Begin typing your search above and press return to search.
ഇലക്ഷന്‍ ടെന്‍ഷനും വിദേശികളുടെ പിന്മാറ്റവും; കണ്ണീരായി ഓഹരികള്‍, ₹7.35 ലക്ഷം കോടി നഷ്ടം, റിലയന്‍സും എച്ച്.ഡി.എഫ്.സിയും വലച്ചു
നരേന്ദ്ര മോദി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിന് ഇനിയൊരു ഊഴം നല്‍കേണ്ടെന്ന തീരുമാനത്തിലാണോ ഇന്ത്യക്കാര്‍? തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ അധികാരത്തിലേറുക ഒരു കൂട്ടുകക്ഷി സര്‍ക്കാരായിരിക്കുമോ? കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നയരൂപീകരണങ്ങള്‍ പാളുമോ? വോട്ടെടുപ്പ് ഓരോ ഘട്ടം കഴിയുമ്പോഴും ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്കിടയില്‍ ടെന്‍ഷന്‍ കൊടുങ്കാറ്റായി ആഞ്ഞുവീശുകയാണ്.
വിദേശ നിക്ഷേപകരാകട്ടെ, ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ തുടരുന്നത് നഷ്ടക്കച്ചവടമാകുമെന്ന് വിലയിരുത്തി നിക്ഷേപം പിന്‍വലിക്കുന്നു. ആഭ്യന്തര നിക്ഷേപകരും ഓഹരികളില്‍ നിന്ന് തത്കാലം അകന്നുനില്‍ക്കാനുള്ള തീരുമാനത്തിലേറിക്കഴിഞ്ഞു. കോര്‍പ്പറേറ്റ് കമ്പനികളുടെ അത്ര ആശാവഹമല്ലാത്ത പ്രവര്‍ത്തനഫലവും ക്രൂഡോയില്‍ വിലക്കയറ്റവും റിസര്‍വ് ബാങ്കിന്റെ കര്‍ശന ചട്ടങ്ങളും ഇതോടൊപ്പം ഓഹരികളെ വലയ്ക്കുകയാണ്.
ഫലമോ, ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേരിട്ടത് കനത്ത തകര്‍ച്ച. ഇന്ത്യന്‍ ഓഹരി വിപണികളിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന ഇന്ത്യ വിക്‌സ് 6.5 ശതമാനം കുതിച്ച് 18.20ല്‍ എത്തിയതും നിക്ഷേപകരുടെ ഉള്ളില്‍ ടെന്‍ഷന്‍ ആളുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. തുടര്‍ച്ചയായ 11-ാം ദിവസമാണ് വിക്‌സ് ഉയരുന്നത്.
ചോരക്കളമായി വിപണി
1,100ലധികം പോയിന്റാണ് ഇന്ന് സെന്‍സെക്‌സ് ഒരുവേള കൂപ്പകുത്തിയത്. വ്യാപാരാന്ത്യത്തിലുള്ളത് 1,062.22 പോയിന്റിടിഞ്ഞ് (-1.45%) 72,404.17ല്‍. ഒരുവേള 21,932 വരെ നിലംപൊത്തിയ നിഫ്റ്റി 345 പോയിന്റ് (-1.55%) താഴ്ന്ന് 21,957.50ലും വ്യാപാരം അവസാനിപ്പിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസും എച്ച്.ഡി.എഫ്.സി ബാങ്കും എല്‍ ആന്‍ഡ് ടിയും പോലുള്ള വന്‍കിട കമ്പനികളുടെ ഓഹരികള്‍ നേരിട്ട വില്‍പന സമ്മര്‍ദ്ദമാണ് സൂചികകളെ പ്രധാനമായും ഉലച്ചത്. നിഫ്റ്റി50ലെ 50 കമ്പനികളില്‍ 43 എണ്ണവും ഇന്ന് ചുവന്നു. 7 ഓഹരികളേ പച്ചതൊട്ടുള്ളൂ.
എല്‍ ആന്‍ഡ് ടി 5.65 ശതമാനവും ബി.പി.സി.എല്‍ 4.52 ശതമാനവും ഏഷ്യന്‍ പെയിന്റ്‌സ് 4.48 ശതമാനവും കോള്‍ ഇന്ത്യ 4.40 ശതമാനവും ഒ.എന്‍.ജി.സി 3.85 ശതമാനവും ഇടിഞ്ഞ് നിഫ്റ്റി50ലെ നഷ്ടത്തില്‍ മുന്നിലെത്തി. ഹീറോ മോട്ടോകോര്‍പ്പാണ് 3.19 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ ഒന്നാമത്.
ബി.എസ്.ഇയില്‍ 3,943 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 2,998 എണ്ണവും നഷ്ടത്തിലായി. 843 ഓഹരികളേ നേട്ടം കുറിച്ചുള്ളൂ. 102 ഓഹരികളുടെ വില മാറിയില്ല.
160 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരവും 45 എണ്ണം താഴ്ചയും കണ്ടു. 206 ഓഹരികള്‍ ഇന്ന് അപ്പര്‍-സര്‍ക്യൂട്ടിലും 331 എണ്ണം ലോവര്‍-സര്‍ക്യൂട്ടിലുമായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തില്‍ നിന്ന് ഇന്ന് ഒറ്റയടിക്ക് കൊഴിഞ്ഞത് 7.34 ലക്ഷം കോടി രൂപയാണ്. 400.69 ലക്ഷം കോടി രൂപയില്‍ നിന്ന് 393.34 ലക്ഷം കോടി രൂപയായാണ് വീഴ്ച.
വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് പ്രധാനമായും വലയ്ക്കുന്നത്. ഇന്നലെ മാത്രം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (FPIs) ഏതാണ്ട് 6,669 കോടി രൂപയുടെ നിക്ഷേപം ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് പിന്‍വലിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തളര്‍ന്ന ക്രൂഡോയില്‍ വില ഇന്നുവീണ്ടും ഉയര്‍ന്നത് റിലയന്‍സ് അടക്കം ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളെ തളര്‍ത്തി.
വന്‍കിട വായ്പകള്‍ക്ക് പ്രൊവിഷനിംഗിന് വേണ്ടി കൂടുതല്‍ തുക നീക്കിവയ്ക്കണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശാനന്തരം ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നേരിടുന്ന ഓഹരിവിലത്തകര്‍ച്ച ഇന്നും തുടര്‍ന്നു. ഏറ്റവുമധികം കിതച്ചത് സൂചികയില്‍ മികച്ച വെയിറ്റേജുള്ള എച്ച്.ഡി.എഫ്.സി ബാങ്കാണെന്നത് വിപണിയെ വലച്ചു. ഗോള്‍ഡ് ലോണിന്മേലും റിസര്‍വ് ബാങ്ക് ചട്ടം കടുപ്പിച്ചത് മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം പിനാന്‍സ് തുടങ്ങിയ എന്‍.ബി.എഫ്.സി ഓഹരികളെയും ഇന്ന് വീഴ്ത്തി.
കിതച്ചവരും പിടിച്ചുനിന്നവരും
കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത തകര്‍ച്ചയിലായിരുന്ന പേയ്ടിഎം ഓഹരികള്‍ ഇന്ന് 5 ശതമാനം കുതിച്ച് അപ്പര്‍-സര്‍ക്യൂട്ടിലെത്തി. ബില്‍ പേയ്‌മെന്റ് ബിസിനസ് യൂറോനെറ്റിലേക്ക് മാറ്റിയത് കമ്പനിക്ക് നേട്ടമായിട്ടുണ്ട്. മാത്രമല്ല, വിലയിടിഞ്ഞത് മുതലെടുത്ത് ഇന്ന് കമ്പനിയുടെ ഓഹരികളില്‍ മികച്ച വാങ്ങല്‍താത്പര്യമുണ്ടായതും ഗുണം ചെയ്തു.
എല്‍ ആന്‍ഡ് ടി., ഏഷ്യന്‍ പെയിന്റ്‌സ്, ഐ.ടി.സി., ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍.ടി.പി.സി., ബജാജ് ഫിനാന്‍സ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റാ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, പവര്‍ഗ്രിഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ഫാര്‍മ എന്നിവ 2-6 ശതമാനം ഇടിഞ്ഞതാണ് ഇന്ന് ഓഹരി വിപണിയെ തകര്‍ച്ചയിലേക്ക് തള്ളിയത്.
പിരാമല്‍ എന്റര്‍പ്രൈസസ്, എല്‍ ആന്‍ഡ് ടി., എന്‍.എച്ച്.സി.സി., പവര്‍ ഫിനാന്‍സ്, എന്‍.എം.ഡി.സി എന്നിവയാണ് 4.9 മുതല്‍ 9.15 ശതമാനം വരെ താഴ്ന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ തളര്‍ന്നവര്‍. കഴിഞ്ഞപാദത്തില്‍ പലിശ മാര്‍ജിനും ആസ്തിയും കുറഞ്ഞതാണ് പിരമലിന് തിരിച്ചടിയായത്; ഓഹരി 9.15 ശതമാനം ഇടിഞ്ഞു.
അദാനി പവര്‍, പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്), ടി.വി.എസ്., ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ 1.7-5.31 ശതമാനം മുന്നേറി കൂടുതല്‍ നേട്ടം കുറിച്ചത്.
പ്രൊമോട്ടര്‍മാരായ ഗൗതം അദാനി, രാജേഷ് അദാനി എന്നിവര്‍ 8,638 കോടി രൂപ മതിക്കുന്ന 14.87 കോടി ഓഹരികള്‍ വിറ്റഴിച്ചതാണ് അദാനി പവര്‍ ഓഹരികളെ ഉയര്‍ത്തിയത്. ഏപ്രിലിലെ റീറ്റെയ്ല്‍ വില്‍പന മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് വാഹന ഓഹരികളുടെ നേട്ടം.
വിശാല വിപണിയില്‍ ഇന്ന് പച്ചതൊട്ട ഏക ശ്രേണിയും നിഫ്റ്റി ഓട്ടോയാണ് (+0.78%). റെക്കോഡ് നേട്ടമാണിന്ന് ഓട്ടോ സൂചിക കുറിച്ചതും.
നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് 3.15 ശതമാനം, റിയല്‍റ്റി 2.23 ശതമാനം, ഫാര്‍മ 2.20 ശതമാനം, മെറ്റല്‍ 2.87 ശതമാനം, എഫ്.എം.സി.ജി 2.47 ശതമാനം ഇടിഞ്ഞു. ബാങ്ക് നിഫ്റ്റി 1.11 ശതമാനം താഴേക്കുവീണു. നിഫ്റ്റി സ്‌മോള്‍ക്യാപ്പ് 2.83 ശതമാനവും മിഡ്ക്യാപ്പ് 1.85 ശതമാനവും ഇടിഞ്ഞ് വില്‍പനസമ്മര്‍ദ്ദത്തില്‍ മുങ്ങി.
കേരള ഓഹരികളിലും വീഴ്ച
കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിഞ്ഞ് കൂടുതല്‍ നഷ്ടം നേരിടുന്നത് ഒഴിവാക്കാനുള്ള ട്രെന്‍ഡാണ് ഇന്ന് കേരള ഓഹരികളിലും കണ്ടത്. നേട്ടത്തില്‍ പിടിച്ചുനിന്നത് കല്യാണ്‍ ജുവലേഴ്‌സ് (ഒരു ശതമാനം), പാറ്റ്‌സ്പിന്‍ (2.63%), പ്രൈമ അഗ്രോ (1.34%) എന്നിങ്ങനെ ഏതാനും ഓഹരികളാണ്.
റിസര്‍വ് ബാങ്കിന്റെ കര്‍ശനചട്ടത്തെ തുടര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം, ഫിനാന്‍സ് തുടങ്ങി എന്‍.ബി.എഫ്.സികള്‍ വന്‍ ഇടിവ് നേരിട്ടു. മണപ്പുറം ഫിനാന്‍സ് എട്ട് ശതമാനം, മുത്തൂറ്റ് കാപ്പിറ്റല്‍ 7.25 ശതമാനം, മുത്തൂറ്റ് ഫിനാന്‍സ് 3.48 ശതമാനം, മുത്തൂറ്റ് മൈക്രോഫിന്‍ 5.72 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 4.61 ശതമാനം, ഇസാഫ് 6.31 ശതമാനം, ജിയോജിത് 4.57 ശതമാനം, ഫാക്ട് 3.49 ശതമാനം എന്നിങ്ങനെ നഷ്ടം കുറിച്ചു. മോശം മാര്‍ച്ചുപാദ പ്രവര്‍ത്തനഫലമാണ് ഇസാഫിനെ തളര്‍ത്തിയത്. വി-ഗാര്‍ഡ് 3.15 ശതമാനം ഇടിഞ്ഞു. വണ്ടര്‍ലയുടെ വീഴ്ച 6.34 ശതമാനം.
Next Story
Videos