Begin typing your search above and press return to search.
ട്രംപ് വില്ലനായി, മൂന്നാം നാളില്‍ കലമുടച്ചു! നേട്ടക്കുതിപ്പ് വിടാതെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും കിറ്റെക്‌സും, ഒപ്പം ചേര്‍ന്ന് ടോളിന്‍സ്
രണ്ട് ദിനം നീണ്ട് നിന്ന നേട്ടക്കുതിപ്പിന് വിരാമിട്ട് ഇന്ത്യന്‍ സൂചികകള്‍. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊളുത്തിവിട്ട താരിഫ് യുദ്ധമാണ് ഇന്ന് വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദമുണ്ടാക്കിയത്. മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ് ചൈനയ്ക്ക് മേല്‍ 10 ശതമാനം അധിക നികുതിയും ചുമത്തി. ആഗോള വ്യാപാരബന്ധങ്ങളില്‍ ഇത് ഉലച്ചിലുണ്ടാക്കുമെന്ന ആശങ്ക ഉയര്‍ന്ന വിലയില്‍ നിക്ഷേപകരെ ലാഭമെടുക്കലിന് പ്രേരിപ്പിച്ചു.
ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പു വച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ വിപണിക്ക് ചെറിയ ആശ്വാസം പകര്‍ന്നെങ്കിലും റഷ്യ-യുക്രൈന്‍ യുദ്ധ സാധ്യതകള്‍ ഉയര്‍ന്നതും ആണവ ഇന്ധന ഉത്പാദനം കൂട്ടാനുള്ള ഇറാന്റെ നീക്കവും നിക്ഷേപകരുടെ ഭീതി കൂട്ടി.
സെന്‍സെക്‌സ് ഇന്ന് 105 പോയിന്റ് ഇടിവോടെ 80,004.06ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇടയ്ക്ക് ഐ.ടി ഓഹരികളുടെ കരുത്തില്‍ 80,428 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും പിടിച്ചു നില്‍ക്കാനായില്ല. നിഫ്റ്റി 27.40 പോയിന്റ് താഴ്ന്ന് 24,194.50ല്‍ വ്യാപാരം അവസാനിപ്പിച്ചു.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നഷ്ടത്തിലേക്ക് വീഴാതെ കഷ്ടിച്ച് പിടിച്ചു നിന്നു.
വിവിധ സെക്ടറുകളെടുത്താല്‍ ഐ.ടിയാണ് ഇന്ന് കാര്യമായ മുന്നേറ്റം കാഴ്ചവച്ചത്. ഒരു ശതമാനത്തിലധികം ഉയര്‍ന്ന സൂചിക ഇന്ന് റെക്കോഡ് നിലവാരം രേഖപ്പെടുത്തി. ഈ മാസം പൊതുവേ വിപണി സമ്മര്‍ദ്ദത്തിലായിരുന്നെങ്കിലും ഐ.ടി സൂചിക മുന്നേറ്റം കാഴ്ചവച്ചു. 2024ല്‍ ഇതു വരെ 23.7 ശതമാനമാണ് ഐ.ടി സൂചികയുടെ മുന്നേറ്റം. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നത് അവസാനിപ്പിച്ചതും പണപ്പെരുപ്പം കുറയുന്നതും ഐ.ടിയ്ക്ക് ഗുണമായി. ട്രംപിന്റെ വരവ് ഡോളര്‍ ശക്തിയാര്‍ജിക്കാനിടയാക്കുമെന്ന പ്രതീക്ഷകളും ഐ.ടി ഓഹരികളെ മുന്നേറ്റത്തിലാക്കുന്നു.
എഫ്.എം.സി.ജി, മീഡിയ, മെറ്റല്‍, പി.എസ്.യു ബാങ്ക്, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് എന്നിവയും നേട്ടത്തില്‍ ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, ഫാര്‍മ ഓഹരികളാണ് വിപണിയുടെ വീഴ്ചയ്ക്ക് ചുക്കാന്‍ പിടിച്ചത്.
കമ്പനികളുടെ ലാഭവും നഷ്ടവും
ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടം കാഴ്ചവച്ച ഓഹരി വോഡഫോണ്‍ ഐഡിയയാണ്. 2022ല്‍ സ്‌പെക്ട്രം വാങ്ങിയതിനുള്ള ബാങ്ക് ഗ്യാരന്റി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതാണ് വോഡഫോണ്‍ ഉള്‍പ്പെടെയുള്ള ടെലികോം ഓഹരികള്‍ക്ക് ഗുണമായത്.
യെസ് ബാങ്കും ഇന്ന് 5 ശതമാനം മുന്നേറ്റത്തിലാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ബയോകോണ്‍, ഭാരത് ഡൈനാമിക്‌സ് ഓഹരികളാണ് നേട്ടത്തില്‍ മുന്നിലെത്തിയ മറ്റ് ഓഹരികള്‍.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗിയുടെ ഓഹരി വില ഇന്ന് വ്യാപാരത്തിനിടെ ഒമ്പത് ശതമാനത്തിലേറെ ഉയര്‍ന്നു. പ്രമുഖ ആഗോള ബ്രോക്കറേജ് ആയ യു.ബി.എസ് സ്വിഗിയെ അവരുടെ കവറേജില്‍ ഉള്‍പ്പെടുത്തിയതാണ് ഓഹരിക്ക് ഗുണമായത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഓഹരി വില 10 ശതമാനം ഉയര്‍ന്നു. ഓഹരി വില 515 രൂപയെത്തുമെന്നാണ് യു.ബി.എസിന്റെ നിഗമനം. നിലവില്‍ 469 രൂപയിലാണ് ഓഹരിയുടെ വ്യാപാരം.
നഷ്ടത്തില്‍ മുന്നില്‍ അദാനി ഓഹരികള്‍
അദാനി ഗ്രീന്‍ എനര്‍ജിയാണ് ഇന്നും നിഫ്റ്റി 200 ഓഹരികളില്‍ ഇടിവില്‍ മുന്നില്‍. ഓഹരി വില 7.26 ശതമാനം ഇടിഞ്ഞു. യു.എസ് കോടതി അഴിമതിക്കുറ്റം ചുമത്തിയതിനു ശേഷം ഓഹരി തുടര്‍ച്ചയായി ഇടിവിലാണ്. അദാനി എന്റര്‍പ്രൈസസ് (4.02 ശതമാനം), അദാനി എനര്‍ജി സൊല്യൂഷന്‍സ് (3.89 ശതമാനം) എന്നിവയും ഇടിവിലാണ്.
ബി.എസ്.ഇ ഓഹരി ഇന്ന് 5.50 ശതമാനം ഇടിഞ്ഞു. ക്ലിയറിംഗ് കോര്‍പ്പറേഷന്‍സിന്റെ ഉടമസ്ഥ ഘടനയില്‍ നിയമപരമായ മാറ്റമുണ്ടാകുന്നത് ഇന്ത്യയുടെ മുന്‍നിര സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലാഭ സമ്മര്‍ദ്ദമുണ്ടാക്കുമെന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടാണ് ബി.എസ്.ഇ ഓഹരിയെ ബാധിച്ചത്. ലുപിന്‍ 3.23 ശതമാനം ഇടിവുമായി നഷ്ടപ്പട്ടികയില്‍ ഇടം പിടിച്ചു.
അപ്പര്‍ സര്‍ക്യൂട്ടിലേക്ക് ടോളിന്‍സും
കേരള കമ്പനികളില്‍ ഇന്നും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും കിറ്റെക്‌സും തന്നെയാണ് താരം. തുടര്‍ച്ചയായ രണ്ടാം ദിവസവും അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലാണ് ഓഹരികള്‍.
യു.എസ് കമ്പനിയായ സിയാട്രിയം ലെറ്റൂര്‍നോയുമായി ജാക്ക്-അപ് റിംഗ്‌സ് നിര്‍മിക്കാന്‍ സഹകരണത്തിലേര്‍പ്പെടുമെന്ന പ്രഖ്യാപനമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിക്ക് ഗുണമായത്.
കഴിഞ്ഞയാഴ്ച ബോണസ് ഇഷ്യു പ്രഖ്യാപിച്ചതിനു ശേഷം കിറ്റെക്‌സ് ഓഹരികളും മുന്നേറ്റത്തിലാണ്.
ടോളിന്‍ ഓഹരിയാണ് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ച് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍ ഇടം പിടിച്ചത്. 20 ശതമാനം മുന്നേറിയ ഓഹരി വില 211 രൂപയിലെത്തി.
ശതമാനക്കണക്കില്‍ നോക്കിയാല്‍ ഏറ്റവും കൂടുതല്‍ മുന്നേറിയ കേരള കമ്പനികളില്‍ രണ്ടാം സ്ഥാനത്ത് പ്രൈമ ഇന്‍ഡസ്ട്രീസാണ്. ഓഹരി വില 17 ശതമാനം വര്‍ധിച്ച് 25.63 രൂപയിലെത്തി.
മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് (4.53 ശതമാനം), പ്രൈമ അഗ്രോ (4.30 ശതമാനം) എന്നിവയാണ് മികച്ച നേട്ടം കാഴ്ചവച്ച മറ്റ് കേരള ഓഹരികള്‍.
ഇന്‍ഡിട്രേഡ് ഒമ്പത് ശതമാനത്തിലേറെ ഇടിവുമായി നഷ്ടപ്പട്ടികയില്‍ മുന്നിലെത്തി. ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, ആഡ്‌ടെക് സിസ്റ്റംസ്, സെല്ല സ്‌പേസ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ എന്നിവയാണ് മറ്റ് നഷ്ടക്കാര്‍.
Next Story
Videos