Begin typing your search above and press return to search.
നേരിയ നേട്ടത്തില്‍ സൂചികകള്‍, കിറ്റെക്‌സിന് ഇന്നും അപ്പര്‍ സര്‍ക്യൂട്ട്, ആവേശത്തില്‍ കേരള ആയുര്‍വേദ, സ്വിഗിയില്‍ ലാഭമെടുപ്പ്
ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് കനത്ത ചാഞ്ചാട്ടത്തിന് അവസാനം നേരിയ നേട്ടത്തിലേക്ക് കാല്‍വച്ചു. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തില്‍ നിന്ന് കരകയറാനായത് വിപണിയ്ക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. യു.എസില്‍ നിന്നുള്ള പണപ്പെരുപ്പ കണക്കുകള്‍ക്കായി നിക്ഷേപകര്‍ കാതോര്‍ത്തിരിക്കുന്നതാണ് വിപണിയെ ചാഞ്ചാട്ടത്തിലാക്കിയത്.
സെന്‍സെക്‌സ് 16 പോയിന്റ് നേട്ടത്തോടെ 81,526ലും നിഫ്റ്റി 32 പോയിന്റ് ഉയരത്തില്‍ 24,641.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാന്‍സ്, നെസ്‌ലെ ഇന്ത്യ, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ്, ഉള്‍ട്രാടെക് സിമന്റ്, ഇന്‍ഫോസിസ്, മാരുതി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.
അതേസമയം ജെ.എസ്.ഡബ്ല്യു സ്റ്റീൽ, അദാനി പോര്‍ട്‌സ്, എന്‍.ടി.പി.സി, എസ്.ബി.ഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ടൈറ്റന്‍, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവ വലിയ നഷ്ടക്കാരുമായി.
അവസാന നിമിഷത്തില്‍ ഐ.ടി ഓഹരികളാണ് വിപണിക്ക് കരുത്ത് പകര്‍ന്നത്. ബാങ്ക് ഓഹരികള്‍ ഇടിവിലായത് നിഫ്റ്റി ബാങ്ക് സൂചികയെ 0.35 ശതമാനം നഷ്ടത്തിലാക്കി. നിഫ്റ്റി മീഡിയ, പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് എന്നിവയും നഷ്ടത്തിലായിരുന്നു.
മിഡ് സ്‌മോള്‍ ക്യാപ് സൂചികകള്‍ നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് ഐ.പി.ഒയുമായെത്തിയ വിശാല്‍ മെഗാ മാര്‍ട്ട് ആദ്യ ദിനം 54 ശതമാനം സബ്‌സക്രിപ്ഷന്‍ നേടി. സയൻസസിന് 85 ശതമാനം അപേക്ഷകൾ ലഭിച്ചു. മൊബിക്വിക്കിന് 7.75 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്.
വിദേശികള്‍ കളത്തില്‍
കഴിഞ്ഞ മാസം വന്‍ വില്‍പ്പനക്കാരായി തുടര്‍ന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് ശക്തമായി തിരിച്ചെത്തുകയാണ്. വിറ്റതിനേക്കാള്‍ കൂടുതല്‍ ഓഹരികളാണ് അവര്‍ തിരിച്ചു വരവില്‍ സ്വന്തമാക്കുന്നത്. നവംബറില്‍ മൊത്തം 21,000 കോടി രൂപയുടെ വില്‍പ്പന നടത്തിയപ്പോള്‍ ഡിസംബറിന്റെ ആദ്യ 10 ദിവസത്തിനുള്ളില്‍ 26,000 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ വാങ്ങിക്കൂട്ടി. ഇന്നലെ മാത്രം 1,285.96 കോടി രൂപയുടെ ഓഹരികള്‍ വിദേശികള്‍ വാങ്ങിക്കൂട്ടിയതായി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നു.
വിദേശ നിക്ഷേപകരുടെ ഈ നീക്കം നിഫ്റ്റിയെ രണ്ട് ശതമാനത്തിലേറെ ഉയര്‍ത്താന്‍ സഹായിച്ചു. വിപണിയില്‍ സാന്താറാലി നേരത്തെ തുടങ്ങിയെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. അടുത്ത ബജറ്റിന് മുമ്പ് വിപണി പുതിയ റെക്കോഡ് കുറിക്കുമെന്ന പ്രതീക്ഷകളും ഇതുയര്‍ത്തുന്നുണ്ട്. സെപ്റ്റംബറില്‍ തൊട്ട റെക്കോഡ് ഉയരത്തില്‍ നിന്ന് വെറും 6 ശതമാനം മാത്രം അകലെയാണ് നിഫ്റ്റി. നിഫ്റ്റി സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ ഇതിനകം തന്നെ പുതിയ റെക്കോഡ് തൊട്ടു.
മോര്‍ഗാന്‍ സ്റ്റാന്‍ലി സെന്‍സെക്‌സില്‍ 14 ശതമാനം ഉയര്‍ച്ചയാണ് കണക്കാക്കുന്നത്. അതായത് സാധരണ നിലയില്‍ പോയാല്‍ പോലും സെന്‍സെക്‌സ് 93,000 എത്തുമെന്നാണ് പ്രതീക്ഷ.
ചുളം വിളിച്ച് മുന്നേറി റെയില്‍വേ ഓഹരികള്‍
റെയില്‍വേ ഓഹരികളിന്ന് മികച്ച തിരിച്ചു വരവ് നടത്തി. ഐ.ആര്‍.എഫ്.സി, ഇര്‍കോണ്‍, റെയില്‍ടെല്‍, ആര്‍.വി.എന്‍.എല്‍ എന്നിവ ശതമാനത്തോളം ഉയര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂലധന ചെലവഴിക്കലുകള്‍ വര്‍ധിക്കുമെന്നും ബജറ്റില്‍ പ്രധാനപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്നുള്ള പ്രതീക്ഷകളുമാണ് ഇന്ന് റെയില്‍ ഓഹരികളില്‍ മുന്നേറ്റത്തിന് വഴിതെളിച്ചത്.
സ്വിഗിയുടെ ഓഹരി വില ഇന്ന് അഞ്ച് ശതമാനം ഇടിഞ്ഞു. ഐ.പി.ഒയ്ക്ക് ശേഷമുള്ള ഒരു മാസത്തെ നിര്‍ബന്ധിത നിക്ഷേപ കാലയളവ് ഇന്ന് അവസാനിച്ചതോടെ നിക്ഷേപക സ്ഥാപനങ്ങള്‍ ലാഭമെടുപ്പ് നടത്തിയതാണ് ഓഹരി വിലയില്‍ ഇടിവുണ്ടാക്കിയത്. ആഗോള ബ്രോക്കറേജ് ആയ സി.എല്‍.എസ്.എ കവറേജ് നല്‍കുന്ന ഓഹരികളുടെ പട്ടികയിലേക്ക് സ്വിഗിയെ ഉള്‍പ്പെടുത്തിയത് ഇന്നലെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഉയര്‍ച്ചയുണ്ടാക്കിയിരുന്നു.
കിറ്റെക്‌സ് കുതിപ്പ് തുടരുന്നു
കേരള ഓഹരികളില്‍ ഇന്ന് വലിയ മുന്നേറ്റം കാഴ്ച വച്ചത് പ്രൈമ ഇന്‍ഡസ്ട്രീസ് ഓഹരിയാണ്. 20 ശതമാനമാണ് ഓഹരി വില വര്‍ധിച്ചത്. പ്രൈമ അഗ്രോ 7.78 ശതമാനം ഉയര്‍ന്നു. കേരള ആയുര്‍വേദ ഓഹരികളും ഏഴ് ശതമാനത്തിലധികം ഉയര്‍ച്ച രേഖപ്പെടുത്തി. സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് 6 ശതമാനത്തിലധികം ഉയര്‍ന്നു.
കിറ്റെക്‌സ് ഓഹരികളും ഇന്നും 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലാണ്. ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥകള്‍ ഇന്ത്യയിലെ ഉള്‍പ്പെടെയുള്ള ടെക്‌സ്റ്റൈല്‍ കമ്പനികള്‍ക്ക് ഗുണകരമാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സെല്ല സ്‌പേസ് (4.57 ശതമാനം), യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് ( 4.15 ശതമാനം), പോപ്പുലര്‍ വെഹിക്കിള്‍സ് (3.68 ശതമാനം), ടോളിന്‍സ് ടയേഴ്‌സ് ( 3.56 ശതമാനം), ടി.സി.എം ( 3.13 ശതമാനം) എന്നിവയും മികച്ച നേട്ടം കാഴ്ചവച്ചു.
ഈസ്റ്റേണ്‍ ട്രെഡ്‌സ് ആണ് 3.66 ശതമാനം നഷ്ടവുമായി വീഴ്ചയില്‍ മുന്നില്‍. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.76 ശതമാനം), മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് (2.19 ശതമാനം), ബി.പി.എല്‍ ( 1.99 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.40 ശതമാനം) തുടങ്ങിയവയും നഷ്ടപ്പട്ടികയില്‍ പേര് ചേര്‍ത്തു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇന്നും നഷ്ടം തുടര്‍ന്നു.
Next Story
Videos