Begin typing your search above and press return to search.
എച്ച്.ഡി.എഫ്.സി ബാങ്കില്‍ തട്ടിമറിഞ്ഞ് ഓഹരി വിപണി; എ.സി.സിയും അംബുജയും മുന്നേറി, ഫാക്ട്, ധനലക്ഷ്മി ബാങ്ക് ഓഹരികളിലും കുതിപ്പ്
ഏറെക്കാലം നീണ്ട ഇടിവിന് ബ്രേക്കിട്ട് ഇന്നലെ മികച്ച നേട്ടത്തിലേക്ക് കരകയറിയ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് വീണ്ടും മലക്കംമറിഞ്ഞു. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വീഴ്ചയാണ് ഇന്ന് ഓഹരി സൂചികകളില്‍ പ്രധാനമായും സമ്മര്‍ദ്ദം സൃഷ്ടിച്ചത്.
ബാങ്കിംഗ് ഓഹരികളുടെ വീഴ്ചയ്ക്ക് പുറമേ ഐ.ടി ഓഹരികളുടെ മോശം പ്രകടനം, അമേരിക്കന്‍ ബോണ്ട് യീല്‍ഡ് വര്‍ധന സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം, വിദേശ നിക്ഷേപകരുടെ വിറ്റൊഴിയല്‍ മനോഭാവം, ക്രൂഡ് ഓയില്‍ വില വര്‍ധന എന്നിവയും ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികളുടെ വീഴ്ചയ്ക്ക് ആക്കംകൂട്ടി.
സെന്‍സെക്‌സ് 359 പോയിന്റ് (-0.51%) താഴ്ന്ന് 70,700ലും നിഫ്റ്റി 101.35 പോയിന്റ് (-0.47%) ഇടിഞ്ഞ് 21,352ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 50ല്‍ ഇന്ന് 34 ഓഹരികളും ചുവന്നു. 16 ഓഹരികള്‍ നേട്ടത്തിലേറി. ബി.എസ്.ഇയില്‍ 2,083 ഓഹരികള്‍ നേട്ടത്തിലും 1,725 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 91 ഓഹരികളുടെ വില മാറിയില്ല.
352 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 18 എണ്ണം താഴ്ചയിലുമായിരുന്നു. അപ്പര്‍, ലോവര്‍-സര്‍കീട്ടുകള്‍ ഇന്ന് ഒഴിഞ്ഞുകിടന്നു. അതേസമയം, ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപക മൂല്യത്തില്‍ ഇന്ന് കാര്യമായ വ്യതിയാനമുണ്ടായില്ല. ഇന്നലത്തെ 371.18 ലക്ഷം കോടി രൂപയില്‍ നിന്ന് നേരിയ ഇടിവോടെ മൂല്യം 371.12 ലക്ഷം കോടി രൂപയായി.
മലക്കംമറിയാനുള്ള കാരണങ്ങള്‍
മുഖ്യ സൂചികകളിലും ബാങ്ക് നിഫ്റ്റിയിലും മികച്ച വെയിറ്റേജുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് നേരിട്ട തളര്‍ച്ചയാണ് ഇന്ന് പ്രധാന തിരിച്ചടിയായത്. ബാങ്ക് നിഫ്റ്റിയില്‍ 29 ശതമാനം വെയിറ്റേജുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് ഇന്ന് 1.45 ശതമാനം താഴ്ന്നു. ആക്‌സിസ് ബാങ്ക്, എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ 4 ശതമാനം വരെ ഇടിഞ്ഞതും തിരിച്ചടിയായി. ആവേശം പകരാത്ത ഡിസംബര്‍പാദ പ്രവര്‍ത്തനഫലമാണ് ആക്‌സിസ് ബാങ്ക് ഓഹരികളെ ആലസ്യത്തിലേക്ക് തള്ളിയത്. ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുമായി ലയിക്കാന്‍ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഇന്നലെ എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് ഓഹരികളുടെ നഷ്ടം (-4%).
മോശം ഡിസംബര്‍പാദ പ്രവര്‍ത്തനഫലവും ഉപയോക്തൃ കമ്പനികളുടെ കുറഞ്ഞ ഓര്‍ഡറുകളും ടെക് മഹീന്ദ്ര ഓഹരികളെ 6 ശതമാനം താഴേക്ക് വീഴ്ത്തി. ബാങ്കിംഗ് കഴിഞ്ഞാല്‍ മുഖ്യ സൂചികകളില്‍ മികച്ച വെയിറ്റേജുള്ള ഐ.ടി ഓഹരികളുടെ വീഴ്ചയും ഇന്നത്തെ തിരിച്ചടികളിലൊന്നാണ്.
ഒരിടവേളയ്ക്ക് ശേഷം ക്രൂഡോയില്‍ വില ബാരലിന് 81 ഡോളറിന് മുകളിലെത്തി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതികൂലമായ വാര്‍ത്തയാണിത്.
വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (FIIs) ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിയുന്നത് തുടരുകയാണ്. ഇന്ത്യയിലെ നിക്ഷേപ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നത് ഉള്‍പ്പെടെയുള്ള സെബിയുടെ നിര്‍ദേശങ്ങള്‍ ഇതിന് ആക്കംകൂട്ടിയിട്ടുണ്ട്. ഈമാസം ഇതുവരെ എഫ്.ഐ.ഐ വിറ്റൊഴിഞ്ഞത് 34,766 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ്. കഴിഞ്ഞ മാസങ്ങളില്‍ 5 ശതമാനത്തില്‍ നിന്ന് 3.8 ശതമാനത്തിലേക്ക് കൂപ്പുകുത്തിയ അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് വീണ്ടും 4.18 ശതമാനത്തിലേക്ക് കയറിയത് ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം കൊഴിയാന്‍ ഇടവരുത്തുന്നുണ്ട്.
ഇന്ന് തിളങ്ങിയവര്‍
എ.സി.സി ലിമിറ്റഡ്, കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണക്കമ്പനിയായ ഫാക്ട്, അംബുജ സിമന്റ്‌സ്, ബജാജ് ഓട്ടോ, സംവര്‍ധന മദേഴ്‌സണ്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നേട്ടം രേഖപ്പെടുത്തിയ ഓഹരികള്‍.
അദാനിക്കമ്പനിയായ എ.സി.സി 12 ശതമാനം കുതിച്ചു. ഡിസംബര്‍ പാദത്തില്‍ ലാഭം 378 ശതമാനം കുതിച്ചത് ഓഹരിയുടെ മുന്നേറ്റത്തിന് അടിത്തറയായി. അദാനി ഗ്രൂപ്പിലെ മറ്റൊരു സിമന്റ് കമ്പനിയായ അംബുജ സിമന്റ്‌സും ഇന്ന് 7.05 ശതമാനം ഉയര്‍ന്നു.
അദാനി ഗ്രൂപ്പിലെ അദാനി എന്റര്‍പ്രൈസസ് ഒഴികെയുള്ള എല്ലാ ഓഹരികളും ഇന്ന് നേട്ടത്തിലാണ്. എന്‍.ഡി.ടിവി 5 ശതമാനത്തിന് മുകളിലും അദാനി പവര്‍ 4.7 ശതമാനവും നേട്ടമുണ്ടാക്കി.
കേന്ദ്ര ബജറ്റില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി വളം സബ്‌സിഡിക്ക് കൂടുതല്‍ പണം വകയിരുത്തിയേക്കുമെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഫാക്ട് ഓഹരികളുടെ മുന്നേറ്റം. മികച്ച മൂന്നാംപാദ പ്രവര്‍ത്തനഫലമാണ് ബജാജ് ഓട്ടോ ഓഹരികളെയും മുന്നോട്ട് നയിച്ചത്. ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 37 ശതമാനമാണ് വര്‍ധിച്ചത്.
ഇവര്‍ നിരാശപ്പെടുത്തി
ഇന്ദ്രപ്രസ്ഥ ഗ്യാസ്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, കെ.പി.ഐ.ടി ടെക്, ടെക് മഹീന്ദ്ര, ലോറസ് ലാബ്‌സ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ ഇടിവ് നേരിട്ടവര്‍. മോശം ഡിസംബര്‍ പാദ പ്രവര്‍ത്തന ഫലമാണ് ഇന്ദ്രപ്രസ്ഥ ഗ്യാസിനെ തളര്‍ത്തിയത്. പാദാടിസ്ഥാനത്തില്‍ കമ്പനിയുടെ ലാഭം 534 കോടി രൂപയില്‍ നിന്ന് 27 ശതമാനം താഴ്ന്ന് 392 കോടി രൂപയായിരുന്നു.
വിശാല വിപണിയില്‍ ബാങ്ക് നിഫ്റ്റി ഇന്ന് 0.48 ശതമാനം, ഫാര്‍മ 1.30 ശതമാനം, എഫ്.എം.സി.ജി 1.15 ശതമാനം, ഐ.ടി 1.60 ശതമാനം എന്നിങ്ങനെ നഷ്ടത്തിലാണ്. നിഫ്റ്റി സ്‌മോള്‍ക്യാപ്പ് 0.50 ശതമാനം കയറിയപ്പോള്‍ മിഡ്ക്യാപ്പ് 0.45 ശതമാനം താഴ്ന്നു. 0.67 ശതമാനം ഉയര്‍ന്ന റിയല്‍റ്റിയാണ് നേട്ടത്തില്‍ മുന്നിലുള്ളത്.
ധനലക്ഷ്മി ബാങ്ക് ഓഹരികളുടെ തിളക്കം
കേരള ഓഹരികളില്‍ ഇന്ന് ഏറ്റവും തിളക്കം ധനലക്ഷ്മി ബാങ്കിനായിരുന്നു. ഓഹരി വില 10 ശതമാനം കുതിച്ചു. പ്രമുഖ ഓഹരി നിക്ഷേപകനായ (Ace Investor) സഞ്ജീവ് ഭാസിന്‍ 'വാങ്ങല്‍' (Buy) റേറ്റിംഗ് ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ക്ക് നല്‍കിയിരുന്നു.
ആസ്പിന്‍വോള്‍, ബി.പി.എല്‍., കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ജിയോജിത്, ഇന്‍ഡിട്രേഡ്, മണപ്പുറം ഫിനാന്‍സ്, പി.ടി.എല്‍ എന്റര്‍പ്രൈസസ് എന്നിവയാണ് ഇന്ന് കൂടുതല്‍ തിളങ്ങിയ മറ്റ് കേരള ഓഹരികള്‍.
വണ്ടര്‍ല 3.16 ശതമാനം താഴ്ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരിയും 2.85 ശതമാനം നഷ്ടം നേരിട്ടു. പ്രൈമ ഇന്‍ഡസ്ട്രീസ്, പാറ്റ്‌സ്പിന്‍, സ്‌കൂബിഡേ, കിംഗ്‌സ് ഇന്‍ഫ്ര, കല്യാണ്‍ ജുവലേഴ്‌സ്, കിറ്റെക്‌സ്, ഫെഡറല്‍ ബാങ്ക്, അപ്പോളോ ടയേഴ്‌സ് എന്നിവയും ഇന്ന് നഷ്ടം നേരിട്ടു.
Next Story
Videos