Begin typing your search above and press return to search.
ഹിന്‍ഡന്‍ബര്‍ഗില്‍ ഉലഞ്ഞ് ഓഹരി വിപണി, അദാനിക്കും വീഴ്ച; അപ്രതീക്ഷിത ഉയര്‍ച്ചയില്‍ വി-ഗാര്‍ഡ്, വീണ്ടും അപ്പർ സർക്യൂട്ടിൽ ഓല
സെബി അദ്ധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് തൊടുത്തുവിട്ട അമ്പേറ്റ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് താഴേക്ക് പതിച്ചു. രാവിലെ നഷ്ടത്തോടെ തുടങ്ങിയ സൂചികകള്‍ ഇടയ്ക്ക് നേട്ടത്തിലേക്ക് കയറിയെങ്കിലും വ്യാപാരാന്ത്യത്തില്‍ നഷ്ടത്തില്‍ തന്നെ കലാശിച്ചു. പക്ഷെ തുടക്കത്തിലെ നഷ്ടം പരിമിതപ്പെടുത്താന്‍ വിപണിക്ക് സാധിച്ചു.
സെന്‍സെക്‌സ് 56.99 പോയിന്റ് (0.07 ശതമാനം) ഇടിഞ്ഞ് 79,648.92ലും നിഫ്റ്റി 20.50 പോയിന്റ് (0.09 ശതമാനം) താഴ്ന്ന് 24,347ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇടയ്ക്ക് ഒരുവേള സെന്‍സെക്‌സ് 79,226.13 വരെയും നിഫ്റ്റി 24,212.10 വരെയും താഴ്ന്നിരുന്നു.
നിഫ്റ്റിയില്‍ അദാനി പോര്‍ട്‌സ്, എന്‍.ടി.പി.സി, ഡോ.റെഡ്ഡീസ് ലാബ്‌സ്, ബ്രിട്ടാനിയ, അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് വലിയ നഷ്ടമുണ്ടാക്കിയത്.
സെന്‍സെക്‌സിലെ 30ല്‍ 18 ഓഹരികളും താഴ്ചയിലായി. അദാനി പോര്‍ട്‌സ്, എന്‍.ടി.പി.സി, പവര്‍ ഗ്രിഡ് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടത്തിലായത്.
വിവിധ സൂചികകളുടെ പ്രകടനം
വിവിധ സെക്ടറുകളെടുത്താല്‍ മീഡിയ, പി.എസ്.യു ബാങ്ക്, ഓട്ടോ, എഫ്.എം.സി.ജി, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ എന്നിവ നഷ്ടത്തിലേക്ക് വീണു.
റിയല്‍റ്റിയാണ് 1.32 ശതമാനം നേട്ടവുമായി ഇന്നത്തെ വീഴ്ചയില്‍ കരുത്തുകാട്ടിയത്. ബാങ്ക്, ഐ.ടി, മെറ്റല്‍, പ്രൈവറ്റ് ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയും പച്ചപിടിച്ചു.
സ്‌മോള്‍, മിഡ്‌ക്യാപ് സൂചികകള്‍ ഇന്ന് നേരിയ നേട്ടത്തില്‍ അവസാനിപ്പിച്ചു.
ബി.എസ്.ഇയില്‍ ഇന്ന് 4,185 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 1,899 ഓഹരികള്‍ മാത്രമാണ് നേട്ടത്തിലായത്. 2,187 ഓഹരികള്‍ നഷ്ടത്തിലായി. 99 ഓഹരികളുടെ വില മാറിയില്ല. 279 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 40 ഓഹരികള്‍ താഴ്ന്ന വിലയിലായി. അപ്പര്‍ സര്‍ക്യൂട്ടില്‍ ഒറ്റ ഓഹരി പോലുമില്ല, രണ്ട് ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലുണ്ട്.
അദാനി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം
ഹിന്‍ഡന്‍ബര്‍ഗ് സെബി വാഗ്‌വാദങ്ങള്‍ മുറുകിയത് ഇന്ന് അദാനി ഓഹരികളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിലാക്കി. ഗ്രൂപ്പിലെ ചില ഓഹരികള്‍ ഏഴ് ശതമാനത്തോളം നഷ്ടത്തിലേക്ക് വീണ ശേഷമാണ് നഷ്ടം നിജപ്പെടുത്തിയത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 20,000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. അദാനി ഗ്രീന്‍ എനര്‍ജി ഏഴ് ശതമാനത്തോളം ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യത്തില്‍ ഒരു ശതമാനം കയറി. അംബുജ സിമന്റ്‌സാണ് നേട്ടത്തിലേക്ക് കാല്‍വച്ച മറ്റൊരു ഓഹരി.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളില്‍ സെബി ഉദാസീനത കാണിച്ചത് രഹസ്യ ഇടപാട് മൂലമാണെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം.
റെയില്‍ ഓഹരികളില്‍ മുന്നേറ്റം
ആര്‍.വി.എന്‍ എല്‍ ഉള്‍പ്പെടെയുള്ള റെയില്‍ ഓഹരികള്‍ ഇന്ന് മുന്നേറ്റത്തിലായിരുന്നു. ആര്‍.വി.എന്‍.എല്‍ ഓഹരി വില 11 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. റെയില്‍വേ മന്ത്രാലയത്തിന് 24,657 കോടി രൂപയുടെ പദ്ധതിക്ക് ഇന്ന് കാബിനറ്റ് കമ്മിറ്റി അനുമതി നല്‍കിയതാണ് റെയില്‍വേ ഓഹരികളെ മുന്നേറ്റത്തിലാക്കിയത്. മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ ഉയര്‍ച്ചയിലാണ് മറ്റ് ഓഹരികള്‍. പാദഫലപ്രവര്‍ത്തനങ്ങള്‍ പുറത്തുവിട്ടതിനു ശേഷം കഴിഞ്ഞയാഴ്ച ആര്‍.വി.എന്‍.എല്‍ ഓഹരിയുടെ നീക്കം താഴേക്കായിരുന്നു. വരുമാനം 27 ശതമാനം ഇടിഞ്ഞതാണ് കാരണം.
ജൂബിലന്റ് ഫുഡ് വര്‍ക്‌സ് ഓഹരി വിലയും ഇന്ന് 8.20 ശതമാനം മുന്നേറി.
സുസ്‌ലോണ്‍ എനര്‍ജി തുടര്‍ച്ചയായ നാലാം ദിവസവും 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടടിച്ചു. ഓഹരി വില 80 രൂപ കടന്നു. 2010 ജനുവരിക്ക് ശേഷമുള്ള ഉയര്‍ന്ന വിലയാണിത്. ഈ വര്‍ഷം ഇതുവരെ 110 ശതമാനമാണ് ഓഹരിയുടെ വളര്‍ച്ച. വെള്ളിയാഴ്ച സുസ്‌ലോണിന്റെ വിപണി മൂല്യം ഒരു ലക്ഷം കോടിയെന്ന നാഴികക്കല്ലും കടന്നിരുന്നു.
കഴിഞ്ഞ പാദത്തില്‍ വില്‍പനയും ലാഭവും ലാഭമാര്‍ജിനും ഗണ്യമായി വര്‍ധിപ്പിച്ച വോള്‍ട്ടാസ് ഓഹരികളില്‍ ഇന്ന് 10.69 ശതമാനം വരെ കുതിപ്പുണ്ടാക്കി. മാക്രോടെക് ഡെവലപ്പേഴ്‌സ് ഓഹരി ഇന്ന് 4.39 ശതമാനം ഉയര്‍ന്നു.
പുതിയ കിണറുകളില്‍ നിന്നുള്ള വാതകത്തിന്റെ വില 20 ശതമാനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവ് ഒ.എന്‍.ജി.സി ഓഹരികളെ ഇന്ന് ഉയര്‍ത്തി.
ഓഹരി വിപണിയിലെ പുതിയ താരങ്ങളിലൊന്നായ ഓല തുടര്‍ച്ചയായ രണ്ടാം ദിവസവും 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. രണ്ട് ദിവസം കൊണ്ട് 40 ശതമാനത്തിലധികമാണ് ഓഹരി വിലയിലുണ്ടായ വര്‍ധന.
സണ്‍ ടി.വി നെറ്റ്‌വര്‍ക്‌സാണ് ഇന്ന് 10.62 ശതമാനം ഇടിവുമായി നിഫ്റ്റി 200ലെ മുഖ്യ നഷ്ടക്കാര്‍. വരുമാനവും ലാഭവും കുറഞ്ഞതാണ് ഓഹരിയെ ബാധിച്ചത്.
ഭാവി വളര്‍ച്ച ശോഭനമല്ലെന്ന പ്രസ്താവനകള്‍ ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് ഓഹരികളെ എട്ടു ശതമാനം താഴ്ചയിലാക്കി.
പൊതുമേഖല കമ്പനിയായ ഭാരത് ഡൈനാമിക്‌സിന്റെ ഓഹരി വില ഇന്ന് 19 ശതമാനം വരെ ഇടിവ് നേരിട്ടു. ഏപ്രില്‍-ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം മോശമായതാണ് ഓഹരി വിലയില്‍ ഇടിവിന് കാരണായത്. കമ്പനിയുടെ ലാഭത്തില്‍ 83 ശതമാനം കുറവുണ്ടായി. നികുതിക്ക് ശേഷമുള്ള ലാഭം 7.21 കോടി രൂപയാണ്. പ്രവര്‍ത്തന വരുമാനത്തില്‍ 35.81 ശതമാനം ഇടിവുണ്ടായി.
എല്‍.ഐ.സി ഓഹരികളിന്ന് അഞ്ച് ശതമാനത്തിനടുത്ത് ഇടിഞ്ഞു. ആസ്ട്രല്‍ ഓഹരികളാണ് 4.50 ശതമാനം ഇടിവുമായി നഷ്ടപ്പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയത്.
പ്രമുഖ കോഫി ഷോപ് ശൃംഖലയായ കഫേ കോഫി ഡേയെ പാപ്പരത്ത നടപടികള്‍ക്ക് വിധേയമാക്കാന്‍ ബംഗളൂരുവിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ അനുമതി നല്‍കിയത് ഓഹരികളില്‍ വലിയ ഇടിവുണ്ടാക്കി. മാതൃകമ്പനിയായ കോഫി ഡേ എന്റര്‍പ്രൈസസിന്റെ വില 17 ശതമാനം വരെ ഇടിഞ്ഞു.
താരമായി വെസ്‌റ്റേണ്‍ ഇന്ത്യ, വി-ഗാര്‍ഡ്
കേരള ഓഹരികളില്‍ ഇന്ന് 8.93 ശതമാനം ഉയര്‍ന്ന വെസ്‌റ്റേണ്‍ ഇന്ത്യയാണ് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചത്. വി-ഗാര്‍ഡ് ഓഹരികള്‍ 7.29 ശതമാനം നേട്ടവുമായി രണ്ടാമതെത്തി. കേരള ആയുര്‍വേദ ഓഹരികളില്‍ 4.99 ശതമാനത്തിന്റെ വര്‍ധനയുണ്ട്. യൂണിറോയല്‍ ഓഹരി വില 4.34 ശതമാനവും ഇസാഫ് 4.13 ശതമാനവും ഉയര്‍ന്നു.
കല്യാണ്‍ ജുവലേഴ്‌സ്, മണപ്പുറം ഫിനാന്‍സ് എന്നിവയും നേട്ടത്തിലാണ്.
മോശം പ്രവര്‍ത്തന ഫലം കാഴ്ചവച്ച ധനലക്ഷ്മി ബാങ്ക് ഓഹരികളിന്ന് 5.58 ശതമാനം ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒന്നാം പാദത്തില്‍ 8 കോടി രൂപയുടെ നഷ്ടമാണ് ബാങ്ക് രേഖപ്പെടുത്തിയത്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ 5.6 ശതമാനം ഇടിവുമായി നഷ്ടക്കാരുടെ പട്ടികയില്‍ രണ്ടാമതെത്തി. ജി.ടി.എന്‍.എല്‍ (4.35 ശതമാനം), ഇന്‍ഡിട്രേഡ് (4.41 ശതമാനം), ആസ്പിന്‍വാള്‍ (3.3 ശതമാനം), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (2.18 ശതമാനം) എന്നിവയും ഇന്ന് നഷ്ടത്തിലായി.
Next Story
Videos