ഓഹരികളില്‍ ഉന്മേഷക്കുതിപ്പ്; ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സും ഒബ്‌റോയ് റിയല്‍റ്റിയും മുന്നേറി, ഫാക്ടിനും വണ്ടര്‍ലയ്ക്കും ക്ഷീണം

എച്ച്.ഡി.എഫ്.സി ബാങ്കും ഇന്‍ഫോസിസും അടക്കമുള്ള വന്‍കിട ഓഹരികളിലുണ്ടായ ഉയര്‍ന്ന വാങ്ങല്‍താത്പര്യവും ഭേദപ്പെട്ട പ്രവര്‍ത്തനഫലത്തിന്റെ കരുത്തില്‍ ഏതാനും കമ്പനികള്‍ കാഴ്ചവച്ച മുന്നേറ്റവും കരുത്താക്കി ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് കുറിച്ചിട്ടത് മികച്ച നേട്ടം. അമേരിക്കയില്‍ പണപ്പെരുപ്പം താഴ്ന്നതോടെ അടിസ്ഥാന പലിശനിരക്ക് വൈകാതെ കുറഞ്ഞേക്കുമെന്ന വിലയിരുത്തലുകളുടെ പിന്‍ബലത്തില്‍ ഐ.ടി കമ്പനികളുടെ ഓഹരികള്‍ മുന്നേറിയതും ഇന്ത്യന്‍ സൂചികകള്‍ക്ക് ഇന്ന് നേട്ടമായി.
നേട്ടത്തിലും നഷ്ടത്തിലുമായി ആടിയുലഞ്ഞെങ്കിലും അവസാനസെഷനില്‍ നടത്തിയ മികച്ച തിരിച്ചുവരവാണ് ഇന്നത്തെ ദിവസത്തെ ഉഷാറാക്കിയത്. വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സുള്ളത് 676.69 പോയിന്റ് (+0.93%) നേട്ടവുമായി 73,663.72ലും നിഫ്റ്റിയുള്ളത് 203.30 പോയിന്റ് (+0.92%) ഉയര്‍ന്ന് 22,403.85ലുമാണ്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി പി.എസ്.യു ബാങ്ക് (-0.88%) ഒഴികെയുള്ളവയെല്ലാം പച്ചപുതച്ചു. നിഫ്റ്റി ഐ.ടി 1.66 ശതമാനവും മീഡിയ 1.22 ശതമാനവും ഫിനാന്‍ഷ്യല്‍ സര്‍വീസസ് 1.09 ശതമാനവും പ്രൈവറ്റ് ബാങ്ക് 0.67 ശതമാനവും എഫ്.എം.സി.ജി 0.81 ശതമാനവും കുതിച്ചു.
1.63 ശതമാനമാണ് നിഫ്റ്റി റിയല്‍റ്റി സൂചികയുടെ നേട്ടം. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.72 ശതമാനവും നേട്ടമുണ്ടാക്കി. ബാങ്ക് നിഫ്റ്റി 0.61 ശതമാനം ഉയര്‍ന്ന് 47,977ലെത്തി. നിഫ്റ്റി മിഡ്ക്യാപ്പ് 0.88 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.84 ശതമാനവും നേട്ടത്തിലാണുള്ളത്.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി50ല്‍ ഇന്ന് 38 ഓഹരികള്‍ നേട്ടത്തിലും 12 എണ്ണം താഴ്ചയിലുമായിരുന്നു. മാര്‍ച്ചുപാദത്തില്‍ ലാഭം 32 ശതമാനം കുതിച്ച് 2,038 കോടി രൂപയിലെത്തിയ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓഹരികളാണ് ഇന്ന് കൂടുതല്‍ നേട്ടം കുറിച്ചത്. ഓഹരി 3.98 ശതമാനം കയറി. കമ്പനി 21.10 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.
2.76 ശതമാനം നേട്ടവുമായി ടാറ്റാ കണ്‍സ്യൂമറും 2.60 ശതമാനം ഉയര്‍ന്ന് ഭാരതി എയര്‍ടെല്ലും തൊട്ടുപിന്നിലുണ്ട്. നഷ്ടത്തില്‍ മുന്നില്‍ മാരുതി സുസുക്കിയാണ് (-2.15%). എസ്.ബി.ഐ 0.98 ശതമാനം താഴ്ന്ന് തൊട്ടടുത്തുണ്ട്.
ബി.എസ്.ഇയില്‍ 2,040 ഓഹരികള്‍ നേട്ടത്തിലും 1,798 എണ്ണം നഷ്ടത്തിലുമായിരുന്നു. 114 ഓഹരികളുടെ വില മാറിയില്ല. 193 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 30 എണ്ണം താഴ്ചയും കണ്ടു.
അപ്പര്‍-സര്‍ക്യൂട്ട് കാലിയായിരുന്നു. ഒരു കമ്പനി ലോവര്‍-സര്‍ക്യൂട്ടിലുണ്ടായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് 3.10 ലക്ഷം കോടി രൂപ വര്‍ധിച്ച് 407.35 ലക്ഷം കോടി രൂപയിലുമെത്തി.
വൈകി ഉദിച്ച നേട്ടം
ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് അവസാന സെഷനിലേക്ക് കടക്കുംമുമ്പുവരെ കനത്ത ചാഞ്ചാട്ടത്തിലായിരുന്നു. എന്നാല്‍, അമേരിക്കയില്‍ നിന്നടിച്ച പോസിറ്റീവ് കാറ്റും ഏഷ്യന്‍ ഓഹരികളിലെ ഉണര്‍വും വൈകാതെ ഇന്ത്യയിലും അലയടിച്ചു.
വരുമാനത്തിന്റെ മുഖ്യപങ്കും അമേരിക്കയില്‍ നിന്ന് നേടുന്ന ഐ.ടി ഓഹരികളിലുണ്ടായ വാങ്ങല്‍താത്പര്യം ഓഹരി സൂചികകളെ മുന്നോട്ട് നയിച്ചു. അമേരിക്കയില്‍ പണപ്പെരുപ്പം കുറഞ്ഞതിനാല്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നത് വൈകില്ലെന്നാണ് വിലയിരുത്തലുകള്‍.
ഇതോടെ, അമേരിക്കന്‍ ഓഹരി വിപണികളും മറ്റ് വികസിത രാജ്യങ്ങളിലെ സൂചികകളും കൈവരിച്ച ഉണര്‍വും ഇന്ത്യന്‍ ഓഹരികളെ ഇന്ന് സ്വാധീനിച്ചിട്ടുണ്ട്.
കുതിച്ചവരും കിതച്ചവരും
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ടൈറ്റന്‍, ഇന്‍ഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, എല്‍ ആന്‍ഡ് ടി., കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയവര്‍.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് (HAL) 10.89 ശതമാനം കുതിച്ച് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ ഒന്നാമതെത്തി. മാത്രമല്ല, ഓഹരിവില സര്‍വകാല റെക്കോഡും കുറിച്ചു. 4,637 രൂപയാണ് വ്യാപാരാന്ത്യത്തില്‍ വില.
മാര്‍ച്ചുപാദത്തില്‍ ലാഭം 52.2 ശതമാനവും ലാഭക്ഷമതയുടെ മുഖ്യ അളവുകോലുകളിലൊന്നായ എബിറ്റ്ഡ മാര്‍ജിന്‍ (EBITDA Margin) 26 ശതമാനത്തില്‍ നിന്ന് 40 ശതമാനത്തിലേക്ക് കുതിച്ചതും എബിറ്റ്ഡ 81.8 ശതമാനം ഉയര്‍ന്നതും എച്ച്.എ.എല്‍ ഓഹരികള്‍ ഇന്ന് ഉത്സവമാക്കി.
ഒബ്‌റോയ് റിയല്‍റ്റി 9.33 ശതമാനം കുതിച്ച് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ രണ്ടാമതുണ്ട്. 4 മുതല്‍ 5.41 ശതമാനം വരെ നേട്ടവുമായി പി.ബി. ഫിന്‍ടെക് (പോളിസിബസാര്‍), എംഫസിസ്, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.
മാര്‍ച്ചുപാദ ലാഭം 64 ശതമാനം ഉയര്‍ന്നതും പുതിയ പദ്ധതികളുടെ പ്രഖ്യാപനവും കടപ്പത്രം വഴി 4,000 കോടി രൂപ സമാഹരിക്കാനുള്ള നീക്കവുമാണ് ഒബ്‌റോയ് റിയല്‍റ്റിക്ക് ഇന്ന് കുതിപ്പേകിയത്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

മാരുതി സുസുക്കി, എസ്.ബി.ഐ, ടാറ്റാ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നിരാശപ്പെടുത്തിയവര്‍. മാരുതിയും ടാറ്റാ മോട്ടോഴ്‌സും തളര്‍ന്നിട്ടും നിഫ്റ്റി ഓട്ടോ സൂചികയെ ഇന്ന് 0.56 ശതമാനം നേട്ടത്തിലേക്ക് നയിച്ചത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പ്രകടനമാണ്.
ബന്ധന്‍ ബാങ്ക് 5.11 ശതമാനം താഴ്ന്ന് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ ഒന്നാമതെത്തി. മാന്‍കൈന്‍ഡ് ഫാര്‍മ, കനറാ ബാങ്ക്, മാരുതി സുസുക്കി, ഗെയില്‍ ഇന്ത്യ എന്നിവ 2 മുതല്‍ 4.47 ശതമാനം വരെ താഴ്ന്ന് തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. നാളെ മാര്‍ച്ചുപാദ പ്രവര്‍ത്തനഫലം പുറത്തുവരുമെന്നതും എം.ഡി ആന്‍ഡ് സി.ഇ.ഒ സ്ഥാനത്തുനിന്ന് ചന്ദ്രശേഖര്‍ ഘോഷ് പടിയിറങ്ങുന്നതുമാണ് ഇന്ന് ബന്ധന്‍ ബാങ്ക് ഓഹരികളില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്.
കുതിച്ചും കിതച്ചും കേരള ഓഹരികള്‍
മാര്‍ച്ചുപാദ പ്രവര്‍ത്തനഫലങ്ങളാണ് ഇന്ന് കേരളത്തില്‍ നിന്നുള്ള പ്രധാന കമ്പനികളുടെ ഓഹരികളെ കൂടുതലും സ്വാധീനിച്ചത്. അപ്പോളോ ടയേഴ്‌സിന്റെ കഴിഞ്ഞപാദ ലാഭം 13 ശതമാനം കുറഞ്ഞെങ്കിലും ബ്രോക്കറേജുകളായ ജെ.പി. മോര്‍ഗനും നോമുറയും 'വാങ്ങല്‍' (Buy) സ്റ്റാറ്റസ് നല്‍കിയതും ലക്ഷ്യവില (Target price) ഉയര്‍ത്തിയതും ഇന്ന് അപ്പോളോ ടയേഴ്‌സ് ഓഹരികളെ മൂന്ന് ശതമാനം ഉയര്‍ത്തി.
കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം

മാര്‍ച്ചുപാദ ലാഭം ഇടിഞ്ഞ പശ്ചാത്തലത്തില്‍ വണ്ടര്‍ല ഓഹരി 5.78 ശതമാനം താഴേക്കുപോയി. പ്രവര്‍ത്തനഫലം പുറത്തുവിട്ടത് വ്യാപാരം അവസാന സെഷനിലേക്ക് കടക്കുന്ന വേളയിലായിരുന്നു. ഓഹരികളുടെ വീഴ്ചയും പൊടുന്നനേയായിരുന്നു. 35.05 കോടി രൂപയില്‍ നിന്ന് 22.60 കോടി രൂപയിലേക്കാണ് കമ്പനിയുടെ ലാഭം താഴ്ന്നത്.
മാര്‍ച്ചുപാദത്തില്‍ 165.44 കോടി രൂപയുടെ ലാഭത്തില്‍ നിന്ന് 61.20 കോടി രൂപയുടെ നഷ്ടത്തിലേക്ക് വീണ ഫാക്ടിന്റെ ഓഹരികളും ഇന്ന് തളര്‍ന്നു; ഓഹരി 2.66 ശതമാനം ഇടിഞ്ഞു. വി-ഗാര്‍ഡും ഇന്ന് പ്രവര്‍ത്തനഫലം പുറത്തുവിട്ടു. 52.72 കോടി രൂപയില്‍ നിന്ന് 76.7 കോടി രൂപയായി ലാഭം ഉയര്‍ന്നു; ഓഹരി 2.01 ശതമാനം കയറി.
ടി.സി.എം 4.99 ശതമാനവും സി.എസ്.ബി ബാങ്ക് 2.62 ശതമാനവും നഷ്ടം രേഖപ്പെടുത്തി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 1.20 ശതമാനം, ഹാരിസണ്‍സ് മലയാളം 8.52 ശതമാനം, കേരള ആയുര്‍വേദ 2.13 ശതമാനം, മണപ്പുറം ഫിനാന്‍സ് 3.15 ശതമാനം, പ്രൈമ ഇന്‍ഡസ്ട്രീസ് 4.77 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it