Begin typing your search above and press return to search.
ഒടുവില്‍ അടിച്ചു കയറി വിപണി; മണപ്പുറവും ജിയോജിത്തും സ്‌കൂബിയും വീഴ്ചയില്‍
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നഷ്ടക്കച്ചവടത്തിന് വിരാമമിട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ദുര്‍ബലമായാണ് വിപണി വ്യാപാരം ആരംഭിച്ചതെങ്കിലും വ്യാപാരം പുരോഗമിക്കവേ നഷ്ടം നികത്തുകയായിരുന്നു.
സെന്‍സെക്‌സ് 218 പോയിന്റ് ഉയര്‍ന്ന് 81,224ലും നിഫ്റ്റി 113 പോയിന്റ് ഉയര്‍ന്ന് 24,863ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഫിനാന്‍ഷ്യല്‍സ്, ഓട്ടോ, മെറ്റല്‍ ഓഹരികളിലെ വാങ്ങല്‍ താത്പര്യമുയര്‍ന്നതാണ് വിപണികള്‍ക്ക് തുണയായത്. സ്വകാര്യ ബാങ്കുകളുടെ ഇതുവരെ പുറത്തുവന്ന രണ്ടാം പാദഫലകണക്കുകള്‍ പോസിറ്റാവായത് ഇനി വരാനിരിക്കുന്ന പാദഫലങ്ങളും മികച്ചതാകുമെന്ന പ്രതീക്ഷ നല്‍കിയതാണ് ബാങ്ക് സൂചികകളെ ഉയര്‍ത്തിയത്.
ചൈനയുടെ ജി.ഡി.പി വളര്‍ച്ച മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതായത് മെറ്റല്‍ ഓഹരികളെയും നേട്ടത്തിലാക്കി. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് തുടര്‍ച്ചയായ പലിശ കുറയ്ക്കലിന് മുതിര്‍ന്നത് ചില മേഖലകളിലെ ഓഹരികള്‍ക്ക് ഗുണമായി.
നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.31 ശതമാനം, 0.06 ശതമാനം എന്നിങ്ങനെ നേട്ടത്തിലായി. എഫ്.എം.സി.ജി, ഐ.ടി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ മാത്രമാണ് ഇന്ന് നഷ്ടം രുചിച്ചത്.
നേട്ടമുണ്ടാക്കിയവർ
മസഗോണ്‍ ഡോക്ക് ഓഹരികള്‍ ഇന്ന് 7.30 ശതമാനത്തിലധികം ഉയര്‍ന്നു. ഒക്ടോബര്‍ 22ന് നടക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ ഓഹരി വിഭജനവും ഇടക്കാല ഡിവിഡന്റും പ്രഖ്യാപിക്കുമെന്ന വാര്‍ത്തകളാണ് ഓഹരിയെ ഉയര്‍ത്തിയത്. കമ്പനിയുടെ ചരിത്രത്തിലെ ആദ്യത്തെ ഓഹരി വിഭജനമാണിത്.
ആക്‌സിസ് ബാങ്കിന്റെ രണ്ടാം പാദ ഫലങ്ങള്‍ മെച്ചപ്പെട്ടത് ഓഹരിയെ 6 ശതമാനത്തോളം ഉയര്‍ത്തി. ലാഭത്തില്‍ 18 ശതമാനം വര്‍ധനയാണ് ബാങ്ക് നേടിയത്. വിദേശ ബ്രോക്കറേജുകള്‍ ഓഹരി മുന്നേറ്റം നടത്താനുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്.
പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് 3.79 ശതമാനം ഉയര്‍ന്ന് 722 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ (3.76 ശതമാനം), വിപ്രോ (3.59) ശതമാനം എന്നിവയും ഇന്ന് മുന്നേറ്റം കാഴ്ചവച്ചു.
വിപ്രോയുടെ രണ്ടാം പാദ ലാഭം മുന്‍ വര്‍ഷത്തെ സമാന കാലളവിനെ അപേക്ഷിച്ച് 21 ശതമാനം വളര്‍ച്ചയാണ് കാഴ്ചവച്ചത്. ഇന്നലെ 528.75 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരി വില 547.75 രൂപയിലെത്തി. വിവിധ ബ്രോക്കറേജുകള്‍ പക്ഷെ, ഓഹരി ഇടിയാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
നഷ്ടം കൊയ്തവർ
ഇന്ദ്രപ്രസ്ഥ ഗ്യാസ് ആണ് ഇന്ന് കൂടുതല്‍ ഇടിവിലായ ഓഹരി. 10.26 ശതമാനം ഇടിഞ്ഞ് ഓഹരി വില 452 രൂപയിലെത്തി. പ്രയോരിറ്റി ഗ്യാസ് വിതരണം നിലവിലെ 70ശതമാനത്തില്‍ നിന്ന് 50 ശതമാനമായി കുറയ്ക്കുമെന്ന വാര്‍ത്തകളാണ് ഓഹരിയെ ഇടിവിലാക്കിത്. മഹാനഗര്‍ ഓഹരികളെയും ഇത് ബാധിച്ചു.
എല്‍.ടി.ഐ മൈന്‍ഡ് ട്രീ ഓഹരി വില 6 ശതമാനത്തിലധികം ഇടിഞ്ഞ് 6,007 രൂപയായി.
ഇന്‍ഫോസിസ് ആണ് വിലത്തകര്‍ച്ച നേരിട്ട മറ്റൊരു ഓഹരി. ജൂലൈ-സെപ്റ്റംബര്‍ മാസത്തില്‍ ഇന്‍ഫോസിസ് അഞ്ച് ശതമാനം ലാഭ വളര്‍ച്ച കാഴ്ചവച്ചിട്ടും ഓഹരി ഇടിയുകയായിരുന്നു. വിവിധ ബ്രോക്കറേജുകള്‍ ഓഹരി വില മുന്നേറ്റം നടത്താനുള്ള സാധ്യയാണ് പ്രവചിക്കുന്നത്. ഒക്ടോബര്‍ 15ന് രേഖപ്പെടുത്തിയ 1990.90 രൂപയാണ് ഓഹരിയുടെ ഏറ്റവും ഉയര്‍ന്ന വില.
യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ വഴി ഫണ്ട് സമാഹരണത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി സ്ഥാപനമായ സൊമാറ്റോ ഓഹരികള്‍ ഇടിവിലായി. അഞ്ച് ശതമാനത്തോളം ഇടിഞ്ഞ് 259.20 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
സുപ്രീം ഇന്‍ഡസ്ട്രീസ് ഓഹരിയും ഇന്ന് 3.21 ശതമാനം ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. 5,244.15 രൂപയില്‍ നിന്ന് ഓഹരി വില 5,076 രൂപയിലെത്തി.
റിസര്‍വ് ബാങ്കിന്റെ വടിയിൽ തട്ടി മണപ്പുറം
ഉപകമ്പനിയായ ആശിര്‍വാദ് ഫിനാന്‍സിന്റെ വായ്പകള്‍ നിറുത്തിവയ്ക്കാനാവശ്യപ്പെട്ടുള്ള റിസര്‍വ് ബാങ്കിന്റെ നടപടി ഇന്ന് മണപ്പുറം ഫിനാന്‍സ് ഓഹരികളെ 15 ശതമാനം വരെ താഴേക്ക് കൊണ്ട് പോയി. വ്യാപാരാന്ത്യത്തില്‍ 12.99 ശതമാനം ഇടിവോടെ 154.3 രൂപയിലാണ് ഓഹരിയുള്ളത്.
ഇന്നലെ പാദഫലങ്ങള്‍ പുറത്തുവിട്ട ജിയോജിത് ഫിനാന്‍ഷ്യല്‍ ഓഹരികളും ഇന്ന് നഷ്ടത്തിലാണ്. ഓഹരി വില 5.65 ശതമാനം ഇടിഞ്ഞ് 140.19 രൂപയിലെത്തി.
വസ്ത്ര, ബാഗ് നിര്‍മാണ കമ്പനിയായ സ്‌കൂബിഡേ ഗാര്‍മെന്റ്‌സ് ഓഹരി വില 4.29 ശതമാനം ഇടിഞ്ഞ് 92.6 രൂപയിലെത്തി.
അതേസമയം, ടി.സി.എം ഓഹരി ഇന്നും മുന്നേറ്റത്തിലാണ്. ഓഹരി വില 4.99 ശതമാനം ഉയര്‍ന്ന് 76.16 രൂപയിലെത്തി. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍, എ.വി.ടി നാച്വറല്‍ പ്രോഡക്ട്‌സ്, സെല്ല സ്‌പേസ്, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, പോപ്പീസ് കെയര്‍, പി.ടി.എല്‍ എന്റര്‍പ്രൈസസ് തുടങ്ങിയവ ഒരു ശതമാനത്തിനുമേല്‍ നേട്ടമുണ്ടാക്കി.
ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ മികച്ച ലാഭ വളര്‍ച്ച നേടിയ ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ രണ്ട് ശതമാനത്തോളം ഉയര്‍ന്നു. ഫെഡറല്‍ ബാങ്കും ഇന്ന് നേട്ടത്തിലായിരുന്നു. അതേസമയം, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സി.എസ്.ബി ബാങ്ക് ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Next Story
Videos