Begin typing your search above and press return to search.
അമ്പമ്പോ.. ചോരപ്പുഴ! കുത്തിനോവിച്ച് എച്ച്.ഡി.എഫ്.സിയും ചൈനയും; തകര്‍ന്നടിഞ്ഞ് ബാങ്ക് നിഫ്റ്റി
എച്ച്.ഡി.എഫ്.സി ബാങ്ക് ചതിച്ചാശാനേ..! ഡിസംബര്‍ പാദത്തില്‍ മോശം പ്രവര്‍ത്തനഫലം പുറത്തുവിട്ട ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ചുവടുപിടിച്ച് ബാങ്കിംഗ് ഓഹരികളാകെ തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് കൂപ്പുകുത്തിയത് 18-മാസത്തിനിടെയിലെ ഏറ്റവും വലിയ നഷ്ടക്കണക്കിലേക്ക്.
സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് വ്യാപാരം തുടങ്ങിയത് തന്നെ വലിയ നഷ്ടത്തോടെയായിരുന്നു. ഒരുവേള 71,429 വരെ തകര്‍ന്നടിഞ്ഞ സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത് 1,628.01 പോയിന്റ് (-2.23%) നഷ്ടത്തോടെ 71,500.76 പോയിന്റില്‍. ശതമാനക്കണക്കില്‍ കഴിഞ്ഞ 18 മാസത്തിനിടയിലെ ഏറ്റവും വലിയ വീഴ്ചയാണിത്.
ഇന്നൊരുവേള 21,550 വരെ താഴ്ന്ന നിഫ്റ്റിയുള്ളത് 460.35 പോയിന്റ് (-2.09%) തകര്‍ന്ന് 21,571.95ലാണ്. നിഫ്റ്റിയില്‍ ഐ.ടി ഒഴികെയുള്ള എല്ലാ സൂചികകളും ഇന്ന് ചോരയില്‍ മുങ്ങി.
എച്ച്.ഡി.എഫ്.സിയുടെ വീഴ്ചയും ബാങ്ക് നിഫ്റ്റിയുടെ തകര്‍ച്ചയും
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഡിസംബര്‍പാദ ലാഭം 33 ശതമാനം വര്‍ധിച്ചിരുന്നു. എന്നാല്‍, ബാങ്കിന്റെ സാമ്പത്തികാരോഗ്യം വ്യക്തമാക്കുന്ന അറ്റ പലിശ മാര്‍ജിന്‍ (NIM) പാദാടിസ്ഥാനത്തില്‍ 3.7 ശതമാനത്തിലേക്ക് താഴ്ന്നത് തിരച്ചടിയായി.
ബാങ്കിന്റെ ബാലന്‍സ്ഷീറ്റ് ആശാവഹമല്ലെന്നും വായ്പാ വളര്‍ച്ച കുറഞ്ഞേക്കുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി, സി.എല്‍.എസ്.എ തുടങ്ങിയ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ അഭിപ്രായപ്പെടുക കൂടി ചെയ്തതോടെ ഇന്ന് ഓഹരിവില കൂപ്പുകുത്തുകയായിരുന്നു.
ബാങ്ക് നിഫ്റ്റിയില്‍ 29 ശതമാനം വെയിറ്റേജുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി ഇന്ന് 8.16 ശതമാനം ഇടിഞ്ഞു. ഇതിന്റെ ആഘാതം ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എസ്.ബി.ഐ., കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയിലും ശക്തമായി അലയടിച്ചു. ബാങ്ക് നിഫ്റ്റിയില്‍ 49 ശതമാനം സംയുക്ത വെയിറ്റേജുള്ള ഈ ബാങ്ക് ഓഹരികള്‍ 2-4 ശതമാനം ഇടിഞ്ഞതോടെ ഇന്ന് ബാങ്ക് നിഫ്റ്റി (Bank Nifty) 4.28 ശതമാനം ഇടിഞ്ഞു. ഏകദേശം 1,500 പോയിന്റോളമാണ് ബാങ്ക് നിഫ്റ്റിയുടെ തകര്‍ച്ച.
എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് ബാങ്ക്, ഫെഡറല്‍ ബാങ്ക്, എസ്.ബി.ഐ എന്നിവയുടെ ഓഹരികളില്‍ ജാഗ്രത (Cautious) വേണമെന്ന് സിറ്റി അടക്കമുള്ള ചില ബ്രോക്കറേജുകള്‍ അഭിപ്രായപ്പെട്ടതും തിരിച്ചടിയായി. എസ്.ബി.ഐ ഓഹരിക്ക് ''വില്‍ക്കുക'' (sell) സ്റ്റാറ്റസാണ് കിട്ടിയത്. ഫെഡറല്‍ ബാങ്കിന്റെ സ്റ്റാറ്റസ് ''ന്യൂട്രല്‍'' ആയി താഴ്ത്തുകയും ലക്ഷ്യവില (target price) 20.5 ശതമാനം വെട്ടിത്താഴ്ത്തി 135 രൂപയാക്കുകയും ചെയ്തതും നിരാശാജനകമായി.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ യു.എസ് ലിസ്റ്റഡ് ഓഹരികളും 7 ശതമാനത്തോളം ഇടിഞ്ഞു. കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണ് ഇന്ത്യയില്‍ ബാങ്കിന്റെ ഓഹരികള്‍ ഇന്ന് നേരിട്ടത്. വിപണിമൂല്യത്തില്‍ ഒരുലക്ഷം കോടിയോളം രൂപയുടെ വീഴ്ചയും ബാങ്ക് നേരിട്ടു. വ്യാപാരാന്ത്യത്തില്‍ വിപണിമൂല്യം 11.67 ലക്ഷം കോടി രൂപയാണ്.
വലച്ച് ചൈനയും പലിശയും
പണപ്പെരുപ്പം വീണ്ടും പരിധിവിട്ടുയരുന്ന പശ്ചാത്തലത്തില്‍ പലിശഭാരം അടുത്തിടെയൊന്നും കുറയ്ക്കില്ലെന്ന സൂചന ആഗോളതലത്തിലെ പ്രമുഖ കേന്ദ്രബാങ്കുകള്‍ നല്‍കിയിട്ടുണ്ട്. മാര്‍ച്ചുമുതല്‍ പലിശനിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷ ഇതോടെ മങ്ങി.
ഇതേത്തുടര്‍ന്ന് അമേരിക്കയുടെ 10-വര്‍ഷ ട്രഷറി യീല്‍ഡ് (കടപ്പത്ര ആദായനിരക്ക്) വീണ്ടും 4 ശതമാനം ഭേദിച്ച് 4.052 ശതമാനമായും ഡോളറിന്റെ മൂല്യം ഒരുമാസത്തെ ഉയരത്തിലെത്തിയതും ആഗോളതലത്തില്‍ ഓഹരി വിപണികളെ തളര്‍ത്തി. ഡോളര്‍ മുന്നേറുന്നത് ക്രൂഡോയില്‍ വില കൂടാനിടയാക്കും. ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് വലിയ തിരിച്ചടിയാണിത്. വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികള്‍ കൂടുമെന്നതാണ് കാരണം. ഇതും ഇന്ന് ഓഹരി വിപണിയെ നഷ്ടത്തിലേക്ക് വീഴ്ത്താന്‍ പ്രധാന കാരണങ്ങളിലൊന്നായി.
മറ്റൊന്ന്, രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ചൈനയുടെ ഡിസംബര്‍പാദ ജി.ഡി.പി പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞതാണ്. 5.2 ശതമാനമാണ് ഡിസംബര്‍പാദ വളര്‍ച്ച. ചൈനീസ് ഓഹരി വിപണി ഒരു ശതമാനവും ഹോങ്കോംഗ് വിപണി 2.5 ശതമാനവും ഇടിവ് നേരിട്ടു.
കിതച്ചവരും കുതിച്ചവരും
8.16 ശതമാനം കൂപ്പകുത്തിയ എച്ച്.ഡി.എഫ്.സി ബാങ്കാണ് ഇന്ന് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നില്‍ നിന്നത്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (SAIL), വോഡഫോണ്‍ ഐഡിയ, ടാറ്റാ സ്റ്റീല്‍, മാക്രോടെക് ഡെവലപ്പേഴ്‌സ് എന്നിവയാണ് 3.9-5.19 ശതമാനം ഇടിവുമായി നഷ്ടത്തില്‍ മുന്നിലുള്ള മറ്റ് ഓഹരികള്‍.
ചൈനയുടെ ക്ഷീണം, ഡോളറിന്റെ മുന്നേറ്റം എന്നിവയാണ് സ്റ്റീല്‍ ഓഹരികളെ ഇന്ന് വില്‍പന സമ്മര്‍ദ്ദത്തില്‍ മുക്കിക്കളഞ്ഞത്.
കടബാധ്യത വീട്ടാനും വികസന പദ്ധതികളിലേക്ക് ചുവടുവയ്ക്കാനും പണം സമാഹരിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പൊളിഞ്ഞത് വോഡഫോണ്‍ ഐഡിയക്ക് തിരിച്ചടിയായി. എലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കുമായുള്ള സഹകരണനീക്കം കെട്ടുകഥയാണെന്ന് വെളിപ്പെട്ടതും വോഡഫോണ്‍ ഐഡിയ ഓഹരികളെ താഴേക്ക് നയിച്ചു.
റെയില്‍ വികാസ് നിഗം (RVNL), ഐ.സി.ഐ.സി.ഐ ലൊമ്പാര്‍ഡ്, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IRFC), എല്‍ ആന്‍ഡ് ടി ടെക്‌നോളജി, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് (BHEL) എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ മുന്നേറിയത്.
ഹരിതോര്‍ജോത്പാദ പദ്ധതികള്‍ ഇന്ത്യയിലും വിദേശത്തും ഒരുക്കാനായി ജാക്‌സണ്‍ ഗ്രീനുമായി ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിച്ചെന്ന വാര്‍ത്തയാണ് ആര്‍.വി.എന്‍.എല്‍ ഓഹരികളെ ഇന്ന് 9.28 ശതമാനം ഉയര്‍ത്തിയത്. സോളാര്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്ന സംയുക്ത സംരംഭത്തില്‍ ആര്‍.വി.എന്‍.എല്ലിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ദക്ഷിണാഫ്രിക്കയില്‍ ആര്‍.വി.എന്‍.എല്‍ ഇന്‍ഫ്രാ സൗത്ത് ആഫ്രിക്ക എന്ന ഉപകമ്പനി രൂപീകരിച്ചെന്നും കമ്പനി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വിശാലവിപണിയില്‍ തിളങ്ങി ഐ.ടി മാത്രം
നിഫ്റ്റി ഐ.ടി (+0.64%) ഒഴികെയുള്ള എല്ലാ സൂചികകളും ഇന്ന് ചുവപ്പണിയുകയായിരുന്നു. ബാങ്ക് നിഫ്റ്റി 4.28 ശതമാനവും സ്വകാര്യബാങ്ക് സൂചിക 4.23 ശതമാനവും നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 4.28 ശതമാനവും കൂപ്പുകുത്തി.
1.74 ശതമാനമാണ് നിഫ്റ്റി പി.എസ്.യു ബാങ്ക് ഓഹരിയുടെ വീഴ്ച. മെറ്റല്‍ സൂചിക 3.13 ശതമാനവും വീണു. നിഫ്റ്റി മിഡ്ക്യാപ്പ് 1.08 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.20 ശതമാനവും നഷ്ടത്തിലാണുള്ളത്.
ഭേദപ്പെട്ട ഡിസംബര്‍പാദ പ്രവര്‍ത്തനഫലം, വിദേശ നിക്ഷേപത്തിലെ വര്‍ധന, മുഖ്യ വരുമാന സ്രോതസ്സായ അമേരിക്കന്‍ വിപണിയുടെ മികച്ച പ്രകടനം എന്നിവയാണ് ഐ.ടി ഓഹരികള്‍ക്ക് കരുത്തായത്.
ഒറ്റയടിക്ക് 4.51 ലക്ഷം കോടി ഠിം!
നിഫ്റ്റി 50ല്‍ ഇന്ന് 39 ഓഹരികള്‍ നഷ്ടത്തിലും 10 എണ്ണം നേട്ടത്തിലുമായിരുന്നു. ഒരു ഓഹരിയുടെ വില മാറിയില്ല. 1.28 ശതമാനം ഉയര്‍ന്ന അപ്പോളോ ഹോസ്പിറ്റലാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. കൂടുതല്‍ നഷ്ടം നേരിട്ടത് എച്ച്.ഡി.എഫ്.സി ബാങ്ക് തന്നെ.
ഏറ്റവുമധികം വിറ്റൊഴിയല്‍ ഇടപാടുകള്‍ ഇന്ന് നിഫ്റ്റി 50ല്‍ നടന്നതും എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരിയിലാണ്. ബി.എസ്.ഇയില്‍ 3,900 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 2,602 എണ്ണവും നഷ്ടത്തിന്റെ രുചിയറിഞ്ഞു. 1,224 ഓഹരികള്‍ നേട്ടത്തിലായിരുന്നു. 74 ഓഹരികളുടെ വില മാറിയില്ല.
284 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരം കണ്ടെങ്കിലും മുഖ്യ ഓഹരി സൂചികയുടെ ദിശ താഴേക്കായിരുന്നു. 17 ഓഹരികള്‍ 52-ആഴ്ചത്തെ താഴ്ചയിലായിരുന്നു. അപ്പര്‍, ലോവര്‍-സര്‍കീട്ടുകള്‍ ഒഴിഞ്ഞുകിടന്നു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപക സമ്പത്ത് ഇന്ന് 4.51 ലക്ഷം കോടി രൂപ താഴ്ന്ന് 370.43 ലക്ഷം കോടി രൂപയായി. കഴിഞ്ഞ രണ്ടുദിവസത്തിനിടെ നഷ്ടമായത് 5.65 ലക്ഷം കോടി രൂപയാണ്.
കൊച്ചി കപ്പല്‍ശാലയുടെ ദിനം
കേരളത്തില്‍ നിന്നുള്ള ഓഹരികളില്‍ ഇന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ രണ്ട് വമ്പന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത പശ്ചാത്തലത്തില്‍ (Click here to read details) ഓഹരിവില 7.23 ശതമാനം ഉയര്‍ന്ന് 849.1 രൂപയിലെത്തി. ഒരുവേള ഓഹരിവില 888 രൂപവരെ ഉയര്‍ന്നിരുന്നു.
ഇന്ത്യ, ഗള്‍ഫ് ഓഹരി വിഭജനത്തിന് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളില്‍ നിന്ന് പച്ചക്കൊടി കിട്ടിയ പശ്ചാത്തലത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഓഹരിവില 2.80 ശതമാനം ഉയര്‍ന്നു.
കൊച്ചിന്‍ മിനറല്‍സ്, കിംഗ്‌സ് ഇന്‍ഫ്ര, പാറ്റ്‌സ്പിന്‍, നിറ്റ ജെലാറ്റിന്‍, പ്രൈമ അഗ്രോ, വെര്‍ട്ടെക്‌സ് എന്നിവയാണ് ഇന്ന് ഭേദപ്പെട്ട നേട്ടമുണ്ടാക്കിയ മറ്റ് കേരള ഓഹരികള്‍.
കേരളത്തില്‍ നിന്നുള്ള ബാങ്കോഹരികളായ സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഇസാഫ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയും കനത്ത നഷ്ടം നേരിട്ടു; 4.32 ശതമാനമാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നഷ്ടം. സൗത്ത് ഇന്ത്യന്‍ ബാങ്ക് നാളെ ഡിസംബര്‍പാദ പ്രവര്‍ത്തനഫലം പുറത്തുവിടും.
Next Story
Videos