ഇന്നും റെക്കോഡിട്ടു, വ്യാപാരാന്ത്യം കാലിടറി നിഫ്റ്റി; പിന്‍വലിഞ്ഞ് പ്രതിരോധ ഓഹരികള്‍, വളം മുന്നേറി

ഇന്ന് ഓഹരി സൂചികകള്‍ ഇരു ദിശകളിലായാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സും നിഫ്റ്റിയും തുടര്‍ച്ചയായ നാലാം വ്യാപാരദിനത്തിലും പുതിയ റെക്കോഡ് ഉയരം താണ്ടിയെങ്കിലും പീന്നീട് നിഫ്റ്റിക്ക് കാലിടറി. വ്യാപാരാന്ത്യത്തില്‍ 42 പോയിന്റ് നഷ്ടത്തോടെ 23,516ലാണ് നിഫ്റ്റിയുള്ളത്.

സെന്‍സെക്‌സ് 77,851.63 പോയിന്റെന്ന റെക്കോഡ് തൊട്ട ശേഷം വ്യാപാരാന്ത്യം 77,337.9ലേക്ക് തിരിച്ചിറങ്ങി. 36 പോയിന്റിന്റെ നേരിയ നേട്ടം മാത്രമാണ് നിലനിറുത്താനായത്. രൂപ ഇന്ന് ഡോളറിനെതിരെ 4 പൈസ ഇടിഞ്ഞ് 83.453ലെത്തി.
വിവിധ വിഭാഗങ്ങളുടെ പ്രകടനം
ബി.എസ്.ഇ മിഡ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങളും ഇന്ന് ലാഭമെടുക്കലില്‍ വലഞ്ഞു. മിഡ്ക്യാപ് സൂചിക ഇന്ന് രാവിലത്തെ സെഷനില്‍ 46,442.9 പോയിന്റ് വരെ ഉയര്‍ന്ന് റെക്കോഡ് തൊട്ടെങ്കിലും പിന്നീട് 0.91 ശതമാനം താഴ്ചയിലായി. സ്‌മോള്‍ ക്യാപ് സൂചികയും ഇന്ന് 51,986.25 എന്ന ഉയര്‍ന്ന നിലവാരം കണ്ട് മടങ്ങി. വ്യാപാരം അവസാനിക്കുമ്പോള്‍ 0.58 ശതമാനം താഴ്ചയിലാണ്.
ബി.എസ്.ഇയില്‍ ഇന്ന് 3,972 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 1,634 ഓഹരികള്‍ക്ക് മാത്രമാണ് വില വര്‍ധന നേടാനായത്. 2,235 ഓഹരികളുടെ വില താഴ്ന്നു. 103 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
ഇന്ന് 35 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 20 ഓഹരികള്‍ താഴ്ന്ന വിലയും. നാല് വീതം ഓഹരികളാണ് അപ്പര്‍ സര്‍ക്യൂട്ടിലുള്ളത്‌.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം ഇന്ന് 437.2 ലക്ഷം കോടി രൂപയില്‍ നിന്ന് 434 ലക്ഷം കോടി രൂപയായി കുറഞ്ഞു. നിക്ഷേപകര്‍ക്ക് ഒറ്റ ദിനത്തിലെ നഷ്ടം 3.2 ലക്ഷം കോടി രൂപയാണ്.

വിവിധ ഓഹരി സൂചികകളുടെ ഇന്നത്തെ പ്രകടനം

നിഫ്റ്റിയില്‍ ഇന്ന് രണ്ട് ശതമാനം ഉയര്‍ച്ചയുമായി ബാങ്ക് സൂചികയാണ് മുന്നില്‍. സൂചിക എക്കാലത്തെയും റെക്കോഡും കുറിച്ചു. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐ.ടി, പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് എന്നിവയും നേട്ടത്തിലായിരുന്നു. നിഫ്റ്റി റിയല്‍റ്റിയാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ വിഭാഗം. ഓട്ടോ, എഫ്.എം.സി.ജി, മെറ്റല്‍, ഫാര്‍മ എന്നിവയും നിരാശപ്പെടുത്തി.
ഓഹരികളുടെ കയറ്റവും താഴ്ചയും
ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എസ്.ബി.ഐ എന്നിവയാണ് ഇന്ന് ഒരു ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ നേട്ടവുമായി സെന്‍സെക്‌സിനെ നയിച്ചത്.

ഇന്ന് മുന്നേറിയവര്‍

നിഫ്റ്റി 200ല്‍ ഇന്ന് 4.98 ശതമാനം മുന്നേറ്റവുമായി സൊമാറ്റോയാണ് ഒന്നാമത്, ഫാക്ട് 4.41 ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ദീപക് നൈട്രൈറ്റ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ മികച്ച നേട്ടം കാഴ്ചവച്ച മറ്റ് ഓഹരികള്‍.

മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ 336 കോടി രൂപയുടെ അധിക ഓഹരികള്‍ ഇന്ന് ആക്‌സിസ് ബാങ്ക് വാങ്ങിയിരുന്നു. ഇതാണ് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായ ആക്‌സിസ് ബാങ്കിന്റെ ഓഹരി വില 3.11 ശതമാനം ഉയരാനിടയാക്കിയത്.

എസ്.ബി.ഐക്ക് 2025 സാമ്പത്തിക വര്‍ഷത്തില്‍ ബോണ്ട് വഴി 20,000 കോടി രൂപ സമാഹരിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കി. ഇന്ന് ഓഹരി 0.91 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്‍ഡസ് ടവറിലെ 19 ശതമാനം ഓഹരികള്‍ വോഡഫോണ്‍ പി.എല്‍.സി വിറ്റഴിച്ചിരുന്നു. വോഡഫോണ്‍ ഐഡിയയുടെ കടബാധ്യതകള്‍ കുറയ്ക്കാനാണ് വിറ്റഴിക്കല്‍ തുക വിനിയോഗിക്കുക. വില്‍പ്പനയെ തുടര്‍ന്ന് ഇന്‍ഡസ് ടവര്‍ ഓഹരി ഏഴ് ശതമാനം താഴ്ന്നിരുന്നു. അതേ സമയം വോഡഫോണ്‍ ഐഡിയ ഓഹരി ആറ് ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയ്ക്കടുത്തെത്തി. നോക്കിയ്ക്കും എറിക്‌സണിനും പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ നല്‍കി 2,458 കോടി രൂപ സമാഹരിക്കാന്‍ വോഡഫോണ്‍ ഐഡിയ പദ്ധതിയിട്ടിരുന്നു. ജൂലൈ 10
ന്‌
നടക്കുന്ന അസാധാരണ പൊതു യോഗത്തിലാണ് ഇതിന് അംഗീകാരം ലഭിക്കുക.
രാസവള കമ്പനികളുടെ ഓഹരികള്‍ ഇന്നും ഉയര്‍ച്ച തുടര്‍ന്നു. ചമ്പാല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ്, പെട്രോകെമിക്കല്‍ കോര്‍പ്പറേഷന്‍, രാഷ്ട്രീയ കെമിക്കല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, ഗുജറാത്ത് സ്റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, കോറമാന്‍ഡല്‍ ഇന്റര്‍നാഷണല്‍, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് എന്നിവ നാല് മുതല്‍ 12 ശതമാനം വരെ ഉയര്‍ന്നു. ഇതില്‍ ചില ഓഹരികള്‍ 52 ആഴ്ചയിലെ പുതിയ ഉയരവും തൊട്ടു.
ഇന്നലെ
ആദ്യമായി ഓഹരി വിപണിയില്‍
ലിസ്റ്റ് ചെയ്ത ഇക്‌സിഗോ ഓഹരി ഇന്നും കുതിപ്പ് തുടര്‍ന്നു. 92 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരിയുടെ ഇന്നത്തെ ക്ലോസിംഗ് വില 165.72 കോടി രൂപയാണ്. അതായത് 78 ശതമാനം വര്‍ധന.

ഇന്ന് കിതച്ചവര്‍

സീ എന്റര്‍ടെയിന്‍മെന്റ് ഓഹരി ഇന്ന് നാല് ശതമാനം ഇടിവിലായിരുന്നു. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രോഹിത് കുമാര്‍ ഗുപ്ത രാജിവച്ചതാണ് കാരണം. കമ്പനിയുടെ പുതിയ സി.എഫ്.ഒ ആയി മുകുന്ദ് ഗര്‍ഗളി ചുമതലയേറ്റു. അടുത്തിടെ കമ്പനിയുടെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിന്ന് മറ്റ് ചില രാജികള്‍ കൂടി നടന്നിരുന്നു.

ടൈറ്റന്‍, മാരുതി സുസുക്കി, എല്‍ ആന്‍ഡ് ടി, ഭാരതി എയര്‍ടെല്‍, എന്‍.ടി.പി.സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ്, ബജാജ് ഫിനാന്‍സ്, ഐ.ടി.സി, എച്ച്.യു.എല്‍ തുടങ്ങിയവ 3.4 ശതമാനം വരെ ഇടിവുമായി സെന്‍സെക്‌സിനെ ഉലച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ച മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ഓഹരിയാണ് ഇന്ന് നിഫ്റ്റി 200ലെ മുഖ്യ വീഴ്ചക്കാര്‍. സീ എന്റര്‍ടെയിന്‍മെന്റ്, ഹുന്ദിസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ഭാരത് ഡൈനാമിക്‌സ്, ഗുജറാത്ത് ഗ്യാസ് എന്നിവയും മൂന്ന് ശതമാനത്തിലധികം ഇടിവുമായി തൊട്ടു പിന്നിലുണ്ട്.

കേരള ഓഹരികളിൽ തിളക്കം ഫാക്ടിനു മാത്രം
കേരള കമ്പനി ഓഹരികളില്‍ ഫാക്ട് ഒഴിച്ച് നിറുത്തിയാല്‍ പൊതുവേ സമ്മിശ്ര പ്രകടനമാണ് കണ്ടത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 5.59 ശതമാനവും സ്റ്റെല്‍ ഹോള്‍ഡിംഗ് 5.14 ശതമാനവും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 5.06 ശതമാനവും മുന്നേറി. പോപീസ് കെയര്‍, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി എന്നിവയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്.

കേരള കമ്പനി ഓഹരികളുടെ ഇന്നത്തെ പ്രകടനം

ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, ഹാരിസണ്‍സ് മലയാളം, കൊച്ചിന്‍ ഷിപ്പ്‌യാഡ്, സെല്ല സ്‌പേസ് എന്നിവ ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലെത്തി.
Related Articles
Next Story
Videos
Share it