ബാങ്കുകളും റിലയന്‍സും തുണച്ചു; മികച്ച നേട്ടവുമായി ഓഹരി സൂചികകള്‍

കഴിഞ്ഞയാഴ്ചയിലെ ആലസ്യങ്ങളെല്ലാം മറന്ന് മികച്ച നേട്ടത്തിലേക്ക് തിരിച്ചുകയറി ഇന്ത്യന്‍ ഓഹരി സൂചികകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയവ പുറത്തുവിട്ട മികച്ച ജനുവരി-മാര്‍ച്ച്പാദ പ്രവര്‍ത്തനഫലമാണ് ഓഹരിനിക്ഷേപകര്‍ക്ക് ഉണര്‍വ് പകര്‍ന്നത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം


401 പോയിന്റുയര്‍ന്ന് (0.67 ശതമാനം) 60,056.10ലാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള സെന്‍സെക്‌സ് 60,101 വരെയ ഉയര്‍ന്നിരുന്നു. വ്യാപാരത്തിനിടെ ഒരുവേള 17,750 പോയിന്റുകള്‍ ഭേദിച്ച നിഫ്റ്റിയുള്ളത് 119.35 പോയിന്റ് (0.68 ശതമാനം) നേട്ടവുമായി 17,743.40ല്‍. കേന്ദ്രസര്‍ക്കാരിന്റെ 2033 വരെ കാലാവധിയുള്ള 10-വര്‍ഷ ബോണ്ടിന്റെ (കടപ്പത്രം) യീല്‍ഡ് (ബോണ്ടില്‍ നിന്ന് നിക്ഷേപകന് ലഭിക്കുന്ന ആദായം/റിട്ടേണ്‍) ഏഴ് മാസത്തെ താഴ്ചയായ 7.1163 ശതമാനത്തിലെത്തിയതും ഓഹരികളിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചു.

നിഫ്റ്റി പി.എസ്.യു ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്.എം.സി.ജി., ഐ.ടി., ലോഹം, റിയാല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നീ സൂചികകള്‍ ഇന്ന് നേട്ടത്തിലാണുള്ളത്. നിഫ്റ്റി മിഡ്ക്യാപ്പ് 0.39 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.59 ശതമാനവും ഉയര്‍ന്നു. ബി.എസ്.ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ 0.5 ശതമാനം വീതം നേട്ടവും രേഖപ്പെടുത്തി. നിഫ്റ്റി മീഡിയ, ഫാര്‍മ സൂചികകള്‍ ഒരു ശതമാനം താഴ്ന്നു.

നേട്ടത്തിന് നേതൃത്വം നല്‍കിയവര്‍
രണ്ട് മുതല്‍ മൂന്നുവരെ ശതമാനം നേട്ടവുമായി മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത് എസ്.ബി.ഐ., വിപ്രോ, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ടൈറ്റന്‍ എന്നിവയാണ്. അള്‍ട്രടെക് സിമന്റ്, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.എഫ്.സി ബാങ്ക്, എന്‍.ടി.പി.സി എന്നിവയും നേട്ടമുണ്ടാക്കിയ മുന്‍നിര ഓഹരികളാണ്.
ഇന്ന് ഏറ്റവുമധികം നേട്ടം രേഖപ്പെടുത്തിയവർ

എച്ച്.ഡി.എഫ്.സി ലൈഫിന്റെ ഓഹരിവില ആറ് ശതമാനത്തിനുമേല്‍ ഉയര്‍ന്നു. എച്ച്.ഡി.എഫ്.സിക്കോ എച്ച്.ഡി.എഫ്.സി ബാങ്കിനോ കമ്പനിയില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് അനുവദിച്ചതാണ് നേട്ടമായത്. ഐ.ആര്‍.എഫ്.സി., ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, പെഴ്‌സിസ്റ്റന്റ് സിസ്റ്റംസ്, വരുണ്‍ ബീവറേജസ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

ഇന്ന് ഏറ്റവുമധികം ഇടിവ് നേരിട്ട ഓഹരികൾ

അതേസമയം, യെസ് ബാങ്ക് ഓഹരിവില മൂന്ന് ശതമാനത്തോളം ഇടിഞ്ഞു. ബാങ്കിന്റെ മാര്‍ച്ച്പാദ അറ്റാദായം കുത്തനെ ഇടിഞ്ഞതാണ് വില്‍പന സമ്മര്‍ദ്ദം സൃഷ്ടിച്ചത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, പി.ഐ ഇന്‍ഡസ്ട്രീസ്, അദാനി ട്രാന്‍സ്മിഷന്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, മാരുതി സുസുക്കി, ഭാരതി എയര്‍ടെല്‍, സണ്‍ഫാര്‍മ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍.
റിലയന്‍സും ഐ.സി.ഐ.സി.ഐയും
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായം 30 ശതമാനം ഉയര്‍ന്ന്, നിരീക്ഷകര്‍ വിലയിരുത്തിയതിനും മുകളില്‍ 9,121.9 കോടി രൂപയായിരുന്നു. 8,500 കോടി രൂപയോളമാണ് നിരീക്ഷകര്‍ പ്രവചിച്ചിരുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസും പ്രതീക്ഷകള്‍ കവച്ചുവച്ച നേട്ടമാണ് മാര്‍ച്ച് പാദത്തില്‍ കുറിച്ചത്; ലാഭം 19 ശതമാനം മുന്നേറി 19,299 കോടി രൂപയായി. ബാങ്ക് ഓഫ് മഹാരാഷ്ട്ര 136 ശതമാനം വര്‍ദ്ധന അറ്റാദായത്തില്‍ രേഖപ്പെടുത്തി.

സ്‌കൂബീഡേയ്ക്കും ഈസ്‌റ്റേണിനും മികച്ച നേട്ടം
കേരളം ആസ്ഥാനമായ കമ്പനികള്‍ ഇന്ന് കാഴ്ചവച്ചത് സമ്മിശ്ര പ്രകടനമാണ്. സ്‌കൂബിഡേ ഗാര്‍മെന്റ്‌സ് (7.62 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (5.60 ശതമാനം), നീറ്റ ജെലാറ്റിന്‍ (5 ശതമാനം), കേരള ആയുര്‍വേദ (3.57 ശതമാനം) എന്നിവ മികച്ച നേട്ടമുണ്ടാക്കി.


ഹാരിസണ്‍ മലയാളം (3.23 ശതമാനം), മുത്തൂറ്റ് കാപ്പിറ്റല്‍ (2.87 ശതമാനം), ജിയോജിത് (2.40 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.59 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.45 ശതമാനം) എന്നിവ നഷ്ടം നേരിട്ടു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it