നേട്ടത്തിലേറി സൂചികകള്‍, മുന്നേറ്റത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, തിളക്കമായി കല്യാണും, അദാനി പോര്‍ട്‌സ് ഉയര്‍ച്ച തുടരുന്നു

ബാങ്കോഹരികളിലെ കനത്ത വില്‍പ്പനയ്ക്കിടയിലും തിങ്കളാഴ്ചത്തെ നഷ്ടത്തില്‍ നിന്ന് തിരിച്ചു കയറി സൂചികകള്‍. ഐ.ടി, ഓട്ടോ ഓഹരികളിലെ മികച്ച വാങ്ങലാണ് വിപണിക്ക് തുണയായത്.

രാവിലെ വ്യാപാരത്തിനിടെ സെന്‍സെക്‌സ് ഒരുവേള 680 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും ആ കുതിപ്പ് നിലനിര്‍ത്താനായില്ല. വ്യാപാരാന്ത്യം 31 പോയിന്റ് ഉയര്‍ന്ന് 71,386ലാണ് സെന്‍സെക്‌സുള്ളത്. നിഫ്റ്റിയും 21,724 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും വ്യാപാരാന്ത്യം 32 പോയിന്റിന്റെ നേട്ടവുമായി 21,545ലാണുള്ളത്.
വിപണിയുടെ ട്രെന്‍ഡ്
ബി.എസ്.ഇ മിഡ്, സ്‌മോള്‍ ക്യാപ് സൂചികകളും ഇന്ന് 0.07 ശതമാനം, 0.37 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകളില്‍ 0.5 ശതമാനം വീതം ഇടിവുണ്ടായി.
സീ-സോണി ലയനം പിന്‍വലിച്ചെന്ന വാര്‍ത്തകള്‍ ബാധിച്ച മീഡിയ ഒഴികെയുള്ള സൂചികകളെല്ലാം നിഫ്റ്റിയില്‍ ഇന്ന് നേട്ടത്തിലായിരുന്നു.
ബി.എസ്.ഇയില്‍ ഇന്ന് 3,944 ഓഹരികള്‍ വ്യാപാരം ചെയ്തതില്‍ 2,241 ഓഹരികളും ഉയര്‍ച്ചയിലായിരുന്നു. 1,606 ഓഹരികള്‍ താഴേക്ക് പോയി. 97 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഇന്ന് 472 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില താണ്ടി. ഒമ്പത് ഓഹരികള്‍ മാത്രമാണ് താഴ്ന്ന വിലയിലേക്ക് പോയത്. 9 ഓഹരികളെ അപ്പര്‍ സര്‍കീട്ടിലും മൂന്ന് ഓഹരികളെ ലോവര്‍ സര്‍കീട്ടിലും കണ്ടു.
നഷ്ടം രുചിച്ചവര്‍
സോണിയുമായുള്ള ലയനം നടക്കില്ലെന്ന വാര്‍ത്തകള്‍ വന്നതോടെ താഴേക്ക് പതിച്ച സീ ഓഹരികള്‍ക്ക് വ്യാപാരാന്ത്യത്തിലും തിരിച്ചു കയറാനായില്ല. എട്ട് ശതമാനത്തോളം താഴ്ന്ന് 255.95 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ലയനത്തെ സംബന്ധിച്ച് പുറത്തു വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ലയന നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും സീ പിന്നീട് വ്യക്തമാക്കിയിരുന്നു.

ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

സീയുടെ ചുവടുപിടിച്ച് ഡിഷ് ടി.വി, ഹാത്ത്‌വേ എന്നിവയും ഇന്ന് നഷ്ടത്തിലേക്ക് പതിച്ചു. സമ്മിശ്ര മൂന്നാം പാദ പ്രവര്‍ത്തനഫല അപ്‌ഡേറ്റുകള്‍ എഫ്.എം.സി.ജി ഓഹരികളെയും താഴ്ത്തി.
200 കോടി രൂപയുടെ നികുതി തട്ടിപ്പ് വാര്‍ത്തകളെ തുടര്‍ന്ന് ഇലക്ട്രിക്കല്‍ എക്യുപ്‌മെന്റ് നിര്‍മാതാക്കളായ പോളി ക്യാബ് ഓഹരികള്‍ ഇന്ന് ഒമ്പത് ശതമാനത്തോളം ഇടിഞ്ഞു.
ബ്രിട്ടാനിയ, ബജാജ് ഫിന്‍സെര്‍വ്, നെസ്‌ലെ ഇന്ത്യ, എച്ച്.ഡി.എഫ്.സി ലൈഫ്, ഏഷ്യന്‍ പെയ്ന്റ്‌സ് എന്നിവയാണ് നിഫ്റ്റി 50യില്‍ നഷ്ടത്തില്‍ മുന്നിലെത്തിയത്.
വോഡഫോണ്‍
ഐഡിയ, എസ്.ആര്‍.എഫ് ലിമിറ്റഡ്, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ എന്നിവ ഇന്ന് നിഫ്റ്റി 200ലെ നഷ്ടക്കാരുടെ പട്ടികയിലും മുന്നിലെത്തി.

നേട്ടം തുടര്‍ന്ന് അദാനി

ജെ.എസ്.ഡബ്ല്യു എനര്‍ജി, പതഞ്ജലി ഫുഡ്‌സ്, നൈക, സീമെന്‍സ്, ഡി.എല്‍.എഫ് എന്നിവയാണ് നിഫ്റ്റി 200ല്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍

അദാനി പോര്‍ട്‌സ് തുടര്‍ച്ചയായ എട്ടാം ദിനത്തിലും ഉയര്‍ന്നു. ഇന്ന് ഒരുവേള 1,229 രൂപ വരെ ഉയര്‍ന്ന ഓഹരി വ്യാപാരാന്ത്യം 2.41 ശതമാനം നേട്ടവുമായി 1,197.10 രൂപയിലാണുള്ളത്.

ഹീറോ മോട്ടോകോര്‍പ്, അദാനി പോര്‍ട്‌സ്, എസ്.ബി.ഐ ലൈഫ്, അപ്പോളോ ഹോസ്പിറ്റല്‍, അദാനി എന്റര്‍പ്രൈസസ് ഇന്നിവയാണ് നിഫ്റ്റി 50യിലെ ഇന്നത്തെ താരങ്ങള്‍.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

റിയല്‍റ്റി സെക്ടറില്‍ ഇന്ന് മികച്ച വാങ്ങല്‍ ദൃശ്യമായി. ഒബ്‌റോയ്, ഡി.എല്‍.എഫ്, ഗോദറേജ് പ്രോപ്പര്‍ട്ടീസ്‌ എന്നീ ഓഹരികള്‍ 3-4 ശതമാനത്തോളം കയറി.

സീറ്റ് പ്രൈസിംഗ് ഉയര്‍ത്തിയ വാര്‍ത്തകള്‍ ഇന്‍ഡിഗോ ഓഹരികളെ രണ്ട് ശതമാനത്തോളം ഉയരത്തിലെത്തിച്ചു.
പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായുള്ള വാങ്ങൽ ഹീറോ മോട്ടോ കോര്‍പ് ഓഹരികളെ മൂന്ന് ശതമാനത്തോളം ഉയര്‍ച്ചയിലെത്തിച്ചു.
4,000 കോടി രൂപയുടെ ഓഹരി ബൈബാക്ക് പ്രഖ്യാപനത്തെ തുടര്‍ന്ന് ബജാജ് ഓഹരികൾ രണ്ട് ശതമാനം ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്.
ടാറ്റ മോട്ടോഴ്‌സിന് കീഴിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം വളര്‍ച്ച നേടിയത് ഓഹരികളെ ഒരു ശതമാനത്തിലധികം ഉയര്‍ത്തി.
തമിഴ്‌നാട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് 1,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനത്തെതുടര്‍ന്ന് ഭാരത് ഫോര്‍ജ് ഓഹരികളും 1.5 ശതമാനം ഉയര്‍ന്നു.
എയിംസ് ഹരിയാനയുടെ വികസനത്തിനായി ഓര്‍ഡര്‍ ലഭിച്ചത് എല്‍ ആന്‍ഡ് ടി ഓഹരികളെ 1.68 ശതമാനത്തോളം ഉയര്‍ത്തി. ലെമണ്‍ ട്രീ, ഐ.ആര്‍.ബി ഇന്‍ഫ്ര, ജെന്‍സോള്‍ എന്‍ജിനീയറിംഗ്, ഇനോക്‌സ് വിന്‍ഡ് എന്നീ ഓഹരികളും ഉയരത്തിലായിരുന്നു.
മുന്നേറി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്
കേരള കമ്പനികളില്‍ അത്ര ആവേശം കണ്ടില്ല. നാല് ശതമാനത്തോളം കയറിയ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, മൂന്ന് ശതമാനത്തിലധികം ഉയര്‍ന്ന അപ്പോളോ ടയേഴ്‌സ്, കേരള ആയുര്‍വേദ, റബ്ഫില ഇന്റര്‍നാഷണല്‍ എന്നിവയാണ് കേരള ഓഹരികളില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. കല്യാണ്‍ ജുവലേഴ്‌സ്, കിറ്റക്‌സ് ഗാര്‍മെന്റ്‌സ്, കിംഗ്‌സ് ഇന്‍ഫ്ര, പ്രൈമഇന്‍ഡസ്ട്രീസ് എന്നിവ രണ്ട് ശതമാനത്തിലധികം മുന്നേറി.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ധനകാര്യ മേഖലയിലെ ഓഹരികളില്‍ ഫെഡറല്‍ ബാങ്ക്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ മാത്രമാണ് നേട്ടമുണ്ടാക്കിയത്.
വെര്‍ട്ടെക്‌സ്, യൂണിറോയല്‍ എന്നീ ഓഹരികള്‍ ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലെത്തി.
Resya R
Resya R  

Related Articles

Next Story

Videos

Share it