കഴിഞ്ഞയാഴ്ചത്തെ മന്ദതയൊക്കെ കുടഞ്ഞെറിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണികളിന്ന് നേട്ടത്തിലേക്ക് ഓടികയറി. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വിപണികള്‍ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. പിന്നീട് കൂടുതല്‍ കയറ്റത്തിലായി. നിഫ്റ്റി 164 പോയിന്റ് ഉയര്‍ന്ന് 25,128ലും സെന്‍സെക്‌സ് 592 പോയിന്റ് ഉയര്‍ന്ന് 8281,973.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരാന്ത്യത്തോടടുക്കവെ ഒരുവേള സെന്‍സെക്‌സ് 82,000 പോയിന്റ് കടക്കുകയും ചെയ്തു. നിഫ്റ്റിയാകട്ടെ റെക്കോഡ് ഉയരത്തില്‍ നിന്ന് 1,253.9 പോയിന്റ് മാത്രമകലെയാണ് ഇന്ന്.
ക്രൂഡോയില്‍ വിലയിലുണ്ടായ കുറവ് ഇന്ന് വിപണിയെ സ്വാധീനിച്ചു.
ബ്രെന്റ് ക്രൂഡോയില്‍ വില രണ്ട് ശതമാനത്തോഴം താഴ്ന്ന് ബാരലിന് 77.02 ഡോളറായി.
പക്ഷെ ആഗോള വിപണികളിലെ ഉന്മേഷമില്ലായ്മ ഇന്ത്യന്‍ വിപണിയിലെ കൂടുതല്‍ നേട്ടത്തിലേക്ക് നീങ്ങുന്നതില്‍ നിന്ന് പിന്നോട്ട്‌വലിച്ചു. ചൈനീസ് സര്‍ക്കാര്‍ കൂടുതല്‍ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചത് ആഗോള വിപണികളില്‍ നിക്ഷേപകരെ ഉത്തേജിപ്പിച്ചില്ല.
ബാങ്ക്, ഐ.ടി സൂചികകള്‍ തിളങ്ങി
വിശാല വിപണിയില്‍ നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.43 ശതമാനം ഉയര്‍ന്നു. മീഡിയയും നിഫ്റ്റിയും മാത്രമാണ് ഇന്ന് നഷ്ടചുവപ്പ് കണ്ടത്.
മീഡിയ സൂചികകയ്ക്ക് ഒരു ശതമാനത്തലിധികം ഇടിവുണ്ടായപ്പോള്‍ മെറ്റല്‍ 0.28 ശതമാനം ഇടിഞ്ഞു. നിഫ്റ്റി റിയല്‍റ്റി, പ്രൈവറ്റ് ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബാങ്ക്, ഐ.ടി സൂചികകള്‍ ഒരു ശതമാനത്തിലധികം നേട്ടം കാഴ്ചവച്ചു.
ടെക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക്, എല്‍ ആന്‍ഡ് ടി, ഐ.ടി.സി, ഇന്‍ഡസ് ബാങ്ക് എന്നിവയാണ് സെന്‍സെക്‌സിലെ നേട്ടക്കാര്‍. അതേസമയം മാരുതി സുസുകി , ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍,സ്, ആക്‌സിസ് ബാങ്ക്, അള്‍ട്രാ ടെക് സിമന്റ് എന്നിവ നിരാശപ്പെടുത്തി.
താരമായി കല്യാണും ഫെഡറൽ ബാങ്കും
ബി.എസ്.ഇയില്‍ ഇന്ന് 4,195 ഓഹരികള്‍ വ്യാപാരം നടത്തി. ഇതില്‍ 2,069 ഓഹരികള്‍ നഷ്ട്ടത്തിലും 1,972 ഓഹരികള്‍ നഷ്ടത്തിലുമായി. 154 ഓഹരികളുടെ വില മാറിയില്ല. 249 ഓഹരികളാണ് ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടത്. 26 ഓഹരികള്‍ താഴ്ന്ന നിലയിലേക്ക് പോയി. വ്യാപാരം അവസാനിച്ചപ്പോള്‍ രണ്ട് ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലുണ്ട്. എട്ട് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൂല്യം ഇന്ന് 463.6 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. നിക്ഷേപകരുടെ സമ്പത്തിലുണ്ടായത് 1.3 ലക്ഷം കോടി രൂപയുടെ വര്‍ധന.
ബി.എസ്.ഇ ഓഹരികളാണ് ഇന്ന് 7.15 ശതമാനം നേട്ടവുമായി നിഫ്റ്റി 200 സൂചികകയ്ക്ക് ചുക്കാന്‍ പിടിച്ചത്. ഇടയ്‌ക്കൊരുവേള ഓഹരി വില 10.97 ശതമാനം വരെ വര്‍ധിച്ച് റെക്കോഡ് ഉയരമായ 4,989.80 രൂപയിലെത്തിയിരുന്നു. ബി.എസ്.യുടെ മുഖ്യ എതിരാളിയായ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍.എസ്.ഇ) നവംബര്‍ 20 മുതല്‍ നിഫ്റ്റി ബാങ്ക്, നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുടെ വീക്ക്‌ലി ഡെറിവേറ്റീവ് നിര്‍ത്തലാക്കിയതായും മന്ത്‌ലി കോണ്‍ട്രാക്ടുകള്‍ മാത്രമേ ഉണ്ടാകൂവെന്നും അടുത്തിടെ അറിയിച്ചതാണ് ബി.എസ്.ഇ ഓഹരികളില്‍ മുന്നേറ്റമുണ്ടാക്കിയത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ബി.എസ്.ഇ ഓഹരികളില്‍ 22 ശതമാനം കുതിപ്പാണുണ്ടായത്. എന്‍.എസ്.ഇയുടെ പുതിയ തീരുമാനം ബി.എസ്.ഇക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്. കാരണം ട്രേഡിംഗ് വോളിയം ബി.എസ്.ഇ പ്ലാറ്റ്‌ഫോമിലേക്ക് മാറും. ഇത് ഇടപാടുകളുടെ എണ്ണം കൂട്ടുകയും വരുമാനം ഉയര്‍ത്തുകയും ചെയ്യും.
ഫെഡറല്‍ ബാങ്ക് ഓഹരിയാണ് ഇന്ന് നിഫ്റ്റി 200
ന് മാറ്റു കൂട്ടിയ മറ്റൊരു ഓഹരി. ഓഹരി വില 5.31 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. മോത്തിലാൽ ഓസ്വാൾ ഇന്ന് ലക്ഷ്യവില 230 രൂപയാക്കി നിശ്ചയിച്ചതാണ് ഓഹരിക്ക് ഗുണമായത്. നിലവിലെ വിലയില്‍ നിന്ന് 23 ശതമാനമാണ് ലക്ഷ്യവില ഉയര്‍ത്തിയത്. വായ്പകളില്‍ 20 ശതമാനവും നിക്ഷേപത്തില്‍ 18 ശതമാനം സംയോജിത വളര്‍ച്ച കാഴ്ചവയ്ക്കാന്‍ 2022 മുതല്‍ 2024 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ സാധിച്ചതായി ബ്രോക്കറേജ് വിലയിരുത്തുന്നു.
കേരളം ആസ്ഥാനമായ കല്യാണ്‍ ജുവലേഴ്‌സ് ഓഹരിയാണ് ഇന്ന് നിഫ്റ്റി 200ലെ മറ്റൊരു താരം. ഓഹരി വില 754 രൂപ വരെ ഉയര്‍ന്നു. വ്യാപാരാന്ത്യത്തില്‍ 4.62 ശതമാനം നേട്ടത്തോടെ 753.55 രൂപയിലാണ് ഓഹരിയുള്ളത്.
സോഫ്റ്റ്‌വെയര്‍ കമ്പനിയായ വിപ്രോയുടെ ഓഹരികളും മികച്ച മുന്നേറ്റം കാഴ്ചവച്ചു. കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം ബോണസ് ഓഹരികള്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.
ഒബ്‌റോയി റിയല്‍റ്റി ഓഹരികളും ഇന്ന് നാല് ശതമാനത്തോളം ഉയര്‍ന്നു. വില 1995 രൂപയിലെത്തി.
എം.ടി.എന്‍.എല്ലിന്റെ പുനരുജ്ജീവന പദ്ധതികളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഓഹരിയെ ആറ് ശതമാനം ഉയര്‍ത്തി.
ബ്രോക്കറേജ് സ്ഥാപനമായ എംകെ 'ബൈ' സ്റ്റാറ്റസ് നല്‍കിയത് ഗോപാല്‍ സ്‌നാക്‌സ് ഓഹരികളെ അഞ്ച് ശതമാനം ഉയര്‍ത്തി. 600 രൂപയാണ് ഓഹരിക്ക് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.
എണ്ണവിലയിടിവിൽ ഒ.എന്‍.ജി.സി
എണ്ണ വില ഇടിഞ്ഞത് ഒ.എന്‍.ജി.സി ഓഹരികളെ ഇന്ന് താഴ്ത്തി. അതേസമയം ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു.
രണ്ടാം പാദ വരുമാനത്തില്‍ നാലു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച കാഴ്ചവച്ച അവന്യു സൂപ്പര്‍ മാര്‍ട്‌സിന്റെ ഓഹരി വില 10 ശതമാനം വരെ താഴ്ന്നു. വ്യാപാരാന്ത്യത്തില്‍ നഷ്ടം 8.35 ശതമാനമായി കുറച്ചു. ടാറ്റ കെമിക്കല്‍സാണ് ഇന്ന് കൂടുതല്‍ ഇടിവ് രേഖപ്പെടുത്തി. മറ്റൊരു ഓഹരി.
കോള്‍ഗേറ്റ് പാമോലിവ് (4.93 ശതമാനം), ബന്ധന്‍ ബാങ്ക് (4.78 ശതമാനം), ഇന്ദ്രപ്രസ്ഥ ഗ്യാസ് (4.32 ശതമാനം) എന്നിവയും ഇന്ന് ഇടിവിലായി.
സ്‌കൂബിഡേ ഇന്നും അപ്പർ സര്‍ക്യൂട്ടിൽ
കേരള ഓഹരികളില്‍ കല്യാണും ഫെഡറല്‍ ബാങ്കും മാറ്റി നിറുത്തിയാല്‍ കൂടുതല്‍ തിളക്കം കാഴ്ചവച്ചത് സ്‌കൂബിഡേ ഓഹരികളാണ്. ഓഹരി ഇന്ന് അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ട് അടിച്ച് 100 രൂപയിലെത്തി. ടി.സി.എം, ഹാരിസണ്‍സ് മലയാളം, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് എന്നിവയും ഇന്ന് രണ്ട് ശതമാനത്തിനു മുകളില്‍ മുന്നേറി.
കഴിഞ്ഞ ഒരു മാസത്തില്‍ 36 ശതമാനത്തോളം നേട്ടമാണ് ഓഹരി കാഴ്ചവച്ചത്. കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം
വിപണി തിരിച്ചു കയറിയിട്ടും കൊച്ചിന്‍ഷിപ്പ്യാര്‍ഡ് ഓഹരികള്‍ താഴേക്കാണ്. ഇന്ന് രണ്ടര ശതമാനത്തോളം താഴ്ന്നാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ടോളിന്‍സ് ടയേഴ്‌സാണ് വീഴ്ചയില്‍ ഇന്ന് മുന്നില്‍. ഓഹരി വില 3.54 ശതമാനം ഇടിഞ്ഞ് 188 രൂപയായി. ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, കേരള ആയുര്‍വേദ, പോപ്പുലര്‍ വെഹിക്കിള്‍സ് എന്നിവ ഒരു ശതമാനത്തിനു മുകളില്‍ നഷ്ടം രേഖപ്പെടുത്തി.