ബജറ്റ് സന്തോഷിപ്പിച്ചില്ല, വിപണി വീണു; എഫ്.എം.സി.ജിക്കും കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സിനും നേട്ടം, ഇടിഞ്ഞ് റിയല്‍റ്റി

ഇന്ന് ബജറ്റ് പ്രഭാഷണം തുടങ്ങിയതു മുതല്‍ ദിവസം മുഴുവന്‍ ചെറിയ നേട്ടത്തിനും നഷ്ടത്തിനുമിടയിലായിരുന്നു ഇന്ത്യന്‍ ഓഹരി വിപണി. ബജറ്റ് പ്രഖ്യാപനങ്ങള്‍ മുന്നേറുന്നതിനനുസരിച്ച് നഷ്ടം ഏറിയും കുറഞ്ഞും നിന്നു. ദീർഘകാല മൂലധന നേട്ട നികുതി ഉയര്‍ത്തിയ നിര്‍ദേശം വന്നതോടെ വന്‍ ഇടിവിലേക്ക് പോയി. ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് നികുതി ഉയര്‍ത്തിയതും വിപണിയില്‍ നിരാശ പടര്‍ത്തി.

തുടര്‍ന്ന് സെന്‍സെക്‌സ് 900 പോയിന്റോളം ഇടിഞ്ഞു. ഒരുവേള 79,515.64 വരെ എത്തി. നിഫ്റ്റിയും 24,300 പോയിന്റിന് താഴെയെത്തി. പിന്നീട് നഷ്ടത്തിന്റെ നല്ലൊരു പങ്ക് വിപണി വീണ്ടെടുത്തു. സെന്‍സെക്‌സ് 73.04 പോയിന്റ് താഴ്ന്ന് 80,429.04ലും നിഫ്റ്റി 38.85 പോയിന്റ് താഴ്ന്ന് 24,470.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഓഹരി വിപണികള്‍ നഷ്ടത്തില്‍ അവസാനിപ്പിക്കുന്നത്.
ഇന്ത്യന്‍ രൂപയിന്ന് ഡോളറിനെതിരെ 5 പൈസ ഇടിഞ്ഞ് 83.96 രൂപയിലെത്തി. റെക്കോഡ് ഇടിവാണിത്.
വിവിധ മേഖലകളുടെ പ്രകടനം
വിശാല വിപണിയിൽ നിഫ്റ്റി എഫ്.എം.സി.ജി, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് സൂചികയാണ് ഇന്ന് വിപണിയ്ക്ക് പ്രതീക്ഷ നല്‍കിയത്. കണ്‍സ്യൂമര്‍ മേഖലയ്ക്ക് സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചത് അനുകൂലമായി. രണ്ട് ശതമാനത്തിലധികമാണ് സൂചികകളുടെ നേട്ടം. നിഫ്റ്റി ഓട്ടോ, ഐ.ടി, മീഡിയ, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ മേഖലകളും ഇന്ന് നേട്ടത്തില്‍ നിലനിന്നു. റിയല്‍റ്റി ഇന്ന് രണ്ടര ശതമാനത്തോളം ഇടിഞ്ഞു. പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകളും നഷ്ടത്തിലായി.

വിവിധ മേഖലകളുടെ ഇന്നത്തെ പ്രകടനം

മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.60 ശതമാനം, 0.88 ശതമാനം ഇടിഞ്ഞു.

ടൈറ്റന്‍ കമ്പനി, ഐ.ടി.സി ലിമിറ്റഡ്, അദാനി പോര്‍ട്‌സ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എല്‍ ആന്‍ഡ് ടി, ബജാജ് ഫിനാന്‍സ്, എസ്.ബി.ഐ എന്നിവ വലിയ ഇടിവിലുമായി.

ബി.എസ്.ഇയില്‍ ഇന്ന് 4,015 ഓഹരികള്‍ വ്യാപാരം ചെയ്തതില്‍ 1,743 എണ്ണം മാത്രമാണ് മുന്നേറിയത്. 2,160 ഓഹകിളുടെ വില ഇടിഞ്ഞു. 112 ഓഹരികള്‍ക്ക് വില മാറ്റമില്ല. ഇന്ന് 170 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില താണ്ടി. 34 ഓഹരികള്‍ താഴ്ന്ന വിലയിലേക്കും വീണു. ഒറ്റ ഓഹരിയെ പോലും അപ്പര്‍സര്‍ക്യൂട്ടില്‍ കണ്ടില്ല. ലോവര്‍ സര്‍ക്യൂട്ടില്‍ ഒരു ഓഹരി മാത്രം.

ഓഹരികളിലെ കുതിപ്പും കിതപ്പും

നിഫ്റ്റി 200ല്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തതും ടൈറ്റന്‍ കമ്പനിയും ഐ.ടി.സിയുമാണ്. സുസ്ലോണ്‍ എനര്‍ജി 5 ശതമാനത്തോളം നേട്ടവുമായി മൂന്നാം സ്ഥാനത്തെത്തി. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് 4.42 ശതമാനം ഉയര്‍ന്ന് 1,258 രൂപയിലെത്തി. ടൊറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഓഹരി വില 4.36 ശതമാനം ഉയര്‍ന്ന് 3,612 രൂപയിലുമെത്തി.

നേട്ടത്തിലിവര്‍

സ്‌പൈസ് ജെറ്റ് 3,000 കോടി മൂലധനസമാഹരണത്തിന് ഒരുങ്ങുന്നത് ഓഹരികളെ 7 ശതമാനം വരെ ഉയര്‍ത്തി. പിന്നീട് 3.28 ശതമാനം നേട്ടത്തിലേക്ക് താഴ്ന്നു.
ബജറ്റില്‍ സ്വര്‍ണ ഇറക്കുമതിക്ക് കസ്റ്റംസ് ഡ്യൂട്ടി ആറ് ശതമാനമായി കുറയ്ക്കാനുള്ള നിര്‍ദേശം ജുവലറി ഓഹരികളുടെ വിലയില്‍ കുതിപ്പുണ്ടാക്കി. സെന്‍കോ ഗോള്‍ഡ് ഓഹരി 12 ശതമാനവും ടൈറ്റന്‍ കമ്പനി ഓഹരി 7 ശതമാനവും ഉയര്‍ന്നു. കേരളം ആസ്ഥാനമായ കല്യാണ്‍ ജുവലേഴ്‌സ് ഓഹരി അഞ്ച് ശതമാനത്തിലധികം ഉയര്‍ന്നു.
പഞ്ചസാര കമ്പനികള്‍ക്ക് ഗുണകരമായ പ്രധാന പ്രഖ്യാപനങ്ങളൊന്നുമില്ലാതിരുന്നത് ഈ മേഖലയിലെ ഓഹരികളില്‍ ഇടിവുണ്ടാക്കി. എഥനോള്‍ ഉത്പാദനത്തിന് പഞ്ചസാര സിറപ്പ് ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്നും മിനിമം താങ്ങുവില വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു.
അവദ് ഷുഗര്‍, ബജാജ് ഹിന്ദുസ്ഥാന്‍, ഇ.ഐ.ഡി പാരി, കെ.സി.പി ഷുഗര്‍, രാജശ്രീ ഷുഗര്‍, ശക്തി ഷുഗര്‍, ഉഗര്‍ ഷുഗര്‍ വര്‍ക്‌സ്, ഉത്തം ഷുഗര്‍ എന്നിവ 2-4 ശതമാനം ഇടിഞ്ഞു.
കാര്‍ഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി നീക്കി വച്ച പ്രഖ്യാപനം അഗ്രി ഓഹരികള്‍ക്ക് നേട്ടമായി. കാവേരി സീഡ്‌സ്, മംഗളം സീഡ്, ധനുക അഗ്രിടെക് എന്നിവ 4.4 ശതമാനം മുതല്‍ 10.5 ശതമാനം വരെ ഉയര്‍ന്നു. സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചത് ഫിഷറീസ് സ്റ്റോക്കുകളിലും 4.30 ശതമാനം വരെ മുന്നേറ്റമുണ്ടാക്കി.

നഷ്ടത്തിലിവര്‍

കേന്ദ്ര പൊതുമേഖലാ ഓഹരികളാണ് ഇന്ന് നിഫ്റ്റി 200ലെ നഷ്ടക്കാരുടെ പട്ടികയില്‍ ആദ്യ പേരുകള്‍. കേരളം ആസ്ഥാനമായ പൊതുമേഖല വളം നിര്‍മാണക്കമ്പനിയായ ഫാക്ടിന്റെ ഓഹരികള്‍ ഇന്ന് 6.17 ശതമാനം ഇടിവുമായി നിഫ്റ്റി 200ലെ മുഖ്യ നഷ്ടക്കാരായി. റെയില്‍ വികാസ് നിഗം ലിമിറ്റഡ് 5.14 ശതമാനം ഇടിഞ്ഞ് രണ്ടാമതെത്തി. ഷിപ്പ് ബില്‍ഡിംഗ് കമ്പനിയായ മസഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സാണ് 4.94 ശതമാനം ഇടിവുമായി തൊട്ടു പിന്നില്‍. റെയില്‍വേ മേഖലയില്‍നിന്നുള്ള ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐ.ആര്‍.എഫ്.സി) 4.83 ശതമാനം ഇടിഞ്ഞു. മാക്രോ ടെക് ഡവലപ്പേഴ്‌സ് ഓഹരികളും 3.82 ശതമാനം ഇടിവുമായി നഷ്ടപ്പട്ടികയില്‍ ഇടം പിടിച്ചു.
ടെലികോം ഉപകരണങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 15 ശതമാനം വരെ അടിസ്ഥാന കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചത് ടെലികോം ഇന്‍ഫ്രാ ഓഹരികളില്‍ 4 ശതമാനം വരെ ഇടിവുണ്ടാക്കി

മുന്നേറി സി.എം.ആര്‍.എല്ലും കല്യാണും

കേരള ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഉയര്‍ന്നത് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് , (സി.എം.ആര്‍.എൽ) കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളാണ്. സി.എം.ആര്‍.എൽ ഓഹരി വില 6.33 ശതമാനം ഉയര്‍ന്നു. ആസ്പിൻവാള്‍, എ.വി.റ്റി നാച്വറല്‍സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഇസാഫ്, ഫെഡറല്‍ ബാങ്ക്, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്ര, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ്‌ മൈക്രോഫിന്‍, നിറ്റ ജെലാറ്റിന്‍, പോപ്പീസ്, പോപ്പുലര്‍, വി-ഗാര്‍ഡ് തുടങ്ങിയവയും ഇന്ന് നേട്ടത്തിലായിരുന്നു.

കേരള ഓഹരികളുടെ പ്രകടനം

ഫാക്ട് ഓഹരികളാണ് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. എന്‍.ബി.എഫ്.സികളായ മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ഇന്ന് 5.70 ശതമാനവും മുത്തൂറ്റ് ഫിനാന്‍സ് ഓഹരി 3.98 ശതമാനവും താഴ്ന്നു. സ്വർണ വിലയിൽ ഇടിവുണ്ടായതാണ് ഓഹരികളെ ബാധിച്ചത്. ആസ്റ്റർ, അപ്പോളോ, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ജിയോജിത്, വണ്ടർലാ തുടങ്ങിയ ഓഹരികളും ഇന്ന് താഴ്ചയിലാണ്.

Related Articles

Next Story

Videos

Share it