ഏഴാം നാളില്‍ വീഴ്ച; റെക്കോഡില്‍ തൊട്ടിറങ്ങി നിഫ്റ്റി, 14% ഇടിഞ്ഞ് സീ ഓഹരി, തിളങ്ങി കല്യാൺ ജുവലേഴ്സ്

കഴിഞ്ഞ ആറ് ദിവസങ്ങളിലായി മികച്ച നേട്ടക്കൊയ്ത്ത് നടത്തിയ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഏഴാംനാളില്‍ നഷ്ടത്തിലേക്ക് കീഴ്‌മേല്‍ മറിഞ്ഞു. ഐ.ടി., ഊര്‍ജ ഓഹരികളിലുണ്ടായ കനത്ത വിറ്റൊഴിയല്‍ സമ്മര്‍ദ്ദമാണ് സൂചികകളെ പ്രധാനമായും തളര്‍ത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മികച്ച മുന്നേറ്റം നടത്തിയ ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ലാഭമെടുപ്പ് തകൃതിയായതും തിരിച്ചടിയായി.
നേട്ടത്തോടെ 73,267ലാണ് ഇന്ന് സെന്‍സെക്‌സ് വ്യാപാരത്തിന് തുടക്കമിട്ടത്. പക്ഷേ, പിന്നീടങ്ങോട്ട് നേരിട്ടത് നഷ്ടമായിരുന്നു. ഒരുവേള 72,450 വരെ താഴ്ന്നശേഷം പിന്നീട് 434 പോയിന്റിലേക്ക് (-0.59%) നഷ്ടം നിജപ്പെടുത്തി 72,623.09ല്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
നിഫ്റ്റിയാകട്ടെ ഇന്ന് പുതിയ ഉയരം കുറിച്ചശേഷമാണ് വീണത്. 22,249.40 എന്ന സര്‍വകാല റെക്കോഡിലെത്തിയ നിഫ്റ്റി വ്യാപാരാന്ത്യത്തിലുള്ളത് 141.90 പോയിന്റ് (-0.64%) താഴ്ന്ന് 22,055.05ല്‍.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ ഇന്ന് 11 ഓഹരികളേ നേട്ടം കുറിച്ചുള്ളൂ. 37 ഓഹരികള്‍ ചുവപ്പണിഞ്ഞു. രണ്ട് ഓഹരികളുടെ വില മാറിയില്ല. ടാറ്റാ സ്റ്റീല്‍ (+2.09%), എസ്.ബി.ഐ (+1.57%) എന്നിവ നിഫ്റ്റി 50ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. അതേസമയം ബി.പി.സി.എല്‍ (-3.73%), എന്‍.ടി.പി.സി (-2.83%), കോള്‍ ഇന്ത്യ (-2.8%), പവര്‍ഗ്രിഡ് (-2.7%) എന്നിവ നഷ്ടത്തില്‍ മുന്നില്‍ നിന്നു.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ലാഭമെടുപ്പ് പാരമ്യത്തിലേറിയതാണ് എണ്ണ, ഊര്‍ജ ഓഹരികളെ തളര്‍ത്തിയത്. ബി.എസ്.ഇയിലും ഇന്ന് ആറാടിയത് കരടികളാണ്. 3,942 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 2,374 എണ്ണവും നഷ്ടത്തിലായിരുന്നു. 1,467 ഓഹരികള്‍ നേട്ടം കുറിച്ചു. 101 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
341 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 15 എണ്ണം താഴ്ചയും കണ്ടു. 11 ഓഹരികള്‍ അപ്പര്‍-സര്‍കീട്ടിലുണ്ടായിരുന്നു. ഒരു ഓഹരി ലോവര്‍-സര്‍കീട്ടിലും വ്യാപാരം ചെയ്യപ്പെട്ടു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയുക്ത നിക്ഷേപകമൂല്യം ഇന്ന് 2.67 ലക്ഷം കോടി രൂപ ഇടിഞ്ഞ് 388.87 ലക്ഷം കോടി രൂപയുമായി.
നിരാശപ്പെടുത്തിയവര്‍ ഇവര്‍
എന്‍.ടി.പി.സി., വിപ്രോ, പവര്‍ഗ്രിഡ്, എച്ച്.സി.എല്‍ ടെക്, എല്‍ ആന്‍ഡ് ടി., ടെക് മഹീന്ദ്ര എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട മുന്‍നിര ഓഹരികള്‍.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ വൈകുമെന്ന വിലയിരുത്തലുകളാണ് ഐ.ടി ഓഹരികളെ തളര്‍ത്തുന്നത്. പലിശ കുറയ്ക്കുന്നത് വൈകുന്നത് യു.എസ് ഓഹരികളെയും ആഗോള ഓഹരി വിപണികളെയും തളര്‍ത്തും. യു.എസ് സമ്പദ്‌വ്യവസ്ഥ തളര്‍ച്ചയില്‍ നിന്ന് കരകയറിയിട്ടില്ല എന്ന വ്യാഖ്യാനമാകും വൈകുന്ന പലിശയിളവ് ആഗോളതലത്തില്‍ പരത്തുക. ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ വരുമാനത്തിന്റെ മുഖ്യ പങ്കിനെയും ആശ്രയിക്കുന്നത് അമേരിക്കയെയാണ്.
സീ ഓഹരികളുടെ വീഴ്ച
സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരിയാണ് ഇന്ന് 14 ശതമാനത്തിലേറെ തകര്‍ന്ന് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നിലെത്തിയത്. സോണിയുമായി വീണ്ടും ലയന ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ സീ തള്ളിയിരുന്നു.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

അതേസമയം, പ്രമോട്ടര്‍മാര്‍ക്കിടയിലെ ചട്ടവിരുദ്ധ ഡീലിലൂടെ സീ 24.1 കോടി ഡോളറിന്റെ (ഏകദേശം 2,000 കോടി രൂപ) തിരിമറി നടത്തിയെന്ന സെബിയുടെ (SEBI) കണ്ടെത്തലും സീയുടെ ഡയറക്ടര്‍മാരെ ചോദ്യം ചെയ്യാനുള്ള സെബിയുടെ നീക്കവും ഓഹരികളില്‍ കനത്ത ഇടിവിന് വഴിവച്ചു.
സോന ബി.എല്‍.ഡബ്ല്യു., എംഫസിസ്, യെസ് ബാങ്ക്, വോഡഫോണ്‍ ഐഡിയ എന്നിവയാണ് നിഫ്റ്റി 20ല്‍ ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍.
പിടിച്ചുനിന്നവര്‍ ഇവര്‍
ടാറ്റാ സ്റ്റീല്‍, എസ്.ബി.ഐ., ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ എന്നിവ ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടം കുറിച്ച മുന്‍നിര ഓഹരികളാണ്. പ്രമുഖ നിക്ഷേപകനായ ആദിത്യ കുമാര്‍ ഹല്‍വാസിയ 13 ശതമാനം ഓഹരികള്‍ വാങ്ങിയതിനെ തുടര്‍ന്ന് ടൂറിസം ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഹരി ഇന്ന് 5 ശതമാനം കയറി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ഇലക്ട്രിക് ഉത്പന്ന/സേവന രംഗത്തെ പ്രമുഖരായ എ.ബി.ബി ഇന്ത്യയുടെ ഓഹരികള്‍ ഇന്ന് 10 ശതമാനത്തിലധികം മുന്നേറ്റമുണ്ടാക്കി. നിഫ്റ്റി 200ല്‍ നേട്ടത്തില്‍ മുന്നിലും എ.ബി.ബിയാണ്. ഡിസംബര്‍ പാദത്തില്‍ പ്രവചനങ്ങളെ കവച്ചുവച്ച് ലാഭം 11 ശതമാനം, വരുമാനം 14 ശതമാനം, എബിറ്റ്ഡ (EBITDA) 15 ശതമാനം എന്നിങ്ങനെ ഉയരുകയും മാര്‍ജിന്‍ (ലാഭക്ഷമതാ നിരക്ക്) 15.01ല്‍ നിന്ന് 15.13 ശതമാനത്തിലേക്ക് മെച്ചപ്പെട്ടതും എ.ബി.ബി ഓഹരികള്‍ ഇന്ന് ആഘോഷമാക്കി.
റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ ദിവസത്തെ സാവകാശം ലഭിച്ച പശ്ചാത്തലത്തില്‍ പേയ്ടിഎം ഓഹരി ഇന്നും 5 ശതമാനം നേട്ടത്തിലേറി. ബ്ലോക്ക് ഡീലിന്റെ പശ്ചാത്തലത്തില്‍ പിരമല്‍ എന്റര്‍പ്രൈസസ് ഓഹരി ഇന്ന് 4 ശതമാനത്തിലധികം നേട്ടത്തിലാണുള്ളത്.
സാധാരണ പിരാമല്‍ എന്റര്‍പ്രൈസസിന്റെ 57,000 ഓഹരികളാണ് പ്രതിദിനം ശരാശരി വ്യാപാരം ചെയ്യാറുള്ളതെങ്കില്‍ ഇന്നത് 1.47 ലക്ഷമായിരുന്നു. യൂണിയന്‍ ബാങ്ക്, ഡി.എല്‍.എഫ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടത്തിലേക്ക് വീണ മറ്റ് ഓഹരികള്‍.
വിശാല വിപണിയിലെ കാറ്റ്
നിഫ്റ്റി മീഡിയ ഓഹരി സൂചിക ഇന്ന് 4.91 ശതമാനം ഇടിഞ്ഞു. സീ എന്റര്‍ടെയ്ന്‍മെന്റ്, ഡിഷ് ടിവി, നെറ്റ്‌വര്‍ക്ക് 18 എന്നീ ഓഹരികളുടെ വീഴ്ചയാണ് മുഖ്യ തിരിച്ചടിയായത്.
ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 1.44 ശതമാനവും ഐ.ടി സൂചിക 1.64 ശതമാനവും നഷ്ടം നുണഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉണര്‍വുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ നിഫ്റ്റി റിയല്‍റ്റി സൂചിക ഇന്ന് 2 ശതമാനം നേട്ടത്തിലേക്ക് കയറി. മെറ്റല്‍ (0.26%), എഫ്.എം.സി.ജി (0.02%) എന്നിവയുമാണ് ഇന്ന് പച്ചതൊട്ട മറ്റ് വിഭാഗങ്ങള്‍.
നിഫ്റ്റി ബാങ്ക് ഇന്ന് 0.16 ശതമാനം താഴ്ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് സൂചിക 1.25 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.04 ശതമാനവും നഷ്ടത്തിലേക്ക് വീണു. ലാഭമെടുപ്പ് തകൃതിയായതാണ് തിരിച്ചടിയായത്.
സമ്മിശ്ര പ്രകടനവുമായി കേരള കമ്പനികള്‍
ഇന്നലെ 10 ശതമാനത്തോളം മുന്നേറിയ ഹാരിസണ്‍സ് മലയാളം ഓഹരി ഇന്നും 6.4 ശതമാനം കയറി. കല്യാണ്‍ ജുവലേഴ്‌സ് 3.09 ശതമാനം നേട്ടം കുറിച്ചു. കേരള ആയുര്‍വേദ (1.99%), പാറ്റ്‌സ്പിന്‍ (4.93%), പ്രൈമ ഇന്‍ഡസ്ട്രീസ് (4.42%), യൂണിറോയല്‍ മറീന്‍ (3.67%) എന്നിവയാണ് ഭേദപ്പെട്ട നേട്ടം കൈവരിച്ച മറ്റ് ഓഹരികള്‍.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

കേരളത്തില്‍ നിന്നുള്ള ബാങ്കുകളുടെ ഓഹരികളിലെല്ലാം ഇന്ന് വില്‍പന സമ്മര്‍ദ്ദം അലയടിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് 2.75 ശതമാനം താഴ്ന്നു. കഴിഞ്ഞ ഒരാഴ്ചയോളമായി തുടര്‍ച്ചയായി 5 ശതമാനം വീതം മുന്നേറിയ ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്ന് 3.68 ശതമാനം ഇടിഞ്ഞു. ഇസാഫും ഫെഡറല്‍ ബാങ്കും നഷ്ടത്തിലാണുള്ളത്.
മണപ്പുറം ഫിനാന്‍സ് 2.99 ശതമാനം നഷ്ടത്തിലാണുള്ളത്. എ.വി.ടി., ബി.പി.എല്‍., കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഈസ്റ്റേണ്‍, കിറ്റെക്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് മൈക്രോഫിന്‍, റബ്ഫില, സഫ, ടി.സി.എം, വെര്‍ട്ടെക്‌സ്, വണ്ടര്‍ല എന്നിവ 4.9 ശതമാനം വരെ നഷ്ടം നേരിട്ടു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it