Begin typing your search above and press return to search.
നവരത്‌ന കുതിപ്പില്‍ മസഗോണ്‍ ഡോക്ക്, റിലയന്‍സിന് പുതിയ ഉയരം, വോഡ ഐഡിയയ്ക്കും മുന്നേറ്റം
ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ നിഫ്റ്റി ഇന്ന് ആദ്യമായി 23,800ന് മുകളിലെത്തി. 23,880.5 പോയിന്റ് തൊട്ട ശേഷം വ്യാപാരാന്ത്യത്തില്‍ 147 പോയിന്റ് ഉയര്‍ന്ന് 23,869ലാണ് നിഫ്റ്റിയുള്ളത്. സെന്‍സെക്‌സും ഇന്ന് 78,759 പോയിന്റെന്ന പുതിയ ഉയരം കുറിച്ചിരുന്നു. വ്യാപാരാന്ത്യത്തില്‍ 620 പോയിന്റ് ഉയര്‍ന്ന് 78,674.25 പോയിന്റിലാണ് സെന്‍സെക്‌സ്.
ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്രാടെക് സിമന്റ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ്, മാരുതി സുസുക്കി, ഐ.ടി.സി, എല്‍ ആന്‍ഡ് ടി തുടങ്ങിയ വമ്പന്‍മാരാണ് ഇന്ന് വിപണിയെ നേട്ടത്തില്‍ നിലനിറുത്തിയത്.
രൂപ ഇന്ന് ഡോളറിനെതിരെ 14 പൈസ ഇടിഞ്ഞ് 83.577ലെത്തി. തുടര്‍ച്ചയായ മുന്ന് ദിവസത്തെ മുന്നേറ്റമാണ് അവസാനിപ്പിച്ചത്.
വിവിധ സെക്ടറുകളുടെ പ്രകടനം
വിവിധ സെക്ടറുകളെടുത്താല്‍ നിഫ്റ്റി മീഡിയയാണ് 1.60 ശതമാനവുമായി നേട്ടത്തില്‍ മുന്നില്‍ നിഫ്റ്റി ഗ്യാസ് ആന്‍ഡ് ഓയില്‍ 1.39 ശതമാനം നേട്ടവുമായി തൊട്ടു പിന്നിലുണ്ട്. ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത് നിഫ്റ്റി മെറ്റല്‍, റിയല്‍റ്റി സൂചികകളാണ്. ബാങ്ക് നിഫ്റ്റി ഇന്ന് പുതിയ റെക്കോഡ് തൊട്ടു.
നിഫ്റ്റി മിഡ്ക്യാപ് ഇന്ന് 0.22 ശതമാനം നഷ്ടത്തിലായപ്പോള്‍ സ്‌മോള്‍ക്യാപ് സൂചിക 0.25 ശതമാനം നേരിയ നേട്ടമുണ്ടാക്കി. നിഫ്റ്റി ഓട്ടോ, ഐ.ടി, മെറ്റല്‍, ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയും ഇന്ന് നഷ്ടത്തിലായി.
ബി.എസ്.ഇയില്‍ ഇന്ന് 4,008 ഓഹരികള്‍ വ്യാപാരം നടത്തിയതില്‍ 1,922 ഓഹരികള്‍ മാത്രമാണ് നേട്ടം കൊയ്തത്. 1,960 ഓഹരികള്‍ നഷ്ടത്തിലായി. 126 ഓഹരികളുടെ വില മാറിയില്ല. ഇന്ന് 52 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 25 ഓഹരികള്‍ താഴ്ന്ന വിലയും കണ്ടു. ആറ് ഓഹരികളെയാണ് അപ്പര്‍സര്‍ക്യൂട്ടില്‍ കണ്ടത്. 5 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്.
നവരത്‌ന കുതിപ്പില്‍ മസഗോണ്‍
നവര്തന പദവി ലഭിച്ച മസഗോണ്‍ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ഓഹരി ഇന്ന് 7.5 ശതമാനം വരെ ഉയര്‍ന്ന് 4,271 രൂപയിലെത്തി. ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്. നവര്തന പദവി ലഭിച്ചതോടെ കമ്പനിക്ക് 1,000 കോടി രൂപ വരെ അല്ലെങ്കില്‍ ആസ്തിയുടെ 15 ശതമാനം വരെ ഏതെങ്കിലും ഒറ്റ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി വേണ്ടതില്ല. സംയുക്ത സംരംഭങ്ങള്‍ തുടങ്ങുന്നതിനും ഉപകമ്പനികള്‍ സ്ഥാപിക്കുന്നതിനുമുള്ള അധികാരം ലഭിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മാത്രം നിക്ഷേപകര്‍ക്ക് 230 ശതമാനം നേട്ടമാണ് മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ഓഹരി നല്‍കിയത്. അഞ്ച് വര്‍ഷക്കാലയളവില്‍ നേട്ടം 2300 ശതമാനത്തിലധികമാണ്.
സ്‌പെക്ട്രം ലേല ചിറകില്‍ ടെലികോം ഓഹരികള്‍
ടെലികോം ഓഹരികള്‍ എല്ലാം തന്നെ ഇന്ന് മികച്ച മുന്നേറ്റം കാഴ്ചവച്ചു. 5ജി സ്‌പെക്ട്രം ലേലം ആരംഭിച്ചതാണ് ഓഹരികളില്‍ മുന്നേറ്റമുണ്ടാക്കിയത്. 96,000 കോടി രൂപയുടെ ലേലത്തില്‍ വിവിധ സര്‍ക്കിളുകളില്‍ റിലയന്‍സ് ജിയോ, ഭാരതി, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ കമ്പനികളാണ് പങ്കെടുക്കുന്നത്.
വോഡഫോണ്‍ ഐഡിയ ഓഹരി ഇന്ന് 7 ശതമാനം ഉയര്‍ന്ന് വില 18.47 രൂപയിലെത്തി. 52 ആഴ്ചയിലെ ഓഹരിയുടെ ഉയർന്ന വിലയാണിത്. വ്യാപാരാന്ത്യത്തില്‍ അഞ്ച് ശതമാനം ഉയര്‍ന്ന് 18.04 രൂപയിലാണ് വോഡഫോണ്‍ ഓഹരിയുള്ളത്.
ഭാരതി എയര്‍ടെല്‍ ഓഹരി 4.5 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും പുതിയ ഉയരമായ 1,479.50 രൂപയിലെത്തിയിരുന്നു.
ഓഹരികളിലെ കുതിപ്പും കിതപ്പും
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില നാല് ശതമാനം ഉയര്‍ന്ന് 3,105 രൂപ വരെയെത്തി. വിപണിമൂല്യത്തില്‍ രാജ്യത്തെ ഏറ്റവും മുന്‍പിലുള്ള കമ്പനിയുടെ ഓഹരി വില ജൂണ്‍ മൂന്നിലെ റെക്കോഡ് ഉയരമായ 3,029.90 രൂപയ്ക്ക് തൊട്ടരുകിലെത്തി.
തുടര്‍ച്ചയായ നാലാം ദിവസവും മുന്നേറ്റം തുടര്‍ന്ന റെയ്മണ്ട് ഓഹരി വില ആദ്യമായി 3,000 രൂപയെന്ന നാഴികക്കല്ല് മറികടന്നു. മാത്രമല്ല ഓഹരിയൊന്നിന് 3,030 രൂപയെന്ന എക്കാലത്തെയും ഉയരവും താണ്ടി. വില 9 ശതമാനമാണ് ഉയര്‍ന്നത്. വെറും 10 ആഴ്ചകള്‍ കൊണ്ടാണ് റെയ്മണ്ട് ഓഹരി വില 2,000 രൂപയില്‍ നിന്ന് 3,000 രൂപയിലെത്തിയത്.
ഐ.ആര്‍.ഡി.എ ഓഹരി ഇന്ന് 7.7 ശതമാനം ഉയര്‍ന്ന് 199.35 രൂപയിലെത്തി. ഹഡ്‌കോ ഓഹരികളും 4.7 ശതമാനം ഉയര്‍ന്ന് 288.15 രൂപയിലെത്തി.
ഊര്‍ജ്ജ ഉത്പാദന കമ്പനിയായ എന്‍.ടി.പി.സി എന്‍.സി.ഡികള്‍ വഴി 12,000 കോടി രൂപ സമാഹരിക്കാനൊരുങ്ങുകയാണ്. ഓഹരി ഇന്ന് ഒരു ശതമാനത്തിലധികം ഉയര്‍ന്നു.
വോഡഫോണ്‍-ഐഡിയയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ബയോകോണ്‍ 4.20 ശതമാനവും സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് 4.18 ശതമാനവും ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഇന്ന് നാല് ശതമാനം ഉയര്‍ന്നു. ഇതോടെ ഓഹരി എക്കാലത്തെയും ഉയര്‍ന്ന നിലവാരം തൊട്ടു. വ്യാപാരാന്ത്യത്തില്‍ 3.88 ശതമാനം ഉയര്‍ന്ന് 30,21.10ലാണ് വില. ഇന്‍ഡസ് ടവര്‍ ഓഹരികള്‍ 3.63 ശതമാനം ഉയര്‍ന്ന് 356.70 രൂപയിലായി.
സംഘി ഇന്‍ഡസ്ട്രീസിന്റെ പ്രമോട്ടര്‍മാരായ അംബുജ സിമന്റ്‌സും രവി സംഘിയും ഓഫര്‍ ഫോര്‍ സെയില്‍ വഴി രണ്ടു ദിവസങ്ങളിലായി 3.52 ശതമാനം ഓഹരികള്‍ വിറ്റഴിക്കുമെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു. രാവിലെ രണ്ട് ശതമാനത്തോളം ഉയര്‍ന്ന ഓഹരി പിന്നീട് നഷ്ടത്തിലേക്ക് നീങ്ങി.
പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്‌സ്, എന്‍.എം.ഡി.സി, മാക്രോടെക് ഡെവലപ്പേഴ്‌സ്, വേദാന്ത, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ് വെയര്‍ എന്നിവയാണ് നിഫ്റ്റി 200ലെ മുഖ്യ നഷ്ടക്കാര്‍.
ഉണര്‍വില്ലാതെ കേരള ഓഹരികള്‍
കേരള കമ്പനി ഓഹരികളില്‍ ഇന്ന് വലിയ ഉണര്‍വുണ്ടായില്ല. അഞ്ച് ശതമാനം ഉയര്‍ന്ന സെല്ല സ്‌പേസ് ഓഹരിയാണ് മുന്നില്‍. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 4.86 ശതമാനവും ബി.പി.എല്‍ 4.68 ശതമാനവും ഹാരിസണ്‍സ് മലയാളം 4.56 ശതമാനവും ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ 4.46 ശതമാനവും മുന്നേറി.
സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ്, പോപ്പീസ് കെയര്‍, റബ്ഫില ഇന്റര്‍നാഷണല്‍, പ്രൈമ അഗ്രോ, കേരള ആയുര്‍വേദ എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടമുണ്ടാക്കിയത്.
Next Story
Videos