Begin typing your search above and press return to search.
വ്യാപാരാന്ത്യം നേട്ടം തിരിച്ചു പിടിച്ച് സൂചികകള്‍, മുന്നേറി സീയും ടാറ്റ കമ്മ്യൂണിക്കേഷനും
ദിവസം മുഴുവന്‍ ചാഞ്ചാടി നിന്ന ഇന്ത്യന്‍ ഓഹരി സൂചികകള്‍ വ്യാപാരാന്ത്യത്തില്‍ നേട്ടത്തിലേക്ക് കയറി. അവസാന മണിക്കൂറില്‍ 85,247.42ലെത്തി റെക്കോഡിട്ട സെന്‍സെക്‌സ് ചെറുതായൊന്നു വഴുതിയെങ്കിലും 255.83 പോയിന്റുയര്‍ന്ന് 85,1282.29ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയും 26,32.80 പോയിന്റെന്ന പുതു ഉയരം തൊട്ടശേഷം 63.75 ശതമാനം നേട്ടത്തോടെ 26,004.15ല്‍ വ്യാപാരം അവസാനിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ യു.എസിലെ ഉപഭോക്തൃ വിശ്വാസ സൂചിക ഇടിഞ്ഞത് ഇന്ന് നിക്ഷേപകരെ കാത്തിരിപ്പിലേക്ക് നയിച്ചു. ഒപ്പം ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പിനു തുനിഞ്ഞതും വിപണിയെ ഇന്ന് ചാഞ്ചാട്ടത്തിലാക്കി. രാവിലെ സെന്‍സെക്‌സ് 150 പോയിന്റും നിഫ്റ്റി 25,950ന് താഴെയുമാണ് വ്യാപാരം തുടങ്ങിയത്. ബാങ്കിംഗ്, ഊര്‍ജ ഓഹരികളാണ് വിപണിയെ നഷ്ടത്തിലേക്ക് വീഴാതെ പിടിച്ചു നിറുത്തിയത്. ചൈനയുടെ ഉത്തേജക പാക്കേജിനെ തുടര്‍ന്ന് മെറ്റല്‍, കമ്മോഡിറ്റി ഓഹരികള്‍ നേട്ടം തുടര്‍ന്നു.
മറ്റ് വികസ്വര വിപണികളിലേക്ക് നിക്ഷേപകര്‍ പണമൊഴുക്കുന്നത് ഹ്രസ്വകാലത്തില്‍ ഇന്ത്യന്‍ വിപണിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ക്ക് പക്ഷെ വില്‍പ്പന സമ്മര്‍ദ്ദം അതിജീവിക്കാനായില്ല. ഇവ യഥാക്രമം 0.63 ശതമാനം, 0.42 ശതമാനം ഇടിഞ്ഞു.
മീഡിയ സൂചികയാണ് ഇന്ന് മികച്ച മുന്നേറ്റം കാഴ്ചവച്ചത്. 2.94 ശതമാനത്തോളം ഉയര്‍ന്നു. നിഫ്റ്റി ഓട്ടോ, എഫ്.എം.സി.ജി, ഐ.ടി, പി.എസ്.യു ബാങ്ക്, ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകളാണ് ഇന്ന് നഷ്ടം വരിച്ചത്.
ബി.എസ്.ഇയില്‍ ഇന്ന് 4,065 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 1,697 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടത്തില്‍ പിടിച്ചു നില്‍ക്കാനായത്. 2,256 ഓഹരികള്‍ താഴേക്ക് പോയി. 112 ഓഹരികള്‍ക്ക് വില മാറ്റമില്ല.
267 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 38 ഓഹരികള്‍ താഴ്ന്ന വിലയും കണ്ടു. ഒമ്പത് ഓഹരികളാണ് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലുള്ളത്. രണ്ട് ഓഹരികള്‍ ലോവർ സർക്യൂട്ടിലുമുണ്ട്.
സെന്‍സെക്‌സിലെ 30 ഓഹരികളില്‍ പവര്‍ ഗ്രിഡ്, ആക്‌സിസ് ബാങ്ക്, എന്‍.ടി.പി.സി, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. അതേസമയം ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റന്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ് ബി ഐ, ജെ.എസ്.ഡബ്ല്യു എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ടത്.
നേട്ടത്തില്‍ ഇവര്‍
സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ഇന്ന് 5.77 ശതമാനം കുതിപ്പോടെ നിഫ്റ്റി 200ലെ നേട്ടപ്പട്ടികയില്‍ മുന്നിലെത്തി. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ഓഹരിയുടെ ലക്ഷ്യവില 195 രൂപയാക്കിയതാണ് ഓഹരിയെ മുന്നേറ്റത്തിലാക്കിയത്.
അതേസമയം, സീയുമായി 37 സിനിമകളുടെ സാറ്റലൈറ്റ് ആന്‍ഡ് മീഡിയ റൈറ്റ്‌സിനായി കരാര്‍ ഒപ്പു വച്ചത് മുക്ത ആര്‍ട്‌സ് ലിമിറ്റഡിന്റെ ഓഹരികളെ 20 ശതമാനത്തോളം ഉയര്‍ത്തി.
ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ഓഹരിക്ക് ഇന്ന് അഞ്ച് ശതമാനത്തിലധികം കുതിപ്പുണ്ടായി. ഓഹരി വില 2,133 രൂപയിലെത്തി.
ഗോള്‍ഡ്മാന്‍ സാക്‌സ് പോസിറ്റീവ് ഔട്ട് ലുക്ക് നല്‍കിയ പവർ ഗ്രിഡ് ഓഹരികളും ഇന്ന് 4 ശതമാനത്തിലധികം ഉയര്‍ന്നു. ഓഹരി വില പുതിയ ഉയരവും കുറിച്ചു. മൂന്ന് ശതമാനത്തിലധികം നേട്ടവുമായി ഗോദ്റേജ് പ്രോപ്പർട്ടീസും ആല്‍കെം ലബോറട്ടറീസുമാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
2030ഓടെ 200 കോടി ഡോളര്‍ വരുമാനം പ്രതീക്ഷിക്കുന്നുവെന്നും 25 ശതമാനം എബിറ്റ്ഡ നേടാനാകുമെന്നും അനലിസ്റ്റ് മീറ്റിംഗില്‍ വ്യക്തമാക്കിയത് പിരമല്‍ ഫാര്‍മ ഓഹരികളെ 5 ശതമാനത്തിലധികം ഉയര്‍ത്തി.
നഷ്ടത്തിൽ ഇവർ
പോളിസി ബസാറിന്റെ മാതൃകമ്പനിയായ പി.ബി.ഫിന്‍ടെക്ക് ഇന്ന് ആറ് ശതമാനത്തോളം ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ സ്വതന്ത്ര ഡയറക്ടര്‍ ആയ ഗോപാലന്‍ ശ്രീനിവാസന്‍ രാജിവച്ചതായി കമ്പനി ഇന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു.
സ്വിസ് ബ്രോക്കറേജായ യു.ബി.എസില്‍ നിന്ന് എഫ്.എം.സി.ജി കമ്പനിയായ ഡാബര്‍ ഇന്ത്യയുടെ വില്‍പ്പന വളര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് ഓഹരിയെ അഞ്ച് ശതമാനം താഴ്ത്തി.
ഐ.ടി.ഓഹരികളായ ടി.സി.എസ്, ഇന്‍ഫോസിസ്, എച്ച്.സി.എല്‍.ടെക് എന്നിവയും ഇന്ന് നഷ്ടത്തിലായിരുന്നു.
ഡെല്‍റ്റ കോര്‍പ്പറേഷന്റെ ഹോസ്പിറ്റാലിറ്റി റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ വേര്‍പെടുത്തി ഡെല്‍റ്റ പെന്‍ലാന്‍ഡ് എന്ന പുതിയ കമ്പനി രൂപീകരിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയത് ഓഹരി വില അഞ്ച് ശതമാനം ഉയര്‍ത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.57 കോടി രൂപ വരുമാനമാണ് ഹോസ്പിറ്റാലിറ്റി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നേടിയത്.
മുന്നേറ്റം തുടർന്ന് കിറ്റെക്സ്
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നഷ്ടത്തിലേക്കാണ് നടന്നു കയറിയത്. കിറ്റെക്‌സ് ഓഹരി 4 ശതമാനത്തിലധികം നേട്ടവുമായി ഇന്നും തിളക്കം നിലനിറുത്തി. പ്രൈമ ഇന്‍ഡസ്ട്രീസാണ് ശതമാനക്കണക്കില്‍ കൂടുതല്‍ മുന്നേറ്റം കാഴ്ചവച്ചത്. നാലു ശതമാനത്തിലധികം ഉയര്‍ന്നു. പ്രൈമ ഇന്‍ഡസ്ട്രീസ്, മുത്തൂറ്റ് മൈക്രോഫിന്‍ എന്നിവയും മൂന്ന് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. കേരളം ആസ്ഥാനമായ മറ്റ് എന്‍.ബി.എഫ്.സികളും നേട്ടത്തിലായി.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇന്നും നഷ്ടക്കഥ തുടര്‍ന്നു. ഓഹരി വില 2 ശതമാനത്തിലധികം ഇടിഞ്ഞു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരിയുടെപ്രൈസ് ബാന്‍ഡില്‍ എക്സ്ചേഞ്ചുകള്‍ ഇന്നു മുതല്‍ മാറ്റം വരുത്തിയിട്ടുണ്ട്. 10 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് കുറച്ചത്. ഓഹരിക്ക് വ്യാപാരത്തിനിടെ മുകളിലേക്കും താഴേക്കും പോകാവുന്ന പരമാവധി പരിധിയാണ് പ്രൈസ് ബാന്‍ഡ്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍ക്ക് ഇന്നു മുതല്‍ പരമാവധി അഞ്ചു ശതമാനം വരെയേ വില ഉയരാനാകൂ. അഞ്ചു ശതമാനത്തിൽ താഴേക്കും പോകില്ല.
സ്വര്‍ണ വില സര്‍വകാല റെക്കോഡിട്ടത് പി.സി ജുവലേഴ്‌സ് ഓഹരിയെ നാലു ശതമാനം ഉയര്‍ത്തിയെങ്കിലും കല്യാണ്‍ ജുവലേഴ്‌സില്‍ ആ ആവേശം കണ്ടില്ല. ഓഹരി വില ഒരു ശതമാനത്തിലധികം താഴ്ന്നു. കേരളം ആസ്ഥാനമായുള്ള ബാങ്കുകളും ഇന്ന് വിലതകര്‍ച്ചയിലായി.
Next Story
Videos