റെക്കോഡ് പുതുക്കി നിഫ്റ്റി; 73,000 കടന്ന് സെന്‍സെക്‌സ്, 5% താഴ്ന്ന് ഫെഡറല്‍ ബാങ്ക്, സീയും പേയ്ടിഎമ്മും മുന്നോട്ട്

തുടര്‍ച്ചയായ ആറാം നാളിലും നേട്ടമെഴുതി ഇന്ത്യന്‍ ഓഹരി സൂചികകളുടെ തിളക്കം. നിഫ്റ്റിയാകട്ടെ ഇന്ന് റെക്കോഡ് പുതുക്കുകയും ചെയ്തു. ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ തുടങ്ങിയ വന്‍കിട ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ ട്രെന്‍ഡ് ഓഹരികളുടെ നേട്ടത്തിന് ഊര്‍ജമായിട്ടുണ്ട്.
സെന്‍സെക്‌സ് ഇന്ന് 349.24 പോയിന്റ് (0.48%) നേട്ടവുമായി 73,057.40ലും നിഫ്റ്റി 74.70 പോയിന്റ് (0.34%) ഉയര്‍ന്ന് 22,196.95ലുമാണ് വ്യാപാരാന്ത്യത്തിലുള്ളത്. ഇന്നലെ തൊട്ട 22,122 പോയിന്റ് എന്ന റെക്കോഡ് ക്ലോസിംഗ് പോയിന്റ് ഇന്ന് 22,196 ആയി നിഫ്റ്റി തിരുത്തി. ജനുവരി 16ന് കുറിച്ച 73,427 ആണ് സെന്‍സെക്‌സിന്റെ എക്കാലത്തെയും റെക്കോഡ്. നിലവിലെ ട്രെന്‍ഡ് നിലനിറുത്താന്‍ സാധിച്ചാല്‍ സെന്‍സെക്‌സും വൈകാതെ പുതിയ ഉയരം കുറിച്ചേക്കും.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ആഭ്യന്തര വിപണിയിലെ മികച്ച വാങ്ങല്‍ ട്രെന്‍ഡ്, അമേരിക്കയില്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നെന്ന വിലയിരുത്തലും അമേരിക്കന്‍ ഓഹരി വിപണിയുടെ കയറ്റവും ഇന്ത്യന്‍ ഓഹരി സൂചികകളെ തുണയ്ക്കുന്നുണ്ട്.
നേട്ടത്തിലേറിയവര്‍
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എന്‍.ടി.പി.സി., കോട്ടക് ബാങ്ക് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ നേട്ടം കുറിച്ച പ്രമുഖര്‍.
സീ എന്റര്‍ടെയ്ന്‍മെന്റ് 6.67 ശതമാനം നേട്ടവുമായി നിഫ്റ്റി 200ല്‍ നേട്ടത്തില്‍ മുന്നിലെത്തി. പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) 5 ശതമാനം നേട്ടവുമായി തൊട്ടുപിന്നിലുണ്ട്. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, സോന ബി.എല്‍.ഡബ്ല്യു, ദീപക് നൈട്രേറ്റ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

സോണിയുമായുള്ള ലയന ചര്‍ച്ച വീണ്ടും സജീവമാക്കിയതാണ് സീ ഓഹരികള്‍ക്ക് ആവേശമായത്. റിസര്‍വ് ബാങ്കില്‍ നിന്ന് ആശ്വാസം ലഭിച്ചതിന് പുറമേ ഫെമ ചട്ടലംഘനം കണ്ടെത്താന്‍ ഇ.ഡിക്ക് കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടും പേയ്ടിഎമ്മിന് നേട്ടമായി.
ബേണ്‍സ്റ്റെയിനില്‍ നിന്ന് 'ഔട്ട്‌പെര്‍ഫോം' (Outperform) റേറ്റിംഗ് കിട്ടിയതും 315 രൂപ ലക്ഷ്യവില (Target price) നിശ്ചയിച്ചതുമാണ് പവര്‍ഗ്രിഡിന് നേട്ടമായത്.
സ്‌മോള്‍ക്യാപ്പ് ഓഹരിയായ സാഗില്‍ പ്രീപെയ്ഡ് ഓഷന്‍ സര്‍വീസസ് ഓഹരി ഇന്ന് 14 ശതമാനം കുതിച്ചുയര്‍ന്നു. ഈസ്‌മൈട്രിപ്പുമായി കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാനുള്ള കരാറിലേര്‍പ്പെട്ടതാണ് നേട്ടമായത്.
നിരാശപ്പെടുത്തിയവര്‍
ടി.സി.എസ്., ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, എച്ച്.സി.എല്‍ ടെക്, ബജാജ് ഫിന്‍സെര്‍വ്, മാരുതി സുസുക്കി എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖര്‍.
5 ശതമാനം താഴ്ന്ന് ഫെഡറല്‍ ബാങ്ക് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നിലെത്തി. ഹീറോ മോട്ടോകോര്‍പ്പ്, ബയോകോണ്‍, ചോളമണ്ഡലം ഇന്‍വസെ്റ്റ്‌മെന്റ്, ബജാജ് ഓട്ടോ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

ഫെഡറല്‍ ബാങ്ക് അടുത്ത മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒയെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടികയില്‍ കോട്ടക് മഹീന്ദ്ര ബാങ്കിലെ കെ.വി.എസ് മണിയനെയും ഉള്‍പ്പെടുത്തിയിരുന്നു. അടുത്ത എം.ഡിയായി അദ്ദേഹത്തിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നതും.
ഇതേസമയം, കോട്ടക് ബാങ്ക് കെ.വി.എസ് മണിയന് ജോയിന്റ് മാനേജിംഗ് ഡയറക്ടറായി പ്രൊമോഷന്‍ നല്‍കിയത് ഫെഡറല്‍ ബാങ്കിന്റെ തലപ്പത്തേക്ക് അദ്ദേഹം എത്താനുള്ള സാധ്യത കുറയാനിടയാക്കി. ഇനി ചുരുക്കപ്പട്ടികയിലേക്ക് പുതിയ ആളെ കണ്ടെത്തേണ്ട സ്ഥിതിയാണ് ഫെഡറല്‍ ബാങ്കിനുള്ളത്. ഈ പശ്ചാത്തലത്തിലാണ് ഓഹരികളുടെ വീഴ്ച.
വിപണിയുടെ ട്രെന്‍ഡ്
വിശാല വിപണിയില്‍ 2.27 ശതമാനം ഉയര്‍ന്ന് നിഫ്റ്റി മീഡിയ മികച്ച പ്രകടനം നടത്തി. സ്വകാര്യബാങ്ക്, റിയല്‍റ്റി, ധനകാര്യ സൂചികകളും ഒരു ശതമാനത്തിലേറെ ഉയര്‍ന്ന് മികച്ച പിന്തുണയേകി. ബാങ്ക് നിഫ്റ്റി 1.23 ശതമാനം ഉയര്‍ന്നു.
നിഫ്റ്റി ഓട്ടോ, ഐ.ടി., എഫ്.എം.സി.ജി., മെറ്റല്‍, ഫാര്‍മ എന്നിവ 0.87 ശതമാനം വരെ താഴ്ന്നു. മിഡ്ക്യാപ്പ് സൂചിക 0.13 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.53 ശതമാനവും നഷ്ടത്തിലേക്ക് വീണു.
നിഫ്റ്റി 50ല്‍ 27 ഓഹരികള്‍ നേട്ടത്തിലും 22 എണ്ണം നഷ്ടത്തിലുമായിരുന്നു. ഒരു ഓഹരിയുടെ വില മാറിയില്ല. ബി.എസ്.ഇയില്‍ 1,876 ഓഹരികള്‍ നേട്ടത്തിലേറിയപ്പോള്‍ 1,967 എണ്ണം താഴേക്കുവീണു. 88 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
338 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 9 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍, ലോവര്‍-സര്‍കീട്ടുകള്‍ കാലിയായിരുന്നു.
ഓഹരികളിലെ കേരളത്തിളക്കം
കേരളത്തില്‍ നിന്നുള്ള ഓഹരികളില്‍ ധനലക്ഷ്മി ബാങ്ക് ഇന്നും 5 ശതമാനം മുന്നേറി. ധനലക്ഷ്മിയുടെ കഴിഞ്ഞ ഏതാനും ദിവസത്തെ മാത്രം നേട്ടം 30 ശതമാനത്തിലധികമാണ്.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

എ.വി.ടി 4.32 ശതമാനം ഉയര്‍ന്നു. 10 ശതമാനം ഉയര്‍ന്നാണ് ഹാരിസണ്‍സ് മലയാളം ഓഹരികളുള്ളത്. അതേസമയം, യൂണിറോയല്‍, പ്രൈമ ഇന്‍ഡസ്ട്രീസ്, കല്യാണ്‍ ജുവലേഴ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, അപ്പോളോ ടയേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് കാപ്പിറ്റല്‍, കിറ്റെക്‌സ്, കിംഗ്‌സ് ഇന്‍ഫ്ര എന്നിവ നഷ്ടം നുണഞ്ഞു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it