Begin typing your search above and press return to search.
നിഫ്റ്റി 23,000 തൊട്ടിറങ്ങി, നേട്ടം നിലനിറുത്താനായില്ല, കൊച്ചി കപ്പല്‍ശാല വീണ്ടും മിന്നി, വോഡ ഐഡിയയും മുന്നേറി
പുതിയ ഉയരം കുറിച്ചിട്ടും നേട്ടം നിലനിറുത്താനാവാതെ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് ഇന്ന് എക്കാലത്തെയും ഉയരമായ 75,636 വരെ എത്തിയെങ്കിലും വ്യാപാരം അവസാനിപ്പിച്ചത് 7.65 പോയിന്റ് (-0.01%) താഴ്ന്ന് 75,410.39ല്‍.
നിഫ്റ്റി ചരിത്രത്തിലാദ്യമായി ഇന്ന് 23,000 എന്ന നാഴികക്കല്ല് താണ്ടിയെങ്കിലും താഴേക്കിറങ്ങി. വ്യാപാരാന്ത്യത്തിലുള്ളത് 10.55 പോയിന്റ് (-0.05%) നഷ്ടത്തോടെ 22,957.10ല്‍.
അമേരിക്കയില്‍ സമീപകാലത്തൊന്നും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തല്‍ ശക്തമായതോടെ ഐ.ടി കമ്പനികളുടെ ഓഹരികള്‍ നേരിട്ട വില്‍പനസമ്മര്‍ദ്ദമാണ് ഇന്ന് ഇന്ത്യന്‍ ഓഹരികളെ വ്യാപാരത്തിന്റെ അവസാന സെഷനുകളില്‍ നഷ്ടത്തിലേക്ക് വീഴ്ത്തിയത്.
ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ വരുമാനത്തിന്റെ മുഖ്യപങ്കും അവര്‍ നേടുന്നത് അമേരിക്കയില്‍ നിന്നാണ്. അമേരിക്കയില്‍ തൊഴില്‍ അവസരങ്ങള്‍ മെച്ചപ്പെടുന്നുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനഫലവും പുറത്തുവിട്ടു. ഇതെല്ലാം, അടിസ്ഥാന പലിശനിരക്ക് ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന തലത്തില്‍ തന്നെ നിലനിറുത്താന്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
ഇന്ന് കൂടുതല്‍ തിളങ്ങിയവര്‍
സെന്‍സെക്‌സില്‍ ഇന്ന് എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയര്‍ടെല്‍, എല്‍ ആന്‍ഡ് ടി., ആക്‌സിസ് ബാങ്ക്, എന്‍.ടി.പി.സി, അള്‍ട്രാടെക് സിമന്റ് എന്നിവ കൂടുതല്‍ നേട്ടം കുറിച്ച പ്രമുഖരാണ്. സൂചികയെ വലിയ നഷ്ടത്തില്‍ വീഴാതെ പിടിച്ചുനിറുത്തിയതും ഇവയുടെ നേട്ടമാണ്.
ഭാരത് ഡൈനാമിക്‌സ് ഓഹരി ഇന്ന് 10.44 ശതമാനം നേട്ടവുമായി നിഫ്റ്റി 200ല്‍ നേട്ടത്തില്‍ ഒന്നാമതെത്തി. 10 രൂപ മുഖവിലയുള്ള ഓഹരി 5 രൂപ മുഖവിലയുള്ള രണ്ട് ഓഹരികളായി വിഭജിക്കാനുള്ള കമ്പനിയുടെ തീരുമാനം ഇന്ന് പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തിലാണ് ഓഹരിവിലയുടെ കുതിപ്പ്.
കമ്പനിയുടെ ഇന്നലത്തെ ക്ലോസിംഗ് വില 2,810.55 രൂപയായിരുന്നു. ഇന്നത്തെ ഓഹരി വിഭജനാനന്തരം വ്യാപാരാന്ത്യവില 1,552.05 രൂപയാണ്.
വോഡഫോണ്‍ ഐഡിയ 7.47 ശതമാനം, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ 5.41 ശതമാനം, ഭാരത് ഫോര്‍ജ് 5.14 ശതമാനം, ബി.എസ്.ഇ ലിമിറ്റഡ് 4.30 ശതമാനം എന്നിങ്ങനെ ഉയര്‍ന്ന് ഇന്ന് നിഫ്റ്റി 200ലെ നേട്ടത്തില്‍ ഭാരത് ഡൈനാമിക്‌സിന് തൊട്ടുപിന്നാലെയുണ്ട്.
ബ്രോക്കറേജുകളായ യു.ബി.എസ് ന്യൂട്രലില്‍ നിന്ന് 'വാങ്ങല്‍' (buy) എന്നതിലേക്ക് സ്റ്റാറ്റസ് ഉയര്‍ത്തിയതും കമ്പനിക്ക് മികച്ച വളര്‍ച്ചാസാധ്യത വിലയിരുത്തിയതുമാണ് വോഡഫോണ്‍ ഐഡിയ ഓഹരികളെ ഇന്ന് ഉയര്‍ത്തിയത്.
കഴിഞ്ഞപാദത്തിലെ മികച്ച പ്രവര്‍ത്തനഫലത്തിന്റെ കരുത്തിലും സൗത്ത് ഓല്‍പഡ് ട്രാന്‍സ്മിഷന്‍ എന്ന ഉപകമ്പനി രൂപീകരിച്ചതിന്റെ കരുത്തിലുമാണ് പവര്‍ ഫിനാന്‍സിന്റെ മുന്നേറ്റം.
നിരാശപ്പെടുത്തിയവര്‍
ടെക് മഹീന്ദ്ര, ടി.സി.എസ്., ടൈറ്റന്‍, ഏഷ്യന്‍ പെയിന്റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം എ്താകുമെന്നത് സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (FII) തിരിച്ചുവരവ് കഴിഞ്ഞദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരികള്‍ക്ക് കഴിഞ്ഞ ദിവസം കുതിപ്പേകിയിരുന്നു. എന്നാല്‍, ഇന്ന് ഐ.ടി കമ്പനികളുടെ മോശം പ്രകടനം സൂചികകളെ തളര്‍ത്തുകയായിരുന്നു.
സുസ്‌ലോണ്‍ എനര്‍ജിയാണ് 4.97 ശതമാനം താഴ്ന്ന് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ ഒന്നാമത്. ലാഭം 9 ശതമാനം താഴ്ന്നതടക്കമുള്ള മോശം മാര്‍ച്ചുപാദ പ്രവര്‍ത്തനഫലത്തിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഓഹരികളുടെ വീഴ്ച.
ചെലവുചുരുക്കി വരുമാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്ന പേയ്ടിഎമ്മിന്റെ (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) ഓഹരി ഇന്ന് 4.28 ശതമാനം താഴ്ന്നു.
മാര്‍ച്ചുപാദഫലം മെച്ചമായിരുന്നെങ്കിലും ബ്രോക്കറേജുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളുണ്ടായത് ഇന്ന് നൈക ഓഹരിയെ (FSN E-commerce) 3.59 ശതമാനം തളര്‍ത്തി.
മാര്‍ച്ചുപാദ ലാഭം 26 ശതമാനം ഉയര്‍ന്നെങ്കിലും ഇന്റര്‍ഗ്ലോബ് (Indigo) ഓഹരി ഇന്ന് 3.40 ശതമാനം താഴേക്കിറങ്ങി. ബിസിനസ് ക്ലാസ് സേവനങ്ങള്‍ക്ക് തുടക്കമിടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 3.26 ശതമാനം താഴ്ന്ന ജെ.എസ്.ഡബ്ല്യു എനര്‍ജിയാണ് നിഫ്റ്റി 200ലെ നഷ്ടത്തില്‍ ടോപ്5ല്‍ ഉള്ള മറ്റൊരു കമ്പനി.
വിപണിയുടെ ട്രെന്‍ഡ്
വിശാല വിപണി ഇന്ന് സമ്മിശ്രമായിരുന്നു. നിഫ്റ്റി ഐ.ടി സൂചിക 0.64 ശതമാനം, എഫ്.എം.സി.ജി 0.80 ശതമാനം, റിയല്‍റ്റി 0.66 ശതമാനം എന്നിങ്ങനെ താഴ്ന്നു. നിഫ്റ്റി മീഡിയ 1.04 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തി. ബാങ്ക് നിഫ്റ്റി 0.42 ശതമാനം ഉയര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ്പിന്റെ നേട്ടം 0.01 ശതമാനത്തിലൊതുങ്ങി. നിഫ്റ്റി സ്‌മോള്‍ക്യാപ്പ് 0.17 ശതമാനം നഷ്ടവും കുിറിച്ചു.
നിഫ്റ്റി50ല്‍ ഇന്ന് 17 ഓഹരികള്‍ നേട്ടത്തിലും 32 എണ്ണം നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി50യുടെ വിപണിമൂല്യവും 5 ലക്ഷം കോടി ഡോളറെന്ന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്.
ബി.എസ്.ഇയില്‍ ഇന്ന് 1,598 ഓഹരികള്‍ നേട്ടത്തിലും 2,254 ഓഹരികള്‍ ന്ടത്തിലും ആയിരുന്നു. 93 ഓഹരികളുടെ വില മാറിയില്ല. 215 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 33 എണ്ണം താഴ്ചയും കണ്ടു.
226 ഓഹരികള്‍ അപ്പര്‍-സര്‍ക്യൂട്ടിലും 251 എണ്ണം ലോവര്‍-സര്‍ക്യൂട്ടിലും ആയിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് 420.22 ലക്ഷം കോടി രൂപയെന്ന റെക്കോഡില്‍ നിന്ന് 419.99 ലക്ഷം കോടി രൂപയായി താഴ്ന്നു.
ഇന്നും തിളങ്ങി കൊച്ചി കപ്പല്‍ശാല
കൊച്ചി കപ്പല്‍ശാലയുടെ (കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്) ഓഹരിവില ചരിത്രത്തില്‍ ആദ്യമായി ഇന്ന് 2,000 രൂപ ഭേദിച്ച് 2,030 രൂപവരെ എത്തി. എന്നാല്‍, വ്യാപാരാന്ത്യത്തില്‍ ഓഹരിവിലയുള്ളത് 0.82 ശതമാനം മാത്രം നേട്ടവുമായി 1,905.75 രൂപയിലാണ്.
കമ്പനിയുടെ വിപണിമൂല്യം 50,136 കോടി രൂപയാണ്. മൂല്യം 50,000 കോടി കടക്കുന്ന മൂന്നാമത്തെ മാത്രം കേരള ലിസ്റ്റഡ് കമ്പനിയാണ് കൊച്ചി കപ്പല്‍ശാല. നിലവില്‍ ഈ നാഴികക്കല്ലിന് മുകളിലുള്ള രണ്ടാമത്തെ മാത്രം കമ്പനിയുമാണ്. മുത്തൂറ്റ് ഫിനാന്‍സാണ് 68,100 കോടി രൂപയുമായി ഒന്നാമത്.
ഇന്ന് മാര്‍ച്ചുപാദ പ്രവര്‍ത്തനഫലം പ്രഖ്യാപിക്കാനിരിക്കേയാണ് കൊച്ചി കപ്പല്‍ശാലയുടെ ഓഹരിവില 2,000 രൂപ തൊട്ടിറങ്ങിയത്. മാര്‍ച്ചുപാദലാഭം 39.33 കോടി രൂപയില്‍ നിന്ന് 259 കോടി രൂപയായി കുതിച്ചുയര്‍ന്നിട്ടുണ്ട്.
സെല്ല സ്‌പേസ്, ഫാക്ട്, സ്റ്റെല്‍, വെര്‍ട്ടെക്‌സ്, പ്രൈമ ഇന്‍ഡസ്ട്രീസ് എന്നിവയാണ് 2.27-4.94 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ ഇന്ന് മുന്നിലുള്ള കേരള ഓഹരികള്‍.
മുത്തൂറ്റ് കാപ്പിറ്റല്‍, ഇന്‍ഡിട്രേഡ്, വണ്ടര്‍ല, വി-ഗാര്‍ഡ്, ജി.ടി.എന്‍ എന്നിവയാണ് 2.4 മുതല്‍ 3.94 ശതമാനം വരെ താഴ്ന്ന് നഷ്ടത്തില്‍ മുന്നിലുള്ളവ.
മണപ്പുറം ഫിനാന്‍സ് ഇന്ന് 1.01 ശതമാനം ഉയര്‍ന്നു. കമ്പനിയും മാര്‍ച്ചുപാദ പ്രവര്‍ത്തനഫലം പുറത്തുവിട്ടിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 415 കോടി രൂപയില്‍ നിന്ന് 563 കോടി രൂപയായി ലാഭം മെച്ചപ്പെട്ടു.
Next Story
Videos