ചുവപ്പണിഞ്ഞ് പൊതുമേഖല; നഷ്ടത്തില്‍ മുങ്ങി ഓഹരികൾ; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 9% ഇടിഞ്ഞു, 15% തകര്‍ന്ന് എന്‍.എച്ച്.പി.സി

ബാങ്കുകളും റെയില്‍വേയും ഊര്‍ജവും പ്രതിരോധവും അടക്കമുള്ള പൊതുമേഖലാ ഓഹരികളില്‍ ഇന്ന് പെയ്തിറങ്ങിയത് ലാഭമെടുപ്പ് സമ്മര്‍ദ്ദത്തിന്റെ ചെഞ്ചുവപ്പന്‍ പെരുമഴ. വിറ്റൊഴിയല്‍ തിരക്കില്‍പ്പെട്ട സെന്‍സെക്‌സ് 523 പോയിന്റ് (-0.73%) നഷ്ടവുമായി 71,072.49ലും നിഫ്റ്റി 166.45 പോയിന്റ് (-0.76%) താഴ്ന്ന് 21,616.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു ഇന്ന് സൂചികകളുടെ വീഴ്ച. തുടക്കത്തില്‍ തന്നെ 21,831 വരെ ഉയര്‍ന്ന ശേഷം താഴ്ചയിലേക്ക് വീണ നിഫ്റ്റി ഇന്ന് ഒരുവേള 21,574 വരെ ഇടിഞ്ഞിരുന്നു. 71,722ല്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് ഒരുവേള 71,756 വരെ ഉയര്‍ന്ന ശേഷം പിന്നീട് ഇടിയുകയായിരുന്നു. ഒരുവേള സെന്‍സെക്‌സ് 70,922 വരെയും താഴ്ന്നിരുന്നു.
ഇടിവിന്റെ കാരണങ്ങള്‍
പൊതുമേഖലാ ബാങ്ക്, പ്രതിരോധം, റെയില്‍വേ, ഊര്‍ജ ഓഹരികളില്‍ ഇന്ന് കനത്ത വില്‍പന സമ്മര്‍ദ്ദമുണ്ടായി. പല റെയില്‍വേ ഓഹരികളും ഇടിഞ്ഞത് 11 ശതമാനത്തിലധികമാണ്.
ഇന്ന് വിവിധ ഓഹരി വിഭാഗങ്ങൾ കാഴ്ചവച്ച പ്രകടനം

മോശം ഡിസംബര്‍പാദ പ്രവര്‍ത്തനഫലമാണ് റെയില്‍വേ അടക്കമുള്ള പൊതുമേഖലാ ഓഹരികളെ വലച്ചത്. ബാങ്കിംഗ് ഓഹരികളില്‍ സൂചികകളില്‍ വലിയ വെയിറ്റേജുള്ള ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവ നേരിട്ട വീഴ്ച വലിയ തിരിച്ചടിയായി. പൊതുമേഖലാ ബാങ്കുകളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കും ബാങ്ക് ഓഫ് ബറോഡയും 3-7.6 ശതമാനം ഇടിവ് നേരിട്ടതും വലച്ചു.
മറ്റ് ഏഷ്യന്‍ വിപണികള്‍, പ്രത്യേകിച്ച് ചൈനീസ് വിപണിയും ഇന്ന് തളര്‍ച്ചയുടെ പാതയിലായിരുന്നു. ഇതും ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചു. മറ്റൊന്ന്, ഇന്ത്യയുടെ ജനുവരിയിലെ റീറ്റെയ്ല്‍ പണപ്പെരുപ്പ കണക്കും ഡിസംബറിലെ വ്യാവസായിക ഉത്പാദന സൂചികയുടെ (IIP) വളര്‍ച്ചാക്കണക്കും ഇന്ന് പുറത്തുവരുമെന്നതാണ്.
നിരാശപ്പെടുത്തിയവര്‍
ടാറ്റാ സ്റ്റീല്‍, എസ്.ബി.ഐ., ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐ.ടി.സി., കോട്ടക് ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സിന്റെ വീഴ്ചയ്ക്ക് ചുക്കാന്‍ പിടിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് കാഴ്ചവച്ച ചെറിയ നേട്ടമില്ലായിരുന്നെങ്കില്‍ വീഴ്ച ഇതിലും ശക്തമാകുമായിരുന്നു.
എന്‍.എച്ച്.പി.സി., ഭാരത് ഫോര്‍ജ്, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IRFC), ഭാരത് ഡൈനാമിക്‌സ്, റെയില്‍ വികാസ് നിഗം (RVNL) എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവ. ഇവ 11 മുതല്‍ 15.38 ശതമാനം വരെ ഇടിഞ്ഞു.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

ഡിസംബര്‍ പാദത്തില്‍ ലാഭം 26 ശതമാനവും വരുമാനം 20 ശതമാനവും ഇടിഞ്ഞത് പൊതുമേഖലാ സ്ഥാപനമായ എന്‍.എച്ച്.പി.സിയുടെ ഓഹരികളെ നഷ്ടത്തിലേക്ക് വീഴ്ത്തി. ഓഹരി ഇന്നൊരുവേള 20 ശതമാനം ഇടിഞ്ഞിരുന്നു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ പൊതുവായി ഇന്ന് ആഞ്ഞടിച്ച വില്‍പന സമ്മര്‍ദ്ദത്തില്‍പ്പെട്ട എസ്.ജെ.വി.എന്‍ 20 ശതമാനം ഇടിഞ്ഞു. ഭാരത് ഡൈനാമിക്‌സിന്റെ വീഴ്ച 11 ശതമാനത്തിന് മുകളിലാണ്. ഹഡ്‌കോ 10 ശതമാനം, ഐ.ഒ.ബി 9.85 ശതമാനം, ഇര്‍കോണ്‍ 8.12 ശതമാനം, ബെമല്‍ 7.6 ശതമാനം എന്നിങ്ങനെയും ഇടിഞ്ഞു. മൂന്നാംപാദ പ്രവര്‍ത്തനഫലം മോശമായതാണ് ഐ.ആര്‍.എഫ്.സി അടക്കമുള്ള റെയില്‍വേ ഓഹരികളിലും വിറ്റൊഴിയല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചത്.
നേട്ടത്തിലേറിയവര്‍
റിസര്‍വ് ബാങ്കിന്റെ വിലക്കടക്കമുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഉപദേശക സമിതിയെ നിയോഗിച്ച പശ്ചാത്തലത്തില്‍ പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) ഓഹരി ഇന്ന് തുടക്കത്തില്‍ നേട്ടമുണ്ടാക്കിയെങ്കിലും വൈകിട്ടോടെ നേരിയ നഷ്ടത്തിലേക്ക് വീണു.
ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കിയവർ

അമേരിക്കന്‍ വിപണിയുടെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.ടി., ഫാര്‍മ ഓഹരികളും ഇന്ന് തിളങ്ങി. ഇന്ത്യന്‍ ഐ.ടി., ഫാര്‍മ കമ്പനികള്‍ വരുമാനത്തിന്റെ വലിയൊരു പങ്കും നേടുന്നത് അമേരിക്കയില്‍ നിന്നാണ്.
വിപ്രോ, എച്ച്.സി.എല്‍ ടെക്, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
സൈഡസ് ലൈഫ് സയന്‍സസ്, എം.ആര്‍.എഫ്., മാസഗോണ്‍ ഷിപ്പ്ബില്‍ഡേഴ്‌സ്, ആസ്ട്രല്‍, കൊഫോര്‍ജ് എന്നിവയാണ് ഇന്ന് 2-6.2 ശതമാനം നേട്ടവുമായി നിഫ്റ്റി 200ല്‍ കൂടുതല്‍ തിളങ്ങിയവ.
മൂന്നാംപാദ ലാഭം 26 ശതമാനം ഉയര്‍ന്നത് സൈഡസ് ലൈഫ് ഓഹരികള്‍ ഇന്ന് ആഘോഷമാക്കി. മികച്ച ഡിസംബര്‍പാദ പ്രവര്‍ത്തന ഫലമാണ് എം.ആര്‍.എഫ് ഓഹരികള്‍ക്കും ഊര്‍ജമായത്.
വിപണിയുടെ ട്രെന്‍ഡ്
വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി ഐ.ടി (+0.79%), ഫാര്‍മ (+0.28%), ഹെല്‍ത്ത്‌കെയര്‍ (+0.54%) എന്നിവ മാത്രമേ പച്ചതൊട്ടുള്ളൂ. നിഫ്റ്റി സ്‌മോള്‍ക്യാപ്പ് 4.01 ശതമാനം ഇടിഞ്ഞു. പൊതുമേഖലാ ഓഹരികളിലെ വില്‍പന സമ്മര്‍ദ്ദമാണ് തിരിച്ചടിയായത്.
നിഫ്റ്റി മിഡ്ക്യാപ്പും ഇതേകാരണത്താല്‍ 2.48 ശതമാനം താഴേക്കിറങ്ങി. പൊതുമേഖലാ ബാങ്ക് ഓഹരികളുടെ വീഴ്ചയില്‍ തട്ടി ബാങ്ക് നിഫ്റ്റിയും ഇന്ന് 1.65 ശതമാനം വീണു. നിഫ്റ്റി പി.എസ്.യു ബാങ്ക് 4.43 ശതമാനവും പ്രൈവറ്റ് ബാങ്ക് 1.66 ശതമാനവും ധനകാര്യ സേവനം 1.41 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി മീഡിയ 4.46 ശതമാനം, മെറ്റല്‍ 2.40 ശതമാനം, റിയല്‍റ്റി 2.97 ശതമാനം, ഓയില്‍ ആന്‍ഡ് ഗ്യാസ് 2.62 ശതമാനം എന്നിങ്ങനെയും ഇടിഞ്ഞു.
നിഫ്റ്റി 50ല്‍ ഇന്ന് 16 ഓഹരികള്‍ നേട്ടത്തിലും 34 എണ്ണം നഷ്ടത്തിലുമായിരുന്നു. ഡോ. റെഡ്ഡീസ്, അപ്പോളോ ഹോസ്പിറ്റില്‍, ഡിവീസ് ലാബ്, വിപ്രോ, എച്ച്.സി.എല്‍ ടെക് എന്നിവയാണ് കൂടുതല്‍ തിളങ്ങിയത്.
ബി.എസ്.ഇയില്‍ ഇന്ന് 4,079 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടെങ്കിലും നേട്ടമുണ്ടാക്കിയത് വെറും 980 എണ്ണം മാത്രം. 3,015 ഓഹരികള്‍ നഷ്ടം രുചിച്ചു. 84 ഓഹരികളുടെ വില മാറിയില്ല.
368 ഓഹരികള്‍ ഇന്ന് 52 ആഴ്ചത്തെ ഉയരവും 57 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍, ലോവര്‍-സര്‍കീട്ടുകള്‍ ശൂന്യമായിരുന്നു.
ഇന്ന് ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപക സമ്പത്ത് 7.51 ലക്ഷം കോടി രൂപയുടെ നഷ്ടവും നേരിട്ടു. 386.36 ലക്ഷം കോടി രൂപയില്‍ നിന്ന് 378.84 ലക്ഷം കോടി രൂപയിലേക്കാണ് മൂല്യമിടിഞ്ഞത്.
ചുവപ്പണിഞ്ഞ് കേരള ഓഹരികളും
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പ്രഖ്യാപിച്ച ഇടക്കാല ലാഭവിഹിതമായ 3.5 രൂപയുടെ എക്‌സ്-ഡേറ്റായിരുന്നു ഇത്. ഓഹരി വില ഇന്ന് 8.73 ശതമാനം ഇടിയുകയും ചെയ്തു.
ഇന്നോ ഇന്നലെ വരെയോ ആയി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി കൈവശമുള്ളവരാണ് ലാഭവിഹിതം നേടാന്‍ അര്‍ഹര്‍. ഫെബ്രുവരി 28ഓടെ ലാഭവിഹിതം നിക്ഷേപര്‍ക്ക് നല്‍കും.
പൊതുവേ കേരള ഓഹരികള്‍ ഇന്ന് കണ്ടത് കനത്ത ലാഭമെടുപ്പാണ്. വിരലില്ലെണ്ണാവുന്നവ ഒഴികെയുള്ളവയെല്ലാം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. നിറ്റ ജെലാറ്റിന്‍ 4.16 ശതമാനം, എക്‌സലോജിക്കിന് 'മാസപ്പടി' നല്‍കി എന്ന വിവാദത്തില്‍ അന്വേഷണം നേരിടുന്ന കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (CMRL) 3.11 ശതമാനം, ഫാക്ട് 1.38 ശതമാനം, കല്യാണ്‍ ജുവലേഴ്‌സ് 1.71 ശതമാനം, കെ.എസ്.ഇ 1.83 ശതമാനം, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് 4.17 ശതമാനം, വെര്‍ട്ടെക്‌സ് 4.95 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

അതേസമയം സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.56 ശതമാനം, ഇന്‍ഡിട്രേഡ് 7.37 ശതമാനം, ഹാരിസണ്‍സ് മലയാളം 7.33 ശതമാനം, കിംഗ്‌സ് ഇന്‍ഫ്ര 5.36 ശതമാനം, ധനലക്ഷ്മി ബാങ്ക് 4.98 ശതമാനം, മണപ്പുറം ഫിനാന്‍സ് 4.72 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.
ഇസാഫ് ബാങ്ക് 3.63 ശതമാനം, ജിയോജിത് 5.36 ശതമാനം, മുത്തൂറ്റ് ഫിനാന്‍സ് 3.65 ശതമാനം, മുത്തൂറ്റ് മൈക്രോഫിന്‍ 3.09 ശതമാനം എന്നിങ്ങനെയും നഷ്ടം നേരിട്ടു.
ഇന്ത്യയിലെ നിക്ഷേപങ്ങളില്‍ കനേഡിയന്‍ നിക്ഷേപക സ്ഥാപനവും ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന്‍ പ്രേംവത്സ നയിക്കുന്ന കമ്പനിയുമായ ഫെയര്‍ഫാക്‌സ് കൃത്രിമം കാണിക്കുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം വന്നിരുന്നു. ഫെയര്‍ഫാക്‌സിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള ബാങ്കാണ് സി.എസ്.ബി ബാങ്ക്. 2.06 ശതമാനം നഷ്ടത്തിലാണ് ഇന്ന് സി.എസ്.ബി ബാങ്കുള്ളത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it