ഇടിവ് മുതലെടുത്ത് നിക്ഷേപം! കരകയറി വിപണി; കുതിച്ച് അദാനിക്കമ്പനികളും ഫാക്ടും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും റെയില്‍വേ ഓഹരികളും

ഇന്നലെ ഒട്ടുമിക്ക ഓഹരികളും നേരിട്ട കനത്ത ഇടിവ് മുതലെടുത്ത് നിക്ഷേപകര്‍, ഇന്ന് പ്രിയപ്പെട്ട ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ മത്സരിച്ചപ്പോള്‍ ഓഹരി സൂചികകള്‍ക്കുണ്ടായത് മികച്ച കരകയറ്റം. ഇന്നലെ വന്‍തോതില്‍ വിലയിടിഞ്ഞ ഓഹരികളിലെല്ലാം, പ്രത്യേകിച്ച് പൊതുമേഖലാ ഓഹരികളില്‍ ഇന്ന് നല്ല വാങ്ങലുകള്‍ ദൃശ്യമായി.
കേരളത്തില്‍ നിന്നുള്ള കേന്ദ്ര പൊതുമേഖലാ കമ്പനികളായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ഫാക്ടും കാഴ്ചവച്ച കുതിപ്പ് ഇതിനുദാഹരണമാണ്. വിദേശ, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും (Institutional Buyers) ഓഹരികൾ വാങ്ങാൻ തിക്കിത്തിരക്കി.
ഇന്നലെ കനത്ത വില്‍പന സമ്മര്‍ദ്ദത്തില്‍ അകപ്പെട്ട്, വിപണിമൂല്യത്തില്‍ 1.26 ലക്ഷം കോടി രൂപയുടെ ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികളും ഇന്ന് ഉയിര്‍ത്തെണീറ്റു. എസ്.എം.ഇ ശ്രേണിയില്‍ തിരിമറി നടക്കുന്നുണ്ടെന്ന സെബി മേധാവി മാധബി പുരി ബുച് തൊടുത്തുവിട്ട ആരോപണത്തില്‍ ഉലഞ്ഞ് ഇന്നലെ കൂപ്പുകുത്തിയ മിഡ്, സ്‌മോള്‍ക്യാപ്പ് ഓഹരികള്‍ ഇന്ന് അതൊക്കെ മറന്ന് നേട്ടത്തിലേക്ക് ഇരച്ചുകയറിയതും വിപണിക്ക് നേട്ടമായി.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

നഷ്ടത്തോടെയാണ് വിപണി ഇന്ന് വ്യാപാരത്തിന് തുടക്കമിട്ടതെങ്കിലും അതിവേഗം നേട്ടത്തിലേക്ക് ഉയര്‍ന്നു. 72,570ല്‍ നഷ്ടത്തോടെ തുടങ്ങിയ സെന്‍സെക്‌സ് പിന്നീടൊരുവേള 73,364 വരെ കയറി. വ്യാപാരാന്ത്യത്തിലുള്ളത് 335.39 പോയിന്റ് (+0.46%) നേട്ടവുമായി 73,097.28ല്‍. നിഫ്റ്റി 148.95 പോയിന്റ് (+0.68%) നേട്ടവുമായി 22,146.65ലും വ്യാപാരം അവസാനിപ്പിച്ചു. ആഗോള ഓഹരി വിപണികളിലെ ഉണര്‍വും ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളെ സ്വാധീനിച്ചു.
നേട്ടത്തിലേറിയവരും കിതച്ചവരും
ഇന്നലെ വലിയ വിറ്റൊഴിയലിന് വിധേയരായ അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഇന്ന് വന്‍തോതില്‍ നിക്ഷേപമൊഴുകി. അദാനി ടോട്ടല്‍ ഗ്യാസ് 11.35 ശതമാനവും അദാനി എനര്‍ജി സൊല്യൂഷന്‍സ് 10.44 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജി 10.11 ശതമാനവും ഉയര്‍ന്നു. ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണിമൂല്യത്തില്‍ ഇന്ന് 50,000 കോടി രൂപയ്ക്കുമേല്‍ വര്‍ധനയുമുണ്ടായി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ ഇന്നൊരുവേള ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. ഉപസ്ഥാപനമായ വയാകോം 18ലെ പാരാമൗണ്ട് ഗ്ലോബലിന്റെ കൈവശമുള്ള 13 ശതമാനത്തോളം ഓഹരികള്‍ 4,286 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള നീക്കമാണ് റിലയന്‍സ് ഓഹരികള്‍ക്ക് നേട്ടമായത്.
അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോകോര്‍പ്പ്, ഒ.എന്‍.ജി.സി എന്നിവയാണ് ഇന്ന് നിഫ്റ്റി 50ല്‍ 3-6.15 ശതമാനം കുതിപ്പുമായി നേട്ടത്തില്‍ മുന്നിലെത്തിയത്.
കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണശാലയായ ഫാക്ട് 14.41 ശതമാനം കുതിച്ച് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ ഒന്നാമതെത്തി. ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷൻ (IRFC) 13.32 ശതമാനം നേട്ടവുമായി രണ്ടാമതുണ്ട്.
യെസ് ബാങ്ക് 11.69 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 11.23 ശതമാനവും അദാനി എനര്‍ജി സൊല്യൂഷന്‍സ് 10.72 ശതമാനവും കുതിച്ച് ടോപ് 5ല്‍ യഥാക്രമം ഇടംപിടിച്ചു.
പുതിയ പ്രമോട്ടറെ കണ്ടെത്താനുള്ള നീക്കത്തിലാണ് യെസ് ബാങ്ക്. ബാങ്കിന് 800-900 കോടി ഡോളര്‍ (75,000 കോടി രൂപവരെ) മൂല്യം കണക്കാക്കി 51 ശതമാനം ഓഹരികള്‍ വരെ വില്‍ക്കാനാണ് നീക്കം. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഓഹരികളുടെ മുന്നേറ്റം.
റെയില്‍വേ ഓഹരികളായ റൈറ്റ്‌സ് (RITES), ആര്‍.വി.എന്‍.എല്‍., ഇര്‍കോണ്‍ റെയില്‍ടെല്‍ എന്നിവ 10 ശതമാനത്തിലേറെയും ഉയര്‍ന്നു. 500 മെഗാവാട്ടിന്റെ പുതിയ പ്രോജക്റ്റ് കിട്ടിയ പശ്ചാത്തലത്തില്‍ എസ്.ജെ.വി.എന്‍ 8 ശഥമാനം ഉയര്‍ന്നു.
കാസ്‌ട്രോള്‍ ഇന്ത്യ, ഗെയില്‍, ഐ.ഒ.സി., എച്ച്.പി.സി.എല്‍., ഗുജറാത്ത് സ്റ്റേറ്ര് പെട്രോനെറ്റ്, മഹാനഗര്‍ ഗ്യാസ്, ബി.പി.സി.എല്‍ എന്നിവയും ഇന്ന് 1-4 ശതമാനം ഉയര്‍ന്നു. ക്രൂഡോയില്‍വില വീണ്ടും ബാരലിന് 80 ഡോളര്‍ കടന്ന പശ്ചാത്തലത്തിലാണ് ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളുടെ കുതിപ്പ്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 8,073 കോടി രൂപയുടെ പുതിയ കരാര്‍ ലഭിച്ച ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ ഓഹരി ഇന്ന് 4.2 ശതമാനം ഉയര്‍ന്നു.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

പ്രസ്റ്റീജ് എസ്‌റ്റേറ്റ്‌സ്, ഇന്ത്യന്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, എന്‍.എം.ഡി.സി എന്നിവ ഇന്ന് 1.5-4.4 ശതമാനം താഴ്ന്ന് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നിലെത്തി. ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, എസ്.ബി.ഐ എന്നിവ 0.8-1.7 ശതമാനം താഴ്ന്ന് നിഫ്റ്റി 50ലും നഷ്ടത്തില്‍ മുന്നിലാണ്.
മിഡ്, സ്‌മോള്‍ കുതിപ്പ്
സെബി തൊടുത്ത ആരോപണത്തില്‍ തട്ടി കഴിഞ്ഞദിവസങ്ങളില്‍ നിലംപൊത്തിയ മിഡ്, സ്‌മോള്‍ക്യാപ്പ് ഓഹരികളില്‍ ഇന്നുണ്ടായ മികച്ച കരകയറ്റം. നിഫ്റ്റി മിഡ്-സ്‌മോള്‍ക്യാപ്പ് സൂചികകള്‍ 2-3.45 ശതമാനം കയറി.
ടെക്‌സ്മാകോ, റെയില്‍ടെല്‍, റൈറ്റ്‌സ്, ഐ.ആര്‍.എഫ്.സി., ഇര്‍കോണ്‍, യൂകോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, സ്വാന്‍ എനര്‍ജി, എസ്.ജെ.വി.എന്‍, ബി.എല്‍.എസ് ഇന്റര്‍നാഷണല്‍, ഐ.ടി.ഐ എന്നിവ 20 ശതമാനം വരെയാണ് ഇന്നുയര്‍ന്നത്.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ 37 ഓഹരികള്‍ ഇന്ന് നേട്ടത്തിലും 13 എണ്ണം നഷ്ടത്തിലുമായിരുന്നു. ബി.എസ്.ഇയില്‍ 2,679 ഓഹരികള്‍ പച്ചതൊട്ടപ്പോള്‍ 1,197 എണ്ണം നഷ്ടം കുറിച്ചു. 82 ഓഹരികളുടെ വില മാറിയില്ല.
74 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 173 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ട് ഇന്നും കാലിയായിരുന്നു. ലോവര്‍-സര്‍കീട്ടില്‍ രണ്ട് കമ്പനികളുണ്ടായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ നിക്ഷേപക സമ്പത്തില്‍ ഇന്നലെ 14 ലക്ഷം കോടിയോളം രൂപ ഇടിഞ്ഞിരുന്നുവെങ്കില്‍ ഇന്ന് 7.81 ലക്ഷം കോടി രൂപയുടെ നേട്ടമാണുണ്ടായത്.
വിശാല വിപണിയില്‍ നിഫ്റ്റി മിഡ്ക്യാപ്പ് 2.02 ശതമാനവും സ്‌മോള്‍ക്യാപ്പ് 3.45 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 2.33 ശതമാനവും നിഫ്റ്റി ആഐ.ടി., മീഡിയ, മെറ്റല്‍, ഫാര്‍മ എന്നിവ 1.40-2 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 0.46 ശതമാനവും ഫിനാന്‍ഷ്യല്‍ സര്‍വീസസ് 0.16 ശതമാനവും നിഫ്റ്റി ബാങ്ക് 0.41 ശതമാനവും താഴ്ന്നു.
മിന്നിത്തിളങ്ങി കേരള ഓഹരികളും
കഴിഞ്ഞദിവസങ്ങളില്‍ തീര്‍ത്തും നിറംമങ്ങിപ്പോയ കേരള ഓഹരികളും ഇന്ന് നേട്ടത്തിലേക്ക് കുതിച്ചുകയറി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 10.40 ശതമാനം, ജി.ടി.എന്‍ 10.11 ശതമാനം, ഫാക്ട് 13.21 ശതമാനം, കിംഗ്‌സ് ഇന്‍ഫ്ര 9.84 ശതമാനം, സ്റ്റെല്‍ 14.81 ശതമാനം, വി-ഗാര്‍ഡ് 6.18 ശതമാനം, വണ്ടര്‍ല 5.38 ശതമാനം, സൗത്ത് ഇന്ത്യന്‍ ബാങ്ക് 3.85 ശതമാനം, കിറ്റെക്‌സ് 4.79 ശതമാനം, ജിയോജിത് 6.14 ശതമാനം, സി.എസ്.ബി ബാങ്ക് 5.32 ശതമാനം എന്നിങ്ങനെ മുന്നേറി.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ധനലക്ഷ്മി ബാങ്ക് 4.34 ശതമാനവും എ.വി.ടി 4.32 ശതമാനവും സി.എം.ആര്‍.എല്‍ 5.52 ശതമാനവും ആസ്റ്റര്‍ മൂന്ന് ശതമാനവും നേട്ടമുണ്ടാക്കി. കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് വിഷയത്തിന്റെ പശ്ചാത്തലത്തിസ് ഫെഡറല്‍ ബാങ്ക് 1.25 ശതമാനം താഴ്ന്നു. ഇതേ വിഷയത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികളും ഉലഞ്ഞെങ്കിലും പിന്നീട് കരകയറുകയായിരുന്നു.
സെല്ല സ്‌പേസ് 5 ശതമാനം, കേരള ആയുര്‍വേദ 4.26 ശതമാനം, ആസ്പിന്‍വാള്‍ 3.55 ശതമാനം, പ്രൈമ ഇന്‍ഡസ്ട്രീസ് 4.71 ശതമാനം, ഡബ്ല്യു.ഐ.പി.എല്‍ 5 ശതമാനം, യൂണിറോയല്‍ 4.7 ശതമാനം എന്നിങ്ങനെയും താഴ്ന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it