അഞ്ചാം ദിനത്തില്‍ നഷ്ടക്കളമായി വിപണി, സൂചികകളില്‍ വന്‍ വീഴ്ച, നിക്ഷേപകര്‍ക്ക് നഷ്ടം ₹8 ലക്ഷം കോടി, മിന്നും തരിയായി ആര്‍.വി.എന്‍.എല്‍

തുടര്‍ച്ചയായി റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിയ ഇന്ത്യന്‍ വിപണി സൂചികകള്‍ ഇന്ന് നഷ്ടക്കയത്തില്‍. സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു. ആഗോള വിപണികളില്‍ നിന്നുള്ള ദുര്‍ബലമായ സൂചനകളും കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ലാഭമെടുക്കലുമാണ് വിപണിയെ രക്തപ്പുഴയാക്കിയത്. വിപണിക്ക് കരുത്തായി നിലകൊണ്ട ഐ.ടി ഓഹരികള്‍ക്കും വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതോടെ പിടിച്ചു നില്‍ക്കാനായില്ല. സെന്‍സെക്‌സ് 739 പോയിന്റ് ഇടിഞ്ഞ് 80,605ലും നിഫ്റ്റി 270 പോയിന്റ് താഴ്ന്ന് 24,351ലും വ്യാപാരം അവസാനിപ്പിച്ചു.

രാവിലത്തെ വ്യാപാരത്തില്‍ സെന്‍സെക്സ് റെക്കോഡ് നിലവാരമായ 81,588ലും നിഫ്റ്റി 24,855ലും തൊട്ടിരുന്നു. പിന്നീടാണ് വില്‍പ്പന സമ്മര്‍ദ്ദത്തില്‍പെട്ട് ഒരു ശതമാനത്തിലധികം താഴേക്ക് പതിച്ചത്.
സെന്‍സെക്‌സിലെ 30 ഓഹരികളില്‍ 26 എണ്ണവും നഷ്ടം രുചിച്ചു. ടാറ്റ സ്റ്റീല്‍, ബി.പി.സി.എല്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഒ.എന്‍.ജി.സി, കോള്‍ ഇന്ത്യ, അള്‍ട്ര ടെക് സിമന്റ് എന്നിവ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ താഴ്ചയിലായി.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ ഇന്ന് രക്തചൊരിച്ചിലായിരുന്നു. ഒറ്റ സൂചിക പോലും നേട്ടത്തിന്റെ പച്ചവെളിച്ചം തെളിച്ചില്ല. നിഫ്റ്റി മിഡ് ക്യാപ് സൂചികകള്‍ രണ്ട് ശതമാനം ഇടിഞ്ഞു.

വിവിധ സൂചികകളുടെ പ്രകടനം

നിഫ്റ്റി മെറ്റലാണ് നാല് ശതമാനത്തോളം ഇടിഞ്ഞ് സൂചികകള്‍ക്ക് നഷ്ടത്തിലേക്കുള്ള വഴി കാണിച്ചത്. നിഫ്റ്റി ഓട്ടോ, മീഡിയ, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ രണ്ട് ശതമാനത്തിനു മേല്‍ നഷ്ടം കുറിച്ചപ്പോള്‍ ഫാര്‍മ, പി.എസ്.യു ബാങ്ക്, ഹെല്‍ത്ത് കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് എന്നിവ ഒരു ശതമാനത്തിലധികവും താഴേക്ക് പോയി.
ബി.എസ്.ഇയില്‍ ഇന്ന് 4,010 ഓഹരികള്‍ വ്യാപാരം നടത്തിയതില്‍ വെറും 906 ഓഹരികളാണ് നേട്ടം രേഖപ്പെടുത്തിയത് 3,104 ഓഹരികള്‍ നഷ്ടക്കാറ്റില്‍പെട്ടു. 90 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
194 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയും 27 ഓഹരികള്‍ താഴ്ന്ന വിലയും കണ്ടു.
നാല് ഓഹരികളാണ് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലുണ്ടായിരുന്നത്. മൂന്ന് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണി മൂല്യം ഇന്ന് 454.3 ലക്ഷം കോടിയില്‍ നിന്ന്‌ 446.3 ലക്ഷം കോടിയായി കുറഞ്ഞു. നിക്ഷേപകരുടെ സമ്പത്തില്‍ നിന്ന് ഒറ്റയടിക്ക് എട്ട് ലക്ഷം കോടി രൂപയാണ് ഒലിച്ചു പോയത്.
ഓഹരികളിലെ കുതിപ്പും കിതപ്പും
നിഫ്റ്റി 200ല്‍ ഇന്ന് നേട്ടത്തിന് ചുക്കാന്‍ പിടിച്ചത് റെയില്‍ വികാസ് നിഗം ലിമിറ്റഡാണ്. കമ്പനിയെ സംബന്ധിച്ച ഒന്നിലധികം വാര്‍ത്തകളാണ് ഇന്ന് ഓഹരികളില്‍ ഉയര്‍ച്ചയ്ക്കിടയാക്കിയത്. ഇസ്രായേല്‍ കമ്പനിയായ യുണൈറ്റഡ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡുമായി കരാര്‍ ഒപ്പു വച്ചതാണ് ഇതിലൊന്ന്. ആര്‍.വി.എന്‍.എല്ലിന്റെ പ്രത്യേക കമ്പനിയായ (special purpose vehicle/SPV) കൃഷ്ണപട്ടണം റെയില്‍വേ കമ്പനിക്ക് (KRCL) 584.22 കോടിയുടെ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ വിധിച്ചതാണ് മറ്റൊരു കാരണം. റെയില്‍വേ മന്ത്രാലയവും കെ.ആര്‍.സി.എല്ലുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിനാണ് നഷ്ടപരിഹാരം.

നേട്ടത്തിലേറിയവര്‍

ആര്‍.വി.എന്‍.എല്‍ ഓഹരികള്‍ ഇന്ന് 8.77 ശതമാനം വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ നാല് ദിവസമായി തുടര്‍ന്നു പോരുന്ന നഷ്ടക്കച്ചവടത്തിനും ഇതോടെ ആര്‍.വി.എന്‍.എല്‍ വിരമാമിട്ടു.
മോശം ഒന്നാം പാദഫലം പുറത്തുവിട്ട പേയ്ടിഎം (വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്) ഓഹരികളിന്ന് ആറ് ശതമാനം ഉയര്‍ന്നു. 2021ല്‍ ലിസ്റ്റ് ചെയ്തതിനു ശേഷം ഏറ്റവും വലിയ നഷ്ടമാണ് ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. രണ്ടാം പാദംമുതല്‍ കമ്പനിയുടെ ലാഭക്ഷമതയും വരുമാനവും മെച്ചപ്പെടുമെന്ന പ്രതീക്ഷ പങ്കുവച്ചതാണ് ഓഹരികളില്‍ ഉയര്‍ച്ചയുണ്ടാക്കിയത്. വ്യാപാരാന്ത്യത്തില്‍ നേട്ടം 2.38 ശതമാനമായി കുറഞ്ഞു.
ഒന്നാം പാദത്തില്‍ മികച്ച ലാഭം രേഖപ്പെടുത്തിയ ഇന്‍ഫോസിസ് ഓഹരികള്‍ ഇന്ന് 1.78 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ വിപണി സമയത്തിനു ശേഷമായിരുന്നു കമ്പനിയുടെ കണക്കുകള്‍ പുറത്തുവന്നത്.
കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളാണ് ഇന്ന് നിഫ്റ്റി 200ലെ നേട്ടക്കാരുടെ പട്ടികയിലെ നാലാമന്‍. ഓഹരി വില 1.26 ശതമാനം ഉയര്‍ന്ന് 526 രൂപയിലെത്തി. പ്രസ്റ്റീജ് ഗ്രൂപ്പ് ഓഹരികളും ഒരു ശതമാനത്തിനു മുകളില്‍ ഉയര്‍ന്ന് നേട്ട പട്ടികയിലിടം നേട്ടി.

നഷ്ടം കുറിച്ചവര്‍

പെര്‍സിസ്റ്റന്റ് സിസ്റ്റംസാണ് 6.62 ശതമാനം ഇടിവുമായി നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം കുറിച്ചത്. ലാഭവും വരുമാനവും കൂടിയെങ്കിലും എബിറ്റ് മാര്‍ജിന്‍ 0.5 ശതമാനം ഇടിഞ്ഞ് 14.5 ശതമാനത്തില്‍ നിന്ന് 14 ശതമാനമായതാണ് ഇന്ന് ഓഹരികളിലും നിരാശ പടര്‍ത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ വളം സബ്‌സ്ഡി കുറച്ചേക്കുമെന്ന വാര്‍ത്തകള്‍ ഇന്ന് ഫാക്ട് ഉള്‍പ്പെടെയുള്ള വളം ഓഹരികള്‍ക്ക് ക്ഷീണമുണ്ടാക്കി. ഫാക്ട് ഓഹരി വില 6.14 ശതമാനം ഇടിഞ്ഞ് 1,008.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കുമ്മിന്‍സ് ഇന്ത്യ, സംവര്‍ധന മദേഴ്‌സണ്‍ ഇന്റര്‍നാഷണല്‍, എന്‍.എം.ഡി.സി എന്നിവയാണ് ഇന്ന് ആറ് ശതമാനത്തോളം നഷ്ടവുമായി തൊട്ടു പിന്നില്‍.

നേട്ടത്തില്‍ എസ്.ഐ.ബിയും കല്യാണും

കേരള കമ്പനികളിൽ ഭൂരിഭാഗവും ഇന്ന് നഷ്ടത്തിലായിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് മികച്ച പാദഫല കണക്കുകള്‍ പുറത്തിവിട്ടതിനു പിന്നാലെ ഓഹരികള്‍ രാവിലത്തെ സെഷനിൽ ആറ് ശതമാനം വരെ മുന്നേറിയിരുന്നു. വ്യാപാരാന്ത്യത്തില്‍ നേട്ടം 2.41 ശതമാനമായി നിജപ്പെടുത്തി.

നാല് ശതമാനത്തോളം വില ഉയര്‍ന്ന സെല്ല സ്‌പേസ്, പാറ്റ്‌സ്പിന്‍ എന്നിവയാണ് തൊട്ടുപിന്നില്‍. കല്യാണ്‍ ജുവലേഴ്‌സ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, കെ.എസ്.ഇ, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, നിറ്റ ജെലാറ്റിന്‍, പോപ്പീസ് കെയര്‍, പോപ്പുലര്‍ വെഹിക്കിള്‍സ്, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, യൂണി മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, വണ്ടര്‍ല ഹോളിഡേയ്‌സ് തുടങ്ങിയ ഓഹരികള്‍ മാത്രമാണ് ഇന്ന് നഷ്ടത്തിലേക്ക് വീഴാതെ പിടിച്ചു നിന്നത്.

കേരള കമ്പനി ഓഹരികളുടെ ഇന്നത്തെ പ്രകടനം

ഫാക്ട് ഓഹരികളാണ് ആറ് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്. അപ്പോളോ ടയേഴ്‌സ്, ആസ്പിന്‍വാള്‍, ജിയോജിത്, ഹാരിസണ്‍സ് മലയാളം, പ്രൈമ അഗ്രോ എന്നിവയും നാല് ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി മൂന്ന് ശതമാനത്തോളം നഷ്ടത്തിലാണ്.

Related Articles

Next Story

Videos

Share it