Begin typing your search above and press return to search.
മലക്കംമറിഞ്ഞ് മെറ്റലുകള്‍, റിലയന്‍സിന്റെ തണലില്‍ പിടിച്ചുനിന്ന് സൂചികകള്‍, പിന്തുണച്ച് ഐടിയും റിയല്‍റ്റിയും എഫ്.എം.സി.ജിയും
അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ ധനനയ യോഗത്തിന്റെ മിനുട്ട്‌സ് ഇന്ത്യന്‍ സമയം ഇന്ന് രാത്രിയോടെ പുറത്തുവരും. എന്താകും പലിശയുടെ ദിശയെക്കുറിച്ച് ധനനയ നിര്‍ണയ സമിതിയംഗങ്ങള്‍ പറഞ്ഞിട്ടുണ്ടാവുക?
ഇതുസംബന്ധിച്ച ആശങ്ക ഇന്ന് ഇന്ത്യന്‍ ഓഹരി വിപണികളിലും ആഞ്ഞടിച്ചെങ്കിലും ആഭ്യന്തരതലത്തില്‍ നിന്നുയര്‍ന്ന അനുകൂലഘടകങ്ങളുടെ ബലത്തില്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ സെന്‍സെക്‌സിനും നിഫ്റ്റിക്കും കഴിഞ്ഞു.
ചാഞ്ചാട്ടം ഇന്ന് തുടക്കംമുതലേ ഉണ്ടായിരുന്നെങ്കിലും റിലയന്‍സും ഇന്‍ഫോസിസും അടക്കമുള്ള വന്‍കിട ഓഹരികളിലും എഫ്.എം.സി.ജി കമ്പനികളുടെ ഓഹരികളിലും ദൃശ്യമായ വാങ്ങല്‍ ട്രെന്‍ഡാണ് നേട്ടം നിലനിറുത്താന്‍ സഹായിച്ചത്.
267.75 പോയിന്റുയര്‍ന്ന് (+0.36%) 74,221.06ലാണ് സെന്‍സെക്‌സുള്ളത്. നിഫ്റ്റി 68.75 പോയിന്റ് (+0.31%) നേട്ടത്തോടെ 22,597.80ലും. 22,480-22,630 പോയിന്റുകള്‍ക്കിടയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ടെങ്കിലും ക്ലോസിംഗ് നിലവാരം 22,600ന് മുകളിലെത്തിക്കാന്‍ നിഫ്റ്റിക്ക് കഴിഞ്ഞില്ല (Click here for the technical analysis).
ചില കമ്പനികള്‍ മികച്ച മാര്‍ച്ചുപാദ പ്രവര്‍ത്തനഫലത്തിന്റെ കരുത്തില്‍ നേടിയ വാങ്ങല്‍ താത്പര്യങ്ങളാണ് ഇന്ന് സൂചികകള്‍ക്ക് കൂടുതല്‍ ഉഷാറേകിയത്. മികച്ച മണ്‍സൂണ്‍ പ്രതീക്ഷയില്‍ വില്‍പന മെച്ചപ്പെടുമെന്ന വിലയിരുത്തലുകള്‍ എഫ്.എം.സി.ജി കമ്പനികള്‍ക്ക് നേട്ടമായി.
രാജ്യത്ത് റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ക്ക് വില്‍പന കൂടുന്നുവെന്നും വില ഉയരുന്നുവെന്നുമുള്ള വിലയിരുത്തലുകള്‍ റിയല്‍റ്റി ഓഹരികളും ആഘോഷമാക്കി.
ഇന്ന് നേട്ടമുണ്ടാക്കിയ പ്രമുഖര്‍
അമേരിക്കയില്‍ നിന്നാണ് ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ പ്രധാനമായും വരുമാനം കൊയ്യുന്നത് എന്നിരിക്കേ, അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക മിനുട്ട്‌സ് പുറത്തുവരുന്നതിന് മുമ്പായി ഐ.ടി കമ്പനികളുടെ ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി.
സെന്‍സെക്‌സില്‍ ഇന്ന് ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐ.ടി.സി എന്നിവയാണ് നേട്ടത്തില്‍ മുന്നിലുള്ളത്.
റിയല്‍ എസ്റ്റേറ്റ് ബില്‍ഡര്‍മാരായ മാക്രോടെക് ഡെവലപ്പേഴ്‌സ് (LODHA) 5.46 ശതമാനം ഉയര്‍ന്ന് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ മുന്നിലെത്തി. മാര്‍ച്ചുപാദ പ്രവര്‍ത്തനഫലം മോശമാണെങ്കിലും 2023-24ല്‍ മൊത്തം നഷ്ടം കുറഞ്ഞതും പ്രവര്‍ത്തനം പരിഷ്‌കരിച്ച് ബാധ്യതകള്‍ കുറയ്ക്കാനുള്ള തീരുമാനവും ജീവനക്കാരെ കുറയ്ക്കാനുള്ള നീക്കവും പേയ്ടിഎം ഓഹരികളെ ഇന്ന് 4.92 ശതമാനം ഉയര്‍ത്തി. കമ്പനിയുടെ നഷ്ടം കഴിഞ്ഞവര്‍ഷം 1,422 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.
33.9 ലക്ഷം ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ സുസ്‌ലോണ്‍ എനര്‍ജി ഓഹരി ഇന്ന് 4.65 ശതമാനം ഉയര്‍ന്നു. മാത്രമല്ല, ജുപ്പീറ്റര്‍ എനര്‍ജിയില്‍ നിന്ന് 402 മെഗാവാട്ടിന്റെ പുതിയ ഓര്‍ഡര്‍ കിട്ടിയതും ഓഹരികളെ മേലോട്ട് നയിച്ചു.
ഭാരത് ഡൈനാമിക്‌സ് (+4.28%), ഒബ്‌റോയ് റിയല്‍റ്റി (+4.02%) എന്നിവയാണ് നിഫ്റ്റി 200ല്‍ മികച്ച നേട്ടമുണ്ടാക്കി ആദ്യ 5ല്‍ ഇടംപിടിച്ച മറ്റ് ഓഹരികള്‍.
ഇന്ന് കൂടുതല്‍ നിരാശപ്പെടുത്തിയവര്‍
എസ്.ബി.ഐ., ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖര്‍.
കഴിഞ്ഞദിവസങ്ങളില്‍ വലിയ മുന്നേറ്റം കാഴ്ചവച്ച മെറ്റല്‍ ഓഹരികളില്‍ ഇന്ന് വില്‍പനസമ്മര്‍ദ്ദം കനക്കുകയായിരുന്നു. രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ സാമ്പത്തികമായി കരകയറ്റാന്‍ ചൈന മുന്നോട്ടുവച്ച രക്ഷാപദ്ധതിയുടെയും വിതരണശൃംഖലയിലെ തടസ്സങ്ങളുടെയും വിലവര്‍ധനയുടെയും പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മെറ്റല്‍ക്കുതിപ്പ്.
എന്നാല്‍, ചൈനയുടെ രക്ഷാപ്പാക്കേജ് പര്യാപ്തമല്ലെന്ന വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ചുപാദത്തില്‍ ലാഭം 25 ശതമാനം ഇടിഞ്ഞ പശ്ചാത്തലത്തില്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് (BHEL) ഓഹരി ഇന്ന് 5.26 ശതമാനം താഴ്ന്ന് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ ഒന്നാംസ്ഥാനം നേടി.
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (SAIL) 3.21 ശതമാനം ഇടിഞ്ഞു. എന്‍.എം.ഡി.സി., ബി.എസ്.ഇ ലിമിറ്റഡ്, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് രണ്ടര മുതല്‍ മൂന്നു ശതമാനം വരെ ഇടിഞ്ഞ് തൊട്ടുപിന്നാലെയുള്ളത്.
വിപണിയുടെ ട്രെന്‍ഡ്
വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി എഫ്.എം.സി.ജി 1.43 ശതമാനം, ഐ.ടി 0.70 ശതമാനം, റിയല്‍റ്റി 1.41 ശതമാനം, ഫാര്‍മ 0.58 ശതമാനം എന്നിങ്ങനെ നേട്ടവുമായി തിളങ്ങി. നിഫ്റ്റി മെറ്റല്‍ 0.62 ശതമാനം താഴ്ന്നു.
നിഫ്റ്റി ഓട്ടോ, ധനകാര്യം, പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് എന്നിവയും ചുവന്നു. ബാങ്ക് നിഫ്റ്റി 0.55 ശതമാനം താഴ്ന്ന് 47,781ലാണുള്ളത്. നിഫ്റ്റി മിഡ്ക്യാപ്പ് 0.19 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ക്യാപ്പ് 0.35 ശതമാനം താഴ്ന്നു.
നിഫ്റ്റിയില്‍ കാളകളാണ് മുന്നില്‍
നിഫ്റ്റി50ല്‍ ഇന്ന് കാളകള്‍ക്കായിരുന്നു മുന്‍തൂക്കം. 33 ഓഹരികള്‍ നേട്ടത്തിലേറിയപ്പോള്‍ നഷ്ടം കുറിച്ചത് 17 ഓഹരികള്‍.
2.79 ശതമാനം ഉയര്‍ന്ന് സിപ്ല നേട്ടത്തിലും 1.53 ശതമാനം ഇടിഞ്ഞ് ശ്രീറാം ഫിനാന്‍സ് നഷ്ടത്തിലും ഒന്നാമതെത്തി. ബി.എസ്.ഇയില്‍ പക്ഷേ, കഥ മറിച്ചായിരുന്നു. മുന്‍തൂക്കം കരടികള്‍ നേടി. 3,948 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 1,826 ഓഹരികളേ പച്ചതൊട്ടുള്ളൂ; 2,018 ഓഹരികള്‍ ചുവന്നു. 104 ഓഹരികളുടെ വില മാറിയില്ല.
252 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 30 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍ക്യൂട്ട് ശൂന്യമായിരുന്നു. ലോവര്‍-സര്‍ക്യൂട്ടില്‍ ഒരു കമ്പനിയുണ്ടായിരുന്നു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്നും മുന്നേറി പുതിയ ഉയരം കുറിച്ചു. ഇന്നലെ ഡോളര്‍ നിലവാരത്തില്‍ 5 ലക്ഷം കോടി അഥവാ 5 ട്രില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് വിപണി പിന്നിട്ടിരുന്നു. ഇന്ന് 1.3 ലക്ഷം കോടി രൂപ ഉയര്‍ന്ന് 415.94 ലക്ഷം കോടി രൂപയാണ് മൂല്യം.
തിളങ്ങി കെ.എസ്.ഇയും പോപ്പുലറും
നിക്ഷേപക സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസ് ഓഹരികള്‍ വിറ്റൊഴിഞ്ഞതിന്റെയും ബ്രോക്കറേജുകള്‍ ലക്ഷ്യവില ഉയര്‍ത്തിയതിന്റെയും പശ്ചാത്തലത്തില്‍ അപ്പോളോ ടയേഴ്‌സ് ഓഹരി ഇന്ന് 1.78 ശതമാനം നേട്ടമുണ്ടാക്കി.
കഴിഞ്ഞപാദത്തിലെ മികച്ച പ്രവര്‍ത്തനഫലത്തിന്റെ കരുത്തില്‍ കെ.എസ്.ഇ ഇന്നും കുതിച്ചു; ഓഹരി 5.56 ശതമാനം കയറി. മേയ് 28ന് പ്രവര്‍ത്തനഫലം പ്രഖ്യാപിക്കാനിരിക്കേ പോപ്പുലര്‍ വെഹിക്കിള്‍സ് ഓഹരി ഇന്ന് 5.89 ശതമാനം നേട്ടമുണ്ടാക്കി.
സെല്ല സ്‌പേസ് (+4.98%), സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് (+5.59%), വണ്ടര്‍ല (+2.05%), ടി.സി.എം (+3.88%) എന്നിവയും ഇന്ന് ഭേദപ്പെട്ട പ്രകടനം നടത്തിയ കേരള ഓഹരികളാണ്.
സി.എസ്.ബി ബാങ്ക് 1.41 ശതമാനം, ഈസ്‌റ്റേണ്‍ 4.39 ശതമാനം, ജിയോജിത് 3.68 ശതമാനം, പോപ്പീസ് 1.97 ശതമാനം, സ്‌കൂബിഡേ 1.15 ശതമാനം, സൗത്ത് ഇന്ത്യന്‍ ബാങ്ക് 0.71 ശതമാനം, വെര്‍ട്ടെക്‌സ് 4.82 ശതമാനം എന്നിങ്ങനെ താഴ്ന്ന് ഇന്ന് നഷ്ടത്തിലും മുന്നിലെത്തി.
Next Story
Videos