ബജറ്റിനു മുമ്പ് വിപണിയില്‍ ജാഗ്രത, സൂചികകളില്‍ ഇടിവ്; ഫാക്ടിനും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനും കുതിപ്പ്

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ (ജൂലൈ 23) സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനിരിക്കേ, ഇന്നത്തെ ദിവസം നഷ്ടത്തിലവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ അധികാരത്തിലേറിയ മോദി 3.0 മന്ത്രിസഭയ്ക്ക് എത്രത്തോളം ജനപ്രിയമായ ബജറ്റ് അവതരിപ്പിക്കാനാകുമെന്നതാണ് വിപണിയും ഒപ്പം നിക്ഷേപകരും ഉറ്റു നോക്കുന്നത്.

ഫെബ്രുവരിയിലെ ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളോ നികുതി നിരക്കില്‍ കാര്യമായ മാറ്റങ്ങളോ വാരുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം നാളെ ബജറ്റ് കേള്‍ക്കുന്നത്. തുടക്കത്തില്‍ ചാഞ്ചാട്ടത്തിലായിരുന്ന സെന്‍സെക്സ് പിന്നീട് നേട്ടത്തിലേക്ക് തിരിച്ചെത്തിയെങ്കിലും വ്യാപാരാന്ത്യത്തില്‍ നഷ്ടത്തിലായി.
ബജറ്റിനു മുന്നോടിയായി നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് നീങ്ങിയതും ജാഗ്രത പാലിച്ചതുമാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും സൂചികകളെ നഷ്ടത്തിലാക്കിയത്. സെന്‍സെക്‌സ് 103 പോയിന്റ് താഴ്ന്ന് 80,502.08ലും നിഫ്റ്റി 22 പോയിന്റ് ഇടിഞ്ഞ് 24,509.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേ സമയം സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് വിഭാഗങ്ങളിന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി മിഡ്ക്യാപ് സൂചിക 1.28 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.90 ശതമാനവും ഉയര്‍ന്നു.
ഓഹരി വിപണിയിലെ വ്യതിയാന സൂചികയായ വോളറ്റീലിറ്റി ഇന്‍ഡെക്‌സ് ആറ് ആഴ്ചയിലെ ഉയരമായ 15.54ലാണ്.
നാളെ ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ വച്ചു. നടപ്പു വര്‍ഷം ആറര-ഏഴ് ശതമാനത്തിലിടയിലാണ് പ്രതീക്ഷിക്കുന്ന വളര്‍ച്ച. നാണ്യപ്പെരുപ്പം 4.5 ശതമാനം എന്ന നിയന്ത്രണവിധേയമായ നിലയിലായിരിക്കുമെന്നും സര്‍വേ പ്രതീക്ഷ പ്രകടിപ്പിച്ചു.
കേന്ദ്ര ബജറ്റില്‍ ദീര്‍ഘകാല മൂലധനനേട്ട നികുതിയില്‍ മാറ്റം വരുത്തുമോ എന്നതാണ് ആഭ്യന്തര, വിദേശ നിക്ഷേപകർ ജാഗ്രതയോടെ വീക്ഷിക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയിലിന്ന് നിഫ്റ്റി ഓട്ടോ 1.15 ശതമാനവും മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ എന്നിവ ഒരു ശതമാനത്തിനുമേലും ഉയര്‍ന്നു. ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് എന്നിവയും നേട്ടത്തിലായി. എഫ്.എം.സി.ജി, ഐ.ടി, മീഡിയ, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകളാണ് ഇന്ന് നഷ്ടം പുതച്ചത്.

നിഫ്റ്റിയില്‍ ഇന്ന് 28 ഓഹരികള്‍ നേട്ടത്തിലും 22 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

വിവിധ വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ബി.എസ്.ഇയില്‍ ഇന്ന് 4,152 ഓഹരികള്‍ വ്യാപാരം നടത്തിയതില്‍ 2,190 ഓഹരികളും നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. 1,822 ഓഹരികള്‍ നേട്ടത്തിലായി. 140 ഓഹരികള്‍ക്ക് വില മാറ്റമില്ല.
174 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലെത്തിയപ്പോള്‍ 42 ഓഹരികള്‍ താഴ്ന്ന വിലയിലായി. 343 ഓഹരികളാണ് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലുള്ളത്. 323 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്.
ഓഹരി വിപണിയിലെ വമ്പന്‍മാരായ റിലയന്‍സ് ഇന്‍സ്ട്രീസും വിപ്രോയുമാണ് ഇന്ന് സൂചികകളെ നിരാശയിലാക്കിയത്. ഐ.ടി.സി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും ഇന്ന് സെന്‍സെക്‌സിലെ നഷ്ടക്കണക്കില്‍ മുന്നില്‍ നിന്നു. എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ്
മഹീന്ദ്ര
എന്നിവയാണ് ഇന്ന് സൂചികകള്‍ക്ക് താങ്ങായത്.
ഓഹരികളുടെ കുതിപ്പും കിതപ്പും
ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ഓഹരി ഇന്ന് 7.28 ശതമാനം ഉയര്‍ന്ന് നിഫ്റ്റിയിലെ ഏറ്റവും ഉയര്‍ന്ന നേട്ടക്കാരായി. 6.36 ശതമാനം നേട്ടവുമായി ഫാക്ട് രണ്ടാം സ്ഥാനത്തെത്തി. സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികള്‍ വഴി ഗ്രാമീണ വിപണിയില്‍ ഉപഭോഗം ഉയര്‍ത്താന്‍ കൂടുതല്‍ ചെലവഴിക്കലുകള്‍ നടത്തിയേക്കുമെന്ന സൂചനകള്‍ ഇന്ന് വളം ഓഹരികളില്‍ വലിയ മുന്നേറ്റത്തിനിടയാക്കിയിരുന്നു. നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, രാഷ്ട്രിയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് എന്നീ ഓഹരികള്‍ 13 ശതമാനം വരെ ഉയര്‍ന്നിരുന്നു.
വളം സബ്‌സിഡികള്‍ ഏകീകരിക്കുന്നതിനും കാര്‍ഷിക ഗവേഷണ മേഖലയില്‍ നിക്ഷേപങ്ങള്‍ ഉയര്‍ത്തുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. കാര്‍ഷിക മേഖലയിലെ എല്ലാ സബ്‌സിഡികളും ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പ്ലാനില്‍ സംയോജിപ്പിക്കണമെന്നും നിര്‍ദേശങ്ങള്‍ ധനമന്ത്രിക്ക് മുന്നില്‍ വച്ചിരുന്നു.

നേട്ടത്തിലേറിയവര്‍

പി.ഐ ഇന്ഡഡസ്ട്രീസ്, ഒബ്‌റോയി റിയല്‍റ്റി, ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് എന്നിവയാണ് നിഫ്റ്റി 200ല്‍ നേട്ടത്തിലേറിയ മറ്റ് ഓഹരികള്‍
ഒന്നാം പാദഫലത്തില്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതിരുന്നത് ഐ.ടി കമ്പനിയായ വിപ്രോ ഓഹരികള്‍ക്ക് ക്ഷീണമായി. വെള്ളിയാഴ്ച വിപണി സമയത്തിനു ശേഷമാണ് ഫലപ്രഖ്യാപനമുണ്ടായത്. ഇന്നത്തെ വ്യാപാര സെഷനില്‍ ഓഹരി വില 11.5 ശതമാനം വരെ ഇടിഞ്ഞു.
വിപ്രോയുടെ കോണ്‍സ്റ്റന്റ് കറന്‍സി വരുമാനം തുടര്‍ച്ചായ ആറാം പാദത്തിലും ഇടിഞ്ഞതാണ് ഓഹരിയെ ബാധിച്ചത്. വ്യാപാരാന്ത്യത്തില്‍ ഓഹരിയുടെ നഷ്ടം 9.31 ശതമാനമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ് നിഫറ്റി 200ന്റെ നഷ്ടക്കാരില്‍ രണ്ടാമന്‍. ഒന്നാം പാദത്തില്‍ ലാഭത്തില്‍ 5 ശതമാനത്തോളം കുറവ് വന്നത് വിപണി പ്രതീക്ഷകള്‍ തെറ്റിച്ചു. ബ്രോക്കറേജ് സ്ഥാപനങ്ങളായ ജെഫ്രീസും നുവാമയും ഓഹരിയുടെ ലക്ഷ്യവില താഴ്ത്തിയത് ഓഹരികളില്‍ ക്ഷീണ

മുണ്ടാക്കി.

നഷ്ടത്തിലായവര്‍

ലാഭം ഉയര്‍ന്നെങ്കിലും ആദ്യപാദത്തില്‍ അറ്റ പലിശ വരുമാന മാര്‍ജിനില്‍ കുറവുണ്ടായത് കോട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളെ മൂന്ന് ശതമാനത്തോളം ഇടിവിലാക്കി. ബി.എസ്.ഇയും സീ എന്റര്‍ടെയിന്‍മെന്റുമാണ് നിഫ്റ്റി 200ലെ മറ്റ് പ്രധാന നഷ്ടക്കാര്‍.
കേരള ഓഹരികളിൽ തിളക്കം
കേരള കമ്പനികളില്‍ ഇന്ന് കൂടുതല്‍ മുന്നേറ്റം കാഴ്ചവച്ചത് മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസാണ്. ഓഹരി വില എട്ട് ശതമാനത്തിലധികം ഉയര്‍ന്നു.
പൊതുമേഖല വളം നിര്‍മാണ കമ്പനിയായ ഫാക്ടും (ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍) പൊതുമേഖലാ തുറമുഖ കമ്പനിയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമാണ് കൂടുതല്‍ നേട്ടം കാഴ്ചവച്ച മറ്റ് രണ്ട് പ്രധാന ഓഹരികള്‍.
വളം കമ്പനികള്‍ക്ക് ഗുണകരമാകുന്ന നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടായേക്കാമെന്ന് സൂചനകളാണ് ഫാക്ട് ഓഹരിയെ മുന്നേറ്റത്തിലാക്കിയത്. ഓഹരി വില ആറര ശതമാനത്തോളം ഉയര്‍ന്നു.
ബജറ്റില്‍ പ്രതിരോധമേഖലയ്ക്ക് പ്രത്യേക ഊന്നലുണ്ടാകുമെന്നത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അടക്കമുള്ള ഷിപ്പിംഗ് കമ്പനികള്‍ക്കും ഗുണമായി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി വില അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലാണ്.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

പാറ്റ്‌സ്പിന്‍, റബ്ഫില, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍, യൂണിമറൈന്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവയും മികച്ച നേട്ടമുണ്ടാക്കി.
നഷ്ടക്കണക്കില്‍ ഇന്ന് മുന്നിലെത്തിയത് പി.ടി.ഐ ഇന്‍ഡസ്ട്രീസാണ്. കല്യാണ്‍ ജുവലേഴ്‌സ്, കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, വണ്ടര്‍ലാ തുടങ്ങിയവയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Related Articles
Next Story
Videos
Share it