യുദ്ധവും പണപ്പെരുപ്പവും! ഓഹരികള്‍ ചുവന്നു; പിന്തിരിഞ്ഞ് വിദേശ നിക്ഷേപകര്‍, ഒറ്റയടിക്ക് നഷ്ടം ₹2.27 ലക്ഷം കോടി

ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്നുയര്‍ന്ന പ്രതികൂലക്കാറ്റില്‍ തട്ടി ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് കനത്ത നഷ്ടത്തിലേക്ക് വീണു. സെന്‍സെക്‌സും നിഫ്റ്റിയും ഇന്നൊരിക്കല്‍പ്പോലും പച്ചതൊട്ടില്ല. കഴിഞ്ഞദിവസം 75,000ന് മുകളില്‍ വ്യാപാരം പൂര്‍ത്തിയാക്കി റെക്കോഡിട്ട സെന്‍സെക്‌സില്‍ ആ ആവേശത്തിന്റെ കണികപോലും ഇന്നുണ്ടായതുമില്ല.
74,889ല്‍ ഇന്ന് വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് സമയം അവസാനിക്കുമ്പോഴുള്ളത് 793.25 പോയിന്റ് (-1.06%) ഇടിഞ്ഞ് 74,244.90ലാണ്. ഒരുവേള സൂചിക 74,189 വരെയും താഴ്ന്നിരുന്നു. 234.40 പോയിന്റ് (-1.03%) താഴ്ന്ന് 22,519.40ലാണ് നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി50ല്‍ ഇന്ന് വെറും അഞ്ച് കമ്പനികളാണ് നേട്ടം കുറിച്ചത്. 45 എണ്ണവും നഷ്ടത്തിലേക്ക് പതിച്ചു. 0.85 ശതമാനം ഉയര്‍ന്ന ഡിവീസ് ലാബാണ് നേട്ടത്തില്‍ മുന്നില്‍. ബജാജ് ഓട്ടോ 0.76 ശതമാനം നേട്ടവുമായി തൊട്ടടുത്തുണ്ട്. ടാറ്റാ മോട്ടോഴ്‌സ്, ഇന്ന് നാലാംപാദ പ്രവര്‍ത്തനഫലം പുറത്തുവിടുകയും ലാഭവിഹിതം പ്രഖ്യാപിക്കുകയും ചെയ്ത ടി.സി.എസ്., നെസ്‌ലെ എന്നിവയാണ് (0.21-0.64%) നേട്ടവുമായി തൊട്ടുപിന്നാലെയുള്ളത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

സണ്‍ ഫാര്‍മ 3.68 ശതമാനവും മാരുതി സുസുക്കി 3.26 ശതമാനവും പവര്‍ഗ്രിഡ് 2.51 ശതമാനവും ഇടിഞ്ഞ് നഷ്ടത്തില്‍ മുന്‍നിരയിലുമെത്തി. ബി.എസ്.ഇയില്‍ 3,943 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 1,466 എണ്ണം നേട്ടം കുറിച്ചു. 2,373 എണ്ണം നഷ്ടം രുചിച്ചു. 104 ഓഹരികളുടെ വില മാറിയില്ല.
189 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 12 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ടില്‍ ഒരു കമ്പനിയുമെത്തിയില്ല. ലോവര്‍-സര്‍കീട്ടില്‍ രണ്ട് കമ്പനികളുണ്ടായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയുക്ത വിപണിമൂല്യം ഇന്ന് 2.27 ലക്ഷം കോടി രൂപ ഇടിഞ്ഞു. 402.19 ലക്ഷം കോടി രൂപയില്‍ നിന്ന് 399.68 ലക്ഷം കോടി രൂപയിലേക്കാണ് വീഴ്ച.
ഇടിവിന്റെ കാരണങ്ങള്‍
ആഗോളതലത്തില്‍ തന്നെ പ്രതീക്ഷയ്ക്കുമേല്‍ മങ്ങലേല്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് നിക്ഷേപകരെ വില്‍പനസമ്മര്‍ദ്ദത്തിലേക്ക് നയിച്ചത്. അമേരിക്കയില്‍ റീറ്റെയ്ല്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലധികം കൂടിയതോടെ സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഇതോടെ നിക്ഷേപകര്‍ ഓഹരികളില്‍ നിന്ന് പിന്മാറി ബോണ്ട്, സ്വര്‍ണം തുടങ്ങിയ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണ്.
ഇസ്രായേലിനെതിരെ ഏത് നിമിഷവും ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന അമേരിക്കയുടെ വെളിപ്പെടുത്തലും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുമേല്‍ ആശങ്കയുടെ കാര്‍മേഘമായിട്ടുണ്ട്. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഇന്ത്യന്‍ ഓഹരികളില്‍ നിരാശ പടര്‍ത്തുന്നുണ്ട്. മൗറീഷ്യസ് കേന്ദ്രമായുള്ള വിദേശ ധനകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന നികുതിയിളവുകള്‍ ഇന്ത്യ റദ്ദാക്കിയതാണ് മുഖ്യ തിരിച്ചടി. നിലവില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ നികുതിയിളവ് കിട്ടാന്‍ വേണ്ടിമാത്രം മൗറീഷ്യസ് വഴി ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിനാണ് കേന്ദ്രം തടയിടുന്നത്.
കോര്‍പ്പറേറ്റ് കമ്പനികളുടെ ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലങ്ങള്‍ ഇന്നുമുതല്‍ പുറത്തുവന്ന് തുടങ്ങും. ടി.സി.എസ് ഫലം പ്രഖ്യാപിച്ചുകഴിഞ്ഞു. മറ്റ് കമ്പനികളുടെ ഫലങ്ങളാകും വരുംദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ഗതി നിശ്ചയിക്കുന്ന ഒരു നിര്‍ണായക ഘടകം.
നിരാശപ്പെടുത്തിയവരും പിടിച്ചുനിന്നവരും
വിശാലവിപണിയില്‍ എല്ലാ ഓഹരി ശ്രേണികളും ഇന്ന് ചുവന്നു. നിഫ്റ്റ് എഫ്.എം.സി.ജി 1.09 ശതമാനം, മീഡിയ 1.21 ശതമാനം, ഫാര്‍മ 1.72 ശതമാനം, ഹെല്‍ത്ത്‌കെയര്‍ 1.45 ശതമാനം, പി.എസ്.യു ബാങ്ക് 1.26 ശതമാനം, ഓയില്‍ ആന്‍ഡ് ഗ്യാസ് 1.23 ശതമാനം എന്നിങ്ങനെ നഷ്ടത്തിലേക്ക് വീണു.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

നിഫ്റ്റി ഓട്ടോ 0.61 ശതമാനവും ധനകാര്യസേവനം 0.90 ശതമാനവും ഐ.ടി 0.78 ശതമാനവും താഴേക്കുപോയി. 0.88 ശതമാനമാണ് റിയല്‍റ്റിയുടെ വീഴ്ച. ബാങ്ക് നിഫ്റ്റി 0.86 ശതമാനം താഴ്ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 0.62 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.45 ശതമാനവും നഷ്ടത്തിലാണുള്ളത്.
സണ്‍ ഫാര്‍മ ഓഹരികള്‍ ഇന്ന് 4 ശതമാനത്തിലധികം ഇടിഞ്ഞു. കമ്പനിയുടെ വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്നത് അമേരിക്കന്‍ വിപണിയാണ്. സണ്‍ ഫാര്‍മയുടെ ദാദ്ര ഫാക്ടറിക്കെതിരെ അമേരിക്കന്‍ മരുന്നുവിപണിയുടെ റെഗുലേറ്ററായ യു.എസ് എഫ്.ഡി.എ നിയമനടപടി വേണമെന്ന് (Official action indicated/OIA) ശുപാര്‍ശ ചെയ്തതാണ് ഓഹരികളെ തളര്‍ത്തിയത്.
മാരുതി സുസുക്കി, ടൈറ്റന്‍, സിപ്ല, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, പവര്‍ഗ്രിഡ്, ഒ.എന്‍.ജി.സി എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് പ്രമുഖ ഓഹരികള്‍; 2-3 ശതമാനമാണ് ഇവയുടെ വീഴ്ച.
നിഫ്റ്റി 200ല്‍ പോളിസിബസാര്‍ (PB Fintech) 5 ശതമാനം താഴ്ന്ന് നഷ്ടത്തില്‍ മുന്നിലെത്തി. പേജ് ഇന്‍ഡസ്ട്രീസ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, സണ്‍ ഫാര്‍മ, ലോറസ് ലാബ്‌സ് എന്നിവയാണ് നഷ്ടത്തില്‍ ടോപ് 5ലുള്ള മറ്റ് ഓഹരികള്‍.
കഴിഞ്ഞദിവസങ്ങളിലെ മുന്നേറ്റം മുതലെടുത്ത് നിക്ഷേപകര്‍ ഇന്ന് ലാഭമെടുപ്പ് നടത്തിയതാണ് പി.ബി. ഫിന്‍ടെക്കിനെ തളര്‍ത്തിയത്. ഓണ്‍ലൈന്‍ പേയ്‌മെന്റ് അഗ്രഗേറ്റര്‍ ബിസിനസുകള്‍ക്കായി പി.ബി. പേ (PB Pay) എന്ന ഉപകമ്പനിക്ക് പോളിസിബസാര്‍ കഴിഞ്ഞദിവസം രൂപംനല്‍കിയിരുന്നു.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

സോന ബി.എല്‍.ഡബ്ല്യു, ഐ.ആര്‍.സി.ടി.സി., ഡെല്‍ഹിവെറി, വേദാന്ത, ഡോ. ലാല്‍ പാത്ത് ലാബ്‌സ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് നേട്ടത്തില്‍ മുന്നിലുള്ളവ. ഇലോണ്‍ മസ്‌ക് ഇന്ത്യയിലെത്തുന്നതും ടെസ്‌ല ഇന്ത്യയില്‍ ഫാക്ട്‌റി സ്ഥാപിച്ചേക്കുമെന്ന പ്രതീക്ഷകളുടെയും ബലത്തില്‍ ഇ.വി അനുബന്ധ ഓഹരികള്‍ ഇന്ന് ഉയരുകയായിരുന്നു.
ഇലക്ട്രിക് വാഹന നിര്‍മ്മാണഘടകങ്ങളും സാങ്കേതിക സേവനങ്ങളും ലഭ്യമാക്കുന്ന കമ്പനിയായ സോന ബി.എല്‍.ഡബ്ല്യുവിന്റെ ഓഹരി 5.26 ശതമാനമാണ് കുതിച്ചത്. ടെസ്‌ല ഇന്ത്യയില്‍ ഫാക്ടറി തുറന്നാല്‍ പ്രാദേശിക കമ്പനികളില്‍ നിന്നാകും നിര്‍മ്മാണഘടകങ്ങള്‍ കൂടുതലായും വാങ്ങിയേക്കുക. സി.എല്‍.എസ്.എയില്‍ നിന്ന് മികച്ച റേറ്റിംഗ് കിട്ടയതും ആഗോളതലത്തില്‍ ലോഹവിലകള്‍ ഉയരുന്നതും വേദാന്തയ്ക്ക് ഇന്നും കരുത്തായി; ഓഹരി മൂന്ന് ശതമാനത്തിലധികം കയറി. ടിക്കറ്റ് വിതരണത്തിനായി ഒ.എന്‍.ഡി.സിയുമായി (ONDC) സഖ്യത്തിലേര്‍പ്പെടുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇന്ന് ഐ.ആര്‍.സി.ടി.സി ഓഹരികളുടെ കയറ്റം.
ടി.സി.എസ് ഇന്ന് പ്രവര്‍ത്തനഫലം പുറത്തുവിട്ടു. ലാഭത്തിലും വരുമാനത്തിലും നേരിയ വളര്‍ച്ചയാണ് നാലാംപാദത്തിലുള്ളത്. 2023-24 വര്‍ഷത്തേക്കായി 28 രൂപ അന്തിമലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരികളില്‍ ഇന്നുപക്ഷേ നേട്ടം 0.48 ശതമാനം മാത്രമാണ്.
തിളക്കമില്ലാതെ കേരള ഓഹരികളും
കേരളത്തില്‍ നിന്നുള്ള കമ്പനികളിലും ഇന്ന് കുതിപ്പൊഴിഞ്ഞുനിന്നു. ബാങ്കിംഗ് ഓഹരികളില്‍ വില്‍പനസമ്മര്‍ദ്ദം കനക്കുകയും ചെയ്തു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഇന്ന് ലാഭവിഹിതം പ്രഖ്യാപിക്കാനിരിക്കേ, ഓഹരി 2.66 ശതമാനം ഉയര്‍ന്നിട്ടുണ്ട്. കല്യാണ്‍ ജുവലേഴ്‌സ് 2.38 ശതമാനവും പ്രൈമ ഇന്‍ഡസ്ട്രീസ് 9.99 ശതമാനവും യൂണിറോയല്‍ 4.97 ശതമാനവും വെര്‍ട്ടെക്‌സ് 4.87 ശതമാനവും ഉയര്‍ന്നു.
വണ്ടര്‍ല ഇന്ന് 2.91 ശതമാനം താഴേക്കുപോയി. നിറ്റ ജെലാറ്റില്‍ 2.18 ശതമാനവും നഷ്ടം കുറിച്ചു. കിംഗ്‌സ് ഇന്‍ഫ്ര 2.29 ശതമാനം, ഫാക്ട് 2.24 ശതമാനം, ജിയോജിത് 2.26 ശതമാനം, ഫെഡറല്‍ ബാങ്ക് 1.95 ശതമാനം, സി.എസ്.ബി ബാങ്ക് 1.79 ശതമാനം, ധനലക്ഷ്മി ബാങ്ക് 0.90 ശതമാനം എന്നിങ്ങനെയും നഷ്ടം രേഖപ്പെടുത്തി. 1.49 ശതമാനമാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നഷ്ടം.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it