ആവേശമായി ബാങ്കുകളും ഐ.ടിയും; ഓഹരികള്‍ കസറി, നിക്ഷേപകര്‍ക്ക് നേട്ടം ₹4.41 ലക്ഷം കോടി, പെഴ്‌സിസ്റ്റന്റിന് വന്‍ ക്ഷീണം

മധ്യേഷ്യയില്‍ ഇറാന്‍-ഇസ്രായേല്‍ യുദ്ധഭീതി അകന്നതും ക്രൂഡോയിലും ബോണ്ട് യീല്‍ഡും സ്വര്‍ണവും താഴേക്കിറങ്ങിയതും ആഗോള ഓഹരി വിപണികള്‍ കുറിച്ച നേട്ടവും മുതലെടുത്ത് ഇന്ത്യന്‍ ഓഹരി വിപണികളും ഇന്ന് നേട്ടത്തിന്റെ കുടചൂടി. തുടര്‍ച്ചയായ രണ്ടാംനാളിലാണ് ഇന്ത്യന്‍ ഓഹരികളുടെ നേട്ടം.
ഇന്ന് സെന്‍സെക്‌സ് 560.29 പോയിന്റ് (+0.77%) ഉയര്‍ന്ന് 73,648.62ലും നിഫ്റ്റി 189.40 പോയിന്റ് (+0.86%) നേട്ടവുമായി 22,336.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നൊരുവേള സെന്‍സെക്‌സ് 73,767 വരെയും നിഫ്റ്റി 22,375 വരെയും ഉയര്‍ന്നിരുന്നു.
നിഫ്റ്റിയില്‍ ഇന്ന് കാളകള്‍ക്കായിരുന്നു അപ്രമാദിത്തം. നിഫ്റ്റി50ല്‍ 44 ഓഹരികളും പച്ചതൊട്ടപ്പോള്‍ നിരാശപ്പെടുത്തിയത് 5 പേര്‍. ഒരു ഓഹരിയുടെ വില മാറിയില്ല.
3.29 ശതമാനം ഉയര്‍ന്ന് ടാറ്റാ കണ്‍സ്യൂമറാണ് നേട്ടത്തില്‍ ഒന്നാമത്. ക്രൂഡോയില്‍ വില താഴേക്കിറങ്ങിയത് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികള്‍ക്ക് ഊര്‍ജമായി. ബി.പി.സി.എല്‍ ഓഹരി ഇന്ന് 3.11 ശതമാനം നേട്ടവുമായി രണ്ടാംസ്ഥാനത്തുണ്ട്. യുദ്ധഭീതിയെ തുടര്‍ന്ന് കഴിഞ്ഞവാരം ബാരലിന് 90 ഡോളര്‍ നിലവാരത്തിലെയ ക്രൂഡോയില്‍ വില ഇപ്പോഴുള്ളത് 83-86 ഡോളര്‍ നിരക്കിലാണ്.
എല്‍ ആന്‍ഡ് ടി 2.89 ശതമാനവും ഐഷര്‍ മോട്ടോഴ്‌സ് 2.85 ശതമാനവും ശ്രീറാം ഫിനാന്‍സ് 2.54 ശതമാനവും നേട്ടവുമായി ബി.പി.സി.എല്ലിന് തൊട്ടുപിന്നാലെയുണ്ട്.
ഇന്ന് വിവിധ ഓഹരി വിഭാഗങ്ങൾ കാഴ്ചവെച്ച പ്രകടനം

എന്‍.ടി.പി.സി (-1.80%), എച്ച്.ഡി.എഫ്.സി ബാങ്ക് (-1.11%), ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ (-0.98%) എന്നിവ നിരാശപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇന്ന് സൂചികകള്‍ കൂടുതല്‍ നേട്ടം കൊയ്യുമായിരുന്നു.
ബി.എസ്.ഇയില്‍ ഇന്ന് 2,599 ഓഹരികള്‍ നേട്ടം കുറിച്ചപ്പോള്‍ നഷ്ടത്തിലേറിയത് 1,310 ഓഹരികള്‍. 148 ഓഹരികളുടെ വില മാറിയില്ല. 238 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 17 എണ്ണം താഴ്ചയും കണ്ടു.
അപ്പര്‍-സര്‍ക്യൂട്ട് ഇന്ന് കാലിയായിരുന്നു. ലോവര്‍-സര്‍ക്യൂട്ടില്‍ മൂന്ന് കമ്പനികളെ കണ്ടു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് 4.41 ലക്ഷം കോടി രൂപ ഉയര്‍ന്ന് 397.86 ലക്ഷം കോടി രൂപയിലുമെത്തി.
നേട്ടത്തിലേറിയവര്‍
ഐ.സി.ഐ.സി.ഐ ബാങ്ക്, എല്‍ ആന്‍ഡ് ടി., ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്.ബി.ഐ, ബജാജ് ഫിനാന്‍സ് എന്നിവയുടെ ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യം ഇന്ന് സെന്‍സെക്‌സിന്റെ കുതിപ്പിന് വളമായി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ആഗോള വിപണിയില്‍ ചെമ്പ് വില കൂടിയത് കരുത്താക്കി ഹിന്ദുസ്ഥാന്‍ കോപ്പര്‍ ഇന്ന് 4.11 ശതമാനം നേട്ടമുണ്ടാക്കി. ഐ.ആര്‍.ഡി.എ.ഐ ഓഹരി ഇന്ന് 6.10 ശതമാനം ഉയര്‍ന്നു. പലിശ മാര്‍ജിന്‍ മെച്ചപ്പെടുന്നതാണ് കമ്പനിക്ക് നേട്ടമാകുന്നത്.
സ്റ്റെര്‍ലിംഗ് ആന്‍ഡ് വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി ഓഹരി ഇന്ന് 10 ശതമാനം കുതിച്ചുയര്‍ന്ന് അപ്പര്‍-സര്‍ക്യൂട്ടിലെത്തി. വരുമാനം കഴിഞ്ഞവര്‍ഷം 50 ശതമാനം വര്‍ധിച്ചതും എബിറ്റ്ഡ പോസിറ്റീവായതും കമ്പനിക്ക് നേട്ടമായി.
യൂണിയന്‍ ബാങ്ക്, വോള്‍ട്ടാസ്, യെസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ആദിത്യ ബിര്‍ള ഫാഷന്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നേട്ടം കുറിച്ചവര്‍.
യൂണിയന്‍ ബാങ്കിന്റെ പേരിലെ വ്യാജ ബാങ്കിംഗ് ആപ്പുകളില്‍പ്പെടാതെ ഉപഭോക്താക്കള്‍ ജാഗ്രത കാട്ടണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ബ്രോക്കറേജ് സ്ഥാപനമായ യു.ബി.എസ് ന്യൂട്രലില്‍ നിന്ന് 'വാങ്ങല്‍' (buy) ആയി റേറ്റിംഗ് മെച്ചപ്പെടുത്തിയതാണ് വോള്‍ട്ടാസിന് ഗുണം ചെയ്തത്.
യെസ് ബാങ്കിന്റെ മേജര്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള താത്പര്യം ദുബൈയിലെ പ്രമുഖ വായ്പാദാതാക്കളായ എമിറേറ്റ്‌സ് എന്‍.ബി.ഡി മുന്നോട്ടുവച്ചെന്ന റിപ്പോര്‍ട്ടാണ്, ഓഹരികള്‍ ഇന്ന് ആഘോഷമാക്കിയത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയടക്കം അഞ്ച് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം സജ്ജമാകുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
നിരാശപ്പെടുത്തിയവര്‍
എച്ച്.ഡി.എഫ്.സി ബാങ്ക്, എന്‍.ടി.പി.സി എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് നിരാശപ്പെടുത്തിയ പ്രമുഖര്‍. നാലാംപാദ പ്രവര്‍ത്തനഫലം ഏറെക്കുറെ പ്രവചനങ്ങള്‍ക്കൊപ്പം നിന്നെങ്കിലും പെഴ്‌സിസ്റ്റന്റ് സിസ്റ്റംസിന്റെ ഓഹരികള്‍ ഇന്ന് 10 ശതമാനം വരെ ഇടിഞ്ഞു. എതിരാളികളെ അപേക്ഷിച്ച് കമ്പനിയുടെ ഓഹരിവില അധികരിച്ച് നില്‍ക്കുകയാണെന്ന ചില ബ്രോക്കറേജുകളുടെ അഭിപ്രായം തിരിച്ചടിയായി.
കൂടുതൽ നിരാശപ്പെടുത്തിയവർ

പ്രകൃതിവാതകം പൈപ്പ്‌ലൈനിലൂടെ കൊണ്ടുപോകുന്നതിനുള്ള നിരക്ക് കൂട്ടണമെന്ന ആവശ്യം പെട്രോളിയം പ്രകൃതിവാതക റെഗുലേറ്ററി അതോറിറ്റി തള്ളിയ പശ്ചാത്തലത്തില്‍ ഗുജറാത്ത് പെട്രോനെറ്റ് കമ്പനിയുടെ ഓഹരി ഇന്ന് 20 ശതമാനം വരെ ഇടിഞ്ഞു.
പെഴ്‌സിസ്റ്റന്റ് സിസ്റ്റംസ്, സോന ബി.എല്‍.ഡബ്ല്യു., ജെ.എസ്.ഡബ്ല്യു എനര്‍ജി, ബോഷ്, എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്‌മെന്റ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നിരാശപ്പെടുത്തിയവര്‍.
പച്ചയുടുത്ത് വിശാലവിപണി
വിശാല വിപണി ഇന്ന് സമ്പൂര്‍ണ പച്ചപ്പണിഞ്ഞാണ് വ്യാപാരത്തിന് സാക്ഷ്യംവഹിച്ചത്. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 3.07 ശതമാനം കുതിച്ചുയര്‍ന്നു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 2.40 ശതമാനവും ഫാര്‍മ 1.30 ശതമാനവും ഓട്ടോ 0.94 ശതമാനവും ഐ.ടി 0351 ശതമാനവും ഉയര്‍ന്നത് കരുത്തായി.
നിഫ്റ്റി ബാങ്ക് 0.74 ശതമാനം ഉയര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 0.82 ശതമാനം, സ്‌മോള്‍ക്യാപ്പ് 1.31 ശതമാനം എന്നിങ്ങനെയും നേട്ടമുണ്ടാക്കി. നിഫ്റ്റി സ്വകാര്യബാങ്ക് സൂചികയുടെ നേട്ടം 0.74 ശതമാനവും നേട്ടത്തിലേറി.
സെന്‍ട്രല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂകോ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ നിശ്ചിത ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം മുതിര്‍ന്നേക്കുമെന്ന് സൂചനകളുണ്ട്. മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് ചട്ടം പാലിക്കുന്നതിന്റെ ഭാഗമായിട്ടാകും ഓഹരി വില്‍പന.
കേരള ഓഹരികളിലും തിളക്കം
ഓഹരി വിപണിയുടെ കുതിപ്പിന്റെ ആവേശം ഏറ്റെടുത്ത് ഇന്ന് നിരവധി കേരള ഓഹരികളും തിളങ്ങി. കെ.എസ്.ഇ 10 ശതമാനവും പ്രമുഖ നിക്ഷേപകനായ പൊറിഞ്ചു വെളിയത്ത് കഴിഞ്ഞപാദത്തില്‍ നിക്ഷേപ പങ്കാളിത്തം ഉയര്‍ത്തിയ കമ്പനിയായ കേരള ആയുര്‍വേദ 9.99 ശതമാനവും നേട്ടവുമാണ് ഇന്ന് കുറിച്ചിട്ടത്.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

സൗത്ത് ഇന്ത്യന്‍ ബാങ്ക് 5.40 ശതമാനം ഉയര്‍ന്ന്, ഒരിടവേളയ്ക്ക് ശേഷമുള്ള മികച്ച പ്രകടനം കാഴ്ചവച്ചു. സ്റ്റെല്‍ 5.55 ശതമാനം, വണ്ടര്‍ല 4.14 ശതമാനം, ജിയോജിത് 4.81 ശതമാനം, ഫാക്ട് 3.63 ശതമാനം എന്നിങ്ങനെയും തിളക്കമുള്ള മുന്നേറ്റം നടത്തി.
അതേസമയം ഈസ്റ്റേണ്‍ 3.20 ശതമാനം, കല്യാണ്‍ ജുവലേഴ്‌സ് 1.47 ശതമാനം, ജി.ടി.എന്‍ 2.13 ശതമാനം, പ്രൈമ ഇന്‍ഡസ്ട്രീസ് 5 ശതമാനം, യൂണിറോയല്‍ 4.96 ശതമാനം, ആസ്റ്റര്‍ 1.32 ശതമാനം എന്നിങ്ങനെ താഴേക്കിറങ്ങി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it