Begin typing your search above and press return to search.
5-ാം നാളിലും ഓഹരികള്‍ മുന്നോട്ട്; ഫാക്ടിന് വന്‍ കുതിപ്പ്, ഉഷാറാക്കി പോളിസിബസാര്‍, പേയ്ടിഎമ്മും തിളങ്ങി
തുടര്‍ച്ചയായ അഞ്ചാംനാളിലും നേട്ടമെഴുതി ഇന്ത്യന്‍ ഓഹരി സൂചികകള്‍. ഊര്‍ജം, ഫാര്‍മ, ധനകാര്യം, ഓട്ടോ ഓഹരികളാണ് ഇന്ന് നേട്ടത്തിന് ചുക്കാന്‍ പിടിച്ചത്. ചാഞ്ചാട്ടത്തോടെയായിരുന്നു ഇന്ത്യന്‍ വിപണിയുടെ തുടക്കം.
ആദ്യം നേട്ടത്തിലേറിയെങ്കിലും പൊടുന്നനേ നഷ്ടത്തിലേക്ക് വീണു. പക്ഷേ, അതിവേഗം കരകയറുകയും ചെയ്തു. 72,627ല്‍ വ്യാപാരത്തിന് തുടക്കമിട്ട സെന്‍സെക്‌സ് ആദ്യ മണിക്കൂറില്‍ തന്നെ 72,308ലേക്ക് കൂപ്പുകുത്തി. പക്ഷേ, ഉയിര്‍ത്തെണീറ്റശേഷം 72,881 വരെ കുതിച്ചു. വ്യാപാരാന്ത്യത്തിലുള്ളത് 281 പോയിന്റ് (0.39%) നേട്ടവുമായി 72,708ല്‍.
നിഫ്റ്റിയും 22,021 വരെ താഴുകയും 22,186 വരെ ഉയരുകയും ചെയ്തശേഷം 22,122ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ഇന്നത്തെ നേട്ടം 81 പോയിന്റ് (0.37%). നിഫ്റ്റി 50ല്‍ ഇന്ന് 27 ഓഹരികള്‍ നേട്ടത്തിലും 23 എണ്ണം നഷ്ടത്തിലുമായിരുന്നു.
ഗ്രാസിം ഇന്‍ഡസ്ട്രീസ് (3.09%), ബജാജ് ഫിന്‍സെര്‍വ് (2.71%), ബജാജ് ഓട്ടോ (2.27%) എന്നിവ ഇന്ന് നിഫ്റ്റി 50യുടെ നേട്ടത്തിന് വലിയ പങ്കുവഹിച്ചപ്പോള്‍ കോള്‍ ഇന്ത്യ 4.24 ശതമാനം താഴ്ന്ന് നഷ്ടത്തില്‍ മുന്നില്‍ നിന്നു.
ബി.എസ്.ഇയില്‍ 4,102 ഓഹരികള്‍ വ്യാപാരത്തിനെത്തി. 2,362 എണ്ണം നേട്ടത്തിലും 1,604 എണ്ണം നഷ്ടത്തിലുമായിരുന്നു. 136 ഓഹരികളുടെ വില മാറിയില്ല. 392 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 17 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ട് ഒഴിഞ്ഞുകിടന്നു. ലോവര്‍-സര്‍കീട്ടില്‍ 4 പേരുണ്ടായിരുന്നു.
ബി.എസ്.ഇയിലെ മൊത്തം ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യം ഇന്ന് 2.91 ലക്ഷം കോടി രൂപ വര്‍ധിച്ച് എക്കാലത്തെയും ഉയരമായ 391.69 ലക്ഷം കോടി രൂപയുമായിട്ടുണ്ട്.
നേട്ടത്തിലേറിയവര്‍
പോളിസിബസാര്‍ (PBFintech) ഓഹരികളാണ് ഇന്ന് കൂടുതല്‍ കസറിയത്. ഓഹരി 7.81 ശതമാനം കുതിച്ചു. പി.ബി. ഫിന്‍ടെക്കിന്റെ ഉപസ്ഥാപനമായ പോളിസിബസാര്‍ ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്‌സിന് ഡയറക്ട് ഇന്‍ഷ്വറന്‍സ് ബ്രോക്കറില്‍ നിന്ന് കോമ്പസിറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കര്‍ എന്നതിലേക്ക് ഐ.ആര്‍.ഡി.എ.ഐയില്‍ നിന്ന് ലൈസന്‍സ് ഉയര്‍ത്തിക്കിട്ടിയതാണ് ഓഹരികള്‍ക്ക് ആഘോഷമായത്.
ഇതോടൊപ്പം സിറ്റി 'വാങ്ങല്‍' (BUY) റേറ്റിംഗ് നിലനിറുത്തിയതും നേട്ടമായി. ലൈസന്‍സ് അപ്‌ഗ്രേഡ് ചെയ്ത് ലഭിച്ചതിനാല്‍ ഇനി കമ്പനിക്ക് കൂടുതല്‍ ടെക് അധിഷ്ഠിത ഇന്‍ഷ്വറന്‍സ് സേവനങ്ങളിലേക്കും റീഅഷ്വറന്‍സ് സേവനങ്ങളിലേക്കും കടക്കാം.
ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ, മാരുതി സുസുക്കി എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ മുന്നേറിയവ. റിസര്‍വ് ബാങ്കില്‍ നിന്ന് ആശ്വാസം കിട്ടിയ പശ്ചാത്തലത്തില്‍ പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) ഓഹരി ഇന്ന് 5 ശതമാനം ഉയര്‍ന്നു.
പി.ബി. ഫിന്‍ടെക്കിന് പുറമേ ഡിക്‌സോണ്‍ ടെക്, ഫാക്ട്, അദാനി വില്‍മര്‍, റെയില്‍ വികാസ് നിഗം (RVNL) എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ മുന്നേറ്റമുണ്ടാക്കിയവ.
ചൈനയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണക്കമ്പനിയായ ബി.ബി.കെയില്‍ നിന്ന് ഇന്ത്യയില്‍ കൂടുതല്‍ ഫോണുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ലഭിച്ചതാണ് ഡിക്‌സോണ്‍ ടെക്കിന് നേട്ടമായത്. ഓപ്പോ, വിവോ, റിയല്‍മി, വണ്‍പ്ലസ്, ഐകൂ ഫോണുകളാകും ഇതുപ്രകാരം നിര്‍മ്മിക്കുക. ഇതിനായി കമ്പനി പ്ലാന്റിന്റെ ശേഷി കൂട്ടുന്നുമുണ്ട്.
ഓര്‍ഡര്‍ ബുക്ക് (മൊത്തം ഓര്‍ഡറുകളുടെ മൂല്യം) 65,000 കോടി രൂപ കവിഞ്ഞുവെന്ന വെളിപ്പെടുത്തല്‍ ഇന്ന് ആര്‍.വി.എന്‍.എല്ലിനെ നേട്ടത്തിലേറ്റി. മൊത്തം ഓര്‍ഡറില്‍ 9,000 കോടിയുടേത് വന്ദേഭാരത് ട്രെയിനുകള്‍ക്കും 7,000 കോടിയുടേത് വിവിധ മെട്രോ പദ്ധതികള്‍ക്കുമാണ്. ഇതിന് പുറമേ യു.എ.ഇ., പശ്ചിമേഷ്യ, മദ്ധ്യേഷ്യ എന്നിവിടങ്ങളിലും കമ്പനി കൂടുതല്‍ പദ്ധതികള്‍ ഉന്നമിടുന്നുണ്ട്.
അദാനി ഗ്രൂപ്പ് കൂടുതല്‍ ധന സമാഹരണത്തിന് ഒരുങ്ങുന്നത് അദാനി വില്‍മര്‍ ഓഹരികള്‍ക്ക് നേട്ടമായി. പുറമേ കമ്പനിയുടെ ബംഗ്ലാദേശിലെ ഉപകമ്പനിയായ ഷുന്‍ ഷിന്‍ഗ് (Shun Shing) എഡിബിള്‍ കമ്പനിയെ ബംഗ്ലാദേശ് എഡിബിള്‍ ഓയില്‍ കമ്പനിയുമായി ലയിപ്പിക്കാന്‍ രാജ്യത്തിന്റെ പരമോന്നത കോടതി അനുവദിച്ചതും നേട്ടമായി.
നിരാശപ്പെടുത്തിയവര്‍
എല്‍ ആന്‍ഡ് ടി., വിപ്രോ, ടി.സി.എസ്., ടാറ്റാ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖര്‍. സൗദി ആരാംകോ 1,000 കോടി ഡോളറിന്റെ ഒരു പദ്ധതിക്ക് ടെന്‍ഡര്‍ വിളിക്കുന്നത് നീട്ടിയതാണ് എല്‍ ആന്‍ഡ് ടിക്ക് തിരിച്ചടിയായത്. ടെന്‍ഡര്‍ നേടാനുള്ള ശ്രമത്തിലായിരുന്നു എല്‍ ആന്‍ഡ് ടി. യു.എസ് ഓഹരി വിപണികളുടെ തളര്‍ച്ചയാണ് ഐ.ടി ഓഹരികള്‍ക്ക് ക്ഷീണമായത്.
യെസ് ബാങ്ക്, കോള്‍ ഇന്ത്യ, എച്ച്.ഡി.എഫ്.സി അസറ്റ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, സീ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയാണ് ഇന്ന് 3-4.5 ശതമാനം താഴ്ന്ന് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നില്‍ നിന്നത്. 674 കോടി രൂപ മതിക്കുന്ന 24.78 കോടിയോളം ഓഹരികള്‍ ബ്ലോക്ക് ഡീലില്‍ കൈമാറ്റം ചെയ്യപ്പെട്ടത് യെസ് ബാങ്കോഹരികളെ താഴേക്ക് വീഴ്ത്തി. 2023-24ല്‍ ഉത്പാദനം പ്രതീക്ഷിച്ചത്ര (780 ടണ്‍) എത്തില്ലെന്നും ഇ-ഓക്ഷന്‍ പ്രീമിയം 117 ശതമാനത്തില്‍ നിന്ന് 45 ശതമാനത്തിലേക്ക് താഴ്ന്നുവെന്നും ചെയര്‍മാന്‍ പി.എം. പ്രസാദ് അഭിപ്രായപ്പെട്ടത് കോള്‍ ഇന്ത്യക്ക് തിരിച്ചടിയായി.
വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി ഐ.ടി (-0.30%). പി.എസ്.യു ബാങ്ക് (-0.47%), റിയല്‍റ്റി (-0.67%) എന്നിവയൊഴികെയുള്ളവ നേട്ടത്തിലായിരുന്നു.
ഫാക്ടിന്റെ മുന്നേറ്റം
കേരളത്തില്‍ നിന്നുള്ള ഓഹരികളില്‍ ഇന്ന് ഫാക്ട് 6.31 ശതമാനം നേട്ടമുണ്ടാക്കി. എഫ്.ടി.എസ്.ഇ ഓള്‍-വേള്‍ഡ് ഇന്‍ഡെക്‌സില്‍ പുതുതായി കയറിക്കൂടുന്ന 16 ഇന്ത്യന്‍ ഓഹരികളില്‍ ഉള്‍പ്പെട്ടത് കമ്പനിക്ക് കരുത്തായി. ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, കല്യാണ്‍ ജുവലേഴ്‌സ് തുടങ്ങിയവയും ആ 16ല്‍ ഉള്‍പ്പെടുന്നുണ്ട്. ഫാക്ടിന്റെ വിപണിമൂല്യം ഇന്ന് 53,800 കോടി രൂപയും കടന്നു.
പ്രമുഖ ഓഹരി നിക്ഷേപകന്‍ സഞ്ജീവ് ഭാസിനില്‍ നിന്ന് 65 രൂപയുടെ ലക്ഷ്യവില (Target price) കിട്ടിയ ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്നും 5 ശതമാനം ഉയര്‍ന്നു. എ.വി.ടി (10%), സി.എം.ആര്‍.എല്‍ (4.91%), ഇന്‍ഡിട്രേഡ് (4.13%), കിറ്റെക്‌സ് (6%) എന്നിവയും ഇന്ന് തിളങ്ങി.
സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, നിറ്റ ജെലാറ്റിന്‍, മണപ്പുറം ഫിനാന്‍സ്, കല്യാണ്‍ ജുവലേഴ്‌സ്, ജിയോജിത്, ആസ്റ്റര്‍ എന്നിവ ഇന്ന് 2.7 ശതമാനം വരെ നഷ്ടത്തിലാണുള്ളത്.
Next Story
Videos