Begin typing your search above and press return to search.
ഓഹരികളില്‍ യുദ്ധപ്പേടി! നിക്ഷേപകര്‍ക്ക് നഷ്ടം 5.18 ലക്ഷം കോടി; രൂപയ്ക്ക് റെക്കോഡ് വീഴ്ച, ആസ്റ്റര്‍ ഓഹരിക്ക് വന്‍ കുതിപ്പ്
ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുമേല്‍ ആശങ്കയുടെ കാര്‍മേഘം സൃഷ്ടിച്ച് ഇസ്രായേലിനുമേല്‍ ഇറാന്‍ മിസൈലുകള്‍ വര്‍ഷിച്ചതോടെ ഓഹരി വിപണികള്‍ നേരിടുന്നത് വന്‍ തകര്‍ച്ച. മുന്‍നിര ഏഷ്യന്‍ വിപണികള്‍ ഉലഞ്ഞതിന്റെ പ്രകമ്പനം ഇന്ത്യയിലും അലയടിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും ഇതോടെ വലിയ നഷ്ടത്തിലേക്കും കൂപ്പുകുത്തി.
കഴിഞ്ഞയാഴ്ച 74,244ല്‍ വ്യാപാരം അവസാനിപ്പിച്ച സെന്‍സെക്‌സ് ഇന്ന് വ്യാപാരം തുടങ്ങിയത് തന്നെ വന്‍ ഇടിവോടെ 73,315ലാണ്. ഒരിക്കല്‍ പോലും നേട്ടത്തിന്റെ പാതയിലേറാന്‍ കഴിയാത്ത സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചതാകട്ടെ 845.12 പോയിന്റിടിഞ്ഞ് (-1.14%) 73,399.78ലും.
22,339ല്‍ വ്യാപാരം തുടങ്ങി ഇടയ്‌ക്കൊന്ന് 22,259 വരെ താഴുകയും 22,427 വരെ ഉയരുകയും ചെയ്ത നിഫ്റ്റി 246.90 പോയിന്റ് (-1.10%) തകര്‍ച്ചയുമായി 22,272.50ലാണ് ഇന്ന് വ്യാപാരാന്ത്യത്തിലുള്ളത്. മദ്ധ്യേഷ്യ വീണ്ടും യുദ്ധക്കളമാകുന്നുവെന്ന ഭീതി പൊതുവേ ഓഹരി വിപണികളെ ഉലയ്ക്കുകയായിരുന്നു.
നിക്ഷേപകരുടെ മനോവീര്യം കെട്ടതോടെ സൂചികകള്‍ നിലംപൊത്തി. ജപ്പാന്റെ നിക്കേയ് ഒരു ശതമാനത്തിലധികവും ഓസ്‌ട്രേലിയന്‍ വിപണി 0.6 ശതമാനവും ഹോങ്കോംഗ് 0.8 ശതമാനവും ഇടിഞ്ഞു.
നിക്ഷേപകര്‍ക്ക് നഷ്ടം 5.18 ലക്ഷം കോടി
നിഫ്റ്റി50ല്‍ 44 ഓഹരികളും ഇന്ന് ചുവപ്പണിഞ്ഞു. നേട്ടത്തില്‍ പിടിച്ചുനിന്നത് 6 ഓഹരികള്‍ മാത്രം. ഒ.എന്‍.ജി.സിയാണ് 5.80 ശതമാനമെന്ന തിളക്കമാര്‍ന്ന കുതിപ്പുമായി നേട്ടത്തില്‍ മുന്നില്‍. ഹിന്‍ഡാല്‍കോ (2.40%), മാരുതി സുസുക്കി (1.17%) എന്നിവയും ഭേദപ്പെട്ട നേട്ടം സ്വന്തമാക്കി.
ശ്രീറാം ഫിനാന്‍സ് (-3.12%), വിപ്രോ (-2.60%), ഐ.സി.ഐ.സി.ഐ ബാങ്ക് (-2.43%), ബജാജ് ഫിനാന്‍സ് (-2.28%), ബജാജ് ഫിന്‍സെര്‍വ് (-2.22%) എന്നിവയാണ് നിഫ്റ്റി50ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവ.
ബി.എസ്.ഇയില്‍ 4,049 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 3,043 എണ്ണവും നഷ്ടമാണ് രുചിച്ചത്. നേട്ടത്തിലേറിയത് 877 ഓഹരികള്‍. 129 ഓഹരികളുടെ വില മാറിയില്ല.
164 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരവും 26 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍ക്യൂട്ടില്‍ ഇന്ന് 267 ഓഹരികളുണ്ടായിരുന്നു; ലോവര്‍-സര്‍ക്യൂട്ടില്‍ 396 ഓഹരികളും. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് 5.18 ലക്ഷം കോടി രൂപ താഴ്ന്ന് 394.48 ലക്ഷം കോടി രൂപയുമായി. 399.67 ലക്ഷം കോടി രൂപയില്‍ നിന്നാണ് വീഴ്ച. കഴിഞ്ഞവാരം മൂല്യം 403 ലക്ഷം കോടി രൂപ ഭേദിച്ചിരുന്നു.
നിരാശപ്പെടുത്തിയവര്‍
ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗമൊഴികെ ഒട്ടുമിക്ക ഓഹരികളിലും ഇന്ന് വില്‍പനസമ്മര്‍ദ്ദം ആഞ്ഞടിച്ചു. ശ്രീറാം ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ ആന്‍ഡ് ടി., വിപ്രോ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഡിവീസ് ലാബ്, എസ്.ബി.ഐ ലൈഫ്, ടെക് മഹീന്ദ്ര എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖര്‍. നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നില്‍ 4-4.85 ശതമാനം ഇടിഞ്ഞ എസ്.ജെ.വി.എന്‍., ജിയോ ഫിനാന്‍ഷ്യല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, കൊഫോര്‍ജ് എന്നിവയാണ്.
ബാങ്കിംഗ്, ധനകാര്യസേവന ഓഹരികളില്‍ ഇന്ന് വലിയ വില്‍പനസമ്മര്‍ദ്ദം അലയടിച്ചു. ഇത് ബാങ്ക് നിഫ്റ്റി 800ലധികം പോയിന്റ് (-1.63%) ഇടിഞ്ഞ് 48,000ന് താഴെ എത്താനും ഇടവരുത്തി.
നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചിക 1.75 ശതമാനവും പ്രൈവറ്റ് ബാങ്ക് 1.66 ശതമാനവും പി.എസ്.യു ബാങ്ക് 1.98 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി മീഡിയ 2.23 ശതമാനം, ഐ.ടി 1.58 ശതമാനം, ഫാര്‍മ 0.91 ശതമാനം, റിയല്‍റ്റി 1.09 ശതമാനം എന്നിങ്ങനെയും താഴ്ന്നത് ഇന്ന് മുഖ്യ സൂചികകളുടെ വീഴ്ചയ്ക്ക് ആക്കംകൂട്ടി. 0.98 ശതമാനമാണ് നിഫ്റ്റി എഫ്.എം.സി.ജി സൂചികയുടെ വീഴ്ച.
നിഫ്റ്റി മിഡ്ക്യാപ്പ് 1.57 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.73 ശതമാനവും നഷ്ടത്തിലാണുള്ളത്. നിഫ്റ്റി ഓട്ടോ 0.78 ശതമാനം, ഹെല്‍ത്ത്‌കെയര്‍ 1.37 ശതമാനം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.32 ശതമാനം എന്നിങ്ങനെയും താഴേക്ക് പതിച്ചു.
നേട്ടത്തിലേറിയവര്‍
യുദ്ധം തിരിച്ചടിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്ന് ക്രൂഡോയില്‍ വിലയില്‍ കാര്യമായ ചലനങ്ങളുണ്ടായില്ല. മാത്രമല്ല, വില നേരിയതോതില്‍ കുറയുകയുമാണുണ്ടായത്. ഇത് ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികള്‍ക്ക് ആശ്വാസമായി.
-ഒ.എന്‍.ജി.സി., ഇന്‍ഡസ് ടവേഴ്‌സ്, ഗുജറാത്ത് ഗ്യാസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് എന്നിവയാണ് ഇന്ന് 2.38-5.80 ശതമാനം നേട്ടവുമായി നിഫ്റ്റി 200ല്‍ കൂടുതല്‍ തിളങ്ങിയത്.
ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസില്‍ നിന്ന് 'വാങ്ങല്‍' (Buy) സ്റ്റാറ്റസും 390 രൂപ ലക്ഷ്യവിലയും കിട്ടിയ കരുത്തില്‍ ഒ.എന്‍.ജി.സി ഓഹരികള്‍ ഇന്ന് കുതിക്കുകയായിരുന്നു. കമ്പനിയുടെ നഷ്ടം കുറയുകയാണെന്നും ലാഭാധിഷ്ഠിത ഉത്പാദനം മെച്ചപ്പെടുകയാണെന്നും വിലയിരുത്തിയാണ് നല്ല റേറ്റിംഗ് കിട്ടിയത്.
വൊഡാഫോണ്‍-ഐഡിയ (Vi) ഫോളോ-ഓണ്‍ ഓഹരി വില്‍പനയിലൂടെ (FPO) 18,000 കോടി രൂപ സമാഹരിക്കുന്ന നടപടികള്‍ക്ക് ഏപ്രില്‍ 22ന് തുടക്കമാകും. ഈ നീക്കം ഇന്‍ഡസ് ടവേഴ്‌സിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷകള്‍. ഓഹരി വില്‍പന വഴി കിട്ടുന്ന പണമുപയോഗിച്ച് വീ ഏതാണ്ട് 75,000 പുതിയ ടവറുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് കരുതുന്നത്. ഇത് ഇന്‍ഡസ് ടവേഴ്‌സിനാകും കൂടുതല്‍ നേട്ടമാവുക.
ബി.ജെ.പിയുടെ പ്രകടന പത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. രാജ്യത്ത് സിറ്റി ഗ്യാസ് വിതരണം വ്യാപകമാക്കുമെന്ന് മോദി പറഞ്ഞിരുന്നു. ഇത് ഇന്ന് ഗ്യാസ് ഓഹരികളില്‍ ആഘോഷം വിതറി.
ഗുജറാത്ത് ഗ്യാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ് തുടങ്ങി ഈ രംഗത്തെ കമ്പനികളുടെ ഓഹരികള്‍ ഇന്ന് മിന്നിത്തിളങ്ങി. ലണ്ടന്‍ മെറ്റല്‍സ് എക്‌സ്‌ചേഞ്ച്, ഷിക്കാഗോ മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ച് എന്നിവയിലെ വ്യാപാരത്തില്‍ നിന്ന് പുതിയ റഷ്യന്‍ കമ്മോഡിറ്റികളെ വിലക്കിയ ബ്രിട്ടന്റെയും അമേരിക്കയുടെയും നടപടി ഇന്ന് ഹിന്‍ഡാല്‍കോയ്ക്കും നേട്ടമായി.
രൂപയ്ക്ക് റെക്കോഡ് വീഴ്ച
മധേഷ്യയിലെ യുദ്ധക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്ന് മുന്നേറി. ലോകത്തെ ആറ് പ്രമുഖ കറന്‍സികള്‍ക്കെതിരായ ഡോളര്‍ ഇന്‍ഡെക്‌സ് 105.94 എന്ന മികച്ച നിലയിലേക്ക് ഉയര്‍ന്നു. ജപ്പാന്റെ യെന്‍ ഡോളറിനെതിരെ 34-വര്‍ഷത്തെ താഴ്ചയിലേക്ക് നിലംപൊത്തി.
മറ്റ് കറന്‍സികളുടെ വീഴ്ച രൂപയ്ക്കും സമ്മര്‍ദ്ദമായി. ഇന്ന് ഇന്ത്യന്‍ റുപ്പി ഡോളറിനെതിരെ സര്‍വകാല ക്ലോസിംഗ് താഴ്ചയായ 83.4550ലേക്ക് നിലംപൊത്തി. കഴിഞ്ഞവാരാന്ത്യത്തിലെ 83.4125ല്‍ നിന്നാണ് വീഴ്ച. ഈമാസത്തിന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയ 83.4550 ആണ് രൂപയുടെ ഏറ്റവും മോശം മൂല്യം.
മികച്ച നേട്ടവുമായി ആസ്റ്ററും സി.എസ്.ബി ബാങ്കും
കേരള ഓഹരികളില്‍ ഇന്ന് വിരലിലെണ്ണാവുന്നവ മാത്രമാണ് നേട്ടം കുറിച്ചത്. അവയില്‍ തന്നെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറും സി.എസ്.ബി ബാങ്കും ശ്രദ്ധേയ നേട്ടം കാഴ്ചവയ്ക്കുകയും ചെയ്തു.
ഓഹരിക്ക് 118 രൂപ വീതം പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ചതാണ് ആസ്റ്ററിന് കുതിപ്പായത്. ഓഹരിവില ഇന്ന് 7.59 ശതമാനം കുതിച്ചു. ഒരുവേള ഓഹരിവില റെക്കോഡ് 558.30 രൂപവരെ ഉയരുകയും ചെയ്തു. 6.86 ശതമാനമാണ് സി.എസ്.ബി ബാങ്കിന്റെ നേട്ടം.
സഫ സിസ്റ്റംസ് (3.45%), പ്രൈമ ഇന്‍ഡസ്ട്രീസ് (10%), സി.എം.ആര്‍.എല്‍ (2.77%) എന്നിവയും മികച്ച നേട്ടം രേഖപ്പെടുത്തി.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ധനലക്ഷ്മി ബാങ്ക്, ഫാക്ട്, കിംഗ്‌സ് ഇന്‍ഫ്ര, കിറ്റെക്‌സ്, മണപ്പുറം ഫിനാന്‍സ്, പാറ്റ്‌സ്പിന്‍, പോപ്പുലര്‍ വെഹിക്കിള്‍സ്, വണ്ടര്‍ല, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ 2-7 ശതമാനം ഇടിഞ്ഞു.
Next Story
Videos