Begin typing your search above and press return to search.
നേട്ടത്തിന്റെ കാറ്റ്: സെന്‍സെക്‌സും നിഫ്റ്റിയും 5 മാസത്തെ ഉയരത്തില്‍
ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്ന് നേട്ടത്തിന്റെ കാറ്റ് ആഞ്ഞടിച്ചതോടെ കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും മികച്ച ഉയരത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓഹരി സൂചികകള്‍. 'എച്ച്.ഡി.എഫ്.സി ഇരട്ടകള്‍' നേരിട്ട കനത്ത വില്‍പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച കുറിച്ച വലിയ നഷ്ടം നികത്താനും ഇന്ന് സെന്‍സെക്‌സിനും നിഫ്റ്റിക്കും കഴിഞ്ഞു. സെന്‍സെക്‌സ് 709.96 പോയിന്റ് (1.16 ശതമാനം) ഉയര്‍ന്ന് 61,764.25ലും നിഫ്റ്റി 195.40 പോയിന്റ് നേട്ടവുമായി (1.08 ശതമാനം) 18,264.40ലുമാണ് വ്യാപാരാന്ത്യമുള്ളത്.
നേട്ടത്തിലേറിയവര്‍
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, കോട്ടക് ബാങ്ക്, എച്ച്.സി.എല്‍ ടെക്, മാരുതി സുസുക്കി, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുടെ ഓഹരികളില്‍ ദൃശ്യമായ മികച്ച വാങ്ങല്‍ താത്പര്യമാണ് ഇന്ന് സൂചികകള്‍ക്ക് കുതിപ്പായത്. മാരികോ, ഡെല്‍ഹിവെറി, വണ്‍97 കമ്മ്യൂണിക്കേഷന്‍സ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ് ഏറ്റവുമധികം നേട്ടംകുറിച്ച ഓഹരികള്‍
മീഡിയ, പി.എസ്.യു ബാങ്ക് എന്നിവ ഒഴികെയുള്ള നിഫ്റ്റി സൂചികകളെല്ലാം ഇന്ന് നേട്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യം, സ്വകാര്യ ബാങ്ക്, റിയാല്‍റ്റി എന്നിവ ഒരു ശതമാനത്തിനുമേല്‍ മുന്നേറി. ബി.എസ്.ഇ മിഡ്ക്യാപ്പ് 0.94 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.56 ശതമാനവും നേട്ടം രേഖപ്പെടുത്തി.
മുന്നേറ്റത്തിന് പിന്നില്‍
ആഗോള ഓഹരിവിപണികളില്‍ ദൃശ്യമായ നേട്ടം ഇന്ത്യയില്‍ തുടക്കംമുതല്‍ തന്നെ ഇന്ന് സ്വാധീനിക്കുമെന്ന് ഉറപ്പായിരുന്നു. വ്യാപാരത്തിനിടെ ഇടിവുകള്‍ക്ക് ഇടനല്‍കാതെയാണ് ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ കുതിച്ചത്. ഏഷ്യന്‍, യൂറോപ്യന്‍ ഓഹരികളുടെ നേട്ടവും കരുത്തായി.
അമേരിക്കയില്‍ പുതിയ തൊഴിലവസരങ്ങളില്‍ വളര്‍ച്ചയുണ്ടായതും തൊഴിലില്ലായ്മ നിരക്ക് താഴ്ന്നതും പ്രതീക്ഷിച്ചത്ര സാമ്പത്തികമാന്ദ്യത്തിന് സാദ്ധ്യതയില്ലെന്ന പ്രതീതി സൃഷ്ടിച്ചതാണ് ഓഹരിവിപണികള്‍ക്ക് ഗുണമായത്.
വിദേശ ധനകാര്യ സ്ഥാപനങ്ങള്‍സ (എഫ്.ഐ.ഐ) വന്‍തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതും നേട്ടമാണ്. കഴിഞ്ഞ 7 വ്യാപാര സെഷനുകളിലായി അവര്‍ 11,700 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങി. 2023-24ല്‍ ഇതുവരെ ഇന്ത്യയിലേക്ക് ഒഴുക്കിയത് 22,500 കോടി രൂപയാണ്. ഇന്ത്യയില്‍, കോര്‍പ്പറേറ്റ് കമ്പനികളുടെ ഭേദപ്പെട്ട മാര്‍ച്ചുപാദ പ്രവര്‍ത്തനഫലവും നിക്ഷേപകര്‍ക്ക് ഉണര്‍വാണ്.
തളര്‍ന്നവര്‍ ഇവര്‍
ഓഹരി സൂചികകള്‍ മുന്നേറിയെങ്കിലും നേട്ടത്തിന്റെ വണ്ടി കിട്ടാതെപോയ ഓഹരികളും നിരവധി. ബാങ്ക് ഓഫ് ഇന്ത്യ, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, ഇന്ത്യന്‍ ബാങ്ക്, ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
രൂപയും ക്രൂഡോയിലും
ക്രൂഡോയില്‍ വില ഇന്ന് കയറി. ഡബ്‌ള്യു.ടി.ഐ ക്രൂഡും ബ്രെന്റ് ക്രൂഡും ബാരലിന് രണ്ട് ശതമാനത്തിനുമേല്‍ വര്‍ദ്ധനയാണ് നേടിയത്. ഡബ്‌ള്യു.ടി.ഐക്ക് വില 73.20 ഡോളറായി. ബ്രെന്റിന് 77.05 ഡോളര്‍. രൂപയുടെ മൂല്യം ഇന്ന് ഡോളറിനെതിരെ വ്യാപാരാന്ത്യം രണ്ട് പൈസ താഴ്ന്ന് 81.80ലെത്തി.
മണപ്പുറത്തിന് മുന്നേറ്റം
കേരളം ആസ്ഥാനമായ ഓഹരികളില്‍ ഇന്ന് മികച്ച നേട്ടം കുറിച്ചത് മണപ്പുറം ഫിനാന്‍സ് ആണ് (5.07 ശതമാനം). സി.എസ്.ബി ബാങ്ക് 4.17 ശതമാനം ഉയര്‍ന്നു. അപ്പോളോ ടയേഴ്‌സ്, നീറ്റ ജെലാറ്റിന്‍, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ്, വണ്ടര്‍ല എന്നിവയും മികച്ച നേട്ടത്തിലാണ്.
ഫാക്ട് ഓഹരികള്‍ 4.94 ശതമാനം നഷ്ടം നേരിട്ടു. വി-ഗാര്‍ഡ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ജിയോജിത്, കേരള ആയുര്‍വേദ, ഇന്‍ഡിട്രേഡ് എന്നിവയും നഷ്ടത്തിലാണ്.
Next Story
Videos