ബജറ്റ് ഹാങ് ഓവർ കഴിഞ്ഞു? നിഫ്റ്റി റെക്കോഡില്‍; എല്‍.ഐ.സിക്ക് പുതിയ ഉയരം, പേയ്ടിഎം കുതിച്ചു

കഴിഞ്ഞ അഞ്ച് ദിവസത്തെ തുടര്‍ച്ചയായ വീഴ്ചയില്‍ നിന്ന് അവസാനം കരകയറി ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സ് 1,293 പോയിന്റ് തിരിച്ചു പിടിച്ചപ്പോള്‍ രണ്ട് ശതമാനം വരെ ഉയര്‍ന്ന് പൊങ്ങിയ നിഫ്റ്റി പുതിയ റെക്കോഡ് തൊട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള ഓഹരികളിലെ റാലിയാണ് വിപണിയെ ഉന്മേഷം വീണ്ടെടുക്കാന്‍ സഹായിച്ചത്.

കേന്ദ്ര ബജറ്റ് നല്‍കിയ നിരാശയെ മറികടന്ന സെന്‍സെക്‌സ് 1,292.92 പോയിന്റ് ഉയര്‍ന്ന് 81,332.72ലും നിഫ്റ്റി 428.75 പോയിന്റ് ഉയര്‍ന്ന് 24,834.85ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
വ്യാപാരത്തിനിടെ ഒരുവേള 9.52 ശതമാനം വരെ ഉയര്‍ന്ന ശ്രീം റാം ഫിനാന്‍സാണ് നിഫ്റ്റി 50യെ പുതിയ റെക്കോഡ് തൊടാന്‍ സഹായിച്ചത്.
പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട യു.എസ് ജി.ഡി.പി കണക്കുകളും ആഗോള വിപണികളിലുണ്ടാക്കിയ പോസിറ്റീവ് ചലനവും ഊര്‍ജമാക്കിയാണ് വാരാന്ത്യത്തില്‍ ഇന്ത്യന്‍ മുന്നേറിയത്.
ജൂലൈ 19 മുതല്‍ 25 വരെ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തോളം താഴ്ന്നു. സെന്‍സെക്‌സ് അഞ്ച് വ്യാപാരസെഷനിലായി 1,300 പോയിന്റാണ് നഷ്ടപ്പെടുത്തിയത്. രാഷ്ട്രിയ മാറ്റം സ്ഥിരത കൈവരിക്കും വരെ നിക്ഷേപകര്‍ വലിയ ഓഹരികളിലെ ലാഭമെടുപ്പില്‍ ശ്രദ്ധിച്ചതാണ് വിപണികളില്‍ ഇടിവുണ്ടാക്കിയത്.
ജൂലൈ 19 മുതല്‍ 25 വരെ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തോളം താഴ്ന്നു. സെന്‍സെക്‌സ് അഞ്ച് വ്യാപാരസെഷനിലായി 1,300 പോയിന്റാണ് നഷ്ടപ്പെടുത്തിയത്. ബജറ്റിലെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട വിപണി പതിയ ചലിച്ചു തുടങ്ങുന്നതിന്റെ സൂചനകളാണ് ഇന്ന് കണ്ടതെന്ന് നിരീക്ഷകര്‍ പറയുന്നു.
പച്ച വിരിച്ച് സൂചികകള്‍
വിശാല വിപണിയില്‍ ഇന്ന് എല്ലാ സൂചികകളും നേട്ടത്തിലായി. നിഫ്റ്റി മിഡ്ക്യാപ് സൂചിക 1.81 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.97 ശതമാനവും ഉയര്‍ന്നു.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

നിഫ്റ്റി മെറ്റലാണ് ഇന്ന് മൂന്ന് ശതമാനം നേട്ടവുമായി സൂചികളെ നയിച്ചത്. നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍, ഓട്ടോ, ഫാര്‍മ, ഐ.ടി സൂചികകള്‍ രണ്ട് ശതമാനത്തിലധികം നേട്ടവുമായി തൊട്ടു പിന്നാലെയുണ്ട്. നാളുകള്‍ക്ക് ശേഷമാണ് സൂചികകളെല്ലാം ഒരുമിച്ച് പച്ചക്കുപ്പായം പുതയ്ക്കുന്നത്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മീഡിയ, പി.എസ്.യു ബാങ്ക്, റിയല്‍റ്റി തുടങ്ങിയവയും ഇന്ന് ഒരു ശതമാനത്തിനു മുകളില്‍ നേട്ടം കാഴ്ചവച്ചു.
ഹെല്‍ത്ത് കെയര്‍ ഓഹരികളില്‍ സിപ്ല, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവ 5.76 ശതമാനം, 4.14 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി.
ബി.എസ്.ഇയില്‍ ഇന്ന് 4,040 ഓഹരികള്‍ വ്യാപാരം ചെയ്തതില്‍ 2,652 ഓഹരികളും നേട്ടം കൊയ്തു. 1,286 ഓഹരികള്‍ക്ക് വില ഇടിഞ്ഞു. 102 ഓഹരികളുടെ വില മാറിയില്ല. 319 ഓഹരികളാണ് ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 16 ഓഹരികള്‍ താഴ്ന്ന വിലയിലായി. 13 ഓഹരികളെയാണ് അപ്പര്‍ സര്‍ക്യൂട്ടില്‍ കണ്ടത്. ആറ് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്.
നിക്ഷേപകരുടെ സമ്പത്തില്‍ ഇന്ന് ഏഴ് ലക്ഷം കോടിയോളം രൂപയുടെ വര്‍ധനയുണ്ടായി.
മുന്നേറിയും കാലിടറിയും ഈ ഓഹരികള്‍
സെന്‍സെക്‌സിലിന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവറും എച്ച്.ഡി.എഫ്.സിയും നെസ്ലെയും മാത്രമാണ് നഷ്ടം കുറിച്ചത്.
ഭാരതി എയര്‍ടെല്‍ 4.51 ശതമാനം ഉയര്‍ന്നു. അദാനി പോര്‍ട്‌സ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, എച്ച്.സി.എല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, മഹീന്ദ്ര എന്നിവയും മികച്ച നേട്ടമുണ്ടാക്കി.
പേയ്മെന്റ് അഗ്രഗേറ്ററായ പേയ്ടിഎമ്മിന് എഫ്.ഡി.ഐ അനുമതി ലഭിച്ചത് മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരിവിലയെ 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലായി. ഓഹരി ഇന്ന് നിഫ്റ്റി 200ലെ നേട്ടക്കാരില്‍ ഒന്നാമതെത്തി.
ശ്രീറാം ഫിനാന്‍സ് ഓഹരി 9.52 ശതമാനം നേട്ടവുമായി രണ്ടാം സ്ഥാനത്തുണ്ട്. ഒന്നാം പാദത്തില്‍ ശ്രീറാം ഫിനാന്‍സിന്റെ ലാഭം 18 ശതമാനം ഉയര്‍ന്നതാണ് ഓഹരിക്ക് ഗുണമായത്.

നേട്ടത്തിലിവര്‍

ഭാരത് ഫോര്‍ജ് (6.13 ശതമാനം), എംഫസിസ് (6.08 ശതമാനം), അശോക് ലെയ്‌ലാന്‍ഡ് (6.05 ശതമാനം) എന്നിവയാണ് കൂടുതല്‍ നേട്ടം കുറിച്ച മറ്റ് ഓഹരികള്‍.
ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനു പിന്നാലെ ഉയര്‍ന്ന പി.സി ജുവലേഴ്‌സ് ഇന്നും അപ്പര്‍ സര്‍ക്യൂട്ടിലാണ്. ജൂണില്‍ രേഖപ്പെടുത്തിയ താഴ്ന്ന വിലയില്‍ നിന്ന് ഓഹരി വില 95 ശതമാനം കുതിച്ചു.
എല്‍.ഐ.സി ഓഹരി വില ഇന്ന് 1,197 രൂപയെന്ന റെക്കോഡിലെത്തിയിരുന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 7.56 ലക്ഷം കോടി കടന്നു. പൊതുമേഖല ലിസ്റ്റഡ് കമ്പനികളില്‍ വിപണി മൂല്യത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് എല്‍.ഐ.സി. മൊത്തം ലിസ്റ്റഡ് കമ്പനികളെടുത്താല്‍ എട്ടാം സ്ഥാനത്തും.

നഷ്ടത്തിലിവര്‍

മാന്‍കൈന്‍ഡ് ഫാര്‍മയാണ് നിഫ്റ്റി 200ലെ പ്രധാന നഷ്ടക്കാര്‍. റെയില്‍ വികാസ് നിഗം ലിമിറ്റഡ് 3.45 ശതമാനം താഴ്ന്നു. ഫെഡറല്‍ ബാങ്കാണ് നഷ്ടത്തില്‍ മൂന്നാമത്. അവന്യു സൂപ്പര്‍മാര്‍ട്‌സ്, യുണൈറ്റഡ് സ്പിരിറ്റ്‌സ് എന്നിവയും ഒരു ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി.
നിരാശയായി ഫെഡറല്‍ ബാങ്ക്
സെന്‍സെക്‌സും നിഫ്റ്റിയും അപ്രതീക്ഷിത കുതിപ്പ് നടത്തിയെങ്കിലും കേരള ഓഹരികളില്‍ സമ്മിശ്ര പ്രകടനമായിരുന്നു. അഞ്ച് ശതമാനത്തോളം ഉയര്‍ന്ന ധനലക്ഷ്മി ബാങ്ക് ഓഹരിയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ 4.44 ശതമാനം ഉയര്‍ന്നു. മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളിലും 2.42 ശതമാനം ഉയര്‍ച്ചയുണ്ടായി. യൂണിറോയല്‍ 4.99 ശതമാനം ഉയര്‍ന്നു.

കേരള ഓഹരികളുടെ പ്രകടനം

അതേ സമയം ഫെഡറല്‍ ബാങ്ക് ഓഹരിയാണ് ഇന്ന് നിരാശപ്പെടുത്തിയത്. ഇന്നലെ ആദ്യമായി വിപണിമൂല്യം 50,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ട ഫെഡറല്‍ ബാങ്ക് ഓഹരി വില ഇന്ന് 3.25 ശതമാനം താഴ്ന്നു.

പ്രൈമ അഗ്രോ, പ്രൈമ ഇന്‍ഡസ്ട്രീസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ് എന്നിവയാണ് ഇന്ന് കൂടുതല്‍ ഇടിവ് നേരിട്ട കേരള ഓഹരികള്‍.

Related Articles

Next Story

Videos

Share it