വീണ്ടും അമേരിക്കയിലേക്ക് കാത് കൂര്‍പ്പിച്ച് വിപണികള്‍, ഇന്ത്യന്‍ സൂചികകള്‍ റെക്കോഡ് പുതുക്കി; മിന്നിച്ച് സ്‌കൂബിഡേ, കിറ്റെക്‌സിന് ക്ഷീണം

ഐ.ടി, ഓട്ടോ കമ്പനികളുടെ പ്രകടനത്തില്‍ റെക്കോഡ് പുതുക്കി ഇന്ത്യന്‍ ഓഹരി സൂചികകളുടെ മുന്നേറ്റം. ചൈനയുടെ ഉത്തേജക പാക്കേജിനു പിന്നാലെ നിക്ഷേപകര്‍ അമേരിക്കന്‍ വിപണിയിലേക്ക് ശ്രദ്ധ തിരിച്ചതാണ് മറ്റ് വിപണികളില്‍ മുന്നേറ്റമുണ്ടാക്കിത്. അമേരിക്കന്‍ പലിശ നിരക്ക് ഒറ്റയടിക്ക് അര ശതമാനം കുറച്ചതിനു ശേഷം ആദ്യമായി ഫെഡറൽ റിസർവ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രതികരണം അറിയാൻ കാത്തിരിക്കുകയാണ് നിക്ഷേപകർ. ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാന്‍ഹായ്, ഹോംങ്കോങ് എന്നിവയെല്ലാം ഇന്ന് കാര്യമായ നേട്ടമുണ്ടാക്കി.

സെന്‍സെക്‌സ് ഇന്ന് 666.25 പോയിന്റ് ഉയര്‍ന്ന് 85,836ലും നിഫ്റ്റി 211.90 പോയിന്റ് ഉയര്‍ന്ന് 26,216.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇരു സൂചികകളുടെയും റെക്കോഡ് ക്ലോസിംഗ് നിലവാരമാണിത്. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 85,930.43 വരെയും നിഫ്റ്റി 26,250.90 പോയിന്റ് വരെയും ഉയര്‍ന്നിരുന്നു.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (FIIs) 973.94 കോടിയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (DIIs) 1,778.99 കോടി രൂപയുടേയും ഓഹരികള്‍ ഇന്ന് വാങ്ങിയതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്നുള്ള കണക്കുകള്‍ കാണിക്കുന്നു.

വിപണിയെ പെട്ടെന്ന് മുകളിലേക്കോ താഴേക്കോ നയിക്കാനുള്ള കാരണങ്ങള്‍ കാണുന്നില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍, വിപണി മുകളിലേക്ക് പോയാല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ലാഭമെടുപ്പ് നടത്താനും ചൈന, ഹോങ്കോങ് പോലുള്ള ചെലവുകുറഞ്ഞ വിപണികളിലേക്ക് നീങ്ങാനുമുള്ള സാധ്യത കാണുന്നുണ്ട്. ഈ വിപണികളില്‍ ഒരു മുന്നേറ്റ ട്രെന്‍ഡ് നിലനില്‍ക്കുന്നുണ്ട്. പക്ഷെ ആഭ്യന്തര നിക്ഷേപകര്‍ ശക്തമായി തുടരുന്നതിനാല്‍ ഇത് ഇന്ത്യൻ വിപണിയെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.

വിവിധ മേഖലകളുടെ പ്രകടനം

വിശാല വിപണിയില്‍
മിഡ്ക്യാപ് സൂചിക
നേരിയ നേട്ടത്തില്‍ പിടിച്ചു നിന്നപ്പോള്‍ സ്‌മോള്‍ക്യാപ്പുകള്‍ നഷ്ടത്തിലേക്ക് മൂക്കുകുത്തി. കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് ഒഴികെയുള്ള എല്ലാ സൂചികകളും ഇന്ന് നേട്ടത്തിന്റെ പച്ചത്തേരിലേറി. ഓട്ടോയും മെറ്റലും രണ്ട് ശതമാനത്തിനുമുകളില്‍ ഉയര്‍ന്നു. പി.എസ്.യു ബാങ്ക് ഒരു ശതമാനവും.

വിവിധ ഓഹരി സൂചികകളുടെ പ്രകടനം

ബി.എസ്.ഇയില്‍ ഇന്ന് 4,081 ഓഹരികളാണ് വ്യാപാരം നടത്തിയത്. 1,686 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2,293 ഓഹരികള്‍ നഷ്ടത്തിലായി. 102 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.

257 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലാണ്. 46 ഓഹരികള്‍ താഴ്ന്ന വിലയിലും. ഏഴ് ഓഹരികളാണ് അപ്പര്‍സര്‍ക്യൂട്ടിലുള്ളത്. രണ്ട് ഓഹരികളെ ലോവര്‍ സര്‍ക്യൂട്ടില്‍ കണ്ടു. നിക്ഷേപകരുടെ സമ്പത്തില്‍ ഇന്ന് 1.73 കോടി രൂപയുടെ വര്‍ധനയുണ്ടായി.

സെന്‍സെക്‌സ് കമ്പനികളില്‍ മാരുതി ഇന്ന് അഞ്ച് ശതമാനത്തിനടുത്ത് ഉയര്‍ന്നു. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സര്‍വ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, അള്‍ട്രടെക് സിമന്റ്, ബജാജ് ഫിനാന്‍സ്, നെസ്‌ലെ എന്നിവയാണ് കൂടുതല്‍ മുന്നേറിയ ഓഹരികള്‍. എല്‍ ആന്‍ഡ് ടിയും എന്‍.ടിപി.സിയുമാണ് നഷ്ടത്തിലേക്ക് വീണ വമ്പന്‍മാര്‍.

നേട്ടമുണ്ടാക്കിയവർ

വേദാന്തയാണ് ഇന്ന് 5 ശതമാനത്തോളം ഉയര്‍ന്ന് നിഫ്റ്റി 200നെ നയിച്ചത്. മൈനിംഗ് കമ്പനിയായ വേദാന്തയുടെ 2024-25 വര്‍ഷത്തേക്കുള്ള

ഇടക്കാല ഡിവിഡന്റ് പരിഗണിക്കുന്നതിനുള്ള മീറ്റിംഗ് ഒക്ടോബര്‍ എട്ടിന് നിശ്ചയിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതു വരെ 20 രൂപ, നാല് രൂപ, 11 രൂപ എന്നിങ്ങനെ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട് കമ്പനി. മികച്ച ഡിവിഡന്‍ഡ് നേട്ടം നല്‍കുന്നത് വേദാന്ത ഓഹരികളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. കൂടാതെ ചൈനയില്‍ നിന്നുള്ള മെറ്റല്‍ ഡിമാന്‍ഡ് ഉയരുന്നതും ഓഹരിക്ക് ഗുണമാകും. നാഷണല്‍ അലൂമിനിയം കമ്പനിയും ഇതിന്റെ നേട്ടമുണ്ടാക്കി.

നേട്ടം കുറിച്ചവര്‍

മാരുതി സുസുക്കിയും നാല് ശതമാനത്തിനു മുകളിലായി. സുസുക്കി മോട്ടോഴ്‌സിന്റെ ഡീലര്‍ഷിപ്പ് വിപുലീകരണ പദ്ധതികളാണ് ഓഹരിയെ മുന്നേറ്റത്തിലാക്കിയത്. ഓട്ടോ കമ്പനികളുടെ പ്രതിമാസ വില്‍പ്പനകണക്ക് പുറത്തുവരാനിരിക്കെ മഹീന്ദ്ര ഓഹരികളും മൂന്ന് ശതമാനത്തോളം ഉയര്‍ന്നു.
അപ്പോളോ ടയേഴ്‌സാണ് 4.21 ശതമാനം നേട്ടത്തോടെ മൂന്നാം സ്ഥാനത്ത്. സംവര്‍ധന മതേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ (3.66 ശതമാനം), സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (3.55 ശതമാനം) എന്നിങ്ങനെ ഉയര്‍ന്നു.
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇംഗ്ലണ്ടിലെ ഫാക്ടറികളില്‍ 669 മില്യണ്‍ ഡോളറിന്റെ റീ ടൂളിംഗ് നടത്തുന്നത് ടാറ്റ മോട്ടോര്‍ ഓഹരികളെയും മൂന്ന് ശതമാനം ഉയര്‍ത്തി. ഇലക്ട്രിക് എസ്.യുവികള്‍ നിർമിക്കുന്നത് ഈ പ്ലാന്റിലാണ്.
ടാറ്റ ഗ്രൂപ്പിന്റെ ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ ബിസിനസ് ബ്രാന്‍ഡായ ട്രെന്റ്‌ നാല് ശതമാനം ഉയര്‍ന്ന് 7,911 രൂപയെന്ന റെക്കോഡിട്ടു. ബ്രോക്കറേജ് സ്ഥാപനമായ സിറ്റി 'ബൈ' റെക്കമെന്റേഷന്‍ ഓഹരിക്ക് നല്‍കിയിട്ടുണ്ട്.

നഷ്ടത്തിൽ മുന്നിൽ ഇവർ

കല്യാണ്‍ ജുവലേഴ്‌സാണ് നിഫ്റ്റി 200ന്റെ മുഖ്യ വീഴ്ചക്കാര്‍. ഓഹരി വില 5 ശതമാനത്തിലധികം താഴ്ന്നു. വോള്‍ട്ടാസ് (2.77 ശതമാനം), ജൂബിലന്റ് ഫുഡ്‌സ് ( 2.28 ശതമാനം), ഓയില്‍ ഇന്ത്യ (2.06 ശതമാനം), ബി.എസ്.ഇ ( 2.03 ശതമാനം) എന്നിവയാണ് നഷ്ടത്തിലേക്ക് വീണ മറ്റ് നിഫ്റ്റി 200 ഓഹരികള്‍.

നഷ്ടം കുറിച്ചവര്‍

പി.ബി. ഫിന്‍ടെക് ഓഹരികളിന്ന് 9 ശതമാനം വരെ ഇടിവു രേഖപ്പെടുത്തിയിരുന്നു. സ്വന്തമായി ആശുപത്രികള്‍ തുറന്നുകൊണ്ട് ആരോഗ്യസേവന മേഖലയിലേക്ക് കടക്കാനുള്ള സാധ്യതകള്‍ തേടുന്നുവെന്ന വാര്‍ത്തകളാണ് ഓഹരിയെ ഇടിവിലാക്കിയത്.

കേരള ഓഹരികളിൽ മുന്നേറി സ്‌കൂബി

കേരള ഓഹരികളില്‍ ഇന്ന് അടിച്ചു കയറിയത് ടെക്‌സ്‌റ്റൈല്‍ കമ്പനികളാണ്. സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ് ഓഹരി വില 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടടിച്ചു. ഓഹരി വില 86 രൂപയിലെത്തി. ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് 7.65 ശതമാനം ഉയര്‍ന്നു. അതേസമയം, കിറ്റെക്‌സ് ഓഹരികള്‍ ഇന്ന് ക്ഷീണത്തിലാണ്. ഓഹരി വില
ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

വെര്‍ട്ടെക്‌സ് ഓഹരികള്‍ 5 ശതമാനത്തോളം ഉയര്‍ന്നു. അപ്പോളോ ടയേഴ്‌സ് ഈസ്‌റ്റേണ്‍ ട്രെഡ്‌സ് എന്നിവയും നേട്ടത്തില്‍ മുന്നിലെത്തി.

കേരള കമ്പനി ഓഹരികളുടെ പ്രകടനം

കല്യാണ്‍ ജുവലേഴ്‌സ് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവിലാണ്. ഓഹരിവില 720 രൂപയിലേക്ക് താഴ്ന്നു. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയും മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു.


Related Articles
Next Story
Videos
Share it