ്രവര്‍ത്തനഫലങ്ങള്‍ ഈയാഴ്ച മുതല്‍ പുറത്തുവന്ന് തുടങ്ങും. ഏപ്രില്‍ 12ന് ടി.സി.എസാണ് ആദ്യം കണക്കുകള്‍ അവതരിപ്പിക്കുക.
നാലാംപാദം പൊതുവേ മികച്ചതായിരിക്കുമെന്ന വിലയിരുത്തലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് എന്‍.ഡി.എ തന്നെ ഭരണം തുടരുമെന്ന വിലയിരുത്തലുകളും ഓഹരിവിപണിക്ക് ആവേശമാകുന്നുണ്ട്. തുടര്‍ഭരണം, ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ അപ്രമാദിത്ത ഭരണം എന്നിവ ഓഹരി നിക്ഷേപകര്‍ക്ക് താത്പര്യമുള്ള കാര്യങ്ങളാണ്. നയരൂപീകരണങ്ങളില്‍ കാലവിളംബരമുണ്ടാവില്ലെന്നതാണ് അവര്‍ കാണുന്ന നേട്ടം.
നേട്ടത്തിലേറിയവര്‍
ജനുവരി-മാര്‍ച്ചുപാദത്തിലെ പ്രാഥമിക കണക്കുകള്‍ നിരവധി കമ്പനികള്‍ പുറത്തുവിട്ടുകഴിഞ്ഞു. കഴിഞ്ഞപാദത്തില്‍ കത്തുന്നചൂടിന്റെ ബലത്തില്‍ റെക്കോഡ് എ.സി വില്‍പന സ്വന്തമാക്കിയ വോള്‍ട്ടാസിന്റെ ഓഹരികള്‍ 7 ശതമാനത്തിലധികം ഉയര്‍ന്നു.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

നാലാംപാദം മികവുറ്റതാക്കിയ ഇന്‍ഫോ എഡ്ജിന്റെ (നൗക്രി) ഓഹരികള്‍ 10 ശതമാനത്തിലധികം കുതിച്ചു. ഒരുവേള ഓഹരിവില 825 രൂപ കടന്ന് എക്കാലത്തെയും ഉയരംതൊട്ടു. നാലാംപാദ വരുമാനം മികച്ചതാകുമെന്ന് വിലയിരുത്തിയ നൈകയുടെ (FSN E-Commerce Ventures) ഓഹരികളും ഇന്ന് 6 ശതമാനത്തിലധികം മുന്നേറി.
2023-24ല്‍ വാഹന വില്‍പന 8.45 ശതമാനം ഉയര്‍ന്നുവെന്ന് ഡീലര്‍മാരുടെ സംഘടനയായ ഫാഡയുടെ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നിരുന്നു. ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി ഓഹരികള്‍ ഇന്ന് സെന്‍സെക്‌സില്‍ മികച്ച നേട്ടമുണ്ടാക്കി മുന്നിലെത്തി. എന്‍.ടി.പി.സി., എസ്.ബി.ഐ ലൈഫ് ഓഹരികളും തിളങ്ങി.
ഇന്‍ഫോ എഡ്ജ്, നൈക, വോള്‍ട്ടാസ്, ലോറസ് ലാബ്‌സ്, ഗ്ലാന്‍ഡ് ഫാര്‍മ എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ തിളങ്ങിയവ.
നിരാശപ്പെടുത്തിയവര്‍
ബന്ധന്‍ബാങ്ക് 6.21 ശതമാനം ഇടിഞ്ഞ് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നിലെത്തി. ഒരുവേള ഓഹരി 9 ശതനത്തിലേറെ താഴ്ന്നിരുന്നു. സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ചന്ദ്രശേഖര്‍ ഘോഷ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതാണ് ഓഹരികളെ വലച്ചത്.
ആര്‍.ഇ.സി ലിമിറ്റഡ്, യൂണിയന്‍ ബാങ്ക്, പേഴ്‌സിസ്റ്റന്റ് സിസ്റ്റംസ്, വരുണ്‍ ബീവറേജസ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ ഇടിഞ്ഞ മറ്റ് ഓഹരികള്‍. 2.87 മുതല്‍ 3.70 ശതമാനം വരെയാണ് ഇവയുടെ നഷ്ടം.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

അദാനി പോര്‍ട്‌സ്, നെസ്‌ലെ, അപ്പോളോ ഹോസ്പിറ്റല്‍സ്, വിപ്രോ, സണ്‍ ഫാര്‍മ എന്നിവയാണ് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖര്‍. വിപ്രോയുടെ സി.ഇ.ഒയായിരുന്ന തിയെറി ഡെലാപോര്‍ട്ട് സ്ഥാനമൊഴിഞ്ഞതാണ് ഓഹരികളെ തളര്‍ത്തിയത്.
വിപണിയുടെ ട്രെന്‍ഡ്
വിശാലവിപണിയില്‍ നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക വില്‍പന സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് 0.89 ശതമാനം താഴ്ന്നു. നിഫ്റ്റി മീഡിയ 0.77 ശതമാനം, ഐ.ടി 0.52 ശതമാനം എന്നിങ്ങനെ താഴ്ന്നു.
നിഫ്റ്റി ഓട്ടോ 2.16 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 1.45 ശതമാനവും മെറ്റല്‍ 1.10 ശതമാനവും ഉയര്‍ന്നു. ബാങ്ക് നിഫ്റ്റി 0.18 ശതമാനം നേട്ടം കുറിച്ചു. നിഫ്റ്റി മിഡ്ക്യാപ്പ് 0.04 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.32 ശതമാനവും ഉയര്‍ന്നു.
നിഫ്റ്റി 50ല്‍ ഇന്ന് 37 ഓഹരികള്‍ നേട്ടത്തിലും 13 എണ്ണം നഷ്ടത്തിലുമായിരുന്നു. 3.91 ശതമാനം ഉയര്‍ന്ന് ഐഷര്‍ മോട്ടോഴ്‌സ് നേട്ടത്തില്‍ മുന്നിലെത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 3.36 ശതമാനവും മാരുതി സുസുക്കി 3.33 ശതമാനവും ഉയര്‍ന്ന് തൊട്ടുപിന്നിലുണ്ട്. 1.64 ശതമാനം താഴ്ന്ന അദാനി പോര്‍ട്‌സാണ് നഷ്ടത്തില്‍ മുന്നില്‍.
₹400 ലക്ഷം കോടി കടന്ന് ബി.എസ്.ഇ കമ്പനികള്‍
ബോംബെ ഓഹരി വിപണി അഥവാ ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യം ചരിത്രത്തിലാദ്യമായി 400 ലക്ഷം കോടി രൂപ (4.81 ലക്ഷം കോടി ഡോളര്‍) കടന്നതിന് ഇന്നത്തെ ദിവസം സാക്ഷിയായി. ഒരുവേള മൂല്യം 401 ലക്ഷം കോടി രൂപ ഭേദിച്ചെങ്കിലും പിന്നെ താഴെയിറങ്ങി.
ബി.എസ്.ഇയില്‍ ഇന്ന് 1,898 ഓഹരികള്‍ നേട്ടത്തിലും 2,033 എണ്ണം നഷ്ടത്തിലുമായിരുന്നു. 124 ഓഹരികളുടെ വില മാറിയില്ല. 266 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 12 എണ്ണം താഴ്ചയും കണ്ടു. 15 ഓഹരികള്‍ അപ്പര്‍-സര്‍കീട്ടിലും മൂന്നെണ്ണം ലോവര്‍-സര്‍കീട്ടിലുമുണ്ടായിരുന്നു.
മിന്നിച്ച് ആസ്റ്ററും കൊച്ചി കപ്പല്‍ശാലയും
കേരള ഓഹരികളില്‍ ഇന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരി 6.16 ശതമാനവും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 5.58 ശതമാനവും ഉയര്‍ന്നു. ആസ്റ്റര്‍ ഓഹരി ഒരുവേള 10 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. നിക്ഷേപകര്‍ക്ക് സ്‌പെഷ്യല്‍ ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് യോഗം ഏപ്രില്‍ 12ന് ചേരുമെന്ന അറിയിപ്പാണ് ഓഹരികള്‍ക്ക് ഉത്സവമായത്.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

അമേരിക്കന്‍ നേവി കപ്പലുകളുടെയും അറ്റകുറ്റപ്പണിക്കുള്ള കരാറിലേര്‍പ്പെട്ട റിപ്പോര്‍ട്ടിന്റെ കരുത്തിലാണ് കൊച്ചി കപ്പല്‍ശാല ഓഹരികള്‍ ഇന്ന് മുന്നേറിയത്.
ജിയോജിത് 6.06 ശതമാനം, സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് 15.52 ശതമാനം എന്നിങ്ങനെയും നേട്ടം ഇന്ന് രേഖപ്പെടുത്തി. വെര്‍ട്ടെക്‌സ് 4.81 ശതമാനവും വണ്ടര്‍ല 4.76 ശതമാനവും ഉയര്‍ന്നു.
അതേസമയം സൗത്ത് ഇന്ത്യന്‍ ബാങ്ക് 3.25 ശതമാനം, ടി.സി.എം 4.79 ശതമാനം, യൂണിറോയല്‍ മറീന്‍ 4.88 ശതമാനം എന്നിങ്ങനെ താഴ്ന്നു. നിറ്റ ജെലാറ്റിന്‍ 3.48 ശതമാനവും കേരള ആയുര്‍വേദ 2.51 ശതമാനവും നഷ്ടത്തിലേക്ക് വീണു. ഇസാഫ് ബാങ്ക് 2.13 ശതമാനം, കിംഗ്‌സ് ഇന്‍ഫ്ര 2.15 ശതമാനം, സ്‌കൂബിഡേ 2.51 ശതമാനം എന്നിങ്ങനെയും താഴേക്കുപോയി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it