Begin typing your search above and press return to search.
ആറാം നാളില്‍ കലമുടച്ച് വിപണികള്‍; റെക്കോഡില്‍ മുത്തമിട്ട് മിഡ്-സ്‌മോള്‍ക്യാപ് സൂചികകള്‍, നിറം മങ്ങി കേരള ഓഹരികളും
ആഗോള വിപണികളില്‍ നിന്നുള്ള സമ്മിശ്ര വാര്‍ത്തകളെ തുടര്‍ന്ന് വാരാന്ത്യം കലമുടച്ച് ഇന്ത്യന്‍ ഓഹരി വിപണികള്‍. തുടര്‍ച്ചയായ അഞ്ച് ദിവസത്തെ നേട്ടത്തിനാണ് ഇന്ന് വിരാമമിട്ടത്.
കമ്പനികളുടെ മാര്‍ച്ച് പാദഫലത്തിലെ ആശങ്കകളാണ് സൂചികകളില്‍ വലിയ നഷ്ടത്തിനിടയാക്കിയത്. മാത്രമല്ല ആഗോള സാമ്പത്തിക പ്രശ്‌നങ്ങള്‍, ഭൗമ-രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, ഉയര്‍ന്ന പലിശ നിരക്ക് തുടങ്ങിയ നിരവധി കാരണങ്ങള്‍ ഇന്ന് വിപണിയുടെ സെന്റിമെന്റ്‌സിനെ ബാധിച്ചു.
ജനുവരി-മാര്‍ച്ച് പാദത്തില്‍ യു.എസ് സമ്പദ് വ്യവസ്ഥ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയാണ് കാണിച്ചത്. യു.എസ് പുറത്തുവിട്ട കണക്കനുസരിച്ച് ജി.ഡി.പി വളര്‍ച്ച 1.6 ശതമാനം മാത്രമാണ്. വാള്‍സ്ട്രീറ്റിന്റെ പ്രതീക്ഷ 2.4 ശതമാനമായിരുന്നു. 2023ന്റെ അവസാനത്തില്‍ 3.4 ശതമാനമായിരുന്നു യു.എസിന്റെ വാര്‍ഷിക വളര്‍ച്ച.
പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയില്‍ വളര്‍ച്ചയും കുറയുന്നത് ഉടനെങ്ങും പലിശ നിരക്ക് കുറച്ചേക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യം പിടിമുറുക്കുന്നതായാണ് വിലയിരുത്തലുകള്‍. ഇത് യു.എസ് വിപണികളിൽ ഇന്നലെ ഇടിവുണ്ടാക്കി. ഇന്ത്യന്‍ വിപണികളിലേക്കും അതിന്റെ അലയൊലികള്‍ ബാധിക്കുകയായിരുന്നു.
രൂപയിന്ന് ഡോളറിനെതിരെ ഏഴ് പൈസ ഇടിഞ്ഞ് 83.35ലാണ്.
വിവിധ മേഖലകളുടെ പ്രകടനം
ഇന്ന് സെന്‍സെക്‌സ് 74,509.31ലാണ് വ്യാപാരം തുടങ്ങിയത്. ഒരു വേള 74,515.91 വരെ ഉയര്‍ന്ന് പൊങ്ങുകയും പിന്നീട് 73,616.65 വരെ താഴേക്ക് പോകുകയും ചെയ്തു. വ്യാപാരാന്ത്യം 609 പോയിന്റ് (0.82%) നഷ്ടത്തില്‍ 73,730.16ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സിലെ 30 ഓഹരികളില്‍ 24ലും നഷ്ടത്തില്‍ മുങ്ങി.
ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, നെസ്‌ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് സെന്‍സെക്‌സില്‍ ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍. രണ്ടു മുതല്‍ എട്ട് ശതമാനം വരെയായിരുന്നു ഈ ഓഹരികളുടെ താഴ്ച.
നിഫ്റ്റി ഇന്ന് 22,620.40ലാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ ഒരു വേള 22,620.40 വരെ ഉയരുകയും 22,385.55വരെ താഴുകയും ചെയ്തു. വ്യാപാരാന്തം 150 പോയിന്റ് (0.67%) താഴ്ന്ന് 22,419.95ലാണ് നിഫ്റ്റിയുള്ളത്.
ബെഞ്ച് മാര്‍ക്ക് സൂചികകളിന്ന് നഷ്ടത്തില്‍ മുങ്ങിയെങ്കിലും മിഡ്-സ്‌മോള്‍ക്യാപ് സൂചികകള്‍ കരുത്തുകാട്ടി. പുതിയ റെക്കോഡില്‍ മുത്തമിട്ട സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചതും. ബി.എസ്.ഇ മിഡ് ക്യാപ് സൂചിക 0.83 ശതമാനം ഉയര്‍ന്ന് 41,587.77ല്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ ഒരുവേള റെക്കോഡ് ഉയരമായ 41,628.75ലെത്തിയിരുന്നു.
ബി.എസ്.ഇ സ്‌മോള്‍ ക്യാപ് ക്യാപ് സൂചികകളും 0.27 ശതമാനത്തിന്റെ നേരിയ നേട്ടത്തിലാണ് അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ 47,435.39 വരെ ഉയര്‍ന്ന ശേഷമാണ് 47,239.29ല്‍ സെറ്റില്‍ ചെയ്തത്.
നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മെറ്റല്‍, പി.എസ്.യു ബാങ്ക്, സ്വകാര്യ ബാങ്ക് സൂചികകള്‍ ഇന്ന് ചുവപ്പണിഞ്ഞു.
നേട്ടത്തിലിവര്‍
ഐ.ടി കമ്പനിയായ ടെക് മഹീന്ദ്രയാണ് ഇന്ന് നിഫ്റ്റി 200ലെ ഏറ്റവും വലിയ നേട്ടക്കാര്‍. പാദഫലകണക്കുകള്‍ക്ക് ശേഷം ഓഹരി 12 ശതമാനം കുതിച്ചു. റിസല്‍ട്ട് പ്രതീക്ഷിച്ചപോലെ ആവേശകരമായില്ലെങ്കിലും ഓഹരികള്‍ മുന്നേറുകയായിരുന്നു. വാരാന്ത്യത്തില്‍ നേട്ടം 7.55 ശതമാനമായി കുറഞ്ഞു.
ജി.എം.ആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഡിക്‌സണ്‍ ടെക്‌നോളജീസ്, ബയോകോണ്‍ എന്നിവയാണ് അഞ്ച് ശതമാനത്തിലധികം നേട്ടവുമായി തൊട്ടു പിന്നില്‍.
വോഡഫോണ്‍ ഐഡിയയുടെ ഓഹരികളില്‍ ഇന്ന് ബള്‍ക്ക് കൈമാറ്റം നടന്നതിനെ തുടര്‍ന്ന് ഓഹരി രാവിലെ ഇടിഞ്ഞെങ്കിലും പിന്നീട് ഉയര്‍ന്നു.
മികച്ച പാദഫലകണക്കുകള്‍ പുറത്തുവിട്ട എംഫസിസിന് ബ്രോക്കറേജുകള്‍ മികച്ച റേറ്റിംഗ് നല്‍കിയത് ഓഹരിയെ അഞ്ച് ശതമാനം ഉയര്‍ത്തി.
നഷ്ടത്തില്‍ മുങ്ങിയവര്‍
ബജാജ് ഫിനാന്‍സ് ഓഹരിയാണ് 7.7 ശതമാനം നഷ്ടവുമായി ഇന്ന് നിഫ്റ്റി 200ലെ ഏറ്റവും വലിയ വീഴ്ചക്കാര്‍. പാദഫല പ്രവര്‍ത്തനങ്ങള്‍ മികച്ച നേട്ടം കൈവരിക്കാത്തതിനെ തുടര്‍ന്നാണ് ബജാജ് ഫിനാന്‍സ് ഓഹരികള്‍ താഴ്ന്നത്.
എല്‍ ആന്‍ഡ് ടി ടെക്‌നോളജീസ് ഓഹരികളും ഇന്ന് 10 ശതമാനത്തോളം ഇടിഞ്ഞു. വരുമാനവും ലാഭവും കാര്യമായി വര്‍ധിച്ചില്ലെന്നാണ് പാദഫലകണക്കുകള്‍ വ്യക്തമാക്കുന്നത്.
ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സോന ബി.എല്‍.ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ് എന്നിവയാണ് നിഫ്റ്റി 200ലെ മറ്റ് നഷ്ടക്കാര്‍.
തിളക്കമില്ലാതെ കേരള ഓഹരികള്‍
കേരള ഓഹരികളില്‍ ഇന്നും സമ്മിശ്രപ്രകടനമായിരുന്നു. 8.31 ശതമാന നേട്ടവുമായി ബി.പി.എല്‍ ആണ് കേരള ഓഹരികളില്‍ മുന്നില്‍. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നഷ്ടത്തിന് ശേഷം കേരള ആയുര്‍വേദ ഓഹരികള്‍ ഇന്ന് നാല് ശതമാനത്തോളം ഉയര്‍ന്നു. ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ്, സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എന്നിവയാണ് നേട്ടത്തില്‍ മുന്നിലുള്ള മറ്റ് കേരള ഓഹരികള്‍.
യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, സി.എസ്.ബി ബാങ്ക്, കെ.എസ്.ഇ, ടി.സി.എം, കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സ് തുടങ്ങിയവയാണ് ഇന്ന് നഷ്ടത്തിന് ചുക്കാന്‍ പിടിച്ച കേരള കമ്പനികള്‍. വി-ഗാര്‍ഡ്, വണ്ടര്‍ലാ, അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയവയും ഇന്ന് നഷ്ടത്തിലായിരുന്നു.
Next Story
Videos