എല്ലാ കണ്ണുകളും അമേരിക്കയിലേക്ക്; ഐ.ടി ചതിച്ചു, റെക്കോഡില്‍ നിന്നിറങ്ങി ഇന്ത്യന്‍ സൂചികകള്‍

അമേരിക്കന്‍ പ്രഖ്യാപനത്തില്‍ കണ്ണും നട്ടിരുന്ന വിപണി ഇന്ന് പുതിയ റെക്കോഡുകള്‍ തൊട്ടെങ്കിലും ഐ.ടി ഓഹരികളുടെ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരാന്ത്യത്തില്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തി. സെന്‍സെക്‌സ് 131.43 പോയിന്റ് (0.16 ശതമാനം) ഇടിഞ്ഞ് 82,948.23ലും നിഫ്റ്റി 41 പോയിന്റ് (0.16 ശതമാനം) ഇടിഞ്ഞ് 25,377.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇടയ്‌ക്കൊരുവേള സെന്‍സെക്‌സ് 83,326.38 പോയിന്റിലും നിഫ്റ്റി 25,482 പോയിന്റിലുമെത്തി റെക്കോഡിട്ടിരുന്നു.

ഇന്ന് അവസാനിക്കുന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയില്‍ (FOMC-Federal Open Market Committee) അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കില്‍ എത്ര ശതമാനം കുറവു വരുത്തും എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.

വിവിധ മേഖലകളുടെ പ്രകടനം

വിവിധ സെക്ടറുകളെടുത്താല്‍ ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് എന്നിവ ഒഴികെ ഒന്നും ഇന്ന് പച്ചതൊട്ടില്ല. ഐ.ടി സൂചിക മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞ് 41,820 പോയിന്റിലേക്ക് എത്തി. സെപ്റ്റംബര്‍ ഒമ്പതിനു ശേഷം ആദ്യമായാണ് 42,000ത്തിനു താഴേക്ക് ഐ.ടി സൂചിക വീഴുന്നത്.

വിവിധ സൂചികകളുടെ പ്രകടനം

എംഫസിസ് ഓഹരികള്‍ 5.6 ശതമാനം ഇടിഞ്ഞു. എല്‍ ആന്‍ഡ് ടി ടെക്‌നോളജീസ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്.സി.എല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര തുടങ്ങിയവ മൂന്ന് മുതല്‍ നാല് ശതമാനം ഇടിവുമായി തൊട്ടു പിന്നില്‍ തന്നെയുണ്ട്. വിപ്രോ, ഇന്‍ഫോസിസ്, കൊഫോര്‍ജ്, എല്‍.ടി.ഐ മൈന്‍ഡ്ട്രീ എന്നിവയും ഇടിവിലാണ്.
ഐ.ടി ഓഹരികള്‍ താഴേക്ക് വലിച്ചപ്പോഴും ഫിനാന്‍ഷ്യല്‍ ഓഹരികള്‍ കരുത്തോടെ നിന്നത് വിപണിയുടെ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചു. ഫാര്‍മ ഓഹരികളും വിപണിയെ വലച്ചു.
ബി.എസ്.ഇയില്‍ ഇന്ന് 4,070 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 1,520 ഓഹരികള്‍ മാത്രമാണ് മുന്നേറിയത്. 2,455 ഓഹരികളുടെ വില താഴേക്ക് പോയി. 95 ഓഹരികള്‍ക്ക് വില മാറ്റമില്ല.
ഇന്ന് ഏഴ് ഓഹരികളാണ് അപ്പര്‍ സര്‍ക്യൂട്ടിലുള്ളത് ഒമ്പത് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്. 276 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു.

മുന്നേറ്റത്തില്‍ ഇവര്‍

ബി.എസ്.ഇയുടെ ഓഹരികളുടെ മുന്നേറ്റം തുടരുകയാണ്. ഇന്ന് ഒറ്റ ദിവസം കൊണ്ട് 15.31 ശതമാനം ഉയര്‍ന്ന് വില 3,844 രൂപയിലെത്തി. മറ്റൊരു എക്‌സ്‌ചേഞ്ച് ആയ എന്‍.എസ്.ഇ ഐ.പി.ഒയ്‌ക്കൊരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഓഹരിയെ മുന്നേറ്റത്തിലാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബി.എസ്.ഇ ഓഹരികള്‍ 200 ശതമാനത്തില്‍ അധികം ഉയര്‍ന്നിട്ടുണ്ട്. വിപണിയിലെ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിക്കുന്നത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ വരുമാനം ഉയരുന്നതിന് വഴിയൊരുക്കുന്നതാണ് ഓഹരിയെ മുന്നേറ്റത്തിലാക്കിയത്.

നേട്ടം കുറിച്ചവര്‍

ടൊറന്റ് പവര്‍ ഇന്ന് നിഫ്റ്റി 200ലെ നേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമനായി. ഓഹരി വില 8.48 ശതമാനം കുതിച്ച് 1,931 രൂപയായി.
ടൊറന്റ് പവറിന് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ നിന്ന് 1,500 മെഗാവാട്ട് പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജ് പ്രോജക്ടിനുള്ള ഓര്‍ഡര്‍ ലഭിച്ചതാണ് ഓഹരികൾക്ക്‌ ഗുണമായത്.
സംവര്‍ധന മതേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ ഓഹരിയാണ് ഇന്ന് മികച്ച നേട്ടം കാഴ്ചവച്ച മറ്റൊരു ഓഹരി. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷന്‍സ് പ്ലേസ്മെന്റ് ഇഷ്യൂവിന് ഇന്നലെ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു.
ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ 4.22 ശതമാനം കുതിപ്പുമായി നേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തും 3.76 ശതമാനം നേട്ടവുമായി ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഞ്ചാം സ്ഥാനത്തുമാണ്.

നഷ്ടത്തിലിവര്‍

ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് ഇന്ന് നഷ്ടപ്പട്ടികയില്‍ ഒന്നാമന്‍. ഓഹരി വില 8.47 ശതമാനം ഇടിഞ്ഞു. ഐ.ടി ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദം എംഫസിസ് ഓഹരികളില്‍ 5.63 ശതമാനം ഇടിവുണ്ടാക്കി.

നഷ്ടം കുറിച്ചവര്‍

ഓയില്‍ ഇന്ത്യ (3.53 ശതമാനം), സോന ബി.എല്‍.ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ് (3.51 ശതമാനം) എന്നിവയും ഇന്ന് നഷ്ടത്തില്‍ മുന്നിലെത്തി. ടി.സി.എസാണ് 3.50 ശതമാനം ഇടിവുമായി അഞ്ചാം സ്ഥാനത്ത്.

കേരള ഓഹരികളില്‍ തിളങ്ങി ജിയോജിത്

വിപണിയുടെ മൊത്തത്തിലുള്ള പ്രകടനത്തിനൊപ്പമായിരുന്നു കേരള ഓഹരികളുടെയും നീക്കം. മിക്ക ഓഹരികളും നഷ്ടത്തിലായി. ജിയോജിത് ഓഹരികളാണ് ഇന്ന് മികച്ച നേട്ടം കാഴ്ചവച്ചത്. ഓഹരി 4.65 ശതമാനം ഉയര്‍ന്നു. റൈറ്റ്‌സ് ഇഷ്യു വഴി 200 കോടി സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട മീറ്റിംഗ് നാളെയാണ്. ഇന്നലെ ഇത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത് ഓഹരികളില്‍ ഇടിവുണ്ടാക്കിയെങ്കിലും ഇന്ന് മുന്നേറ്റത്തിലാണ്. വ്യാപാരാന്ത്യത്തിൽ അഞ്ച് ശതമാനമാണ് ഓഹരിയുടെ നേട്ടം. വെസ്റ്റേൺ പ്ലൈവുഡ് ഓഹരി വില 4.57 ശതമാനം ഉയര്‍ന്ന് 204 രൂപയിലെത്തി.
ശതമാനക്കണക്കില്‍ കൂടുതല്‍ നേട്ടം നല്‍കിയത് പ്രൈമ അഗ്രോ ഓഹരിയാണ്. ഓഹരി വില എട്ട് ശതമാനത്തിലധികം ഉയര്‍ന്ന് 29.75 രൂപയിലെത്തി. ഫാക്ട് മൂന്ന് ശതമാനത്തോളവും കെ.എസ്.ഇ രണ്ട് ശതമാനത്തിലധികവും ഉയര്‍ന്നു.

കേരള ഓഹരികളുടെ പ്രകടനം

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇന്നും നഷ്ടം തുടരുകയാണ്. ഓഹരി വില 2.30 ശതമാനം താഴ്ന്ന് 1,722 രൂപയിലെത്തി. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെല്‍ 2.71 ശതമാനം ഇടിവിലാണ്.
കേരളം ആസ്ഥാനമായ ബാങ്കുകളില്‍ ഫെഡറല്‍ ബാങ്ക് മാത്രമാണ് ഇന്ന് പച്ചയില്‍ പിടിച്ചു നിന്നത്. എന്‍.ബി.എഫ്‌സികളും എല്ലാം തന്നെ നഷ്ടത്തിലായിരുന്നു.

Related Articles
Next Story
Videos
Share it