ഓഹരി സൂചികകളില്‍ നേരിയ നേട്ടം മാത്രം; നിരാശപ്പെടുത്തി ഐ.ടി കമ്പനികള്‍

വ്യാപാരത്തിന്റെ ഭൂരിഭാഗം സമയവും ഇന്ന് കനത്ത നഷ്ടത്തിലായിരുന്ന ഇന്ത്യന്‍ ഓഹരി സൂചികകള്‍ വൈകിട്ടോടെ നഷ്ടം നികത്തി നേരിയ നേട്ടത്തിലെത്തി. ഒരുവേള 350 പോയിന്റോളം ഇടിഞ്ഞ സെന്‍സെക്‌സ് വ്യാപാരാന്ത്യം 38.23 പോയിന്റ് നേട്ടവുമായി 60,431ലാണുള്ളത്. 15.60 പോയിന്റുയര്‍ന്ന് നിഫ്റ്റി 17,828ലും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, തുടര്‍ച്ചയായ 9-ാം ദിവസമാണ് ഓഹരി സൂചികകള്‍ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്.

ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ച ഓഹരികൾ


ഒന്നുമുതല്‍ മൂന്ന് ശതമാനം വരെ നേട്ടവുമായി ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ആക്‌സിസ് ബാങ്ക്, കോട്ടക് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, എസ്.ബി.ഐ., ഏഷ്യന്‍ പെയിന്റ്‌സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സിന്റെ കരകയറ്റത്തിന് സഹായിച്ചത്. ഐ.ടി കമ്പനികളായ ടി.സി.എസ്., ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക് എന്നിവയും എന്‍.ടി.പി.സിയും നഷ്ടത്തിലേക്ക് വീണു. നിരാശാജനകമായ മാര്‍ച്ച്പാദ പ്രവര്‍ത്തനഫലങ്ങളാണ് ഐ.ടി കമ്പനികളുടെ ഓഹരികള്‍ക്ക് തിരിച്ചടിയാകുന്നത്.

ഏറ്റവുമധികം നഷ്ടം നേരിട്ടവ


ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരിവില 12 ശതമാനത്തോളം മുന്നേറി. ബാങ്കിന്റെ ഓഹരി വില്‍പന നടപടികളിലേക്ക് പ്രമോട്ടര്‍മാരായ എല്‍.ഐ.സിയും കേന്ദ്രസര്‍ക്കാരും കടന്നിരുന്നു. ഇതിന്റെ തുടര്‍നടപടികള്‍ക്ക് റിസര്‍വ് ബാങ്ക് കടന്നതാണ് ബാങ്കിന്റെ ഓഹരികള്‍ക്ക് നേട്ടമായത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ പ്രകടനം


മാന്ദ്യഭീതി വീണ്ടും

പ്രധാന ഏഷ്യന്‍ ഓഹരി വിപണികളെല്ലാം ഇന്ന് നഷ്ടത്തിലാണുള്ളത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ പണനയ യോഗത്തിന്റെ മിനുട്ട്‌സ് പുറത്തുവന്നിരുന്നു. അമേരിക്ക ഈ വര്‍ഷാവസാനത്തോടെ മാന്ദ്യത്തിലേക്ക് വീണേക്കുമെന്ന മിനുട്ട്‌സിലെ പരാമര്‍ശങ്ങളാണ് ഓഹരി വിപണികള്‍ക്ക് തിരിച്ചടിയായത്.
നേട്ടത്തോടെ കേരള ഓഹരികള്‍
കേരളം ആസ്ഥാനമായ 21 കമ്പനികളുടെ ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. പ്രമുഖ കേന്ദ്ര പൊതുമേഖലാ വളംനിര്‍മ്മാണ കമ്പനിയായ ഫാക്ടിന്റെ ഓഹരിവില 12.49 ശതമാനം ഉയര്‍ന്നു. കളമശേരിയില്‍ ഫാക്ടിന്റെ കൈവശമുള്ള 15 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കുസാറ്റുമായി ചേര്‍ന്ന് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കമാണ് ഓഹരികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ 50 ശതമാനത്തോളം വളര്‍ച്ച ഫാക്ട് ഓഹരികള്‍ കുറിച്ചിട്ടുണ്ട്.
കേരള കമ്പനികളുടെ പ്രകടനം

ധനലക്ഷ്മി ബാങ്ക്, ഇന്‍ഡിട്രേഡ് കാപ്പിറ്റല്‍, കല്യാണ്‍ ജുവലേഴ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയും ഇന്ന് മികച്ച നേട്ടം കുറിച്ചവയാണ്. എ.വി.ടി., ജിയോജിത്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സ്‌കൂബീഡേ എന്നിവ നഷ്ടം നേരിട്ടവയില്‍ പെടുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it