ചാഞ്ചാട്ടം, ആലസ്യം! ഓഹരികളില്‍ നേരിയ നേട്ടം; സൊമാറ്റോയും സി.ജി പവറും തിളങ്ങി, ഇടിഞ്ഞ് ടാറ്റ കെമിക്കല്‍സ്

അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക ധനനയ നിര്‍ണയ പ്രഖ്യാപനം ഇന്ത്യന്‍ സമയം ഇന്ന് രാത്രി വൈകി വരാനിരിക്കേ, ഇന്ത്യയുടെ ഓഹരി വിപണികളില്‍ കണ്ടത് കനത്ത ചാഞ്ചാട്ടവും ആലസ്യവും. 700ലധികം പോയിന്റ് ആടിയുലഞ്ഞ സെന്‍സെക്‌സ് വ്യാപാരം പൂര്‍ത്തിയാക്കിയത് 89.64 പോയിന്റ് (+0.12%) മാത്രം നേട്ടത്തോടെ 72,101.69ലാണ്. നിഫ്റ്റി 21.65 പോയിന്റ് (+0.10%) ഉയര്‍ന്ന് 21,839.10ലും വ്യാപാരം അവസാനിപ്പിച്ചു.
ഇന്നൊരുവേള ഇരു സൂചികകളും 0.5 ശതമാനത്തിലധികം ഇടിഞ്ഞ്, കഴിഞ്ഞ ഒരുമാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലൂടെ കടന്നുപോയിരുന്നു. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കഴിഞ്ഞമാസം അമേരിക്കയുടെ റീറ്റെയ്ല്‍, ഹോള്‍സെയില്‍ പണപ്പെരുപ്പം വര്‍ദ്ധിച്ചത് നിക്ഷേപക, ബിസിനസ് ലോകത്തിന്റെ പ്രതീക്ഷകളെ തകിടംമറിച്ചിട്ടുണ്ട്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ഫെഡറല്‍ റിസര്‍വ് അടുത്ത ജൂണ്‍ മുതല്‍ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്നും 2024ല്‍ ആകെ മൂന്നുവട്ടമെങ്കിലും പലിശ താഴ്ത്തുമെന്നും കരുതിയിരിക്കേയാണ്, അപ്രതീക്ഷിതമായി പണപ്പെരുപ്പം കൂടിയത്. ഈ സാഹചര്യത്തില്‍ ഫെഡറല്‍ റിസര്‍വ് ഇന്ന് എന്ത് കാര്യങ്ങളൊക്കെയാകും പറയുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
നിരാശപ്പെടുത്തിയവര്‍ ഇവര്‍
സെന്‍സെക്‌സില്‍ ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖര്‍. ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് (F&O) വ്യാപാരത്തിന് ടാറ്റാ കെമിക്കല്‍സിന് മേലുണ്ടായിരുന്ന വിലക്ക് നീങ്ങിയതോടെ ഇന്ന് ഓഹരി 8 ശതമാനത്തോളം ഇടിയുകയായിരുന്നു.
മാര്‍ച്ചില്‍ ഇതുവരെ ഉടനീളം എഫ് ആന്‍ഡ് ഒ വ്യാപാരത്തില്‍ വിലക്ക് നേരിട്ട ടാറ്റാ കെമിക്കല്‍സ് ഓഹരി പക്ഷേ, 40 ശതമാനത്തോളം കുതിപ്പാണ് ഈ മാസം നടത്തിയിരുന്നത്. മാതൃകമ്പനിയായ ടാറ്റാ സണ്‍സ് പ്രാരംഭ ഓഹരി വില്‍പന (IPO) നടത്തിയേക്കുമെന്നും അതുവഴി ടാറ്റാ കെമിക്കല്‍സ് അടക്കം ഉപകമ്പനികളുടെ മൂല്യം കൂടുമെന്നും വിലയിരുത്തപ്പെട്ടതാണ് കുതിപ്പുണ്ടാക്കിയത്.
ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ

എന്നാല്‍, ഐ.പി.ഒ ഒഴിവാക്കാനാണ് ടാറ്റ സണ്‍സ് ശ്രമിക്കുന്നതെന്ന് വ്യക്തമായതോടെ ഓഹരികള്‍ ഇടിഞ്ഞു. ഇതിനിടെയാണ്, ഇപ്പോള്‍ ടാറ്റാ കെമിക്കല്‍സിന്റെ എഫ് ആന്‍ഡ് ഒ വിലക്ക് മാറിയതും ഓഹരി കൂടുതല്‍ താഴേക്ക് പോയതും. ടാറ്റാ സ്റ്റീല്‍ അടക്കം മറ്റ് ടാറ്റാ ഗ്രൂപ്പ് ഓഹരികളും ഇന്ന് ഇടിവ് നേരിടുകയായിരുന്നു.
ടാറ്റാ കെമിക്കല്‍സ്, ഗ്ലാന്‍ഡ് ഫാര്‍മ, ടൊറന്റ് പവര്‍, ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍; 3-8 ശതമാനമാണ് ഇവയുടെ വീഴ്ച.
നേട്ടത്തിലേറിയവര്‍
യു.ബി.എസില്‍ നിന്ന് 'വാങ്ങല്‍' (BUY) റേറ്റിംഗ് കിട്ടിയ ഐഷര്‍ മോട്ടോഴ്‌സ് ഓഹരി ഇന്ന് 4.3 ശതമാനം നേട്ടമുണ്ടാക്കി. ഉപസ്ഥാപനമായ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് മികച്ച വില്‍പനനേട്ടവും അതുവഴി മികച്ച മൂല്യവും ഐഷറിന് കിട്ടുമെന്നാണ് യു.ബി.എസിന്റെ വിലയിരുത്തല്‍.
മാരുതി സുസുക്കി, നെസ്‌ലെ, പവര്‍ഗ്രിഡ്, എസ്.ബി.ഐ എന്നിവ ഇന്ന് സെന്‍സെക്‌സില്‍ മൂന്ന് ശതമാനം വരെ നേട്ടമുണ്ടാക്കി. ഐ.ടി.സി., റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും പിന്തുണ നല്‍കി.
മാരുതിയുടെ ഓഹരികള്‍ ഇന്ന് റെക്കോഡ് ഉയരം തൊട്ടു. ഒരുവേള 12,000 രൂപയെന്ന നാഴികക്കല്ല് താണ്ടിയ ഓഹരി 12,025 വരെയെത്തി. വ്യാപാരാന്ത്യത്തിലുള്ളത് 2.83 ശതമാനം ഉയര്‍ന്ന് 11,925.25 രൂപയില്‍.
ഇന്ന് കൂടുതൽ നേട്ടം രചിച്ചവർ

സി.ജി പവര്‍, സൊമാറ്റോ, ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഡസ് ടവേഴ്‌സ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടം കുറിച്ചത്; ഇവ 4-5.6 ശതമാനം ഉയര്‍ന്നു. സി.ജി പവറിന്റെ ഉപസ്ഥാപനമായ സി.ജി സെമി ഗുജറാത്തിലെ സനന്ദില്‍ സേഥാപിക്കുന്ന സെമികണ്ടക്ടര്‍ പ്ലാന്റിന്റെ ശിലസ്ഥാപനം അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചിരുന്നു. 7,600 കോടി നിക്ഷേപത്തോടെ സ്ഥാപിക്കുന്ന പ്ലാന്റ് മൂന്നുവര്‍ഷത്തിനകം സജ്ജമാകും. ചെന്നൈ ആസ്ഥാനമായ മുരുഗപ്പ ഗ്രൂപ്പിന്റെ ഉപസ്ഥാപനമാണ് സി.ജി. പവര്‍.
വെജിറ്റേറിയന്‍ ഭക്ഷണ വിതരണത്തിനായി 'പ്യൂര്‍ വെജ് മോഡ്' എന്ന വിഭാഗം ആരംഭിക്കുമെന്നും ഡെലിവറി ബോയ്‌സ് പച്ച വസ്ത്രം ധരിക്കുമെന്നും സൊമാറ്റോ വ്യക്തമാക്കിയിരുന്നു. ഇത്, വിവേചനമാണെന്നത് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം കൊഴുത്തതോടെ പച്ചവസ്ത്രം ഉപേക്ഷിക്കുകയാണെന്നും വെജും നോണ്‍-വെജും വിതരണം ചെയ്യുന്നവരെല്ലാം ചുവപ്പ് തന്നെ അണിയുമെന്നും സൊമാറ്റോ പിന്നീട് വ്യക്തമാക്കി. ഓഹരി ഇന്ന് 5 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍ ഇന്ന് ഏവരുടെയും ശ്രദ്ധയില്‍പ്പതിഞ്ഞു. ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഡി.ബി.എസ് ബാങ്ക് എന്നീ ബാങ്കുകളിലെ കടം കമ്പനി വീട്ടിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഓഹരി 5 ശതമാനം മുന്നേറി അപ്പര്‍-സര്‍കീട്ടിലെത്തി. മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും 2,100 കോടി രൂപയുടെ കടം ഉടന്‍ വീട്ടാനുള്ള ശ്രമത്തിലാണത്രേ.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ ഇന്ന് 23 ഓഹരികള്‍ നഷ്ടത്തിലും 27 എണ്ണം നേട്ടത്തിലുമായിരുന്നു. ഐഷര്‍ മോട്ടോഴ്‌സ് 4.25 ശതമാനം ഉയര്‍ന്ന് നേട്ടത്തിലും ടാറ്റാ സ്റ്റീല്‍ 2.25 ശതമാനം താഴ്ന്ന് നഷ്ടത്തിലും മുന്നിലെത്തി. നഷ്ടത്തില്‍ ടാറ്റാ സ്റ്റീലിന് തൊട്ടുപിന്നിലുള്ളത് ടാറ്റാ കണ്‍സ്യൂമര്‍, ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ്.
ബി.എസ്.ഇയില്‍ 3,903 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 1,576 എണ്ണം നേട്ടത്തിലേറിയപ്പോള്‍ 2,228 ഓഹരികള്‍ നഷ്ടം നേരിട്ടു. 99 ഓഹരികളുടെ വില മാറിയില്ല.
86 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 79 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ട് കാലിയായിരുന്നു; രണ്ട് കമ്പനികള്‍ ലോവര്‍-സര്‍കീട്ടില്‍ വ്യാപാരം ചെയ്യപ്പെട്ടു.
വിശാല വിപണിയില്‍ ടാറ്റാ സ്റ്റീലടക്കമുള്ള പ്രമുഖരുടെ വീഴ്ച നിഫ്റ്റി മെറ്റല്‍ സൂചികയെ ഇന്ന് 0.8 ശതമാനം താഴ്ത്തി. എഫ്.എം.സി.ജി 0.48 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 1.29 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐ.ടി., മീഡിയ, ഫാര്‍മ, പ്രൈവറ്റ് ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയും ഇന്ന് ചുവന്നു.
പോപ്പുലര്‍ വെഹിക്കിള്‍സിന് രണ്ടാംനാളില്‍ ആശ്വാസം
ഇന്നലെ ഓഹരി വിപണിയില്‍ ആദ്യചുവടുവയ്ക്കുകയും നഷ്ടം നേരിടുകയും ചെയ്ത പോപ്പുലര്‍ വെഹിക്കിള്‍സ് ഓഹരി ഇന്ന് 3.02 ശതമാനം ഉയര്‍ന്ന് 284.50 രൂപയിലെത്തി.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ബി.പി.എല്‍ ഓഹരി ഇന്ന് 14.64 ശതമാനം ഉയര്‍ന്നു. ഹാരിസണ്‍സ് മലയാളം 4.98 ശതമാനം, സെല്ല സ്‌പേസ് 4.92 ശതമാനം, പ്രൈമ ഇന്‍ഡസ്ട്രീസ് 3.21 ശതമാനം, വണ്ടര്‍ല 2.82 ശതമാനം, ടി.സി.എം 4.95 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി.
സി.എം.ആര്‍.എല്‍ 2.32 ശതമാനം, ധനലക്ഷ്മി ബാങ്ക് 1.81 ശതമാനം, സി.എസ്.ബി ബാങ്ക് 1.08 ശതമാനം, ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ് 6.84 ശതമാനം, കെ.എസ്.ഇ 2.47 ശതമാനം, സഫ 4.97 ശതമാനം എന്നിങ്ങനെ താഴ്ന്ന് നഷ്ടം നേരിട്ടവരിലും മുന്നിലെത്തി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it