Begin typing your search above and press return to search.
ലാഭമെടുപ്പ് മഹാമഹം! വിപണി ഉണര്‍ന്നിട്ടും നഷ്ടം ₹4 ലക്ഷം കോടി, കിതച്ച് എസ്.ബി.ഐയും ടാറ്റാ മോട്ടോഴ്‌സും
ഏതാണ്ടെല്ലാ മേഖലകളിലും കൊണ്ടുപിടിച്ച ലാഭമെടുപ്പ്! മാര്‍ക്കറ്റ് റെഗുലേറ്റര്‍മാരായ സെബിയുടെ 'അടിയേറ്റ് വലഞ്ഞ്' മിഡ്-സ്‌മോള്‍ക്യാപ്പ് ഓഹരികളും. എന്നിട്ടും, ഇന്ന് സെന്‍സെക്‌സും നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തില്‍! റിലയന്‍സും എച്ച്.ഡി.എഫ്.സി ബാങ്കും പോലുള്ള ഏതാനും ബ്ലൂ-ചിപ്പ് ഓഹരികള്‍ കാഴ്ചവച്ച തിളക്കമാണ് നേരിയ നേട്ടത്തിലെങ്കിലും വ്യാപാരം അവസാനിപ്പിക്കാന്‍ ഇന്ന് സൂചികകളെ സഹായിച്ചത്. അല്ലായിരുന്നെങ്കില്‍, ഇന്ന് വിപണി കനത്ത നഷ്ടക്കയത്തില്‍ മുങ്ങുമായിരുന്നു.
വ്യാപാരത്തിന്റെ തുടക്കംമുതല്‍ ഇന്ന് വിപണിയില്‍ കണ്ടത് നേട്ടത്തിലും നഷ്ടത്തിലുമൂടെയുള്ള കനത്ത ചാഞ്ചാട്ടമാണ്. 73,516ല്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് ഒരുവേള 74,000 ഭേദിച്ചെങ്കിലും പിന്നീട് ഇടിഞ്ഞത് 73,342 വരെ. നിഫ്റ്റി 22,334ല്‍ തുടങ്ങി 22,452ല്‍ തൊട്ടശേഷം 22,256വരെ താഴ്ന്നു. വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സുള്ളത് 165.32 പോയിന്റ് (+0.22%) നേട്ടത്തോടെ 73,667.96ല്‍. നിഫ്റ്റി 3.05 പോയിന്റ് (+0.01%) മാത്രം ഉയര്‍ന്ന് 22,335.70ലും വ്യാപാരം പൂര്‍ത്തിയാക്കി.
ചുവപ്പണിഞ്ഞ് വിശാല വിപണി
ഐ.ടി., ധനകാര്യ സേവനം, സ്വകാര്യബാങ്ക് ഒഴികെയുള്ള ഓഹരികളിലെല്ലാം ഇന്ന് വിറ്റൊഴിയല്‍ സമ്മര്‍ദ്ദം വീശിയടിച്ചു. നിഫ്റ്റി ഐ.ടി സൂചിക 0.64 ശതമാനം ഉയര്‍ന്നു. 0.17 ശതമാനമാണ് ധനകാര്യ സേവന സൂചികയുടെ നേട്ടം. 0.04 ശതമാനമെന്ന നേരിയ നേട്ടമാണ് നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക കുറിച്ചത്.
നിഫ്റ്റി റിയല്‍റ്റി ഓഹരികള്‍ ഇന്ന് ലാഭമെടുപ്പില്‍ മുങ്ങി; സൂചിക 3.71 ശതമാനം ഇടിഞ്ഞു. സൂചികയില്‍ 30 ശതമാനത്തോളം വെയിറ്റേജുള്ള ഡി.എല്‍.എഫ് 5 ശതമാനം ഇടിഞ്ഞതാണ് കൂടുതല്‍ തിരിച്ചടിയായത്.
ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസും മാക്രോടെക്കും 4-5 ശതമാനം താഴേക്കുപോയി. സ്വാന്‍ എനര്‍ജി, ലോധ എന്നിവയും കനത്ത വീഴ്ച നേരിട്ടു. നിഫ്റ്റി പി.എസ്.യു ബാങ്ക് 2.57 ശതമാനം, മീഡിയ 1.85 ശതമാനം, മെറ്റല്‍ 1.73 ശതമാനം, ഹെല്‍ത്ത്‌കെയര്‍ 1.06 ശതമാനം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.11 ശതമാനം എന്നിങ്ങനെയും ഇടിഞ്ഞു.
മുഖ്യ സൂചികകളുടെ നേട്ടത്തിന്റെ ശോഭ തീരെക്കെടുത്തിയ വീഴ്ചയാണ് ഇന്ന് നിഫ്റ്റി മിഡ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ നേരിട്ടത്. നിഫ്റ്റി മിഡ്ക്യാപ്പ് 1.41 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.98 ശതമാനവും ഇടിഞ്ഞു. എസ്.എം.ഇ ഐ.പി.ഒകളില്‍ കൃത്രിമത്വം നടക്കുന്നുണ്ടെന്നുള്ള സെബി മേധാവി മാധബി പുരി ബുചിന്റെ പ്രസ്താവനയാണ് വലച്ചത്. ഇന്ത്യയുടെ നാണയപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാനിരിക്കേ നടന്ന ലാഭമെടുപ്പ്, എസ്.എം.ഇ ഓഹരികളിലുണ്ടായ വില്‍പന സമ്മര്‍ദ്ദം തുടങ്ങിയവയാണ് ഇന്ന് വിപണിയെ ഉലച്ചത്.
നേട്ടത്തിലേറിയവരും കിതച്ചവരും
എച്ച്.ഡി.എഫ്.സി ബാങ്ക്, ടി.സി.എസ്., മാരുതി സുസുക്കി, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ ഇന്ന് സെന്‍സെക്‌സില്‍ നേട്ടത്തിന് നേതൃത്വം നല്‍കി. പൂനാവാല ഫിന്‍കോര്‍പ്പ്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, ടൊറന്റ് പവര്‍, എച്ച്.ഡി.എഫ്.സി ബാങ്ക്, ആദിത്യ ബിര്‍ള ക്യാപ്പിറ്റല്‍ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടം കുറിച്ചവ.
എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികള്‍ വാങ്ങിക്കാമെന്ന ചില ബ്രോക്കറേജുകളുടെ അഭിപ്രായം ഓഹരിക്ക് ഗുണം ചെയ്തു. ഉപ കമ്പനിയായ ആദിത്യ ബിര്‍ള ഫിനാന്‍സിനെ ലയിപ്പിക്കാനുള്ള തീരുമാനം ആദിത്യ ബിര്‍ള കാപ്പിറ്റല്‍ ഓഹരികള്‍ക്ക് ഇന്ന് നേട്ടമായി.
എസ്.ബി.ഐ., ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഐ.ടി.സി., എന്‍.ടി.പി.സി., ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം നേരിട്ടവര്‍. ടാറ്റാ സണ്‍സ് ഐ.പി.ഒ ഒഴിവാക്കാന്‍ ശ്രമിക്കുന്നെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ടാറ്റാ മോട്ടോഴ്‌സിന്റെ വീഴ്ച.
സുപ്രീം കോടതിയില്‍ നിന്ന് ഇലക്ടറല്‍ ബോണ്ട് വിഷയത്തിലേറ്റ തിരിച്ചടിയാണ് എസ്.ബി.ഐക്ക് ക്ഷീണമായത്. ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ (BAT) കമ്പനി 3.5 ശതമാനം ഓഹരി പങ്കാളിത്തം വിറ്റൊഴിയുന്ന സാഹചര്യത്തിലാണ് ഐ.ടി.സി നഷ്ടത്തിലേക്ക് വീണത്.
പതഞ്ജലി ഫുഡ്‌സ് ഇന്ന് 7.78 ശതമാനം ഇടിഞ്ഞ് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നിലെത്തി. മാക്രോടെക് ഡെവലപ്പേഴ്‌സ്, ഇന്ത്യന്‍ ബാങ്ക്, ഡി.എല്‍.എഫ്., പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം (5-5.6%) നേരിട്ട മറ്റ് ഓഹരികള്‍.
നാളെ ഇടക്കാല ഡിവിഡന്‍ഡ് പ്രഖ്യാപിക്കാനിരിക്കേയാണ് പതഞ്ജലി ഓഹരികള്‍ ഇന്ന് നഷ്ടത്തിലേക്ക് വീണത്. ബ്രോക്കറേജുകളില്‍ നിന്നുള്ള 'വില്‍ക്കുക' (Sell) സ്റ്റാറ്റസ് പശ്ചാത്തലത്തിലാണ് പേയ്ടിഎം കിതയ്ക്കുന്നത്.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50 ഇന്ന് നേട്ടത്തിലാണുള്ളതെങ്കിലും നിറഞ്ഞുനിന്നത് കരടികളുടെ വിളയാട്ടമാണ്. 50ല്‍ 37 കമ്പനികളും ചുവന്നു. 13 എണ്ണം മാത്രം നേട്ടം കുറിച്ചു. എച്ച്.ഡി.എഫ്.സി ബാങ്കാണ് 2.31 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തിയത്.
അദാനി എന്റര്‍പ്രൈസസ് (-2.63%), ഗ്രാസിം (-2.36%), സിപ്ല (-2.21%), അദാനി പോര്‍ട്‌സ് (-2.12%) എന്നിവ നഷ്ടത്തിലും മുന്നിലെത്തി. ബി.എസ്.ഇയില്‍ 3,967 ഓഹരികള്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ടതില്‍ 625 ഓഹരികളേ നേട്ടം കുറിച്ചുള്ളൂ.
3,272 ഓഹരികള്‍ ചുവന്നു. 70 ഓഹരികളുടെ വില മാറിയില്ല. 124 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 161 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ട് ഇന്നും കാലി. ലോവര്‍-സര്‍കീട്ടില്‍ മൂന്ന് കമ്പനികളെ കണ്ടു.
ഓഹരികള്‍ നേട്ടത്തിലായിരുന്നെങ്കിലും കടകവിരുദ്ധമായി ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപക സമ്പത്ത് ഇന്ന് ചോര്‍ന്നൊഴുകി. 4.01 ലക്ഷം കോടി രൂപ ഇടിഞ്ഞ് 385.64 ലക്ഷം കോടി രൂപയാണ് വ്യാപാരാന്ത്യ മൂല്യം.
നിരാശപ്പെടുത്തി കേരള ഓഹരികളും
വില്‍പന സമ്മര്‍ദ്ദത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ക്കും ഇന്ന് കഴിഞ്ഞില്ല. സെല്ല സ്‌പേസ് (+4.98%), സി.എസ്.ബി ബാങ്ക് (+0.27%), മണപ്പുറം ഫിനാന്‍സ് (+0.15%), പ്രൈമ അഗ്രോ (+2.34%) എന്നിവയൊഴികെ മറ്റെല്ലാ ഓഹരികളും ഇന്ന് നഷ്ടമാണ് രേഖപ്പെടുത്തിയത്.
ടി.സി.എം 8.51 ശതമാനം, കിംഗ്‌സ് ഇന്‍ഫ്ര 6.09 ശതമാനം, ഡബ്ല്യു.ഐ.പി.എല്‍ 5 ശതമാനം, മുത്തൂറ്റ് കാപ്പിറ്റല്‍ 5.19 ശതമാനം, കിറ്റെക്‌സ് 5.06 ശതമാനം, ഫാക്ട് 4.63 ശതമാനം, ധനലക്ഷ്മി ബാങ്ക് 4.94 ശതമാനം, ബി.പി.എല്‍ 5.9 ശതമാനം, എ.വി.ടി 4.34 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.
സി.എം.ആര്‍.എല്‍ 4.41 ശതമാനം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 3.31 ശതമാനം, ഇസാഫ് ബാങ്ക് 3.41 ശതമാനം, കല്യാണ്‍ ജുവലേഴ്‌സ് 3.61 ശതമാനം, റബ്ഫില 3.62 ശതമാനം, സഫ സിസ്റ്റംസ് 4.96 ശതമാനം, സ്‌കൂബിഡേ 4.76 ശതമാനം, സൗത്ത് ഇന്ത്യന്‍ ബാങ്ക് 2.57 ശതമാനം, സ്റ്റെല്‍ 4.71 ശതമാനം, വെര്‍ട്ടെക്‌സ് 4.81 ശതമാനം എന്നിങ്ങനെയും നഷ്ടം കുറിച്ചു.
Next Story
Videos