അമേരിക്കന്‍ കാറ്റ് ഏശിയില്ല; കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ വിപണി, നിക്ഷേപകര്‍ക്ക് ലാഭം 4 ലക്ഷം കോടി

അമേരിക്കയില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലധികം ഉയര്‍ന്നതും യു.എസ് ട്രഷറി ബോണ്ട് യീല്‍ഡും ഡോളറും നടത്തിയ കുതിപ്പും ഇന്ത്യന്‍ ഓഹരി വിപണിയെ ഇന്ന് ചോരക്കളമാക്കുമെന്ന വിലയിരുത്തലുകള്‍ നനഞ്ഞ പടക്കമായി. ഇന്ന് വ്യാപാരത്തിന്റെ തുടക്കം മുതല്‍ ഉച്ചവരെ ഇന്ത്യന്‍ ഓഹരികളും സമ്മര്‍ദ്ദത്തില്‍ പെട്ടെങ്കിലും പിന്നീട് പൊതുമേഖലാ ബാങ്ക്, വാഹന, ധനകാര്യ ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യത്തിന്റെ കരുത്തില്‍ നേട്ടത്തിലേക്ക് അതിവേഗം ഇരച്ചുകയറി.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

500 പോയിന്റോളം ഇടിഞ്ഞാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരത്തിന് തുടക്കമിട്ടത്. എന്നാല്‍, ഉച്ചയ്ക്കുശേഷം ആയിരം പോയിന്റോളം തിരികെപ്പിടിച്ച് നേട്ടത്തിലേക്ക് ഉയിര്‍ത്തെണീറ്റു. വ്യാപാരാന്ത്യത്തില്‍ 267.64 പോയിന്റ് (0.37%) നേട്ടവുമായി 71,822.83ലാണ് സെന്‍സെക്‌സുള്ളത്.

ഇന്നൊരുവേള സെന്‍സെക്‌സ് 71,035 പോയിന്റുവരെ താഴുകയും 71,938 വരെ ഉയരുകയും ചെയ്തിരുന്നു. 21,530 വരെ ഇടിയുകയും 21,870 വരെ കയറുകയും ചെയ്തശേഷമാണ് നിഫ്റ്റിയും ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 96.80 പോയിന്റ് (0.45%) നേട്ടവുമായി 21,840.05ലാണ് നിലവില്‍ നിഫ്റ്റിയുള്ളത്.
നേട്ടത്തിലേക്ക് കൈപിടിച്ചവര്‍
വിശാല വിപണിയില്‍ നിഫ്റ്റി ഐ.ടി (-1.12%), ഫാര്‍മ (-0.90%), ഹെല്‍ത്ത്‌കെയര്‍ (-0.94%) എന്നിവയൊഴികെയുള്ളവ ഇന്ന് നേട്ടം കുറിച്ചത് മുഖ്യ ഓഹരി സൂചികകള്‍ക്ക് നേട്ടമായി.
വരുമാനത്തിന്റെ മുഖ്യപങ്കും അമേരിക്കയില്‍ നിന്നാണെന്നതാണ് ഐ.ടി., ഫാര്‍മ ഓഹരികളെ ഇന്ന് വലച്ചത്. മാത്രമല്ല, അമേരിക്കയിലെ ഐ.ടി ഉപഭോക്താക്കള്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതും ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളുടെ ഓഹരികളെ ഇന്ന് വില്‍പന സമ്മര്‍ദ്ദത്തിലേക്ക് തള്ളി.
നിഫ്റ്റി പൊതുമേഖലാ ബാങ്ക് (3.24%), ഓയില്‍ ആന്‍ഡ് ഗ്യാസ് (3.10%), മീഡിയ (2.51%), ഓട്ടോ (1.46%), മെറ്റല്‍ (1.77%) എന്നിവ ഇന്ന് മികച്ച നേട്ടം കുറിച്ചു. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തോത് കുറയുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് (അതായത്, ആസ്തി നിലവാരം മെച്ചപ്പെടുന്നു) ഓഹരികള്‍ക്ക് ഊര്‍ജമായത്.
ബി.പി.സി.എല്‍., എച്ച്.പി.സി.എല്‍ ഓഹരികളിലുണ്ടായ മികച്ച വാങ്ങലിന്റെ ബലത്തിലാണ് നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളുടെ കയറ്റം. ജനുവരിയിലെ മികച്ച വില്‍പനക്കണക്കുകള്‍ വാഹന ഓഹരികള്‍ക്ക് കരുത്തായപ്പോള്‍ സീ എന്റര്‍ടെയ്ന്‍മെന്റിന്റെ നേട്ടം നിഫ്റ്റി മീഡിയയ്ക്കും തുണയായി.
ഇന്നത്തെ താരങ്ങള്‍
എസ്.ബി.ഐ., ടാറ്റാ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, മാരുതി സുസുക്കി, എന്‍.ടി.പി.സി എന്നിവയാണ് ഇന്ന് 2-4 ശതമാനം ഉയര്‍ന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എസ്.ബി.ഐ ഇന്ന് എക്കാലത്തെയും ഉയരവും തൊട്ടു.
എച്ച്.പി.സി.എല്‍., ബി.പി.സി.എല്‍., എല്‍.ഐ.സി., ഇന്ത്യന്‍ ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയാണ് ഇന്ന് 6-8.4 ശതമാനം നേട്ടവുമായി നിഫ്റ്റി 200ല്‍ ഏറ്റവും മുന്നിലെത്തിയത്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

അള്‍ട്രാവയലറ്റുമായി ചേര്‍ന്ന് ഇന്ത്യയിലെമ്പാടും ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം (HPCL). ഓഹരി ഇന്ന് 8.42 ശതമാനം മുന്നേറി.
ബ്ലോക്ക് ഡീലിന്റെ കരുത്തിലാണ് ബി.പി.സി.എല്‍ ഇന്ന് 7.30 ശതമാനം നേട്ടത്തിലേറിയത്. ബി.പി.സി.എല്‍ ട്രസ്റ്റ് 68.4 ലക്ഷം ഓഹരികള്‍ ഇന്ന് വിറ്റിട്ടുണ്ട്.
ചില ബ്രോക്കറേജുകളില്‍ നിന്ന് അനുകൂല പരാമര്‍ശം ഉണ്ടായ പശ്ചാത്തലത്തില്‍ എല്‍.ഐ.സി ഇന്ന് 6.48 ശതമാനം നേട്ടത്തിലേറി. മൂന്നാംപാദത്തില്‍ ലാഭം 141 ശതമാനം കുതിച്ചതും സോണി, സ്റ്റാര്‍ എന്നിവയുമായുള്ള തര്‍ക്കം പരിഹരിച്ച് നഷ്ടപരിഹാരം നേടാനുള്ള ശ്രമങ്ങളും സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരിയെ ഇന്ന് 6 ശതമാനം ഉയര്‍ത്തി.
നിരാശപ്പെടുത്തിയവര്‍
പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) ഓഹരി ഇന്നും 10 ശതമാനം കൂപ്പുകുത്തി (Read more). പേയ്ടിഎമ്മിനെതിരെ ഇ.ഡിയുടെ അന്വേഷണവും ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

ഇന്‍ഫോ എജ്ഡ് (നൗക്രി), എല്‍ ആന്‍ഡ് ടി ടെക്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ ഇടിഞ്ഞ് മറ്റ് ഓഹരികള്‍.
സെന്‍സെക്‌സില്‍ ഇന്‍ഫോസിസ്, ടി.സി.എസ്., ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖര്‍. മൂന്നു ശതമാനം വരെയാണ് ഇവരുടെ വീഴ്ച.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ ഇന്ന് 35 ഓഹരികള്‍ നേട്ടത്തിലും 15 എണ്ണം താഴ്ചയിലുമായിരുന്നു. ബി.എസ്.ഇയില്‍ 1,162 ഓഹരികള്‍ നേട്ടത്തിലേറിയപ്പോള്‍ 841 ഓഹരികള്‍ നഷ്ടം രുചിച്ചു. 1,935 ഓഹരികളുടെ വില മാറിയില്ല.
224 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരവും 41 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ടില്‍ ഏഴും ലോവര്‍-സര്‍കീട്ടില്‍ നാലും കമ്പനികളുണ്ടായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപക സമ്പത്ത് ഇന്ന് 4.09 ലക്ഷം കോടി രൂപ ഉയര്‍ന്നുവെന്ന കൗതുകവുമുണ്ട്. 380.75 ലക്ഷം കോടി രൂപയില്‍ നിന്ന് 384.85 ലക്ഷം കോടി രൂപയായാണ് വര്‍ധന.
തിരിച്ചുകയറി ധനലക്ഷ്മി ബാങ്ക്
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി നഷ്ടത്തിലേക്ക് വീണ ധനലക്ഷ്മി ബാങ്ക് ഇന്ന് 5 ശതമാനം നേട്ടവുമായി മികച്ച തിരിച്ചുവരവ് നടത്തി. എ.വി.ടി (5.16%), ആസ്പിന്‍വാള്‍ (5.32%), കിറ്റെക്‌സ് (3.33%), മുത്തൂറ്റ് കാപ്പിറ്റല്‍ (4.24%), പാറ്റ്‌സ്പിന്‍ (10%), സ്റ്റെല്‍ (4.21%), വെര്‍ട്ടെക്‌സ് (4.85%) എന്നിവയും ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള ഓഹരികളാണ്.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം


ഫാക്ട് 2.38 ശതമാനം നഷ്ടം നേരിട്ടു. 1.99 ശതമാനമാണ് കേരള ആയുര്‍വേദയുടെ നഷ്ടം. ബി.പി.എല്‍ 5.43 ശതമാനം താഴ്ന്നു. ആസ്റ്റര്‍, സി.എസ്.ബി ബാങ്ക്, കല്യാണ്‍ ജുവലേഴ്‌സ്, നിറ്റ ജെലാറ്റിന്‍, യൂണിറോയല്‍, വണ്ടര്‍ല എന്നിവയും ഇന്ന് നഷ്ടത്തിലാണുള്ളത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it