സൂചികകളിലെ മാന്ദ്യത്തിലും അടിച്ചു കയറി കിറ്റെക്‌സും സ്‌കൂബിയും, വീ-ഗാര്‍ഡിനും കല്യാണിനും വീഴ്ച

സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് പൂര്‍ണമായും വില്‍പ്പന സമ്മര്‍ദ്ദത്തിൽ പെട്ടു. വ്യാപാരാന്ത്യത്തില്‍ നിഫ്റ്റി പച്ചയിലേക്ക് കാല്‍വച്ചെങ്കിലും സെന്‍സെക്‌സിന് അതിജീവിക്കാനായില്ല. ഒരുവേള 80,724 പോയിന്റ് വരെ ഉയര്‍ന്ന സെന്‍സെക്‌സ് 0.015 ശതമാനം ഇടിഞ്ഞ് 80,424.68ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 24,636.35ല്‍ വ്യാപാരം ആരംഭിച്ച നേരിയ മുന്നേറ്റം നടത്തിയ ശേഷം 24,572.65ല്‍ അവസാനിപ്പിച്ചു.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ മീറ്റിംഗ് അടുത്തുവരുന്നത് വിപണികളെ ആശങ്കയിലാക്കുന്നുണ്ട്. പലിശ സെപ്റ്റംബറില്‍ കുറയ്ക്കുമെന്ന കൃത്യമായ സൂചന ഇത്തവണ ഉണ്ടാകണമെന്നാണ് വിപണി ആഗ്രിക്കുന്നത്. ഈ പ്രതീക്ഷയില്‍ ആഗോള വിപണികള്‍ പോസിറ്റീവായാണ് അവസാനിപ്പിച്ചത്.
സെന്‍സെക്‌സില്‍ ഹിന്‍ഡാല്‍കോ, ബി.പി.സി.എല്‍, ശ്രീറാം ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, എല്‍.ടി.ഐ മൈന്‍ഡ്ട്രീ, കോള്‍ ഇന്ത്യ, ഒ.എന്‍.ജി.സി, ഡോ.റെഡ്ഡീസ് ലാബ്‌സ് എന്നിവ1.8 ശതമാനം മുതല്‍ 4 ശതമാനം വരെ നേട്ടത്തിലായി. അതേസമയം, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ ലൈഫ്, ടാറ്റ മോട്ടോഴ്‌സ് എന്നിവ 2.5 ശതമാനം വരെ നഷ്ടത്തിലുമായി.
വിശാലവിപണിയിലിന്ന് നിഫ്റ്റി സ്‌മോള്‍ക്യാപ് 1.71 ശതമാനം ഉയര്‍ച്ചയോടെ മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി മിഡ്ക്യാപ് സൂചികയുടെ നേട്ടം 0.18 ശതമാനമാണ്.
വിവിധ സൂചികകളുടെ പ്രകടനം
വിവിധ സെക്ടറല്‍ സൂചികകളെടുത്താല്‍ നിഫ്റ്റി മെറ്റലാണ് ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവച്ചത്. 1.87 ശതമാനമാണ് ഉയര്‍ച്ച. നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് 1.52 ശതമാനവും നിഫ്റ്റി പി.എസ്.യു ബാങ്ക് 1.20 ശതമാനവും ഉയര്‍ച്ചയിലാണ്. ക്രൂഡ് ഓയിലിന്റെ വിന്‍ഡ്ഫാള്‍ ടാക്‌സ് കുറച്ചതാണ് ഓയില്‍ ഓഹരികളെ ഉയര്‍ത്തി സൂചികയില്‍ മുന്നേറ്റമുണ്ടാക്കിയത്.

വിവിധ സൂചികകളുടെ പ്രകടനം

നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, ഓട്ടോ, ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകളാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
ബി.എസ്.ഇയില്‍ ഇന്ന് 4,165 ഓഹരികള്‍ വ്യാപാരം നടത്തിയതില്‍ 2,710 ഓഹരികള്‍ മുന്നേറി, 1,316 ഓഹരികളുടെ വില താഴ്ന്നു. 139 ഓഹരികള്‍ക്ക് വിലമാറ്റമില്ല. 288 ഓഹരികളാണ് ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടത്. 34 ഓഹരികള്‍ താഴ്ന്ന വിലയിലായി. അഞ്ച് ഓഹരികള്‍ ഇന്ന് അപ്പര്‍സര്‍ക്യൂട്ടിലുണ്ട്. രണ്ട് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ നിക്ഷേപക മൂല്യത്തില്‍ ഇന്ന് 2.89 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി.
ഓഹരികളിലെ മുന്നേറ്റം
ഓഗസ്റ്റ് ഒമ്പതിന് ഓഹരി വിപണിയില്‍ രംഗപ്രവേശനം നടത്തിയ ഓല ഇലക്ട്രിക് ഓഹരികള്‍ ഇന്നും അപ്പര്‍സര്‍ക്യൂട്ടടിച്ചു. ഓഹരി വില 10 ശതമാനം ഉയര്‍ന്ന് 146.03 രൂപയിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 64,411.35 കോടിയായി.
മറ്റ് വ്യക്തിഗത ഓഹരികളെടുത്താല്‍ ശ്രീ റാം ഫിനാന്‍സ് ഇന്ന് മൂന്ന് ശതമാനം മുന്നേറി. എച്ച്.എസ്.ബി.സി ലക്ഷ്യവില 3,600 രൂപ ആക്കി ഉയര്‍ത്തിയതാണ് ഓഹരിയെ ഉയര്‍ത്തിയത്.
സൊമാറ്റോ ഓഹരികളിന്ന് രാവിലെ നാല് ശതമാനം ഉയര്‍ന്നെങ്കിലും പിന്നീട് ലാഭമെടുപ്പില്‍ താഴേക്ക് പോയി. സൊമാറ്റോയുടെ ക്വിക്ക് കോമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റ് ഞായറാഴ്ച റെക്കോഡ് ഓര്‍ഡറുകള്‍ കരസ്ഥമാക്കിയതാണ് രാവില ഓഹരിയെ ഉയര്‍ത്തിയത്. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഓഹരി ഏഴ് ശതമാനം ഇടിവിലാണ്.
മികച്ച ഒന്നാം പാദലാഭം രേഖപ്പെടുത്താനായത് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ ഓഹരികളെ നാല് ശതമാനം ഉയര്‍ത്തി. ബ്രസീലില്‍ നിന്ന് പോസ്റ്റീവായ റെഗുലേറ്ററി വാര്‍ത്തകള്‍ വന്ന ക്യാപ്‌ലിന്‍ ഓഹരികൾ 12 ശതമാനം മുന്നേറ്റത്തിലായി.

നേട്ടത്തിലേറിയവര്‍

വരുണ്‍ ബിവറേജസാണ് നിഫ്റ്റി 200ലെ മുഖ്യ നേട്ടക്കാര്‍. ഓഹരി വില 5.82 ശതമാനം ഉയര്‍ന്നു. ഒന്നാം പാദഫല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ വോള്‍ട്ടാസിന് അനലിസ്റ്റുകള്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയത് ഓഹരികളെ 5 ശതമാനം ഉയര്‍ത്തി.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഓഹരി വില 4 ശതമാനം നേട്ടത്തോടെ മൂന്നാം സ്ഥാനത്തെത്തി.
ഡല്‍ഹിവെറി ഓഹരികളാണ് ഇന്ന് നേട്ടത്തില്‍ നാലാമത് 3.94 ശതമാനം ഉയര്‍ന്ന് ഓഹരി വില 432.95 രൂപയിലെത്തി. അദാനി ഗ്രീന്‍ എനര്‍ജി ഓഹരികളിന്ന് 3.89 ശതമാനം ഉയര്‍ന്നു. ഓഹരി വില 1,902.20 രൂപയിലെത്തി.
നഷ്ടം കൊയ്തവര്‍
മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സാണ് ഇന്നത്തെ നിഫ്റ്റി 200ന്റെ പ്രധാന നഷ്ടക്കാര്‍. ഓഹരി വില 5.03 ശതമാനം ഇടിഞ്ഞു. കേരള കമ്പനിയായ കല്യാണാണ് നഷ്ടത്തില്‍ രണ്ടാമന്‍. ഓഹരി വില 4 ശതമാനത്തിലധികം താഴ്ന്നു. എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ് (3.46 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (2.59 ശതമാനം) എന്നിവരും നഷ്ടത്തില്‍ മുന്നിലാണ്. പോളിസി ബസാറിന്റെ മാതൃകമ്പനിയായ പി.ബി ഫിന്‍ടെക്ക് മൂന്ന് ശതമാനത്തോളം താഴ്ന്ന് 1,649.40 രൂപയിലെത്തി.

നഷ്ടത്തിലേറിയവര്‍

ഇന്‍ഡിഗോ ഓഹരികളിന്ന് രണ്ട് ശതമാനത്തോളം താഴ്ന്നു. 0.5 ശതമാനം ഓഹരികള്‍ ഇന്ന് കൈമാറ്റം നടത്തിയതാണ് കാരണം. 285 കോടിയുടെ ഓര്‍ഡര്‍ നേടിയ മിശ്ര ദത്ത് നിഗം ഓഹരികളും മൂന്ന് ശതമാനം താഴ്ചയിലാണ്.
നേട്ടം തുടര്‍ന്ന് കിറ്റെക്‌സ്, സ്‌കൂബിക്കും മുന്നേറ്റം
കേരള കമ്പനികളില്‍ ഇന്ന് അടിച്ചു കയറിയത് കിറ്റെക്‌സ് ഗാര്‍മെന്റ്‌സാണ്. ഓഹരി വില 15 ശതമാനത്തിലധികം ഉയര്‍ന്നു. ഒന്നാം പാദത്തില്‍ ലാഭവും വരുമാനം വര്‍ധിച്ചതുമുതല്‍ ഓഹരി മുന്നേറ്റത്തിലാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി വില 52 ശതമാനം ഉയര്‍ന്നു.

കേരളകമ്പനി ഓഹരികളുടെ പ്രകടനം

ബംഗ്ലാദേശിലെ രാഷ്ട്രിയ സാഹചര്യങ്ങള്‍ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് അനുകൂലമാകുമെന്ന വാര്‍ത്തകളും ഓഹരികളെ ഉയര്‍ത്തിയിരുന്നു. ടെക്‌സ്‌റ്റൈല്‍ മേഖലയിലെ മറ്റ് കേരള കമ്പനികളായ സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ് ഇന്ന് 6 ശതമാനത്തിലധികവും ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് 4.78 ശതമാനവും ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിറ്റ ജെലാറ്റിന് 5.36 ശതമാനവും ഇന്‍ഡിട്രേഡ് 4.96 ശതമാനം ഉയര്‍ച്ചയിലാണ്. ആസ്പിന്‍വാള്‍, സെല്ലസ്‌പേസ്, ഇസാഫ്, ജിയോജിത്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ എന്നിവയും ഇന്ന് രണ്ട് ശതമാനത്തിലധികം ഉയര്‍ച്ചയിലാണ്.
Related Articles
Next Story
Videos
Share it