Begin typing your search above and press return to search.
അമേരിക്കന്‍ സിഗ്നലില്‍ വിപണിക്ക് മുന്നേറ്റം, കിറ്റെക്‌സും ഹാരിസണ്‍സും ഇന്നും അപ്പര്‍ സര്‍ക്യൂട്ടില്‍
ആഗോള വിപണികളിലെ കുതിപ്പ് ഇന്ന് ഇന്ത്യന്‍ ഓഹരിസൂചികകളെയും നേട്ടത്തിലാക്കി. രാവിലെ വലിയ നേട്ടത്തില്‍ ആരംഭിച്ച സെന്‍സെക്‌സ് ഒരുവേള 82,000 പോയിന്റ് മറികടന്നു. വ്യാപാരാന്ത്യത്തില്‍ നേട്ടം കുറെ കൈവിട്ടെങ്കിലും 1,44.31 പോയിന്റ് ഉയര്‍ന്ന് 81,611.41ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയും 25,134 പോയിന്റ് വരെ ഉയന്ന ശേഷം വ്യാപാരാന്ത്യം 25,000ന് താഴെ 24,998.45ലാണ് അവസാനിപ്പിച്ചത്. 16.50 പോയിന്റ് മാത്രമാണ് നിഫ്റ്റിയുടെ നേട്ടം.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തു വന്നിരുന്നു. പലിശ നിരക്ക് വീണ്ടും കുറച്ചേക്കാമെന്ന സൂചന അതിലുണ്ടായതാണ് ആഗോള വിപണികളെ പ്രതീക്ഷയിലാക്കിയത്. പലിശ നിരക്ക് ഇനിയും കുറച്ചാല്‍ ഇന്ത്യ പോലുള്ള വികസ്വര വിപണികളിലേക്ക് പണമൊഴുകുമെന്നാണ് കരുതുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധം മുറുകുന്നതും വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നത് തുടര്‍ന്നതുമെല്ലാം ഇന്ത്യന്‍ സൂചികകളെ കഴിഞ്ഞ എട്ട് വ്യാപാര സെഷനില്‍ ഏഴിലും നഷ്ടത്തിലാക്കിയിരുന്നു. യു.എസില്‍ നിന്ന് ഇന്ന് പുറത്തു വരുന്ന വിലസൂചിക കണക്കുകളും ഇന്ത്യന്‍ കമ്പനികളുടെ രണ്ടാംപാദ പ്രവര്‍ത്തനഫലകണക്കുകളുമാണ് ഇപ്പോള്‍ നിക്ഷേപകര്‍ ശ്രദ്ധയോടെ വീക്ഷിക്കുന്നത്. ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടി.സി.എസാണ് ആദ്യം പാദഫലം പുറത്തു വിടുന്നത്.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.28 ശതമാനം നഷ്ടത്തിലേക്ക് വീണു. സ്‌മോള്‍ ക്യാപ് സൂചിക 0.19 ശതമാനം നേട്ടത്തില്‍ പിടിച്ചു നിന്നു.
ഒരു ശതമാനത്തിലധികം ഉയര്‍ന്ന നിഫ്റ്റി ബാങ്ക് സൂചികയാണ് ഇന്ന് നിഫ്റ്റിയെ നഷ്ടത്തിലേക്ക് വീഴാതെ പിടിച്ചു നിറുത്തിയത്. എച്ച്.ഡി.എഫ്.സി ബാങ്ക്, കൊട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് എന്നിവയാണ് ബാങ്ക് സൂചികയെ നയിച്ചത്.
അതേസമയം, നിഫ്റ്റി ഫാര്‍മ, നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ സൂചികകള്‍ സമ്മര്‍ദ്ദത്തിലായി. രണ്ടു ശതമാനം വീതമാണ് ഇരു സൂചികകളുടെയും നഷ്ടം. സണ്‍ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ്, ലുപിന്‍, സിപ്ല എന്നിവയിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് സൂചികകള്‍ക്ക് വിനയായത്. നാല് ദിവസമായി തുടര്‍ച്ചയായി നേട്ടത്തിലേറിയ ഐ.ടി സൂചികകളിന്ന് ഒരു ശതമാനത്തിലധികം താഴ്ന്നു.
നിഫ്റ്റി ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മെറ്റല്‍ എന്നിവയും നേട്ടത്തിലായിരുന്നു.
രത്തന്‍ ടാറ്റയ്ക്ക് യാത്രയയപ്പുമായി ടാറ്റ ഓഹരികള്‍
ടാറ്റ സണ്‍സ് ചെയര്‍മാന്‍ എമിരറ്റസ് രത്തന്‍ ടാറ്റയുടെ വിയോഗം ഇന്ന് ടാറ്റ ഓഹരികളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിച്ചു. ടാറ്റ കെമിക്കല്‍സ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവ യഥാക്രമം 4 ശതമാനം, അഞ്ച് ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. ടാറ്റ ടെലിസര്‍വീസസ് 5.84 ശതമാനവും ടാറ്റ എല്‍ക്‌സി 3.37 ശതമാനവും ടാറ്റപവര്‍ 2.56 ശതമാനവും ഉയര്‍ന്നിരുന്നു.
കൂടാതെ ടാറ്റ ടെക്‌നോളജീസ്, റാലിസ് ഇന്ത്യ, നെല്‍കോ, തേജസ് നെറ്റ്‌വര്‍ക്ക്‌സ്, താജ് ജി.വി.കെ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ്, ഇന്ത്യന്‍ ഹോട്ടല്‍സ് ആന്‍ഡ് കമ്പനി എന്നിവയും ഇന്ന് ഉയര്‍ന്നു.
ഇവർ മുന്നേറി
പ്രിഡേറ്റര്‍ ഡ്രോണുകള്‍ക്കും രണ്ട് ന്യൂക്ലിയര്‍ സബ്മറൈനുകള്‍ക്കമുള്ള 80,000 കോടി രൂപയുടെ കരാറിന് സെക്യൂരിറ്റി കാബിനറ്റ് കമ്മിറ്റി (സി.സി.എസ്) അനുമതി നല്‍കിയത് പ്രതിരോധ ഓഹരികളെ ഉയര്‍ത്തി. യു.എസ്.എയില്‍ നിന്ന് 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനാണ് സി.സി.എസിന്റെ അനുമതി.
പ്രതിരോധ ഓഹരികളായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ഭാരത് ഡൈനാമിക്‌സ് ഭാരത് ഇലക്ട്രോണിക്‌സ് എന്നിവ നാല് ശതമാനം വരെ ഉയര്‍ന്നു. മസഗോണ്‍ഡോക്ക് ഓഹരിയുടെ ഉയര്‍ച്ച 8.4 ശതമാനമാണ്.
വളം നിര്‍മാണ കമ്പനിയായ ഫാക്ട് ഓഹരികള്‍ 5.63 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം റെനസിസ് ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്റെ റേഡിയോ ഫ്രിക്വന്‍സി കോംപണന്റസ് ബിസിനസ് 303 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടത് സി.ജി പറിന്റെ ഓഹരികളെ തുടര്‍ച്ചയായി ഉയരത്തിലേക്ക് നയിക്കുകയാണ്. ഇന്നും ഓഹരി അഞ്ച് ശതമാനത്തോളം ഉയര്‍ന്നു. 52 ആഴ്ചയിലെ ഉയര്‍ന്ന വിലയും തൊട്ടു. കഴിഞ്ഞ നാല് ദിവസം കൊണ്ട് 11.46 ശതമാനം നേട്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരിയുടെ നേട്ടം 97 ശതമാനമാണ്.
കാലിടറിയവർ
ലുപിന്‍ ആണ് ഇന്ന് നിഫ്റ്റി 200ലെ മുഖ്യ നഷ്ടക്കാര്‍. ഫാര്‍മ കമ്പനികളിലെ ലാഭമെടുപ്പാണ് ലുപിന്‍ ഓഹരിയെയും ബാധിച്ചത്. ഫീനിക്‌സ് മില്‍സ്, അംബുജ സിമന്റ്‌സ്, ഭാരതി ഹെക്‌സകോം, ടൊറെന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ മറ്റ് ഓഹരികള്‍.
അപ്പര്‍ സര്‍ക്യൂട്ടില്‍ രണ്ടാം ദിനവും കിറ്റെക്‌സും ഹാരിസണ്‍സും
തുടര്‍ച്ചയായ രണ്ടാം ദിവസവും അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടിരിക്കുകയാണ് കേരള കമ്പനിയായ കിറ്റെക്‌സും ഹാരിസണ്‍സ് മലയാളവും. വിദേശ വിപണികളില്‍ വസ്ത്ര കയറ്റുമതിക്ക് അനുകൂല ഘടകങ്ങള്‍ നിലനില്‍ക്കുന്നതാണ് കിറ്റെക്‌സ് ഓഹരിയെ മുന്നേറ്റത്തിലാക്കിയത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം ഓഹരിയുടെ നേട്ടം 171 ശതമാനത്തിലധികമാണ്.
ഹാരിസണ്‍സ് മലയാളം ഓഹരി വില 278 രൂപയിലെത്തി. ഒരു വര്‍ഷത്തിനിടെയുള്ള ഓഹരിയുടെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ശതമാനക്കണക്കില്‍ നോക്കിയാല്‍ ഇന്ന് നേട്ടത്തില്‍ മുന്നിലെത്തിയ കേരള ഓഹരി ടി.സി.എം ഓഹരിയാണ്. 11.15 ശതമാനം ഉയര്‍ന്ന് ഓഹരി വില 51.72 രൂപയിലെത്തി. സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് 9.86 ശതമാനം നേട്ടവുമായി തൊട്ടു പിന്നിലുണ്ട്.
വളം നിര്‍മാണ കമ്പനിയായ ഫാക്ട് ഓഹരികള്‍ 5.63 ശതമാനം ഉയര്‍ന്നു. മൂന്ന് ദിവസമായി ഓഹരി നേട്ടത്തിലാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളും ഇന്ന് മൂന്ന് ശതമാനത്തോളം നേട്ടത്തിലായിരുന്നു.
ദി വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, സെല്ല സ്‌പേസ്, കേരള ആയുര്‍വേദ എന്നിവയാണ് ഇന്ന് നഷ്ടത്തിലേക്ക് വീണ കേരള ഓഹരികള്‍.
Next Story
Videos