നേട്ടത്തിലേറി സൂചികകള്‍; തിളങ്ങി കേരളത്തിന്റെ ഹാരിസണ്‍സും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും

ഇന്ന് പുതിയ റെക്കോഡ് തൊട്ട ആഭ്യന്തര ഓഹരി സൂചികകള്‍ നേട്ടത്തില്‍ തന്നെ വ്യാപാരമവസാനിപ്പിച്ചു. വ്യാപാരത്തിനിടെ സെന്‍സെക്‌സ് ഇന്ന് 77,145 പോയിന്റിലും നിഫ്റ്റി 23,481 പോയിന്റിലുമെത്തി. പിന്നീട് ആ നേട്ടം നിലനിറുത്താന്‍ സൂചികകള്‍ക്കായില്ല. വ്യപാരാന്ത്യം സെന്‍സെക്‌സ് 204.33 പോയിന്റ് നേട്ടത്തോടെ 76,810.90ലും നിഫ്റ്റി 75.90 പോയിന്റ് ഉയര്‍ന്ന് 23,398.90ലുമാണുള്ളത്.

യു.സിലെയും ഇന്ത്യയിലെയും പണപ്പെരുപ്പ കണക്കുകള്‍ ആശ്വാസ നിലയിലായതാണ് വിപണിയെ സന്തോഷിപ്പിച്ചത്. യു.എസില്‍ ഉപഭോക്തൃ വിലക്കയറ്റം പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്ന്ന് 3.3 ശതമാനത്തിലെത്തി. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ കരുത്തോടെ തന്നെ തുടരുമെന്നാണ് സൂചനകളാണ് ഇത് നല്‍കുന്നത്. പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിറുത്തിയ ജെറോം പവല്‍ ഈ വര്‍ഷം ഒരു തവണയും അടുത്ത വര്‍ഷം നാല് തവണയും പലിശ നിരക്ക് കുറച്ചേക്കാമെന്ന സൂചനയും നല്‍കിയിട്ടുണ്ട്. ഇത് ഐ.ടി ഉള്‍പ്പെടെയുള്ള ചില മേഖലകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
എന്നാല്‍ യു.എസ് ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശ നിരക്ക് വെട്ടിക്കുറയ്ക്കില്ലെന്ന സൂചനകള്‍ക്ക് പിന്നാലെ കടപത്രങ്ങളിലെ നേട്ടം ഉയര്‍ന്നത് യുറോപ്യന്‍ വിപണികളെ താഴ്ചയിലാക്കി.
രൂപയിന്ന് ഡോളറിനെതിരെ 83.54ല്‍ മാറ്റമില്ലാതെ തുടര്‍ന്നു.
വിവിധ സെക്ടറുകളുടെ പ്രകടനം
മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഇന്നും നേട്ടം നിലനിറുത്തി. 0.6 ശതമാനം വീതമാണ് ഉയര്‍ച്ച. നിഫ്റ്റി ഐ.ടി, നിഫ്റ്റി റിയല്‍റ്റി, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ സൂചികകള്‍ ഇന്ന് യഥാക്രമം 1.07 ശതമാനം, 1.36 ശതമാനം, 0.64 ശതമാനം ഉയര്‍ന്നു. അതേ സമയം നിഫ്റ്റി മീഡിയ, എഫ്.എം.സി.ജി സൂചികകള്‍ ഇന്ന് വിപണിയെ നഷ്ടത്തിലേക്ക് വലിച്ചു.

വിവിധ മേഖലകളുടെ ഇന്നത്തെ പ്രകടനം

ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളിലെ നിക്ഷേപകരുടെ സമ്പത്ത് ഇന്ന് 2.39 ലക്ഷം കോടി രൂപ വര്‍ധിച്ച് 431.7 ലക്ഷം കോടി രൂപയിലെത്തി.
ബി.എസ്.ഇയിലിന്ന് വ്യാപാരം നടത്തിയതില്‍ 2,350 ഓഹരികളും മുന്നേറി, 1,535 ഓഹരികളുടെ വില താഴ്ന്നു. 99 ഓഹരികളുടെ വില മാറിയില്ല.ഇന്ന് 295 ഓഹരികളാണ് അപ്പര്‍സര്‍ക്യൂട്ടിലുണ്ടായത്. 168 ഓഹരികള്‍ ലോവര്‍സര്‍ക്യൂട്ടിലുമെത്തി.
മുന്നേറിയ ഓഹരികൾ
എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷുറന്‍സ്, ശ്രീറാം ഫിനാന്‍സ്, ഡിവിസ് ലാബ്, ടൈറ്റന്‍ കമ്പനി, എല്‍ ആന്‍ഡ് ടി എന്നിവയാണ് നിഫ്റ്റി 50യില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
പേയ്ടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്റെ ഓഹരി വില 8 ശതമാനം ഉയര്‍ന്നു. പേയ്ടിഎമ്മിന്റെ ട്രാവല്‍, എന്റര്‍ടെയിന്‍മെന്റ് ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ സാംസംഗ് വാലറ്റിലും ലഭ്യമാകുമെന്ന വാര്‍ത്തകളാണ് ഓഹരിയെ ഉയര്‍ത്തിയത്.

ഇന്ന് നേട്ടം കുറിച്ചവര്‍

2,000 കോടി രൂപയുടെ അവകാശ ഓഹരികളിറക്കാന്‍ അനുമതി ലഭിച്ച ശോഭ ഓഹരികള്‍ അഞ്ച് ശതമാനം ഉയര്‍ന്നു.
ഒ.എന്‍.ജി.സിയില്‍ നിന്ന് എല്‍ ആന്‍ഡ് ടിയുടെ ഹൈഡ്രജന്‍ ബിസിനസ് വിഭാഗമായ എല്‍ ആന്‍ഡ് ടി എനര്‍ജിക്ക് ഓര്‍ഡര്‍ ലഭിച്ചതിനെ തുടര്‍ന്ന് ഓഹരി ഇന്ന് രണ്ടര ശതമാനത്തോളം കയറി.
2024 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനഫല കണക്കുകള്‍ പുറത്തുവിട്ട മസഗോണ്‍ ഡോക്ക് ഓഹരി ഇന്ന് ആറ് ശതമാനത്തോളം കുതിച്ചു
ഹെല്‍ത്ത്‌കെയര്‍ ബിസിനസ് വേര്‍പെടുത്തുന്ന സനോഫി ഇന്ത്യയുടെ ഓഹരികളിന്ന് അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി.
യൂണിസെഫില്‍ നിന്ന് ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ മരുന്നിന് ഓര്‍ഡര്‍ ലഭിച്ചത് വീനസ് റെമഡീസിനെ എട്ട് ശതമാനം ഉയര്‍ത്തി.
ക്രിസില്‍ അനുകൂല റേറ്റിംഗ് നല്‍കിയിതിനെ തുടര്‍ന്ന് തോമസ് കുക്ക് ഓഹരികളും ഇന്ന് ഉയര്‍ച്ചയിലായി.
ശ്രീറാം ഗ്രൂപ്പിന്റെ മുഖ്യ കമ്പനിയായ ശ്രീറാം ഫിനാന്‍സ് ഓഹരിയിന്ന് നാല് ശതമാനം ഉയര്‍ന്ന് റെക്കോഡ് ഉയരം താണ്ടി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലും പിന്നിട്ടു.
2025ല്‍ വാഹനങ്ങളിൽ ഉപയോഗിക്കുന്ന പെട്രോളിലെ എഥനോള്‍ സാന്നിധ്യം 20 ശതമാനമാക്കുക എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നും മേയില്‍ ഇത് 15 ശതമാനമായെന്നും പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ പ്രസ്താവന പഞ്ചസാര കമ്പനികളുടെ ഓഹരികളെ ഇന്ന് ഉയര്‍ത്തി.
ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് 10.95 ശതമാനവുമായി നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്, മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ്, ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ് എന്നിവയാണ് അഞ്ച് ശതമാനത്തിലധികം നേട്ടവുമായി തൊട്ട് പിന്നില്‍.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐഷര്‍ മോട്ടോഴ്‌സ്, ബ്രിട്ടാനിയ, എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ ഇന്ന് നിഫ്റ്റി 50യില്‍ നഷ്ടത്തില്‍ മുന്നില്‍.
കാലിടറിയവർ
വോഡഫോണ്‍ ഐഡിയയ്ക്ക് ഓഹരി വില്‍പ്പന വഴി 2,458 കോടി രൂപ സമാഹരിക്കാന്‍ ബോര്‍ഡ് ഇന്ന് അനുമതി നല്‍കിയിട്ടുണ്ട്. പക്ഷെ ഓഹരി ഇന്ന് രണ്ടു ശതമാനത്തിലധികം ഇടിവിലാണ്.

ഇന്ന് നഷ്ടം കുറിച്ചവര്‍

മാരികോ, എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ്, സണ്‍ ടി.വി നെറ്റ്‌വര്‍ക്ക്, വോഡഫോണ്‍ ഐഡിയ, ഡാബര്‍ ഇന്ത്യ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ലെ വന്‍ വീഴ്ചക്കാര്‍.
കുതിച്ചു കയറി കൊച്ചിൻ ഷിപ്പ്‌യാര്‍ഡ്

കേരള കമ്പനികളില്‍ ഇന്ന് വമ്പന്‍ കുതിപ്പ് കാഴ്ചവച്ചത് ഹാരിസണ്‍സ് മലയാളം ഓഹരികളാണ്. 169.62 രൂപയില്‍ നിന്ന് ഓഹരി വില 203.27 ശതമാനം കുതിച്ചു. ഓഹരിയുടെ മുന്നേറ്റത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ആറ് ശതമാനത്തിനടുത്ത് മുന്നേറി. കപ്പല്‍ നിര്‍മാണ ഓഹരികളില്‍ മൊത്തത്തിലുണ്ടായ അനുകൂല നീക്കമാണ് കൊച്ചിന്‍ ഷിപ്പ്‌യര്‍ഡ് ഓഹരികളെയും നയിച്ചത്.
ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, പ്രൈമ അഗ്രോ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയും അഞ്ച് ശതമാനത്തിലധികം നേട്ടവുമായി കേരളക്കമ്പനിയിലെ നേട്ടക്കാരുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലെത്തി.

കേരള കമ്പനി ഓഹരികളുടെ പ്രകടനം

യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ് , പോപ്പീസ് കെയര്‍, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്.
കല്യാണ്‍ ജുവലേഴ്‌സ് ഓഹരി ഇന്ന് 1.43 ശതമാനം ഇടിഞ്ഞ് 398 രൂപയിലെത്തി.

Related Articles

Next Story

Videos

Share it